ഭൂമിയും വീടും നഷ്ടപ്പെട്ട മല്ലികപ്പാറയിലെ ആദിവാസികൾ
ഗോത്രവിഭാഗങ്ങൾക്ക് ഭൂമിയും വീടും ലഭ്യമാക്കാൻ സർക്കാർ തലത്തിൽ വിവിധ പദ്ധതികളുണ്ടായിട്ടും വയനാട് തിരുനെല്ലി മല്ലികപ്പാറയിലെ 9 കുടുംബങ്ങളെ സർക്കാർ അവഗണിക്കാൻ തുടങ്ങിയിട്ട് പത്ത് വർഷമായി. വന്യമൃഗങ്ങളുടെ നിരന്തരമായ ഉപദ്രവവും കോളനിയിലേക്കുള്ള വഴി നാഗമന എസ്റ്റേറ്റ് തടഞ്ഞതും കാരണമാണ് ഇവർക്ക് കാടിറങ്ങേണ്ടി വന്നത്. 10 വർഷം മുൻപ്, സ്വന്തമായി ഒരേക്കറോളം ഭൂമിയും വീടും ഉപേക്ഷിക്കേണ്ടി വന്ന ഇവർ ഇപ്പോൾ ബന്ധുക്കളുടെ വീടുകളിലും വാടക വീടുകളിലുമാണ് കഴിയുന്നത്. ഭൂമിയും വീടും നഷ്ടപ്പെട്ട ആദിവാസി മനുഷ്യാവകാശ പ്രവർത്തക ഗൗരി സംസാരിക്കുന്നു;
കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ട ഞാൻ അടങ്ങുന്ന 9 കുടുംബങ്ങളാണ് തിരുനെല്ലി പഞ്ചായത്തിലെ മല്ലികപ്പാറ കോളനിയിൽ താമസിച്ചു കൊണ്ടിരുന്നത്. സുമാർ ഒരു നൂറ്റാണ്ടോളം കാലം. കാട്ടുമൃഗങ്ങളുടെ ഉപദ്രവവും, നടന്നു കൊണ്ടിരുന്ന വഴി നാഗമന എസ്റ്റേറ്റുകാർ തടഞ്ഞത് കാരണവും കൈവശവകാശ രേഖകൾ ഉണ്ടായിരുന്ന ഞങ്ങളുടെ വീടും സ്ഥലവും ഉപേക്ഷിച്ചു പോന്നിട്ട് പത്തു വർഷത്തോളമായി. ഇപ്പോൾ ഞങ്ങൾ സ്വന്തക്കാരുടെ വീടുകളിലും വാടക വീടുകളിലുമാണ് താമസം. അതിന്റെ ബുദ്ധിമുട്ട് പറയേണ്ടതില്ലല്ലോ.
ഞങ്ങൾ വീടും സ്ഥലവും വിട്ടുപോന്ന അന്നു മുതൽ അധികാരസ്ഥാനങ്ങളിൽ പരാതിപ്പെട്ടെങ്കിലും നാളിതുവരെ വീടും സ്ഥലവും തന്നു ഞങ്ങളുടെ പരാതിക്ക് പരിഹാരമുണ്ടാക്കിയട്ടില്ല. അധികൃതരെ സമീപിക്കുമ്പോൾ പഞ്ചായത്ത്, ട്രൈബൽ ഓഫീസ്, ഫോറസ്റ്റ് ഓഫീസ്, കളക്ട്രേറ്റ് ഓഫീസ് തുടങ്ങിയവയുമായി ബന്ധപ്പെടാനാണ് പറയുന്നത്. അപ്രകാരം കയറിയിറങ്ങി പരാതിപ്പെട്ടെങ്കിലും പരിഹാരമായില്ല.
ഈ അടുത്ത ദിവസങ്ങളിൽ ട്രൈബൽ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ 6 കുടുംബങ്ങൾക്ക് 2019ൽ വീടും സ്ഥലവും അനുവദിച്ചിട്ടുണ്ട് എന്ന് അറിയാൻ കഴിഞ്ഞു. നാളിതുവരെയായിട്ടും അതും കിട്ടിയില്ല എന്ന് മാത്രമല്ല, വീണ്ടും കലക്ടറെയും മറ്റും കാണാനാണ് നിർദ്ദേശിച്ചത്. അപ്രകാരം, മൂന്ന് തവണ എന്റെ കൈക്കുഞ്ഞുമായി കലക്ട്രേറ്റിൽ പോയെങ്കിലും മീറ്റിങ്ങിലാണ്, വൈകുന്നേരം വരെ നിന്ന് നോക്കു, പറ്റിയെങ്കിൽ കാണാം എന്ന അറിയിപ്പാണ് ലഭിച്ചത്. കുഞ്ഞു കൂടെയുള്ളത് കൊണ്ടു ഉച്ചവരെ നിന്നിട്ട് തിരിച്ചുപോരാൻ നിർബന്ധിതയായി.
ഞങ്ങളുടെതുപോലെ ദുരിതം അനുഭവിക്കുന്നവർ ഉണ്ടെങ്കിൽ വിവരം തന്നാൽ എത്രയും പെട്ടെന്ന് വീടും സ്ഥലവും അനുവദിച്ച് തരുമെന്ന് കലക്ടർ തന്നെ ഒരു മാസം മുൻപ് തിരുനെല്ലി പഞ്ചായത്തിൽ വന്ന് പ്രസംഗിച്ചിരുന്നു. പിന്നെ എന്തുകൊണ്ട് വർഷങ്ങളായി ഓഫീസുകളിൽ കയറിയിറങ്ങി പരാതിപ്പെട്ടിട്ടും ഞങ്ങളുടെ പ്രശ്‌നം പരിഹരിച്ചു തന്നില്ല. ഇനി ഞങ്ങൾ ആരോടാണ് പരാതിപ്പെടേണ്ടത്?
ഈ അവസ്ഥയിൽ ഞങ്ങളുടെ പരാതി എത്രയും പെട്ടെന്ന് പരിഹരിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ കലക്ട്രേറ്റിൽ അന്തിയുറങ്ങാൻ ഞങ്ങൾ നിർബന്ധിതരാകും, പ്രശ്ന പരിഹാരം വരെ.
ഗൗരിയുടെ ജീവിതപങ്കാളി അഷ്‌റഫ് പറയുന്നു;
2019ൽ 74 ആദിവാസികളെ പൊലീസിൽ എടുത്തപ്പോൾ അതിലെ രാജേഷും രമേശും മല്ലികപാറ കോളനിയിൽ നിന്നുള്ളവരായിരുന്നു. മല്ലികപ്പാറ കോളനിയിലെ മൂപ്പൻ ആയിരുന്ന ഗൗരിയുടെ അച്ഛനായ മറി ഇപ്പോൾ ജീവിച്ചിരിപ്പില്ല. വന്യമൃഗ ശല്യം കാരണം ആരും തന്നെ മല്ലികപ്പാറ കോളനിയിൽ ഇപ്പോൾ താമസിക്കാറില്ല. പലരും ബന്ധുവീടുകളിലേക്കും തൊട്ടടുത്തുള്ള മദ്ധ്യപ്പാടി കോളനിയിലേക്കും മാറുകയാണ് ചെയ്തത്. അവസാനം കോളനിയിൽ താമസിച്ചിരുന്നത് പത്തോളം കുടുംബങ്ങൾ ആയിരുന്നു. അതിൽ നാല് കുടുംബങ്ങൾ മാത്രമാണ് മദ്ധ്യപ്പാടി കോളനിയിലേക്ക് മാറി താമസിച്ചത്. അതിലൊന്നാണ് പൊലീസുകാരായ സഹോദരന്മാർ രാജേഷിന്റെയും രമേശന്റെയും കുടുംബം.
വനത്തിൽ കൈവശ രേഖാപ്രകാരം ഒരേക്കറോളം ഭൂമിയുണ്ടായിരുന്ന പത്തോളം കുടുംബങ്ങളെ വെറും 3 സെന്റ് ഭൂമിയും വീടും നൽകി മാറ്റി താമസിപ്പിക്കാൻ വനംവകുപ്പ് കുറേക്കാലമായി ശ്രമിച്ചിരുന്നു. എന്നാൽ അരയേക്കർ ഭൂമിയെങ്കിലും തങ്ങൾക്ക് വേണമെന്ന് കുടുംബങ്ങൾ ആവശ്യപ്പെട്ടിരുന്നു. അതേസമയം ലൈഫ് പദ്ധതി പ്രകാരം മദ്ധ്യപ്പാടി കോളനിയിൽ വീട് നിർമ്മിക്കാൻ അനുമതി ലഭിച്ച സുനിത-രമേശൻ, ജാനു-ബാലൻ ദമ്പതികൾ വീട് നിർമ്മാണം തുടങ്ങിയതും യാതൊരു മുന്നറിയിപ്പും ഇല്ലാതെ വനം വകുപ്പ് വീട് നിർമ്മാണം തടയുകയും ചെയ്തിരുന്നു. അതിനൊരു കാരണമായി അധികൃതർ പറഞ്ഞത്, മല്ലികപ്പാറ കോളനിയിലുള്ളവർക്ക് മദ്ധ്യപ്പാടി കോളനിയിൽ വീടു വെക്കാൻ കഴിയില്ല എന്നായിരുന്നു. മല്ലികപ്പാറയിൽ നിന്ന് ഇറങ്ങിയ മുഴുവൻ കോളനിക്കാർക്കും സ്ഥലം കിട്ടിയിട്ട് മാത്രം വീട് വെച്ചാൽ മതിയെന്നാണ് അധികൃതർ പറയുന്നത്.
വനഭൂമി തന്നെ തരുമെന്നുമായിരുന്നു വനംവകുപ്പ് അന്ന് പറഞ്ഞത്. എന്നാൽ സ്വന്തം ഭൂമി നഷ്ടപ്പെട്ടവർക്ക് ഇതുവരെ ഒരു തുണ്ട് ഭൂമി പോലും ഇതിൻറെ പേരിൽ നൽകിയിട്ടില്ല. അവിടെ താമസിച്ചിരുന്ന ഉദയൻ ബന്ധുവീട്ടിൽ പോയി താമസിക്കുന്നു. ദാസനും കുടുംബവും കൂട്ടുകാരുടെ വീട്ടിൽ പോയി താമസിക്കുന്നു. സുനിൽ ബന്ധുവിന്റെ സ്ഥലത്ത് ഒരു ഷെഡ് വെച്ച് കെട്ടി താമസിക്കുന്നു. സീത കൊടുകിൽ മകളുടെ കൂടെ പോയി താമസിക്കുന്നു. ഗൗരി ചേച്ചിയുടെ വീട്ടിൽ താമസിക്കുന്നു. ബൈരനും മകൻ വിജിയും, ബാലനും കുടുംബവും, രാജുവും കുടുംബവും, രമേശനും കുടുംബവും മദ്ധ്യപ്പാടിയിൽ താമസിക്കുന്നു.