ഷർജീൽ ഇമാമിനെ ഭീകരവത്കരിക്കുന്നതിൽ ദേശീയതാ മാധ്യമങ്ങളുടെ പങ്ക്

ഡിസംബർ 13ന് അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിൽ നടന്ന സ്‌കോളേഴ്‌സ് ഡിബെറ്റിൽ നടത്തിയ ഒരു പ്രസംഗത്തിന്റെ പേരിൽ, ബിജെപി ഭരിക്കുന്ന അസം, ഉത്തർപ്രദേശ്, അരുണാചൽ പ്രദേശ്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലും ഡൽഹിയിലും ദേശദ്രോഹകുറ്റവും യുഎപിഎയും ചുമത്തപ്പെട്ട ബീഹാർ സ്വദേശിയായ ജെഎൻയു വിദ്യാർത്ഥിയാണ് ഷർജീൽ ഇമാം. ഡൽഹിയിൽ പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളുടെ ഊർജ കേന്ദ്രമായി മാറിയ, കഴിഞ്ഞ അമ്പത് ദിവസങ്ങളിലേറെയായി സമരം തുടരുന്ന ഷഹീൻബാഗിൽ ജനങ്ങളെ സംഘടിപ്പിച്ചതും സമരം ആരംഭിച്ചതും ഷർജീൽ ഉൾപ്പെടുന്ന മുസ്‌ലിം സ്റ്റുഡന്റ്‌സ് ഓഫ് ജെഎൻയു എന്ന വിദ്യാർത്ഥി കൂട്ടായ്മയാണ്.

ട്രാഫിക് ബ്ളോക് സൃഷ്ടിച്ച് ഭരണകൂടത്തെ പ്രതിസന്ധിയിലാക്കുന്ന സമരരീതി ഇന്ത്യയിൽ എങ്ങുമുള്ള ജനങ്ങൾ സ്വീകരിക്കണമെന്നാണ് ഷർജീൽ ഈ പ്രസംഗത്തിൽ ആഹ്വാനം ചെയ്തത്. എന്നാൽ ഇതിൽ നിന്ന് അസമിലേക്കുള്ള റോഡ് ബ്ളോക് ചെയ്തുകൊണ്ട് അസമിനെ സഹായിക്കണം എന്ന പരാമർശം മാത്രം തെരഞ്ഞെടുത്തു പ്രചരിപ്പിച്ച് മാധ്യമങ്ങൾ ഷർജീലിനെ ഫ്രെയിം ചെയ്യുതിനായി അവതരിപ്പിക്കുകയായിരുന്നു. ഇതിനു മുമ്പ് റിപ്പബ്ലിക് ടിവി ഒരു ഒളിക്യാമറ ഓപ്പറേഷൻ നടത്തി ഷർജീലിന് എതിരെ വിദ്വേഷ പ്രചരണം നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി തന്നെയാണ് ഈ പ്രസംഗം അതിലെ കുറച്ചു വാചകങ്ങളുടെ പേരിൽ വളച്ചൊടിക്കുന്നതും.

ഒരു മുസ്‌ലിം സ്കോളർ എന്ന നിലയിൽ പ്രതിരോധവും ജനകീയ ബോധവൽക്കരണ പ്രവർത്തനങ്ങളും തന്റെ ഉത്തരവാദിത്തമാണ് എന്ന് ഷർജീൽ ആവർത്തിച്ചു പറയുന്നുണ്ട്. ഒരു മുസ്‌ലിം എന്ന നിലയിൽ ബ്രിട്ടീഷ് അധിനിവേശ കാലത്തും അതിന് ശേഷവും ഇന്ത്യൻ മുസ്‌ലിങ്ങൾ അനുഭവിച്ചതും അനുഭവിക്കുന്നതുമായ രാഷ്ട്രീയ വഞ്ചനകളെയും വിവേചനങ്ങളെയും എല്ലാ മുഖ്യധാരാ ദേശീയ രാഷ്ട്രീയ പാർട്ടികളുടെയും ഹിന്ദുത്വ നിലപാടുകളെയുമാണ് ഷർജീൽ ചോദ്യം ചെയ്യുന്നത്. അതിനാൽ തന്നെ ഷർജീലിന് മേൽ ദേശദ്രോഹ കുറ്റം ചുമത്തിയത് വേണ്ടത് തന്നെയാണ് എന്നാണ് അവരുടെ നിലപാട്.

ഷഹീൻബാഗ് പൂർണമായും ഇല്ലാതാക്കും എന്നാണ് അമിത് ഷാ പ്രഖ്യാപിച്ചത്. ഷർജീലിന്റെ ഫ്രെയ്മിങ് പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളെ തന്നെ ഇല്ലാതാക്കാനുള്ള ആദ്യപടിയായി മനസ്സിലാക്കേണ്ടതും മാധ്യമങ്ങൾ അതിനെ ആ രീതിയിൽ തന്നെ അവതരിപ്പിക്കേണ്ടതും ഉണ്ട്. മൂന്നു ദിവസം മുമ്പ് ഷർജീൽ പൊലീസിന് കീഴടങ്ങുകയായിരുന്നു. എന്നാൽ, ഷർജീലിനെ അറസ്റ്റ് ചെയ്തു എന്നാണ് ദേശീയതാമാധ്യമങ്ങൾ വാർത്ത നൽകിയത്. ഇത് കൃത്യമായും മുസ്‌ലിം സ്വത്വത്തെ ഭീകരവൽക്കരിക്കുന്നതിനും അടിച്ചമർത്തുന്നതിനുമുള്ള, കാലങ്ങളായി ഉപയോഗിച്ചു വരുന്ന മുസ്‌ലിം വിരുദ്ധ മാധ്യമ അജണ്ടയുടെ ഭാഗമാണ് എന്നു തിരിച്ചറിയുകയും ചോദ്യം ചെയ്യുകയും ചെയ്യേണ്ടതുണ്ട്.

യുഎപിഎയും ദേശദ്രോഹ കുറ്റവും പോലുള്ള കൊളോണിയൽ നിയമങ്ങൾ ഉപയോഗിച്ച് പൗരത്വ ഭേദഗതി വിരുദ്ധ സമരങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള നീക്കങ്ങളാണ് ഭരണകൂടം നടത്തി വരുന്നത്. ഡിസംബറിൽ അലിഗഢ്ൽ നടത്തിയ ഒരു പ്രസംഗത്തിന്റെ പേരിൽ 153A ചുമത്തി ഡോ. കഫീൽ ഖാനെ അറസ്റ്റ് ചെയ്തതും ഇത്തരത്തിലുള്ള നീക്കമാണ്.

ഭരണകൂടത്തിന്റെ വശം മാത്രം അവതരിപ്പിച്ചു ജനകീയ സമരങ്ങളെ ഭീകരവൽക്കരിച്ചുകൊണ്ട് അടിച്ചമർത്തുന്ന ദേശീയതാമാധ്യമങ്ങളുടെ രാഷ്ട്രീയത്തെ ജനകീയ സമരങ്ങൾക്കൊപ്പം നിലകൊള്ളുന്ന മാധ്യമപ്രവർത്തകരുടെയും മാധ്യമ വിദ്യാർഥികളുടെയും കൂട്ടായ്മ- “ജേർണലിസ്റ്റ്സ് ഫോർ ഫ്രീഡം” പൂർണമായും തള്ളിക്കളയുകയും പ്രതിരോധിക്കുകയും ചെയ്യുന്നു. ഷർജീൽ ഇമാമിന്റെ മോചനത്തിനായി പൗരത്വത്തിന്റെയും പൗരാവകാശങ്ങളുടെയും സംരക്ഷണങ്ങൾക്കായി നിലകൊള്ളുന്ന എല്ലാവരും ശബ്ദമുയർത്തേണ്ടതുണ്ട്.
_ ജേർണലിസ്റ്റ്സ് ഫോർ ഫ്രീഡം


BUY NOW

Follow us on | Facebook | Instagram Telegram | Twitter | Threads

Leave a Reply