ആ സ്കൂളാണ് സംഘ്പരിവാർ അക്രമണത്തിനുള്ള കേന്ദ്രമായി ഉപയോഗിച്ചത്

“പ്രദേശത്തെ മുസ്‌ലിങ്ങളാണ് ഈ സ്കൂളുകൾ തച്ചുതകർത്തതെന്ന സംഘ്പരിവാർ വാദങ്ങൾ വിളമ്പിക്കൊണ്ടിരിക്കുന്ന ചാനൽ റിപ്പോർട്ടർമാർ പറയുന്നതിൽ നിന്നും വ്യത്യസ്‌തമാണ് ഗാർഡിയൻ റിപ്പോർട്ടർ പറഞ്ഞ കാര്യങ്ങൾ…” സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് കേരള സെക്രട്ടറി നൗഷാദ് സി എ എഴുതുന്നു…

“ആ സ്കൂളാണ് സംഘ്പരിവാർ അക്രമണത്തിനുള്ള കേന്ദ്രമായി ഉപയോഗിച്ചത്… ” ഡൽഹി മൈനോറിറ്റി കമ്മീഷൻ ചെയർമാൻ സഫറുൽ ഇസ്‌ലാം ഖാനുമായി സംസാരിക്കുന്നതിനിടയിൽ ഗാർഡിയൻ പത്രത്തിന്‍റെ റിപ്പോർട്ടർ ഫോണിലൂടെ അദ്ദേഹത്തോട് പറയുന്നുണ്ടായിരുന്നു. ഡൽഹി ശിവ് വിഹാർ DRP സ്കൂളിലെയും സമീപത്തുള്ള രാജധാനി സ്കൂളിലെയും കത്തിക്കരിഞ്ഞ ലൈബ്രറിയും പൊട്ടിത്തകർന്ന ബ്ലാക്ക് ബോർഡും രാവിലെ കാണുമ്പോൾ അൽഭുതം തോന്നിയിരുന്നില്ല. വംശവെറിയന്മാർക്ക് അക്ഷരങ്ങളെ എന്നും ഭയമായിരുന്നല്ലോ !

പെട്രോൾ, ആസിഡ് ബോംബുകളുമായി പ്രദേശവാസികളുടെയൊപ്പം ട്രക്കുകളിൽ സ്കൂളിലെത്തിയ പരിശീലനം നേടിയ ഹരിയാന ചുവയിൽ സംസാരിച്ചിരുന്ന അക്രമികൾ മണിക്കൂറുകളോളം അവിടം ബേസ് ക്യാമ്പായി ഉപയോഗപ്പെടുത്തി അക്രമണമഴിച്ച് വിട്ട് തെളിവുകളെല്ലാം നശിപ്പിച്ച് മടങ്ങിയതിനെക്കുറിച്ചാണ് ഗാർഡിയൻ റിപ്പോർട്ടർ പറഞ്ഞു കൊണ്ടിരുന്നത്. സ്കൂൾ മുറ്റത്തിരുന്ന് പ്രദേശത്തെ മുസ്‌ലിങ്ങളാണ് ഈ സ്കൂളുകൾ തച്ചുതകർത്തതെന്ന സംഘ്പരിവാർ വാദങ്ങൾ വിളമ്പിക്കൊണ്ടിരിക്കുന്ന ചാനൽ റിപ്പോർട്ടർമാർ പറയുന്നതിൽ നിന്നും വ്യത്യസ്‌തമാണ് ഗാർഡിയൻ റിപ്പോർട്ടർ പറഞ്ഞ കാര്യങ്ങൾ. പ്രദേശത്ത് നിന്നുള്ള ആയിരക്കണക്കിന് Distress കോളുകളോട് പ്രതികരിക്കാത്ത പോലീസിന്‍റെ നിഷ്ക്രിയത്വത്തെ കുറിച്ചുള്ള ആവലാതിയുമുണ്ടായിരുന്നു അദ്ദേഹത്തിന്‍റെ സംസാരത്തിൽ.

സർക്കാർ ദുരിതാശ്വാസ ക്യാമ്പുകളൊന്നും ഇത് വരെ തുടങ്ങാത്ത ഡൽഹിയിൽ മുസ്തഫാബാദിലെ ഈദ് ഗാഹ് നഗരിയിൽ ജനങ്ങൾ ഒരുക്കുന്ന ദുരിതാശ്വാസ ക്യാമ്പ് നിർമ്മാണം നടക്കുന്നതിനിടയിൽ പെട്ടെന്ന് പ്രദേശം ജനനിബിഢമായി. ഈദ് ഗാഹിനോട് ചേർന്നുള്ള ഖബറിസ്ഥാനിലേക്ക് മറ്റൊരു മയ്യിത്ത് കട്ടിൽ കൂടി ആളുകൾ ചുമന്ന് കൊണ്ട് വരുകയായിരുന്നു അപ്പോൾ ശിവ് വിഹാർ ചാർ നമ്പറിലെ ആഖിലിന്‍റേത്.

പരിക്കേറ്റവർക്ക് ഫസ്റ്റ് എയ്ഡ് നൽകാനുള്ള സൗകര്യങ്ങൾ മാത്രമുള്ള ഡോ. അൻവറിന്‍റെ അൽ ഹിന്ദ് ഹോസ്പിറ്റലിലെ ക്യാമ്പിൽ 50 ലധികം കുടുംബങ്ങൾ കഴിയുന്നുണ്ട്. അക്രമത്തിന്‍റെ പ്രാരംഭ ഘട്ടത്തിൽ തന്നെ കുടുംബങ്ങൾക്ക് ഹോസ്പിറ്റലിൽ അഭയം ഒരുക്കി ധീരമായ നിലപാടെടുത്ത സുഹൃത്ത് ഡോ. അൻവറിനും ഈദ് ഗാഹിലെ ക്യാമ്പ് ചുമതലയുള്ള United Against Hate കൺവീനർ നദീം ഖാനും ആവശ്യമായ പിന്തുണ ഉറപ്പാക്കി ഞങ്ങൾ മടങ്ങുമ്പോൾ പിന്തുണയറിയിച്ചുള്ള പലരുടെയും കോളുകൾ ഫോണിൽ വന്നിട്ടുണ്ടായിരുന്നു. സോളിഡാരിറ്റി ഉണ്ടാകുമെങ്കിൽ ഈ കുടുംബങ്ങളെ ഏറ്റെടുക്കാമെന്ന് പറയുന്നവർ. ക്യാമ്പിലേക്കുള്ള 1500 ബെഡുകളും പില്ലോകളും ബ്ലാങ്കറ്റുകളും വാഗ്ദാനം ചെയ്ത് കേരളത്തിൽ നിന്ന് വിളിച്ച വ്യാപാരിയുടെ വാഗ്ദാനം അതിലൊന്നായിരുന്നു.

ഈ ശബ്ദങ്ങൾ പകരുന്ന ഊർജ്ജമുള്ള കാലത്തോളം നാം മുന്നോട്ട് തന്നെ ചലിക്കും. ഈ ജനത അതിജീവിക്കുക തന്നെ ചെയ്യും. നിങ്ങൾ ഇവിടെ ഇറങ്ങി നടക്കാമോ ? എനിക്ക് വേഗം വീട്ടിലെത്തണം എന്തോ പ്രശ്നമുണ്ട് അവിടെ ! രണ്ട് ദിവസമായി കൂടെയുള്ള ഡ്രൈവർ നവേദ് ഞങ്ങളെ ജാമിഅ നഗറിലെത്തുന്നതിന് മുൻപ് വഴിയിൽ യാത്രയവസാനിപ്പിച്ച് പോകുമ്പോൾ ഭയമല്ല, നിശ്ചയദാർഢ്യമാണ് അവന്‍റെ കണ്ണിലുണ്ടായിരുന്നത്. വേഗത വർധിച്ച വാഹനങ്ങൾക്കും ധൃതിയിൽ അടച്ചുകൊണ്ടിരിക്കുന്ന കടകൾക്കുമിടയിലൂടെ നടക്കുമ്പോൾ ഡൽഹിയിലെ അന്തരീക്ഷത്തിന് കനം കൂടുന്നത് ഞങ്ങൾക്ക് ശരിക്കും ബോധ്യമാകുന്നുണ്ടായിരുന്നു.