ബാജി റൗത്; സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി
കെ സഹദേവന്‍
ഇന്ന് ബാജി റൗത്-ന്‍റെ രക്തസാക്ഷിത്വ ദിനമാണ്. ആരാണ് ബാജിറൗത്?
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി!
നമ്മളിതുവരെ കേട്ടിട്ടില്ലല്ലോ?!
ഇല്ല, കേൾക്കില്ല. കാരണം ലളിതമാണ്. അദ്ദേഹം ഒരു ആദിവാസിയാണ്.
എവിടെയാണ് ബാജിറാവുവിന്‍റെ ജന്മസ്ഥലം?
ഒഡീഷയിലെ ഡെങ്കനാൽ ജില്ലയിലെ നീലകണ്ഠപൂർ
ഏപ്പോഴാണ് അദ്ദേഹം രക്തസാക്ഷിയായത്?
പന്ത്രണ്ടാമത്തെ വയസ്സിൽ.
പന്ത്രണ്ടാമത്തെ വയസ്സിൽ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തെന്നോ?
എന്താണദ്ദേഹം ചെയ്തത്?
സ്വാതന്ത്ര സമരസേനാനികളെ അറസ്റ്റ് ചെയ്യാനെത്തിയ ബ്രിട്ടീഷ് സൈന്യത്തെ തോണികടത്താൻ വിസമ്മതിച്ചു എന്നതായിരുന്നു ബാജി റൗതിന്‍റെ കുറ്റം.
പോലീസുകാരുടെ ഭീഷണികൾക്കും മർദ്ദനങ്ങൾക്കും വശംവദനാകാതെ തന്‍റെ നിലപാടിൽ ഉറച്ചു നിന്നു ബാജി റൗത്.
ഒടുവിൽ പോലീസുകാരന്‍റെ ബയണറ്റിന്‍റെ അടിയേറ്റ് അദ്ദേഹം അവശനായി വീണു. വീഴുന്നതിനിടയിലും പോലീസുകാരനെ തന്‍റെ കയ്യിലുള്ള കത്തികൊണ്ട് ആക്രമിക്കാൻ മടിച്ചില്ല ബാജി.
ഈ സമയത്തിനിടയിൽ ബഹളം വെച്ച് ആളെ കൂട്ടുകയും സ്വാതന്ത്ര സമര സേനാനികളെ രക്ഷപ്പെടാൻ സഹായിക്കുകയും ചെയ്തു കൊച്ചു ബാജി റൗത്.
ബാജിറൗതിന്‍റെ മൃതദേഹം ആയിരക്കണക്കിന് ആളുകളുടെ സാന്നിദ്ധ്യത്തിലായിരുന്നു അന്ന് സംസ്കരിച്ചത്.
1938 ഒക്ടോബർ 11ന് ആയിരുന്നു ആ സംഭവം.
ബാജി റൗതിന്‍റെ ചിതയ്ക്കരികിൽ നിന്നുകൊണ്ട് പ്രസിദ്ധ ഒറിയ കവി സച്ചി റൗട്റേ പാടി:
“നുഹേൻ ബന്ധു, നുഹേൻ ഏ ചിത
ഏ ദേശ തിമിര തലേ, ഏ ആലിബ മുക്തി സലിത”
(ചങ്ങാതീ, ഇതൊരു ചിതയല്ല. രാഷ്ട്രം നിരാശയുടെ അന്ധകാരത്തിൽ പെട്ടുഴലുമ്പോൾ ഇത് സ്വാതന്ത്ര്യ ദീപമാണ്. ഇത് നമ്മുടെ സ്വാതന്ത്ര ജ്വാലയാണ്)