ഉദ്യോഗസ്ഥ മേധാവിത്വ മുതലാളിത്തം സ്വയം പേരിടുമ്പോൾ

“സ്വന്തം ലാഭത്തെ ആശ്രയിച്ച് അതിനെ പുതുമൂലധനം ആക്കി മാറ്റുന്നതല്ല ഇവയുടെ വളർച്ചയുടെ പ്രധാന രീതി. മറിച്ച് ബാങ്ക് വായ്പകൾ, ഭരണാധികാരികളുടെ സവിശേഷ ഇടപെടലുകൾ, എന്നിവയാണ് മുഖ്യ ആധാരം. അഥവാ ഇതൊരു ഘടനാപരമായ പ്രശ്നമാണ്. ആരുടെയെങ്കിലും ചങ്ങാത്തം അവസാനിപ്പിക്കുന്നതിലൂടെ തീരാൻ പോകുന്ന കാര്യമല്ല. ഈ ഘടനാപരമായ യാഥാർത്ഥ്യം മറച്ചുവെക്കാൻ ആണ് ചങ്ങാത്ത മുതലാളിത്തം എന്ന പ്രയോഗം പ്രചാരത്തിൽ വന്നിരിക്കുന്നത്…”
_ കെ. മുരളി (അജിത്ത്), മാവോയിസ്റ്റ് സൈദ്ധാന്തികൻ

അഡാനിയുടെ തട്ടിപ്പുകൾ വാർത്തയായതോടെ ചങ്ങാത്ത മുതലാളിത്തവും വീണ്ടും സജീവ ചർച്ചാവിഷയം ആയിട്ടുണ്ട്. ഭരണാധികാരികളുമായുള്ള ചങ്ങാത്തത്തിലൂടെ ചിലർക്ക് വലിയ വ്യാവസായിക സാമ്രാജ്യങ്ങളും മറ്റും കെട്ടിപ്പടുക്കാൻ കഴിയുന്നതിനെയാണ് ചങ്ങാത്ത മുതലാളിത്തം എന്ന് വിശേഷിപ്പിക്കുന്നത്. പൊതുവിൽ നോക്കിയാൽ ഇത് ശരിയാണെന്ന് തോന്നാം. കുറച്ചുകൂടി സൂക്ഷ്മമായി പരിശോധിച്ചാൽ അതിലെ ഉപരിപ്ലവത മനസ്സിലാക്കാം. ഈ സങ്കൽപ പ്രകാരം ചങ്ങാത്തം അവസാനിപ്പിച്ചാൽ, അതല്ലെങ്കിൽ ഏതെങ്കിലും ഭരണാധികാരികളുമായുള്ള ചങ്ങാത്ത ത്തിലൂടെ ആനുകൂല്യങ്ങൾ കിട്ടുന്ന അവസ്ഥ അവസാനിച്ചാൽ ചങ്ങാത്ത മുതലാളിത്തവും അവസാനിക്കണം.

ലൈസൻസിംഗ്, വ്യവസായ നടത്തിപ്പ്, നികുതി പിരിവ്, വായ്പാ ലഭ്യത എന്നിവയിൽ സാധാരണഗതിയിൽ നടക്കേണ്ട നിയമാനുസൃത നടപടികളൊക്കെ മറികടന്ന് നിയമവിരുദ്ധമായി നടക്കുന്ന പ്രവർത്തനങ്ങളിലൂടെ, അതിന്റെ ഫലമായാണ് ഈ പറയുന്ന ചങ്ങാത്ത മുതലാളിത്തം ഉത്ഭവിക്കുന്നത്. അപ്പോൾ അത് അവസാനിപ്പിച്ച് എല്ലാം നിയമാനുസൃതമാക്കി കഴിഞ്ഞാൽ ചങ്ങാത്ത മുതലാളിത്തവും അവസാനിക്കണം. അഥവാ ഇത് ഘടനാപരമായ ഒരു പ്രശ്നമല്ല. ഘടനാബാഹ്യമായി, അതിനെ ലംഘിച്ചു കൊണ്ട് നടക്കുന്ന ഒരു പ്രവർത്തിയാണ്. ഇതാണ് ചങ്ങാത്ത മുതലാളിത്തം എന്ന സങ്കൽപ്പനത്തിലെ ഉപരിപ്ലവത. കാരണം ഏതെങ്കിലും ഒരു അഡാനിയുടെയോ മോഡിയുടെയോ പ്രശ്നമല്ല ഇത്. മറിച്ച് ഇന്ത്യയെ പോലുള്ള രാജ്യങ്ങളിലെ വൻകിട ബൂർഷ്വാസിയുടെ വർഗ്ഗ സ്വഭാവവുമായി അഭേദ്യമായി ബന്ധമുള്ള, ഇവിടെ വികസിച്ചു വന്നിരിക്കുന്ന മുതലാളിത്ത ബന്ധങ്ങളുടെ സവിശേഷതയുമായി ബന്ധമുള്ള ഒന്നാണ് ഇത്.

മാവോയിസ്റ്റുകൾ ഇതിനെ ഉദ്യോഗസ്ഥ മേധാവിത്വ മുതലാളിത്തം എന്ന് വിശേഷിപ്പിക്കുന്നു. ദല്ലാൾ ഉദ്യോഗസ്ഥ മേധാവിത്വ ബൂർഷ്വാസിയാണ് അതിനെ പ്രതിനിധീകരിക്കുന്നത്. കൊളോണിയൽ കാലം മുതൽ ഭരണകൂടത്തിന്റെ നേരിട്ടുള്ള ഇടപെടലിലൂടെ രൂപം കൊള്ളുകയും വളരുകയും ചെയ്തിട്ടുള്ള ഒരു മുതലാളിത്തമാണ് ഇത്. സാമ്രാജ്യത്വത്തെയും നാടുവാഴിത്തത്തെയും സേവിക്കുന്നു എന്നതാണ് അതിന്റെ മറ്റൊരു സവിശേഷത. ഇപ്പോഴത്തെ ചർച്ചാ വിഷയത്തെ സംബന്ധിച്ചിടത്തോളം ഇതിന്റെ ഭരണകൂട ബന്ധമാണ് പ്രസക്തമായത്. ഏതെങ്കിലും ഒരു അഡാനി മാത്രമല്ല ഇന്ത്യയിലെ വൻകിട ദല്ലാൾ ബൂർഷ്വാ കുത്തകകളിൽ എല്ലാം തന്നെ ഈ രീതിയിലുള്ള ഭരണകൂട ബന്ധത്തിലൂടെ ആണ് വളർന്നത് എന്ന് വ്യക്തമാക്കുന്ന പല പഠനങ്ങളും ഉണ്ട് .

സ്വന്തം ലാഭത്തെ ആശ്രയിച്ച് അതിനെ പുതുമൂലധനം ആക്കി മാറ്റുന്നതല്ല ഇവയുടെ വളർച്ചയുടെ പ്രധാന രീതി. മറിച്ച് ബാങ്ക് വായ്പകൾ, ഭരണാധികാരികളുടെ സവിശേഷ ഇടപെടലുകൾ, എന്നിവയാണ് മുഖ്യ ആധാരം. അഥവാ ഇതൊരു ഘടനാപരമായ പ്രശ്നമാണ്. ആരുടെയെങ്കിലും ചങ്ങാത്തം അവസാനിപ്പിക്കുന്നതിലൂടെ തീരാൻ പോകുന്ന കാര്യമല്ല. ഈ ഘടനാപരമായ യാഥാർത്ഥ്യം മറച്ചുവെക്കാൻ ആണ് ചങ്ങാത്ത മുതലാളിത്തം എന്ന പ്രയോഗം പ്രചാരത്തിൽ വന്നിരിക്കുന്നത്. ആഗോള സാമ്രാജ്യത്വ ധനകാര്യ നടത്തിപ്പിൽ പ്രമുഖ പങ്കു വഹിക്കുന്ന രഘുരാം രാജനെ പോലുള്ളവർ മുതൽ ഇങ്ങ് കേരളത്തിൽ സിപിഎം ബുദ്ധിജീവി തോമസ് ഐസക്ക് വരെ ഈ പ്രയോഗത്തെ പ്രചരിപ്പിക്കുന്നത്. ഉദ്യോഗസ്ഥമേധാവിത്വം മുതലാളിത്തം സ്വയം പേരിടുകയാണ്, അതിന്റെ തനിനിറം മറച്ചുവെക്കാൻ.
_ കെ മുരളി

Follow us on | Facebook | Instagram Telegram | Twitter