അവന്റെ ശരീരത്തിൽ ഐറിഷ് വിപ്ലവകാരികളുടെ രക്തമാണ്

“ഉയരാൻ മടിക്കുന്ന കൈയ്യും
പറയാൻ മടിക്കുന്ന നാവും
അടിമത്തത്തിന്റെയാണ് !”
_ ഏണസ്റ്റോ ചെ ഗുവേര
95ാം ജന്മദിനം

അധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിന്റെ എക്കാലത്തെയും വലിയ ആവേശവും അഭിമാനവും, ലോകത്തെമ്പാടുമുള്ള സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളിൽ ചെന്താരകമായി തിളങ്ങി നിൽക്കുന്ന അനശ്വരനായ രക്തസാക്ഷി, ഇരുപതാം നൂറ്റാണ്ട് കണ്ട എക്കാലത്തെയും മികച്ച സോഷ്യലിസ്റ്റ് ചിന്തകൻ, അടിച്ചമർത്തപ്പെട്ടവരുടെ ദീനവിലാപങ്ങൾക്ക് അന്ത്യം കാണുവാൻ സ്വജീവൻ പോലും പണയം വച്ച് പോരാടിയ ധീരനായ വിപ്ലവകാരി, മുതലാളിത്ത ദുഷ്പ്രഭുത്വത്തിനെതിരെ തന്റെ മരണസമയത്തും ശബ്ദമുയർത്തിയ വിരേതിഹാസ നായകൻ ; സ. ഏണസ്റ്റോ ചെ ഗുവേര ♥️

അർജന്റീനയിലെ റൊസാരിയോയിൽ ഒരു സാധാരണ കുടുംബത്തിലാണ് ചെ ജനിച്ചത്. അഞ്ച് മക്കളിൽ ഒന്നാമൻ, ചെറുപ്പം മുതൽക്കേ സമൂഹത്തിന്റെ പൊതുബോധങ്ങൾക്കെതിരായി സംസാരിച്ചിരുന്ന ഗുവേരയെ പറ്റി അദ്ദേഹത്തിന്റെ പിതാവ് പറഞ്ഞത്, “അവന്റെ ശരീരത്തിൽ ഐറിഷ് വിപ്ലവകാരികളുടെ രക്തമാണ്” എന്നായിരുന്നു. പുസ്തകങ്ങളാണ് ചെ യെ എന്നും വഴികാട്ടിയത്. തനിക്ക് കിട്ടുന്ന പണത്തിനെല്ലാം അദ്ദേഹം പുസ്തകം വാങ്ങിക്കൂട്ടി. മാർക്സ് മുതൽ നെരൂദ വരെ അദ്ദേഹത്തിന്റെ ആശയ പ്രപഞ്ചത്തിൽ ഉണ്ടായിരുന്നു..

കവിതകളും കഥകളും മുതൽ തത്വശാസ്ത്രവും രാഷ്ട്രീയവുമെല്ലാം ഗുവേരയെന്ന യുവാവിനെ രൂപവത്കരിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. പിന്നീടാണ് ബ്രൂണസ് ഐരിസ് സർവകലാശാലയിൽ വൈദ്യശാസ്ത്ര പഠനത്തിന് അദ്ദേഹം പ്രവേശിക്കുന്നത്. തുടർന്ന് ‘മോട്ടോർ സൈക്കിൾ ഡയറി’ എന്ന പേരിൽ പിൽക്കാലത്ത് പ്രശസ്തമായ ഗുവേരയുടെ സഞ്ചാരം ആരംഭിച്ചു. പെറുവിലെ കുഷ്ഠരോഗികൾക്കിടയിലും ആമസോണിലെ ഗോത്ര വിഭാഗങ്ങൾക്കിടയിലുമെല്ലാം ഗുവേര കടന്നു ചെന്നു.

ചിലിയിലെ ഖനി തൊഴിലാളികളുടെ അവസ്ഥയിൽ കുപിതനായും, മാച്ചുപിച്ചുവിലെ കർഷകരുടെ പീഢനങ്ങളിൽ വിഷമിതനായും അദ്ദേഹം കാണപ്പെട്ടു. തന്റെ വേദനകൾ പുസ്തക രൂപേണ ലോകത്തെ അദ്ദേഹം അറിയിച്ചു. വൈദ്യപഠനം പൂർത്തിയാക്കിയ ഗുവേര ഗ്വാട്ടിമാലയിലെ ജനാധിപത്യ സർക്കാരിന്റെ സോഷ്യലിസ്റ്റ് നയങ്ങളിൽ പങ്കാളിയായി. ഒടുവിൽ അമേരിക്കൻ അട്ടിമറിക്കെതിരായ ഗ്വാട്ടിമാലയിലെ യുവതയുടെ പോരാട്ടത്തിൽ അദ്ദേഹവും പങ്കുചേർന്നു. അങ്ങനെ അവിടെ നിന്നും ഗുവേര എന്ന വിപ്ലവകാരി ഉദയം ചെയ്തു.

“പോരാട്ടങ്ങൾക്ക് അന്ത്യമില്ല, വിപ്ലവകാരികൾക്ക് വിശ്രമമില്ല” എന്ന മഹാനായ സഖാവ് ലെനിന്റെ വാക്കുകളെ ഏറ്റെടുത്ത് ചെ നിരന്തരം സാമ്രാജ്യത്വത്തിനെതിരായി ശബ്ദമുയർത്തി. ക്യൂബൻ വിപ്ലവത്തിന്റെ നിർണായക ശക്തിയായി അദ്ദേഹത്തെ മാറ്റിയത് ഇതാണ്. ഈ കാലഘട്ടത്തിലാണ് ‘ചെ’ എന്ന തന്റെ ചുരുക്ക പേരും അദ്ദേഹം സ്വീകരിക്കുന്നത്. സഹോദരൻ എന്നാണ് ആ വാക്കിന്റെ അർത്ഥം തന്നെ. ഗുവേരയെന്ന ഭിഷഗ്വരനിൽ നിന്നും ചെ എന്ന സായുധ പോരാളിയിലേക്കുളള പരിണാമത്തിന് വേദിയായത് മെക്സിക്കോയാണ്. അവിടെ വച്ചാണ് ക്യൂബൻ സ്വാതന്ത്ര്യ സമര പോരാളികളുമായി ചേർന്ന് വിപ്ലവ പ്രസ്ഥാനം കെട്ടിപ്പടുക്കാൻ ചെ തീരുമാനിക്കുന്നത്.

ക്യൂബൻ വിപ്ലവകാരികൾക്കൊപ്പം ചെ യുടെ വിപ്ലവ നേതൃത്വം കൂടിയായപ്പോൾ ബാറ്റിസ്റ്റയെന്ന ക്യൂബൻ ഏകാധിപതിക്കെതിരായ പോരാട്ടം കൂടുതൽ ശക്തി പ്രാപിച്ചു. യുദ്ധ മുന്നണിയിൽ ഗറില്ലാ ആക്രമണ മുറകൾ നടപ്പാക്കാൻ ചെ യും കാസ്ട്രോയും ചേർന്ന് ഒരു സൈന്യത്തെ തന്നെ സൃഷ്ടിച്ചു. ക്യൂബയുടെ വിവിധ ഭാഗങ്ങളിലേക്ക് സൈനിക മുന്നേറ്റങ്ങൾ നടത്തി അവർ സാമ്രാജ്യത്വ സർക്കാരിന് കനത്ത പ്രഹരം തന്നെ നൽകി. വേറിട്ട യുദ്ധ തന്ത്രങ്ങളിലൂടെ ക്യൂബൻ പ്രദേശങ്ങളെ കമ്യൂണിസ്റ്റുകാർ ജനങ്ങളുടെ കീഴിലാക്കി. ഒടുവിൽ സാന്താ ക്ലാര വരെ കീഴടക്കി കൊണ്ട് ക്യൂബൻ ജനതയെ അവർ പൂർണമായും സ്വതന്ത്രരാക്കുകയും ചെയ്തു.

ബാറ്റിസ്റ്റക്ക് ഡൊമിനിക്കയിലേക്ക് ഒളിച്ചോടേണ്ടി വന്നു. വിപ്ലവാന്തര ക്യൂബയെ സോഷ്യലിസത്തിലേക്ക് നയിക്കുന്ന പ്രക്രിയ അങ്ങനെയാണ് ആരംഭിക്കുന്നത്. മുതലാളിത്ത ശക്തികളുടെ കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധതയെ അതിജീവിക്കാൻ ചെ യുടെയും കാസ്ട്രോയുടെയും നേതൃത്വത്തിൽ ക്യൂബക്കായി. അങ്ങനെ ക്യൂബൻ നേതൃത്വത്തിൽ ഫിദലിനോപ്പം ഉത്തരവാദിത്വ സ്ഥാനം വഹിക്കുമ്പോഴാണ് ലാറ്റിനമേരിക്കയിലെ വിമോചനപ്പോരാട്ടങ്ങളിൽ തന്റെ പങ്കാളിത്തം ആവശ്യപ്പെടുന്ന ഇടങ്ങൾ തേടി ആധുനിക ബുദ്ധനെപ്പോലെ ചെ യാത്രയായത്.

ബൊളീവിയയിൽ വച്ച് സി.ഐ.എയുടെ കൂടി പങ്കാളിത്തത്തോടെ ആ നെഞ്ചിലേക് ബൊളീവിയൻ സൈനികർ വെടിയുണ്ടകൾ പായിച്ചപ്പോൾ നിശ്ചയദാർഢ്യത്തോടെ നിർഭയനായി ചെ ആ വെടിയുണ്ടകളെ നേരിട്ടു, ഭഗത് സിംഗ് തന്റെ കൊലക്കയർ കഴുത്തിലണിഞ്ഞത് പോലെ. വധിക്കപ്പെടുന്നതിനു തൊട്ടുമുമ്പ് “നിന്റെ അറിവില്ലായ്മയെക്കുറിച്ചു നീ ചിന്തിക്കുന്നുവോ?” എന്ന് പട്ടാളക്കാരന്റെ ചോദ്യത്തിന്, “ഇല്ല , ഞാൻ ചിന്തിക്കുന്നത് വിപ്ലവത്തിന്റെ അമരത്വത്തെക്കുറിച്ചാണ്” എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.

ലാറ്റിനമേരിക്കൻ വനാന്തരങ്ങളെ പുളകം കൊള്ളിച്ച സിംഹ ഗർജ്ജനമായി ആ ശബ്ദം മാറി. തോക്കിൻ മുനയിലും കമ്യൂണിസത്തിന്റെ അടങ്ങാത്ത വിപ്ലവ വീര്യത്തെ നെഞ്ചോട് ചേർത്ത് പിടിച്ച ആ മനുഷ്യന്റെ രക്തസാക്ഷിത്വം ഒരു നൂറ്റാണ്ടിന്റെ തന്നെ ഇടിമുഴക്കമായി.

അനീതിയ്ക്കും അസമത്വത്തിനും എതിരായി ലോകത്തിന്റെ എല്ലാ കോണുകളിലും പൊരുതുന്ന ജനവിഭാഗങ്ങളുടെ നിത്യ പ്രചോദനമായി ‘ചെ’ എന്ന നാമധേയം. അദ്ദേഹത്തിന്റെ ആശയങ്ങൾ ഏറ്റെടുത്തു കൊണ്ട് ലോകത്തെമ്പാടുമുള്ള സോഷ്യലിസ്റ്റ് വിപ്ലവകാരികൾ മുതലാളിത്ത വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്നു. ചെ തന്നെ ഒരിക്കൽ പറഞ്ഞത് പോലെ, “മനുഷ്യര്‍ തമ്മിലുള്ള ഐക്യദാര്‍ഢ്യത്തിന്റെയും പരസ്പരവിശ്വാസത്തിന്റെയും ഏറ്റവും ഉന്നതമായ രൂപങ്ങള്‍ കാണാന്‍ കഴിയുക, ഏറ്റവും ഒറ്റപ്പെടുത്തപ്പെട്ടവരും നിരാശാഭരിതരുമായ ജനസമൂഹങ്ങള്‍ക്കിടയിലായിരിക്കും.”

അവിടേക്ക് കടന്നു ചെന്നു കൊണ്ട് മർദ്ദിത കോടികളെ അണിനിരത്തി കമ്യൂണിസ്റ്റുകാരിന്ന് ഫാസിസ്റ്റ് ശക്തികൾക്കെതിരായ പോരാട്ടങ്ങൾ നടത്തുകയാണ്. ഒരു തീജ്വാല പോലെ മനുഷ്യ ചരിത്രത്തിൽ അങ്ങനെ എന്നുമെന്നും ചൂടും വെളിച്ചവും ചൊരിയുന്നു ആ മഹാനായ മാർക്സിസ്റ്റ്. ആരൊ കുറിച്ചത് പോലെ നൂറ്റാണ്ടുകൾ പിന്നിട്ടാലും ഭാവി തലമുറ പറയും, “കാലമൊരു കറുത്തിരുണ്ട കാടായിരുന്നപ്പോൾ ചരിത്രത്തിലൊരു ചുവന്ന കൊടുങ്കാറ്റ് വീശിയിരുന്നു” എന്ന്….

Hasta la Victoria Siempre !! ✊🏼
_ ബൗദ്ധേയൻ

Follow | Facebook | Instagram Telegram | Twitter