അലനും താഹക്കും ജാമ്യം അനുവദിക്കാൻ സർക്കാർ മുൻകയ്യെടുക്കണം; പ്രമുഖ എഴുത്തുകാര്‍

ഏഴുമാസമായി വിചാരണത്തടവുകാരായി ജയിലിൽ കഴിയുന്ന അലനും താഹക്കും ജാമ്യം അനുവദിക്കാൻ സർക്കാർ മുൻകയ്യെടുക്കണമെന്ന് എഴുത്തുകാരും സാമൂഹ്യ -രാഷ്ട്രീയ പ്രവര്‍ത്തകരും സിനിമാ സംവിധായകരും. മുഖ്യമന്ത്രിയെ പിണറായി വിജയന് അയച്ച കത്തിലാണ് അലനെയും താഹയെയും മോചിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

“മാവോയിസ്റ്റ് പ്രവർത്തകർ എന്ന് മുദ്ര കുത്തി കോഴിക്കോട്ടു നിന്നു 2019 നവമ്പർ ഒന്നിന് അറസ്റ്റ് ചെയ്ത അലൻ ഷുഹൈബ്, താഹ ഫസൽ എന്നീ രണ്ടു വിദ്യാർത്ഥികളുടെ കേസുമായി ബന്ധപ്പെട്ട ചില ഗുരുതരമായ പ്രശ്നങ്ങൾ അങ്ങയുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് ഞങ്ങൾ ഈ കത്ത് എഴുതുന്നത്. എൻ .ഐ .എ കസ്റ്റഡിയിലുള്ള അലനെ കേസിൽ മാപ്പുസാക്ഷിയാകാൻ നിർബന്ധിക്കുന്നതായും എറണാകുളത്തെ ജയിൽ ഉദ്യോഗസ്ഥർ പലവിധത്തിലുള്ള മാനസിക പ്രശ്നങ്ങളുണ്ടാക്കുന്നതായും കോടതിയിൽ അലൻ ഷുഹൈബ് നടത്തിയ വെളിപ്പെടുത്തൽ താങ്കളുടെ ശ്രദ്ധയിൽ പെട്ടിരിക്കുമെന്നു കരുതുന്നു. അതിന്റെ അടിസ്ഥാനത്തിൽ രണ്ടുപേരെയും തൃശൂര്‍ ജയിലിലേക്കുതന്നെ മാറ്റാനും ജയില്‍ സൂപ്രണ്ടിനോടു വിശദീകരണം തേടാനും എൻഐഎ കോടതി ഉത്തരവിടുകയുണ്ടായി. മൂന്നു ദിവസത്തിനകം വിശദീകരണം നല്‍കണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍, ജയിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി, അവരുടെ നിർദേശങ്ങൾ സ്വീകരിക്കാൻ വിസമ്മതിച്ചു തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചു വിദ്യാർത്ഥികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാനാണ് പൊലീസ് മുതിര്‍ന്നത്, കത്തില്‍ പറയുന്നു.

ഈ സംഭവവികാസങ്ങൾ ഉത്കണ്ഠയുളവാക്കുന്നതാണ്. അലനും താഹയ്ക്കുമെതിരായ കേസ് തുടക്കം മുതലേ ഗുരുതരമായ ചില ചോദ്യങ്ങൾ ഉയർത്തിയതാണ്. വ്യാജകേസുകൾ കെട്ടിച്ചമച്ചു യുവരാഷ്ട്രീയ പ്രവർത്തകരെ ഉന്മൂലനം ചെയ്യാനുള്ള ഗൂഢാലോചന അതിലുണ്ടെന്നു ഞങ്ങൾ സംശയിക്കുന്നു. വിദ്യാർത്ഥികൾക്കെതിരായ ആരോപണങ്ങൾ ഗുരുതരമല്ലെന്നും എൻഐഎ ഏറ്റെടുത്ത കേസ് സംസ്ഥാന പോലിസിന് തിരിച്ചേല്‍പ്പിക്കണം എന്നും താങ്കൾ തന്നെ കേന്ദ്ര ആഭ്യന്തരമന്ത്രിയോടു ആവശ്യപ്പെട്ടതുമാണല്ലോ.

പലവിധ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലുള്ള ഈ വിചാരണത്തടവുകാരെ കൂടുതല്‍ സമ്മര്‍ദ്ദങ്ങള്‍ക്കു വിധേയരാക്കാൻ ജയിൽ അധികാരികൾ കൂട്ടുനിന്നു എന്നതു ഗൗരവത്തോടെ പരിശോധിക്കപ്പെടണം. ആറു മാസത്തിലേറെ മറ്റു ജയിലുകളില്‍ കഴിയുമ്പോഴൊന്നും അലനെയും താഹയെയും കുറിച്ച് ഒരു തരത്തിലുള്ള പരാതിയും ഉയർന്നിട്ടില്ല. അതിനാൽ എറണാകുളം ജയിലില്‍ മാത്രം എന്താണു സംഭവിച്ചതെന്നതില്‍ പൊതു സമൂഹത്തിനും ഉത്ക്കണ്ഠയുണ്ട്. കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ജയിലിൽ തടവുകാരുടെ അവകാശങ്ങൾ ലംഘിക്കുന്ന അവസ്ഥ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അനുവദിക്കാന്‍ പാടില്ല.

ഈ സാഹചര്യത്തിൽ ഞങ്ങൾ താഴെ പറയുന്ന ആവശ്യങ്ങൾ കേരള സർക്കാരിന്റെ മുന്നിൽ ഉന്നയിക്കുകയാണ്:

ഒന്ന്, ഏഴുമാസമായി വിചാരണത്തടവുകാരായി ജയിലിൽ കഴിയുന്ന രണ്ടു വിദ്യാർത്ഥികൾക്കും ജാമ്യം അനുവദിക്കാൻ സർക്കാർ മുൻകയ്യെടുക്കുക.

രണ്ട്, ജയിലില്‍ മാനസിക സമ്മർദ്ദമുണ്ടായി എന്ന ആരോപണം സംബന്ധിച്ചു അന്വേഷണം നടത്തുക; എറണാകുളം പോലീസ് വിദ്യാർത്ഥികൾക്കെതിരെ ചാർജ് ചെയ്ത കേസ് റദ്ദാക്കുക.

മൂന്ന്, ഈ കേസിൽ തുടക്കം മുതലുണ്ടായ നടപടികൾ സംബന്ധിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തുക. യുഎപിഎ കേസുകളിൽ എൽഡിഎഫ് സർക്കാർ സ്വീകരിച്ച കരുതലോടെയുള്ള സമീപനം ഈ രണ്ടു വിദ്യാർത്ഥികളുടെ കാര്യത്തിൽ എന്തുകൊണ്ട് ഉണ്ടായില്ല എന്നു പരിശോധിക്കുക”

ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ സത്വര ശ്രദ്ധയും അടിയന്തിര നടപടിയും അഭ്യർത്ഥിക്കുന്നതായും കത്തില്‍ പറയുന്നു. ബി ആര്‍ പി ഭാസ്കര്‍, സച്ചിദാനന്ദൻ, ബി .രാജീവൻ, കെ ജി എസ്, സാറാ ജോസഫ്, കെ അജിത, സാവിത്രി രാജീവൻ, ജെ .ദേവിക, .ആസാദ്, എന്‍ പി ചെക്കുട്ടി, സിദ്ധാർത്ഥൻ പരുത്തികാട്, ഡോ പി കെ പോക്കർ, കെ.കെ.രമ, ഡോ കെ എന്‍ അജോയ്കുമാര്‍, ദീപക് നാരായണന്‍, ബാലകൃഷ്ണന്‍ വി എ, വിജി പെൺകുട്ട്, ഗുലാബ് ജാൻ, വിജയൻ മായനാട്, അഡ്വ കുമാരൻ കുട്ടി, ഗോപാൽ മേനോൻ, ജംഷീർ നെല്ലിക്കോട്, എ .മുഹമ്മദ് സലിം, ഷിനു ആവോലം, രവി പാലൂർ, ശ്രീനിവാസൻ .ഇ .കെ, വി .പി .സുഹറ, ഡോ. കെ.ടി .രാം മോഹൻ, സി.ആർ. നീലകണ്ഠൻ, ഷുഹൈബ്, കുസുമം ജോസഫ്, അജയൻ അടാട്ട്, അഡ്വ: സി ലാൽകിഷോർ, ഷൗക്കത്ത് അലി എരോത്ത്, യു സി രാമൻ എക്സ് എം എൽ എ, ആസിഫ് കുന്നത്ത്, ദിലീപ് രാജ്, .ബൈജു മേരിക്കുന്ന്, എം.എം.ഖാൻ, സുരേന്ദ്രനാഥ്, അപ്പു ബാലുശ്ശേരി, എസ്. ശരത് കേരളീയം, മുഹ്‌സിൻ പരാരി, ബി. അജിത്കുമാർ, പി.കെ.പ്രിയേഷ് കുമാർ, പയസ്മോൻ സണ്ണി, സുധ. KF,  ADV. സാബി ജോസഫ്, രാജീവ് രവി, ഷാജു .വി .വി, പാർവതി കാലടി സംസ്‌കൃത സർവകലാശാല, മെഹ്ജൂബ് എസ്. വി, ഖഫൂർ അറക്കൽ, അജയ് ഘോഷ് ആർ കെ, ഷമീന ബീഗം എന്നിവരാണ് കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്.

Click Here