കോവിഡ്-19; അവകാശങ്ങള്‍ കവരുന്ന വൈറസ്

ഭരണകൂടത്തിന് ആവശ്യമുള്ള സമയത്തെല്ലാം പൗര സ്വാതന്ത്ര്യത്തിനുമേല്‍ നിയന്ത്രണ രേഖ വരയ്ക്കാന്‍ കഴിയുന്ന അദൃശ്യ ശത്രു കൂടിയാണ് ഇത്തരം രോഗബാധ…


_ ഡോ. ഹരി പി ജി

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാദുരന്തം എന്ന നിലയിലാണ് കോവിഡ്-19 എന്ന മഹാമാരിയെ ഭൂരിഭാഗം പേരും വിശേഷിപ്പിക്കുന്നത്. താരതമ്യേന മരണ നിരക്കും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും കുറഞ്ഞ ഒരു രോഗത്തിനെ കൂടിയ പകര്‍ച്ചശേഷികൊണ്ട് മാത്രം ഇത്തരത്തിലൊരു ലോക മഹാമാരിയാക്കുന്നത് എന്തുകൊണ്ടായിരിക്കും. രോഗഭീതികൊണ്ട് ഒരു യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിക്കാനും സാമൂഹിക ഉത്തരവാദിത്തിന്റെ പേരില്‍ പൗരാവകാശങ്ങളെ നിഷേധിക്കാനും ഇതൊരു അവസരമാക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിമറികടക്കാന്‍ ദുരന്ത മുതലാളിത്തം (Disaster Capitalism), രാഷ്ട്രീയ ജനകീയ എതിര്‍പ്പുകള്‍ മറികടക്കാന്‍ നിരീക്ഷണ മുതലാളിത്തം(Surveillance Capitalism)തുടങ്ങിയവയുടെ പ്രയോഗകാലം കൂടിയാണ് കോവിഡ് കാലം.

സൂക്ഷ്മജീവികളുടെ ലോകം നമ്മുക്ക് നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത ഭീഷണിയായതുകൊണ്ട്‍ തന്നെ, രാജ്യത്തിനു നേരെ വരുന്ന തീവ്രവാദി ആക്രമണ ഭീഷണിപോലെ ഭരണകൂടത്തിന് ആവശ്യമുള്ള സമയത്തെല്ലാം പൗര സ്വാതന്ത്ര്യത്തിനുമേല്‍ നിയന്ത്രണരേഖ വരയ്കാന്‍ കഴിയുന്ന അദൃശ്യ ശത്രു കൂടിയാണ് ഇത്തരം രോഗബാധ. മറ്റെല്ലാ മേഖലയിലും എന്നതുപോലെ പൊതുജനാരോഗ്യത്തേയും ഭരണകൂടം ലാഭാധിഷ്ഠിതമായ മാനദണ്ഡങ്ങള്‍ വച്ച് കേവല ഉപഭോഗവസ്തുവായി കാണാന്‍ തുടങ്ങി. ചുരുക്കം ചില രാജ്യങ്ങള്‍ ഒഴികെ ലോകത്തെ മുഴുവന്‍ രാജ്യങ്ങളും യാതൊരു എതിര്‍പ്പും പ്രകടിപ്പിക്കാതെ ആരോഗ്യരംഗത്ത് പൗരന്‍മാര്‍ക്ക് നല്കിയിരുന്ന സേവനങ്ങള്‍ നിറുത്താലാക്കുകയോ ഫീസ് ഈടാക്കുന്ന തരത്തിലേക്ക് ഘടനപരമായ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്തു. ഇതോടെ ആരോഗ്യമെന്നത് ഭരണകൂടം പൗരന് ഉറപ്പ് നല്‍കുന്ന സാര്‍വ്വത്രിക സേവനം എന്നതില്‍ നിന്നു മാറി സാധാരണക്കാരന്‍ പോലും കാശ് കൊടുത്തു വാങ്ങേണ്ടുന്ന ഉത്പന്നമായി മാറി. ഒപ്പം കോടികള്‍ നിക്ഷേപിച്ച് ശതകോടികള്‍ കൊയ്യുന്ന വന്‍ വ്യവസായ ശൃംഖലയും ഇതിന്റെ ഭാഗമായി ഉയര്‍ന്നുവന്നു. അതോടുകൂടി അവശേഷിച്ചിരുന്ന നൈതികതയും ധാര്‍മികതയും നഷ്ടപ്പെടുകയും ചെയ്തു.

ലോകാരോഗ്യ സംഘടനയടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികളിലെ നയപരമായ തീരുമാനങ്ങളും പ്രവര്‍ത്തന പരിപാടികളും ഈ രംഗത്തെ കുത്തക ഭീമന്‍മാര്‍ തീരുമാനിക്കുന്ന അവസ്ഥയിലേക്ക് മാറി. 1978ലാണ് അന്നത്തെ റഷ്യയുടെ ഭാഗമായ കസാഖ്സ്ഥാനിലെ അല്‍മ-ആട്ടയില്‍ ഒരു ആരോഗ്യ ഉച്ചകോടി കൂടുകയും സാര്‍വ്വത്രിക ആരോഗ്യത്തിനുവേണ്ടി പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കി അംഗീകരിക്കുകയും ചെയ്തത്. ആരോഗ്യമെന്നത് കേവലം രോഗമില്ലാത്ത അവസ്ഥയല്ലായെന്നും, മറിച്ച് ശാരീരീകവും മാനസികവും സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായ സ്വാസ്ഥ്യത്തെയാണ് ആരോഗ്യം എന്നതുകൊണ്ട് വിവക്ഷിക്കുന്നത് എന്ന് ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. എല്ലാവര്‍ക്കും ആരോഗ്യമെന്നൊരു പ്രവര്‍ത്തന രൂപരേഖ മുന്നോട്ട് വെയ്ക്കുകയുമുണ്ടായി . എന്നാല്‍ 1990കളോടെ അമേരിക്കയടക്കമുള്ള വികസിത രാജ്യങ്ങള്‍ സാധാരണ ജനവിഭാഗങ്ങളുടെ സേവനങ്ങള്‍ ലഭ്യമാകാനുള്ള അവകാശങ്ങള്‍ വെട്ടികുറയ്ക്കുക മാത്രമല്ല, ഐ.എം.എഫും ലോകബാങ്കും അടക്കമുള്ളവരുടെ വായ്പാ ചരടുകള്‍ വഴി മറ്റു രാജ്യങ്ങളിലെ ആരോഗ്യനയ രൂപീകരണത്തിന്റെ നിയന്ത്രണമേറ്റെടുക്കുകയും ചെയ്തു.

ഇന്‍ഡ്യയടക്കമുള്ള വികസ്വര രാജ്യങ്ങളുടേയും അവികസിത രാജ്യങ്ങളില്‍ പെടുന്ന ആഫ്രിക്കന്‍-ലാറ്റിനമക്കേരിക്കന്‍ രാജ്യങ്ങളുടേയും ആരോഗ്യസേവനങ്ങളില്‍ യൂസര്‍ഫീ ഏര്‍പ്പെടുത്തുന്ന ഘടനപരമായ മാറ്റം വരുത്തി. വളരെ ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ടുതന്നെ വലിയൊരു വിഭാഗം ജനങ്ങള്‍ ആരോഗ്യരംഗത്തെ പ്രാഥമിക സേവനങ്ങളില്‍ നിന്നു പോലും പുറത്താകുന്ന അവസ്ഥ രൂപപ്പെട്ടു. പൊതു-സ്വകാര്യപങ്കാളിത്തവും ഇന്‍ഷൂറന്‍സ് ഭീമന്‍മാരുടെ കടന്നുകയറ്റവും കൂടി ആയതോടെ ആരോഗ്യസേവനമെന്നത് മാറി എല്ലാവര്‍ക്കും പരിരക്ഷ എന്ന തീര്‍ത്തും അപര്യപ്തമായ അവകാശത്തിലേക്ക് മാറി. ലാഭം മാത്രം ലക്ഷ്യം വെച്ചു സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികളും മറ്റ് സാമ്പത്തിക ഏജന്‍സികളും ലോകാരോഗ്യ സംഘടനയുടെയും അവികസിത-വികസ്വര രാജ്യങ്ങളിലെ ഗവണ്‍മെന്റുകളുടേയും മേല്‍ നിര്‍ണായക സ്വാധീനം ചെലുത്തി പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്ന രീതി 90കളിലാരംഭിച്ച് 2000ത്തോട് കൂടി പൂര്‍ണ്ണരൂപത്തിലേക്ക് വളര്‍ന്നു.

ഒരുവശത്ത് ആരോഗ്യശാസ്ത്രവും വൈദ്യശാസ്ത്ര-സാങ്കേതികമേഖലയും അഭൂതപൂര്‍വ്വമായ വികാസം രേഖപ്പെടുത്തുമ്പോള്‍ തന്നെയാണ് ലോകത്ത് പ്രതിവര്‍ഷം 12 ശതമാനം കുടുംബങ്ങള്‍ ചികിത്സാ ചെലവുകള്‍ മൂലം ദരിദ്രവത്ക്കരിക്കപ്പെടുന്നുവെന്നും 10 കോടിയോളം കുടുംബങ്ങള്‍ക്ക് വര്‍ഷിക വരുമാനത്തിന്റെ 10 ശതമാനത്തിലധികം ചികിത്സകള്‍ക്ക് ഉപയോഗിക്കേണ്ടി വരുന്നു എന്നും ലോകാരോഗ്യസംഘടനയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്. ദാരിദ്ര്യവും പോഷകാഹാര കുറവും കാലവസ്ഥാ വ്യതിയാനവും അഭയാര്‍ത്ഥി പ്രശ്നങ്ങളും, പ്രകൃതി-വനം നശീകരണം മൂലമുള്ള ജീവനാശവും, ജീവിതശൈലി രോഗങ്ങളുടെ വര്‍ദ്ധനവുമൊക്ക പറയുന്ന നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

അമേരിക്കയ്ക്ക് പിന്നില്‍ ലോകാരോഗ്യ സംഘടനയ്ക്ക് പ്രവര്‍ത്തന ഫണ്ട് സംഭാവന ചെയ്യുന്ന കോര്‍പ്പറേറ്റുകള്‍ ബഹുരാഷ്ട്രകമ്പനികള്‍, സന്നദ്ധ സംഘടനകള്‍, തുടങ്ങിയവരുടെ സാമ്പത്തിക രാഷ്ട്രീയ താത്പര്യത്തിന്റെ നടത്തിപ്പിനായി മുന്‍തൂക്കം. സാധാരണ ജനങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന പ്രശ്നങ്ങളെ പോലും തീര്‍ത്തും അവഗണിക്കുന്ന തരത്തിലോ തങ്ങളുടെ ബിസിനിസ് താത്പര്യങ്ങള്‍ക്ക് അനുഗുണമായി വ്യാഖ്യാനിക്കാനോ തക്കവണ്ണം സമിതികളിലെ പ്രാതിനിധ്യവും പുനര്‍നിര്‍വചിക്കപ്പെട്ടു. ബില്‍ഗേറ്റ്സ്, മിലിന്‍ഡ ഫൗണ്ടേഷന്‍, റോക്ക്ഫെല്ലര്‍ ഫൗണ്ടേഷന്‍, ഗ്ലോബല്‍ അലയന്‍സ്‌ ഫോര്‍ വാക്സിന്‍ ആന്‍ഡ് ഇമ്മ്യൂണൈസേഷന്‍, വാക്സിന്‍ ഫോര്‍ ആള്‍, സ്വകാര്യ ഇന്‍ഷ്വറന്‍സ് ഏജന്‍സികള്‍, ലോകസാമ്പത്തിക ഫോറം തുടങ്ങി ആഗോള ആരോഗ്യരംഗത്തെ സാമ്പത്തിക അളവുകോല്‍ വച്ച് നിര്‍ണയിക്കുന്നവര്‍ക്കായി മേല്‍ക്കൈ.

അതുകൊണ്ട് തന്നെ അല്‍മ-ആട്ട പ്രഖ്യാപനത്തില്‍ അധിഷ്ഠിതമായി ആരോഗ്യസേവനങ്ങള്‍ക്ക് ചെലവഴിക്കുന്ന തുക രാജ്യത്തിന്റെ വികസനമേഖലയില്‍ ഉപയോഗിക്കേണ്ടതാണെന്നും, വികസനം ജനതയ്ക്ക് ആരോഗ്യത്തെ കൊണ്ടുവരുമെന്നും, അതുകൊണ്ട് സൗജന്യ സേവനങ്ങള്‍ പാഴ്‍ചെലവാണെന്ന സിദ്ധാന്തം സ്ഥാപിച്ചെടുക്കുകയും ചെയ്തു. യുസര്‍ഫീ ഏര്‍പ്പെടുത്തി ജനങ്ങളുടെ അവകാശങ്ങളെ നിഷേധിക്കാന്‍ തുടങ്ങി. സ്വകാര്യ സ്ഥാപനങ്ങളെയും പൊതു-സ്വകാര്യ പങ്കാളിത്ത സ്ഥാപനങ്ങളെയും ആരോഗ്യപദ്ധതികളുടെ നടത്തിപ്പുകാരാക്കി മാറ്റി. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ആരോഗ്യരംഗം തുറന്ന് കൊടുക്കുക കൂടി ചെയ്തതോട് കൂടി വീണ്ടും സ്ഥിതി കൂടുതല്‍ വഷളായി. വളരെ കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ ചികിത്സാ ചെലവുകള്‍ വര്‍ദ്ധിക്കുകയും പലര്‍ക്കും ചികിത്സ വൈകുന്ന അവസ്ഥയും സംജാതമായി.

ലോകാരോഗ്യ സംഘടനയുടെ 2005ല്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്ത ജനകീയ ആരോഗ്യ വിദഗ്ദധരുടെ സവിശേഷ ശ്രദ്ധയില്‍ ഇത്‍ വരികയും ചര്‍ച്ച ചെയ്യപ്പെടുകയുമുണ്ടായി. തുടര്‍ന്ന് ലണ്ടന്‍ യൂണിവേഴ്‍സിറ്റിയിലെ ഡോ. മൈക്കല്‍ മര്‍മോട്ടിന്റെ നേതൃത്വത്തില്‍ ഒരു കമ്മീഷനെ നിയമിക്കുകയുണ്ടായി. ആരോഗ്യത്തിലെ സാമൂഹിക നിര്‍ണയ ഘടകങ്ങള്‍ എന്നതായിരുന്നു സമിതിയുടെ പരിഗണനാ വിഷയം. ഏകദേശം മൂന്നു വര്‍ഷത്തോളം സമയമെടുത്ത് വിവിധ അവികസിത- വികസ്വര രാജ്യങ്ങളുടെ ആരോഗ്യരംഗത്തെ വിലയിരുത്തി 2008ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സാമൂഹിക നിര്‍ണയഘടകകള്‍ ശക്തിപ്പെടുത്തുന്നതിന് ഘട്ടം ഘട്ടമായി യൂസര്‍ഫീ പിന്‍വലിക്കുന്നതിനും പൊതുമേഖലയിലെ ആരോഗ്യസംവിധാനങ്ങള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തന ഫണ്ട് അനുവദിക്കുന്നതിനും നിര്‍ദ്ദേശിക്കുന്നു. ത്രിതല ആശുപത്രി സംവിധാനം ശക്തിപ്പെടുത്തി ഗവണ്‍മെന്‍റ് ഇടപെടല്‍ താഴെ തട്ടിലേക്ക് എത്തിക്കാനുള്ള നിര്‍ദ്ദേശങ്ങളുമുണ്ടായിരുന്നു.

എന്നാല്‍ ആ ദിശയില്‍ അധികം മുന്നോട്ട് പോയില്ല. പകരം ഇന്‍ഷുറന്‍സ് വഴി സാര്‍വ്വത്രിക പരിരക്ഷയില്‍ തന്നെയാണ് 2018 ആല്‍മ-ആട്ട പ്രഖ്യാപനത്തിന്റെ 40‍ാം വാര്‍ഷികം ആഘോഷിച്ചത്. 2020ല്‍ ലോകം മുഴുവനുമുള്ള ജനങ്ങള്‍ കോവിഡ്-19നു മുന്നില്‍ പകച്ച് ജീവിത വഴികള്‍ എല്ലാം അടച്ചുപൂട്ടി യുക്തിസഹമായി ഒന്നും തിരിച്ചു ചോദിക്കാനൊ കഴിയാതെ സഹിക്കേണ്ടി വരുന്നതിനേയും ന്യായീകരിക്കുന്നത് ശാസ്ത്ര വിജയമായിട്ടാണ്. ദുരന്തത്തിന്റെയും നിരീക്ഷണത്തിന്റെയുമൊക്കെ ഇരകളാകുന്നവര്‍ തന്നെയാണ് പരിഹാര ശ്രമങ്ങളുടെ പേരിലെ ഭാരവും താങ്ങേണ്ടിവരുന്നത്. ചുരുക്കത്തില്‍ ഏതര്‍ത്ഥത്തില്‍ നോക്കിയാലും കോര്‍പ്പറേറ്റ് വിജയം മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. ലോകത്തിന്റെ വിവിധ കോണുകളില്‍ ജനപക്ഷത്ത് നില്‍ക്കുന്ന നിരവധി വിദഗ്ദധരും ശാസ്ത്രജ്ഞരും വിശദമായി തന്നെ ഇത് ജനങ്ങളോട് വിളിച്ചുപറയാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു.

ആരോഗ്യരംഗത്തെകുറിച്ച് സവിശേഷ അറിവുകള്‍ ഇല്ലാത്തവര്‍ക്കുകൂടി ബോധ്യമാകാന്‍ വേണ്ടി എന്ന തരത്തില്‍ നടത്തുന്ന പെരുപ്പിച്ച കണക്കുകളും രോഗ ഭീകരതയുടെ വാങ്മയ ചിത്രങ്ങളും ഭീതി ഉത്പാദന വ്യവസായത്തിന്റെ ഗുണഭോക്തക്കള്‍ ബോധപൂര്‍വ്വം നടത്തുന്ന തികച്ചും അശാസ്ത്രീയവും സ്വാര്‍ത്ഥ നിഗൂഢ ലക്ഷ്യങ്ങള്‍ നിറഞ്ഞതുമാണെന്നു കാണാം. ഇതിന്റെ വ്യാപ്തിയും ആഴവും മനസിലാകണമെങ്കില്‍ രോഗഹേതുക്കള്‍ എന്ന നിലയില്‍ വിശദീകരിക്കപ്പെടുന്ന വൈറസുകളടക്കമുള്ള സൂക്ഷ്മ ജീവികളെ കുറിച്ച് പൊതുവിലും കൊറോണ വൈറസിനെ പ്രത്യേകിച്ചും ചില വിവരങ്ങള്‍ ആമുഖമായി അറിയേണ്ടിയിരിക്കുന്നു.

ജീവി വര്‍ഗങ്ങളുടെ പരിണാമ ശാസ്ത്രത്തില്‍ ഏറ്റവും മുകളിലാണ് മനുഷ്യന്റെ സ്ഥാനം. ഏറ്റവും താഴെ തട്ടിലായി സുക്ഷ്മ ജീവികളെയും പ്രതിഷ്ഠിച്ചിരിക്കുന്നു. ജീവി വര്‍ഗങ്ങള്‍ തമ്മിലും വര്‍ഗ്ഗങ്ങള്‍ക്കുള്ളിലെ ജീവികള്‍ തമ്മിലും അതിജീവനത്തിലധിഷ്ഠിതമായൊരു പാരസ്പര്യം നിലവിലുണ്ട്. ഈ പാരസ്പര്യത്തിന്റെ സുഗമമായ മുന്നോട്ട് പോക്കില്‍ സംഭവിക്കുന്ന ഓരോ കടന്നു കയറ്റങ്ങളുടെ പ്രവര്‍ത്തന- പ്രതിപ്രവര്‍ത്തനങ്ങളെയും മനുഷ്യനെന്ന ജീവിവര്‍ഗത്തിന്റെ അന്വേഷണ ത്വരയും ശാസ്ത്രബോധവും തന്നെയാണ് കണ്ടെത്തി നിര്‍വച്ചിട്ടുള്ളത്. ഇതൊക്കെ തിരിച്ചറിയപ്പെടുമ്പോള്‍ തന്നെ മറ്റു ജീവി സമൂഹങ്ങളില്‍ നിന്നു വ്യത്യസ്തമായി തങ്ങളുടെ അധികാരത്തിനും സ്വാര്‍ത്ഥ സൗകര്യങ്ങള്‍ക്കും വേണ്ടി പ്രകൃതിയുടെ സന്തുലിതത്തിനു മുകളില്‍ നടത്തുന്ന അമിത ചൂഷണങ്ങളേയും ശാസ്ത്ര സാങ്കേതിക വികാസം എന്ന പേരില്‍ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ്. അത് പലപ്പോഴും കാലങ്ങളായി നമ്മുക്ക് ചുറ്റുമുണ്ടായിരിക്കുകയും, എന്നാല്‍ സാന്നിധ്യം അറിയിക്കേണ്ടി വരാതിരുന്ന വൈറസുകള്‍ പോലും കേവല അതിജീവനത്തിന് രോഗകാരികളായി മാറുകയാണ്.

രോഗാണു- രോഗം-മരുന്നു-ചികിത്സ എന്ന ഏകമുഖ കാഴ്ചപ്പാടില്‍ നിന്ന് മാറി കുറച്ച് കൂടി വിശാലാര്‍ത്ഥത്തില്‍ നിലവിലെ പ്രശ്നങ്ങളെ വിലയിരുത്തി കൊണ്ട് മാത്രമേ സമഗ്രമായൊരു പരിഹാരം തേടാന്‍ കഴിയു. ദിനംപ്രതി ആയിരക്കണക്കിന് ആളുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മരിച്ച് വീഴുന്നൊരു ദുരന്ത മുഖത്താണോ നിങ്ങളുടെ ‘സമഗ്രപരിഹാര അന്വേഷണം’ എന്നാണ് മറുചോദ്യം. നിലവില്‍ നടന്നു കൊണ്ടിരിക്കുന്നത് കൂടുതല്‍ ഗുരുതരവും അശാസ്ത്രീയവും സാധാരണ ജനങ്ങളുടെ അവകാശങ്ങള്‍ക്കു മേലുള്ള കടന്നു കയറ്റവുമായതുകൊണ്ട് “ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണെന്ന് “തന്നെയാണ് ഉത്തരം.

പ്രമുഖ ശാസ്ത്രഗ്രന്ഥകാരനും അന്വേഷകനുമായ ബില്‍ബ്രൈസന്റെ പുതിയ പുസ്തകമായ ‘ദി ബോഡി’യെ കുറിച്ച് ഒരു കുറിപ്പ് വായിക്കുകയുണ്ടായി. അതില്‍ പറയുന്ന ചില വിവരങ്ങള്‍ ശ്രദ്ധേയമാണ്. 11 ലക്ഷത്തോളം സൂക്ഷ്മ ജീവികളെയാണ് ശാസ്ത്രലോകം തിരിച്ചറിഞ്ഞിട്ടുള്ളത്. (അതിനര്‍ത്ഥം അത്രയും തരം സൂക്ഷ്മജീവികളെ ഭൂമുഖത്ത് ഉള്ളു എന്നല്ല) അതില്‍തന്നെ 1415 എണ്ണം മാത്രമേ മനുഷ്യരില്‍ രോഗം വരുത്തുന്നതായി തിരിച്ചറിഞ്ഞിട്ടുള്ളു. തിരിച്ചറിയപ്പെട്ട പതിനായിരത്തോളം വരുന്ന വൈറസുകളില്‍ കേവലം 263 തരം മാത്രമാണ് മനുഷ്യരില്‍ പ്രവേശിച്ചാല്‍ രോഗകാരികളായി മാറുന്നത്. പ്രോട്ടീനുകളാല്‍ പൊതിഞ്ഞ ഒരു ചെറു കണികയെന്ന് വൈറസുകളെ ലളിതമായി നിര്‍വചിക്കാം. ജൈവഘടകങ്ങളുടെ പ്രത്യേകത അടിസ്ഥാനപ്പെടുത്തി ഇവയെ രണ്ടായി വര്‍ഗ്ഗീകരിച്ചിരിക്കുന്നു. DNA വൈറസ് എന്നും RNA വൈറസ് എന്നും. ബാക്ടീരിയയില്‍ നിന്നും വ്യത്യസ്ഥമായി വൈറസുകള്‍ക്ക് ആതിഥേയ ജീവികള്‍ക്കുള്ളില്‍ മാത്രമേ ജൈവപ്രക്രിയകള്‍ സാധ്യമാകുകയുള്ളു. ആതിഥേയ ജീവകോശങ്ങളില്‍ നിന്നു ഘടകങ്ങള്‍ സ്വീകരിച്ചാണ് ജീവന്‍ നിലനിറുത്തുകയും എണ്ണം പെരുകുകയും രോഗകാരിയാകുകയും ചെയ്യുന്നത്. ഇതിനെ പുറംതള്ളാന്‍ ശരീരം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി നടക്കുന്ന പ്രതികരണങ്ങളാണ് രോഗത്തെയും രോഗ തീവ്രതയേയും നിര്‍ണയിക്കുന്നത്.

കോവിഡ്-19 എന്ന പുതിയ വകഭേദം ഉള്‍പ്പെടുന്ന കോറോണ വൈറസ് കുടുംബം RNA വൈറസുകളില്‍പ്പെട്ടതാണ്. വളരെ വേഗം സ്വഭാവ സവിശേഷതകളെ മാറ്റാന്‍ കഴിയുന്നു. മരുന്നുകളെയും പ്രതിരോധ മരുന്നുകളെയും മറികടക്കുന്നതിനുള്ള കഴിവ് വളരെ വേഗം ആര്‍ജ്ജിക്കുന്നു. കോവിഡ്-19 വൈറസുകള്‍ മനുഷ്യരില്‍ ഏറ്റവും കൂടുതലായി ബാധിക്കുന്ന അവയവങ്ങളും പകരുന്ന വിധവും അത് തടയുന്നതിന് എടുക്കേണ്ട മുന്‍കരുതലുകളുമൊക്കെ ഇതിനകം തന്നെ വിവരിച്ചു തന്നു കഴിഞ്ഞിട്ടുണ്ട്.

എന്നാല്‍ നിലവില്‍ ഫലപ്രദമായ മരുന്നുകള്‍ നാളിതുവരെ കണ്ടെത്തിയിട്ടില്ലാത്ത അലോപ്പതി സംവിധാനത്തില്‍ കോവിഡ് രോഗികള്‍ക്ക് മേല്‍ ഏതൊക്കെ മരുന്നുകളാണ് പ്രയോഗിക്കുന്നത്? ഇത് തെരഞ്ഞടുക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ എന്ത് ? ഈ മരുന്നുകള്‍ രോഗികള്‍ക്കുമേല്‍ നടത്തുന്ന പ്രവര്‍ത്തനമെന്ത്? ആയുര്‍വേദവും ഹോമിയോപ്പതിയുമടക്കമുള്ള മറ്റ് ചികിത്സ സമ്പ്രദായങ്ങളുടെ സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതില്‍ എന്താണ് തടസം? അതില്‍ ഐ.എം.എ അടക്കമുള്ളവരുടെ താത്പര്യമെന്ത്? ഇത്തരം ചോദ്യങ്ങള്‍ക്ക് ഐ.സി.എം.ആര്‍ അടക്കം തരുന്ന വിശദീകരണങ്ങളില്‍ എത്ര കഴഞ്ച് ശാസ്ത്രീയതയുണ്ട്. മാധ്യമങ്ങള്‍ എന്തുകൊണ്ട് ഇത്തരം ചോദ്യങ്ങള്‍ ശക്തമായി ഉയര്‍ത്തുന്നില്ല? തുടങ്ങിയവക്ക് ഉത്തരം ജനങ്ങളുടെ മുന്‍കൈയില്‍ തന്നെ വാങ്ങിയെടുക്കേണ്ടിയിരിക്കുന്നു.

ഒരാളിന്റെ ശരീരത്തിലേക്ക് കോവിഡ് വൈറസ് കടക്കുമ്പോൾ അതിനെതിരെ ശരീരത്തിലെ പ്രതിരോധ സംവിധാനം ഉത്തേജിപ്പിക്കപെടുകയും സൈറ്റോകൈന്‍ ഘടകവും ഇന്‍റര്‍ഫെറോണ്‍ ആല്‍ഫയുടെ ഉത്പാദനവും വര്‍ദ്ധിക്കുകയും ചെയ്യുന്നു. ചിലരില്‍ ഇത് ക്രമതീതമായി ശരീരത്തിന്റെ പ്രതികരണം ഗുരുതരാവസ്ഥയിലേക്ക് പോകുന്നു. ഇത്തരമൊരു അവസ്ഥയില്‍ എന്ത് ചികിത്സ പദ്ധതിയാണ് സ്വീകരിക്കേണ്ടത് എന്നതില്‍ പോലും കൃത്യമായ ദിശയിലേക്ക് എത്തിയിട്ടില്ലയെന്ന് ലോകാരോഗ്യസംഘടനയു‍ടെ കുറിപ്പുകളില്‍ നിന്നും ലാൻസെറ്റ് അടക്കമുള്ള അന്താരാഷ്ട്ര മെഡിക്കല്‍ ഗവേഷണ പ്രസിദ്ധീകരണങ്ങളില്‍ വന്ന പഠനങ്ങളും ചൂണ്ടികാട്ടുന്നു. അപ്പോള്‍ പിന്നെ എന്താണ് കേരളത്തിലടക്കം ടെസ്റ്റ് പോസിറ്റീവായി ആശുപത്രികളില്‍ എത്തുന്ന രോഗികള്‍ക്ക് മുകളില്‍ നടക്കുന്നത്. വിവിധ മരുന്നുകളുടെ ഔദ്യോഗികവും അല്ലാത്തതുമായ പരീക്ഷണം മാത്രമാണ്. പലതും സാധാരണ യുക്തിയില്‍ പോലും അബദ്ധമാണെന്ന് ബോധ്യമാകുന്നവ. ഏറ്റവും പ്രകടമായ ഉദാഹരണങ്ങളില്‍ ഒന്ന് ഹൈഡ്രോക്സി ക്ലോറോക്വിന്‍ എന്ന മരുന്നിന്റെ വിവിധ അളവുകളിലും മറ്റ് സംയുക്തങ്ങളുമായി ചേര്‍ത്ത് നല്‍കി നടത്തുന്ന പരീക്ഷണ പ്രയോഗമാണ്. മലമ്പനിക്കും എസ്.എല്‍.ഇ അടക്കമുള്ള മറ്റ് പ്രതിരോധശേഷി തകരാറുള്ള രോഗങ്ങളിലും ഉപയോഗിക്കുന്ന ഇത് കോവിഡ് രോഗികളില്‍ പ്രയോഗിക്കുന്നതിന് ഇവര്‍ നല്‍കുന്ന ‘ശാസ്ത്രയുക്തി’, HCQ കഴിക്കുന്നതോടുകൂടി മുകളില്‍ സൂചിപ്പിച്ച പ്രതിരോധ ഘടകളുടെ പ്രവര്‍ത്തനത്തെ തടയുകയോ മന്ദീഭവിപ്പിക്കുകയോ ചെയ്യുന്നുവത്രേ.

മരുന്ന് കണ്ടുപിടിച്ചിട്ടില്ലയെന്നത് ശരീരത്തിന്റെ പ്രതിരോധ പ്രതികരണത്തെ മന്ദീഭവിപ്പിക്കുന്ന, വൈറസിനുമേല്‍ യാതൊരും പ്രവര്‍ത്തനവുമില്ലാത്ത മരുന്നിന്റെ ഉപയോഗത്തെ ശാസ്ത്രീയമാക്കുന്നതെങ്ങനെ ? അപ്പോള്‍ പിന്നെ ഇതേ മരുന്നു തന്നെ പ്രതിരോധ മരുന്നായി നല്‍കാന്‍ ICMR ഇറക്കിയ തീരുമാനത്തെ പരസ്യമായി എതിര്‍ക്കാതെ അനുസരിക്കുന്ന IMAയുടെ ശാസ്ത്ര നൈതികത ജനങ്ങള്‍ക്ക് മുന്നില്‍ ചോദ്യചെയ്യപ്പെടട്ടേ. മുംബെയിലെ ടാറ്റാ മെമ്മോറിയല്‍ ആശുപത്രിയിലെ അസി.പ്രൊഫ. ഡോ. അക്ഷയ്‍ ബെഹെതി ‘ദി വയര്‍’ സയന്‍സില്‍ എഴുതിയ ലേഖനത്തിന്റെ പേര് തന്നെ ഇങ്ങനെയാണ്, ‘5 Ways in which ICMR is being part of the problem insted of the solution. മരുന്നു ഉപയോഗിക്കുന്ന കാര്യത്തില്‍ മാത്രമല്ല, ടെസ്റ്റ് കിറ്റുകള്‍ ലഭ്യമാക്കാന്‍ ലാബുകള്‍ക്ക് അനുമതി കൊടുക്കുന്ന കാര്യത്തില്‍ ഒക്കെ വരുത്തുന്ന വീഴ്ചകള്‍ തെളിവുകള്‍ സഹിതം ചൂണ്ടിക്കാട്ടുന്നു. ഗുഹാവതി മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലിലെ ഡോക്ടറുടെ മരണകാരണം കോവിഡ് അല്ല, മറിച്ച് രോഗത്തിനെതിരെ മുന്‍കരുതലായി കഴിച്ച ക്ലോറോക്വിന്‍ ആണ്.

കേരളത്തിലടക്കം നടക്കുന്ന മറ്റൊരു പരീക്ഷണമാണ്, രോഗബാധ കഴിഞ്ഞ് സുഖം പ്രാപിച്ചവരില്‍ നിന്നു ശേഖരിക്കുന്ന രക്ത ഘടകമായ പ്ലാസ്മ പുതിയ രോഗികളില്‍ കുത്തിവെച്ച് നടത്തുന്ന ചികിത്സയായ ആന്റിബോഡി ഡിപ്പെന്റെന്റ് എന്‍ഹാന്‍സ്മെന്റ്(ADE). ക്ലിനിക്കല്‍ ട്രയല്‍ രജിസ്റ്ററിയില്‍ ഉള്‍പ്പെടുത്തിയ പരീക്ഷണത്തില്‍ ഇതിനു വേണ്ടുന്ന ദാതാവിന്റെയും സ്വീകര്‍ത്താവിന്റെയും അനുമതിയടക്കമുള്ള നിബന്ധനകളും തയ്യാറാകുന്നവര്‍ക്ക് അര്‍ഹതപ്പെട്ട അവകാശങ്ങള്‍, ഇതിന്റെ ഗുണവും ദോഷവും അടക്കമുള്ള വിശദാംശങ്ങള്‍ ജനങ്ങളോട് പറഞ്ഞുവേണം.

ഇതൊക്കെയാണ് ശാസ്ത്രീയത ബാക്കിയൊക്കെ കപട ശാസ്ത്രവും വ്യാജ ചികിത്സയും എന്ന് പറഞ്ഞ് നിരന്തരം മൈക്കെടുക്കുന്നവര്‍ അതിനു തയ്യാറാകുമോ ? 80 ശതമാനം രോഗികളും രോഗലക്ഷണം കാണിക്കത്തവരാണെന്നാണ് ICMRന്റെ പുതിയ വെളിപ്പെടുത്തല്‍. അതുകൊണ്ടു തന്നെ നിരീക്ഷണത്തിലാക്കുന്നതിനും ടെസ്റ്റ് ചെയ്യുന്നതിനുമൊക്കെ മുന്‍പേ തന്നെ ഒരാളില്‍ വൈറസ് സാന്നിധ്യത്തിനു സാധ്യതയുണ്ടെന്നാണ് ഇവിടുത്തെ ചീഫ് എപ്പിഡമിയോളജിസ്റ്റ് ഡോ. രാമന്‍ഗംഗ ഖണ്ടേഖര്‍ എ.എന്‍.ഐയ്ക്ക് നൽകിയ വീഡിയോയില്‍ അഭിപ്രായപ്പെടുന്നത്. HCQ കോവിഡ് ചികിത്സയില്‍ വളരെ നേരിയ ഫലം മാത്രമാണ് കിട്ടിയത്. അതുകൊണ്ട് ആരോഗ്യരംഗത്ത് രോഗികളുടെ സാമീപ്യം കൂടുതല്‍ വേണ്ടിവരുന്ന ഡോക്ടര്‍, നഴ്സ്, ശുചീകരണ തൊഴിലാളികള്‍ അടക്കം ഇത് ഒരു പൊതു പ്രതിരോധ മരുന്നായി ഉപയോഗിക്കണമെന്ന നിര്‍ദ്ദേശമാണ് വയ്ക്കുന്നത്. ഇവിടെയാണ് അടുത്ത വൈരുദ്ധ്യം, സ്വാഭാവിക പ്രതിരോധ ശേഷിയിലെ പ്രധാന ഘടകമായ ആല്‍ഫ ഇന്റെര്‍ഫെറോണ്‍ പ്രവര്‍ത്തനത്തെ തടയുന്ന മരുന്നു പ്രതിരോധ മരുന്നായി ഉപദേശിക്കുന്നവര്‍ ക്യൂബന്‍ മെഡിസിനോ പിന്തുണയോ അംഗീകരിക്കാന്‍ തയ്യാറല്ല.

Remdesivir എന്നത് ഒരു അമേരിക്കന്‍ കമ്പനിയുടെ പരീക്ഷണത്തിലിരിക്കുന്ന മരുന്നിന്റെ പേരാണ്. 2020 ഏപ്രില്‍ 24നു ലോകാരോഗ്യസംഘടനയുടെ ഔദ്യോഗിക വെബ്‍സൈറ്റില്‍ ഈ മരുന്നിന്റെ ഫലപ്രാപ്തിയില്ലായ്മയെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വിശദീകരണമൊന്നുമില്ലാതെ തന്നെ അത് അപ്രത്യക്ഷമായി. ഇവിടെയാണ് ശാസ്ത്രത്തിന്റെ നേട്ടങ്ങളെയല്ല മറിച്ച്, അത് ഉപയോഗിക്കുന്നവരുടെ രാഷ്ട്രീയവും നൈതികതയുമാണ് ചോദ്യചെയ്യപ്പെടുന്നത് എന്നതിലേക്ക് കാര്യങ്ങള്‍ തിരിച്ചറിയപ്പെടുന്നത്.

ഇനിയുമുണ്ട് ഒരുപിടി തെളിവുകള്‍ നിരത്താന്‍. ആരോഗ്യസേതുപോലെയുള്ള ആപ്പുകള്‍, സ്വകാര്യ ആശുപത്രികളില്‍ നിന്നും മറ്റ് ഏജന്‍സികളി‍ല്‍ നിന്നും രോഗികള്‍ക്ക് വരുന്ന വിളികള്‍, ചോര്‍ന്നു പോകുന്ന വിവരങ്ങള്‍, രോഗഭീതിയുടെ പേരില്‍ തുടച്ചു നീക്കപ്പെടുന്ന സഹജീവികള്‍, അറിയാനും തെരഞ്ഞെടുക്കാനുമുള്ള ജനങ്ങളുടെ അവകാശത്തെ വകവെച്ചുകൊടുക്കാത്ത ഭരണാധികാരികളും കമ്പോളവും അതിനൊപ്പം തുള്ളുന്ന ആരോഗ്യരംഗത്തെ സംഘടനകള്‍, എങ്കിലും തലയുയര്‍ത്തി ജനങ്ങള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന കാലം വരുമെന്ന് തന്നെ പ്രതീക്ഷിക്കാം.

വിവരങ്ങള്‍ക്ക് കടപ്പാട്
The Lancet, WHO website, ICMR Offical Page, Clinicaltrails.gov,  Nature.com,  The Wire Sceince,   Dr.Iacobpuliyel

Click Here