ജനാധിപത്യം പുറംതള്ളലല്ല, ഉൾക്കൊള്ളലാണ്; സംവാദം

ഇന്ത്യയിൽ എക്കാലത്തും ഭരണകൂടത്തിന്റെയും അതിനെ നിയന്ത്രിക്കുന്ന ഹിന്ദുത്വ ശക്തികളുടെയും പരമാധികാരവും അപര വെറുപ്പും അടിച്ചമര്‍ത്തലും രൂക്ഷമായ ഫാഷിസ്റ്റ് കാലത്ത് സംവാദവുമായി ഉത്തരകാലം വെബ് മാഗസിൻ.

പ്രാതിനിധ്യ ജനാധിപത്യത്തിൽ നിന്നു മുസ്‌ലിം- ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ പുറത്താവുന്നു എന്നതാണ് ആ ഫാഷിസത്തിന്റെ ആദ്യ സൂചന. പൗരത്വ പ്രശ്നം, കശ്മീർ അധിനിവേശം, ബാബരി മസ്ജിദ് വിധി, മതപരിവർത്തന ചർച്ച, ഏകസിവിൽ കോഡ് നടപ്പാക്കാനുള്ള ശ്രമങ്ങൾ, ഏറ്റവുമൊടുവിൽ മുസ്‌ലിങ്ങളെ രാജ്യത്തുനിന്നു പുറത്താക്കാൻ ഉദ്ദേശിച്ചു കൊണ്ടുവന്നിരിക്കുന്ന പൗരത്വഭേദഗതി ബിൽ ഇവയൊക്കെ പുതിയ മാറ്റങ്ങളുടെ ഭാഗമാണെന്ന് സംവാദത്തെ കുറിച്ച് ഉത്തരകാലം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ജനാധിപത്യത്തിന്റെ വര്‍ത്തമാനം പുതിയ രീതിയില്‍ അന്വേഷിക്കാനുള്ള ശ്രമങ്ങള്‍ ലോകവ്യാപകമായി നടക്കുന്നുണ്ട്. ഇൻഡ്യന്‍ സാഹചര്യത്തിലാണെങ്കിൽ, മോദിയുടെ അധികാരാരോഹണം,ജനാധിപത്യ രാഷ്ട്രീയ മണ്ഡലത്തില്‍ പുതിയ പ്രതിസന്ധികൾ സൃഷ്ടിച്ചിട്ടുണ്ട്. സംഘ് പരിവാർ ഉൾക്കൊള്ളുന്ന ദേശീയ പരമാധികാരത്തിന്റെയും അപര വെറുപ്പിന്റെയും ക്രമബദ്ധമായ വികാസത്തെയാണ് നരേന്ദ്ര മോദിയുടെ രണ്ടാം വരവ് അടയാളപ്പെടുത്തുന്നത്. രാഷ്ട്രീയമായി മാത്രം നിർവചിക്കേണ്ട ഫാഷിസമല്ല മോദിഭരണത്തിലൂടെ നടപ്പാക്കപ്പെടുന്നത്; അതിനൊരു സാമൂഹിക വശം കൂടെയുണ്ട്.

ദലിത്- പിന്നാക്ക- ആദിവാസി ജനതകളുടെ സാംസ്കാരികവും രാഷ്ട്രീയവുമായ ഈടുവെപ്പുകൾ തകർക്കപ്പെടുകയും അവരെ ഹൈന്ദവവൽക്കരിക്കുകയും ചെയ്യുന്നു എന്നതാണു രണ്ടാമത്തെ സൂചന. രവിദാസ് ക്ഷേത്രത്തിനു നേരെ നടന്ന കയ്യേറ്റങ്ങൾ, ദലിത് സ്ത്രീകൾക്കു നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങൾ, ദലിത് പ്രസ്ഥാനങ്ങളെ അടിച്ചമർത്തുന്ന രീതികൾ ഒക്കെ ഉദാഹരണം.

വർത്തമാനകാല വിജ്ഞാനത്തിനു പകരം, മരവിച്ച ബ്രാഹ്മണ ജ്ഞാനം പാഠ്യപദ്ധതിയിലൂടെയും മറ്റും അടിച്ചേല്പിക്കപ്പെടുന്നു എന്നതാണു് മൂന്നാമത്തെ സൂചന. ജാമിഅ മില്ലിയ ഇസ് ലാമിയ, ഇഫ് ലു, എച് സി യു , ജെ എൻ യു, ചെന്നൈ ഐ ഐ ടി, എ എം യു തുടങ്ങിയ കാമ്പസുകളിൽ നടക്കുന്ന വിദ്യാർഥി മുന്നേറ്റങ്ങൾ നൽകുന്ന പാഠം ഇതാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

കോഴിക്കോട് ടൗൺ ഹാളിൽ ഡിസംബർ 21ന് “ജനാധിപത്യം പുറംതള്ളലല്ല, ഉൾക്കൊള്ളലാണ്” എന്നപേരിൽ നടക്കുന്ന സംവാദത്തിൽ എഴുത്തുകാരും ആക്ടിവിസ്റ്റുകളും മാധ്യമപ്രവർത്തകരും വിദ്യാർത്ഥികളും പങ്കെടുക്കും.

Leave a Reply