യു.എ.പി.എ എന്ന കുളിമുറിയിൽ കോൺഗ്രസും അലകായി നിന്ന ലീഗും പൂർണ്ണ നഗ്നനാരാണ്

യു.എ.പി.എ, എൻ.എസ്.എ നിയമങ്ങൾ പ്രകാരം ജയിലിൽ കഴിയുന്ന രാഷ്ട്രീയ തടവുകാരെ വിട്ടയക്കുക എന്ന ആവശ്യമായി സി.പി.എം നടത്തിയ അഖിലേന്ത്യാ പ്രക്ഷോഭത്തിനെ ട്രോളി കോൺഗ്രസ് -ലീഗ് വക്താക്കളും വെൽഫെയർ ബുദ്ധി ജീവികളും, സലഫികളും ഇവരുടെ ഒക്കെ ആസ്ഥാന ബുദ്ധി ജീവി കേന്ദ്രങ്ങളും ചോദിച്ചു, ‘ അലനും താഹയും ‘ ഇനി രക്ഷപ്പെടുമായിരുക്കും അല്ലെ ?

അലനും താഹയും ഉൾപ്പെടുന്ന എൽ.ഡി.എഫ് ഭരണ കാലത്തെ യു.എ.പി.എയുടെ പൂർണ്ണ ഉത്തരവാദിത്വം സി.പി.എംന് തന്നെയാണ് ഒരു സംശയവും വേണ്ടാ. തങ്ങൾ യു.എ.പി.എക്ക് എതിരെ ആണെന്ന് പറഞ്ഞിട്ട് ഭരണത്തിൽ വന്നിട്ട് സ്വന്തം പാർട്ടി അണികൾക്ക് എതിരെ വരെ യു.എ.പി.എ കൊണ്ട് വന്ന വഞ്ചനാപരമായ നിലപാട് തന്നെയാണ് സി.പി.എം എടുത്തത്. ഒരു തർക്കവുമില്ല. എന്നാൽ അലനും താഹക്കും ഇനി നീതി കിട്ടുമല്ലോ എന്ന് ചോദിച്ച കോൺഗ്രസ് – ലീഗ് വക്താക്കളും അതിന് പിറകെ ഞാൻ പറഞ്ഞവരും ഈ കാര്യത്തിൽ കാണിക്കുന്ന ഇരട്ടത്താപ്പ് എന്തെന്ന് കൂടി പറയേണ്ടതുണ്ട്.

യു.എ.പി.എ നിരവധി തവണ ഭേദഗതി ചെയ്തു കൊണ്ട് ഇന്ന് കാണുന്ന തരത്തിൽ മുസ്‌ലിങ്ങളും ദളിതരും ആദിവാസികളും മാവോ ബന്ധമുള്ളവരും അടങ്ങുന്ന വിഭാഗങ്ങളെ ജയിലിൽ അടക്കാൻ പാകത്തിൽ അവതരിപ്പിച്ചത് കോൺഗ്രസ് -ലീഗ് അടങ്ങുന്ന യു.പി.എ സർക്കാരാണ്. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഈ വേട്ട, ഒരു പതിറ്റാണ്ട് മുൻപാണ്. അന്നൊക്കെ മഅദനിയും സക്കരിയയും ഷറഫുദ്ധീനും സോണി സോറിനും ബിനായെക് സെനും സീമയും അടങ്ങുന്ന നിരവധി പേർ ഈ നിയമത്തിന് ഇരയാക്കപ്പെട്ടപ്പോൾ അതിനെ പറ്റി ചോദിച്ചപ്പോൾ ‘യു.എ.പി.എ’ രാജ്യരക്ഷക്ക് വേണ്ടിയുള്ളതാണ്, തീവ്രവാദികൾ ഭയന്നാൽ മതിയെന്നാണ് കോൺഗ്രസ് – ലീഗ് വക്താക്കൾ പറഞ്ഞത്.

കാരണം അന്ന് കേന്ദ്രത്തിൽ അധികാരവും അതുകൊണ്ട് വന്നതും ഇവർ തന്നെയാണ്. ഇവരുടെ ആസ്ഥാന ബുദ്ധി ജീവികൾ അന്നും ഇന്നും അതെപറ്റി ചോദിച്ചാൽ പറയും, കോൺഗ്രസ് എന്ത് ചെയ്യും എല്ലാം ചെയ്യുന്നത് ബ്യുറോക്രസിയാണ് അതുകൊണ്ട് കോൺഗ്രസിനെ പറയരുത് എന്ന ആപ്ത വാക്യം. അതും കഴിഞ്ഞു കേരളത്തിൽ കഴിഞ്ഞ യു.ഡി.എഫ് ഭരണ കാലത്ത് സെൻ കുമാർ എന്ന സംഘി ഡി.ജി.പി ആയിരിക്കെ ചുമത്തിയത് ഇരുന്നോറോളം യു.എ.പി.എകൾ.

വോട്ട് ചെയ്യരുത് എന്ന പോസ്റ്റര്‍ പതിച്ചതിന് ആദിവാസിയായ ഗൗരിക്ക് എതിരെ, ഇല്ലാത്ത സാക്ഷിയെ സ്വാധീനിക്കാൻ നോക്കി എന്നും പറഞ്ഞിട്ട് തസ്ലീമിന് എതിരെ, നാറാത്ത് ഇഷ്ടിക മാരകായുധം ആണെന്ന് പറഞ്ഞിട്ട് ഇരുപത്തി മൂന്ന് എസ്.ഡി.പി.ഐക്കാർക്ക് എതിരെ. അന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായ മുല്ലപ്പള്ളിയാണ് നാറാത്ത് കേസ് എൻ.ഐ.എക്ക് നൽകുന്നത്. ഞാനാണ് ആ രാജ്യദ്രോഹികളായ തീവ്രവാദികളെ കുടുക്കിയത് എന്ന് പറഞ്ഞത് കെ എം ഷാജി. ഒടുവിൽ ഈ കേസുകളിൽ ഒക്കെ വർഷങ്ങൾക്ക് ശേഷമാണ് പല ഇരകൾക്കും വൈകി എത്തുന്ന നീതി എന്ന അനീതി പോലും ലഭിക്കുന്നത്.

ഈ കേരളത്തിൽ പോലും യു.ഡി,എഫ് സർക്കാർ കാലത്ത് സെൻ കുമാർ ഇരകളാക്കിയ മുസ്‌ലിങ്ങൾ അടങ്ങുന്ന ഇരകൾക്ക് വേണ്ടി വാ തുറക്കാത്ത വലത് പക്ഷവും അവരുടെ വൈജ്ഞാനിക ഗുണ്ടകളും അടക്കമുള്ളവർ യു.എ.പി.എക്ക് എതിരെ വാ തുറക്കാൻ തുടങ്ങിയത് സലഫികൾക്ക് എതിരെ യു.എ.പി.എ വന്നതിന് ശേഷമാണ്. അതായത് സലഫികൾക്ക് എതിരെ വന്നാൽ യു.എ.പി.എ കഷ്ടം, ബാക്കി ഉള്ളവർക്ക് എതിരെ യു.ഡി.എഫ് കാലത്ത് വന്നാൽ അത് കൊണ്ടുവന്നത് കോൺഗ്രസ് ആണെങ്കിൽ കൂടിയും അതൊക്കെ ഇന്ത്യൻ ഹിന്ദുത്വ പൊതുബോധത്തിന്‍റെയും ബ്യുറോക്രസിയുടെയും തകരാർ.

ഇതിന് അപ്പുറം വേറെ തള്ളും, കോൺഗ്രസിന് അന്നും ഇന്നും യു.എ.പി.എയിൽ ഒരു നിലപാട് ആണുള്ളള്ളത്, അതുകൊണ്ട് അവർക്ക് കാപട്യമില്ല . അതുകൊണ്ട് ആവും അല്ലെ പൊട്ടോ നിയമം നിരോധിക്കും എന്ന് പറഞ്ഞിട്ട് മുസ്‌ലിങ്ങളെ കൂടി വോട്ട് വാങ്ങി വിജയിച്ച കോൺഗ്രസ് പിന്നെ ഊപ്പ കൊണ്ട് വന്നത്? ഇല്ലാത്ത സാക്ഷിയെ സ്വാധീനിക്കാൻ നോക്കിയ കുറ്റത്തിന് സംഘിയായ ഡി.ജി.പി തസ്‌ളീം എന്ന മുസ്‌ലിമിന് എതിരെ ഊപ്പ ചുമത്തിയപ്പോൾ അതിന് കോടതിയിൽ അപ്രൂവൽ നൽകി വായയും പൂട്ടി മിണ്ടാതെ ഇരുന്നത് ?

ഇപ്പോൾ അലനും താഹക്കും എതിരെ ഊപ്പ ചുമത്താനുള്ള കുറ്റമില്ല എന്ന് പറയുന്ന കോൺഗ്രസ് – ലീഗ് സഖ്യം ഭരിക്കുന്ന കാലത്ത് അല്ലെ ഇല്ലാത്ത സാക്ഷിയെ സ്വാധീനിക്കാൻ നോക്കിയ തസ്‌ളീമും, പോസ്റ്റർ പതിച്ച ഗൗരിയും, ഇഷ്ടിക മാരക ആയുധം ആണെന്ന പേരിൽ നാറാത്തെ ഇരുപത്തി മൂന്ന് എസ്.ഡി.പി.ഐക്കാരെയും ഊപ്പ ചുമത്തി അകത്തിട്ടത്? അവർക്ക് എതിരെ എന്ത് തെളിവാണ് ഉണ്ടായത്? ഇനി ഉപയോഗം കൊണ്ട് തന്നെ ദുരുപയോഗമാവുന്ന ഒരു നീരാളി നിയമം വേണോ വേണ്ടയോ എന്ന് ചോദിക്കുന്ന നീതി ബോധം എന്താണ്?

യു.എ.പി.എ എന്ന കുളിമുറിയിൽ ആ കുളിമുറി ഉണ്ടാക്കിയ കോൺഗ്രസും അതിന് അലകായി നിന്ന ലീഗും ആ കുളിമുറിയിൽ കുളിച്ച ഇടതുപക്ഷവും പൂർണ്ണ നഗ്നനാരാണ്. എന്നിട്ടും നിയമം കൊണ്ട് വന്ന, അതുവെച്ച് വേണ്ട പോലെ മുസ്‌ലിങ്ങൾ അടക്കമുള്ളവരെ വേട്ടയാടി ഹിന്ദുത്വ രാഷ്ട്രീയം കളിച്ച ആ കുളിമുറിയിൽ നഗ്നമായി നിക്കുന്ന കോൺഗ്രസിനും ലീഗിനും മാത്രം തുണി എടുപ്പിക്കാൻ നടക്കുന്ന വലത് പക്ഷ വൈജ്ഞാനിക ഗുണ്ടകളോട് ഒരു അഭ്യർത്ഥന; അവർക്ക് നിങ്ങളുടെ തുണി ഇല്ലെങ്കിലും ഒരു ഹിന്ദുത്വ കോണകം സ്വന്തമായി ഉണ്ട് . ഇനി തുണി എടുപ്പിക്കുന്ന നേരം അയ്യോ ഇതെന്താ എന്ന് ചോദിക്കാൻ നിക്കണ്ടാ !
_ നാസർ മാലിക്

Click Here

ടെലഗ്രാംhttps://t.me/asianspeaks
ട്വിറ്റര്‍https://twitter.com/asianspeaksmail