പറയൂ, ഇനിയെന്താണ് ഫാഷിസ്റ്റ് ഭരണത്തിന്‍റെ ലക്ഷണമൊത്ത തെളിവിന് ആവശ്യമുള്ളത്?
റെനി ഐലിൻ
ഇൻഡ്യയിലെ സവർണ്ണർ ദലിതരുടെ നാവറുക്കാൻ തുടങ്ങിയ ചരിത്രത്തിന് ശതാബ്ദങ്ങളുടെ പഴക്കമുണ്ട്. അക്ഷരാർഥത്തിൽ നാവറുത്തുകൊണ്ട് തന്നെ യുപിയിലെ സവർണർ അത് പ്രാവർത്തികമാക്കിയിരിക്കുകയാണ്. ബലാൽസംഗം ചെയ്തതിന് ശേഷം പ്രതികളെക്കുറിച്ച് പറയാതിരിക്കാൻ നാവറുത്തെടുക്കുന്നു. ഇനി ജീവിച്ചാൽ തന്നെ എഴുന്നേറ്റ് നടക്കാതിരിക്കാൻ നട്ടെല്ല് തകർത്തു കളയുന്നു. സംഘ് പരിവാർ ഭരണകൂടത്തിന്‍റെ ഒത്താശയോട് കൂടി രാത്രിയിൽ മൃതദേഹം തട്ടിയെടുത്ത് തെളിവുകൾ അവശേഷിക്കാതിരിക്കാൻ പോലീസിൻ്റ നേതൃത്വത്തിൽ കത്തിച്ചു കളയുന്നു.
പറയൂ, ഇനി എന്താണ് ഫാഷിസ്റ്റ് ഭരണത്തിന്‍റെ ലക്ഷണമൊത്ത തെളിവിന് ആവശ്യമുള്ളത്? പറയൂ, ബലാൽസംഗം ചർച്ച ചെയ്യപ്പെടാതിരിക്കാൻ ആർ.എസ്.എസിൻ്റെ പ്രചണ്ഡമായ പ്രചരണത്തെ മറികടക്കാൻ ഏത് പ്രതിപക്ഷത്തിനാണ് കഴിയുക? മോഡിയുടെ സൗജന്യ അഥവാ സഹായ വിലയുള്ള സാനിട്ടറി നാപ്കിനാണ് സ്ത്രീപക്ഷ രാഷ്ട്രീയത്തിന്‍റെ കാതലെന്നാഘോഷിക്കുന്ന ദുർഗാവാഹിനികൾക്ക് ആരാണ് മറുപടി നൽകുക?
യോഗി ആദിത്യനാഥ് ഇന്ത്യയിലെ ഏറ്റവും മോശപ്പെട്ട ഭരണാധികാരിയാണ് എന്ന് തെളിഞ്ഞിട്ടും അത് വിളിച്ചു പറയാൻ മടിക്കുന്ന മാധ്യമ തമ്പുരാക്കന്മാർ വിലസുന്ന നാട്ടിൽ ‘ജനാധിപത്യം’ നിലനിൽക്കുന്നുവെന്ന് ഫാഷിസ്റ്റുകൾ പറയുമ്പോൾ അത് വിശ്വസിക്കുന്നവരാണ് ഫാഷിസ്റ്റുകളേക്കാൾ വലിയ അപകടകാരികൾ.