പൊലീസുകാർ നാട്ടുകാരുടെ നെഞ്ചത്ത്‌ നടത്തുന്ന കാരണഭൂതസേവ

“പൊലീസുകാരെങ്ങാനും അടുത്തുവന്നാൽ ജീവിതത്തിന്റെ ബാക്കി വിധിക്ക് വിട്ടുകൊടുക്കേണ്ടിവരുന്ന നിസ്സഹായതയുള്ള ഒരു ജനതയെ സൃഷ്ടിക്കുന്ന ഭരണത്തിന്റെ രാഷ്ട്രീയത്തിന് ഏറ്റവുമടുത്ത ചാർച്ചക്കാർ ഫാഷിസ്റ്റുകളാണ്…”

പ്രമോദ് പുഴങ്കര

തൃപ്പൂണിത്തുറയിൽ പൊലീസ് മർദ്ദിച്ചതിനു ശേഷം കസ്റ്റഡിയിലെടുത്ത മനോഹരൻ എന്നൊരു പൗരൻ മരിച്ചിട്ടുണ്ട്, അഥവാ കൊല്ലപ്പെട്ടിട്ടുണ്ട്. പൊലീസ് കൈകാണിച്ചപ്പോൾ ഉടനടി വണ്ടി നിർത്തിയില്ലെന്നാണ് അയാൾ ചെയ്ത കുറ്റം. വണ്ടി നിർത്തിയശേഷം ഹെൽമറ്റ് ഊരിയ മനോഹരൻ ‘പേടിച്ചിട്ടാണ് സാറേ വണ്ടി നിർത്താഞ്ഞത്” എന്ന് പറഞ്ഞയുടൻ എസ് ഐ അയാളുടെ മുഖത്തടിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷിയായ രമാദേവി എന്ന സ്ത്രീ പറയുന്നു. പൊലീസുകാർ ഇങ്ങനെത്തുടങ്ങിയാൽ എന്ത് ചെയ്യും, ഒരു കുടുംബം അനാഥമായില്ലേ എന്നാ സ്ത്രീ ചോദിക്കുന്നുണ്ട്. പക്ഷെ സാധാരണ മനുഷ്യരുടെ നീതിബോധത്തിന്റെ ആയിരത്തിലൊന്നുപോലുമില്ലാത്ത ദുരധികാരമൂർത്തികളുടെ ചെവിയിൽ ഇത്തരം ചോദ്യങ്ങളൊന്നും കേൾക്കുകയില്ല. ആഭ്യന്തര വകുപ്പിന്റെ ഭരണം നടത്തുന്ന മുഖ്യമന്ത്രി കൂടിയായ പിണറായി വിജയനാകട്ടെ തല്ലാനും കൊല്ലാനുമുള്ള അധികാരമല്ലാതെ മറ്റെന്താണ് പൊലീസ് എന്ന ഉത്തമവിശ്വാസത്തിൽ നാടുഭരിക്കുന്ന ജനാധിപത്യവിരുദ്ധതയുടെ മാതൃകയാണ്.

പൊലീസിന്റെ ജനാധിപത്യവത്ക്കരണം എന്ന ഇടതുപക്ഷ രാഷ്ട്രീയ അജണ്ട പോയിട്ട് പൊലീസുകാർക്കും ബാധകമായ നിയമങ്ങൾ അവർ പാലിക്കുന്നു എന്നുറപ്പുവരുത്താൻ പോലും കഴിയാത്ത പൊലീസ് തേർവാഴ്ചയാണ് വിജയന്റെ കീഴിൽ നടക്കുന്നത്. ഇതൊന്നും അയാളറിഞ്ഞോ സമ്മതത്തോടെയോ അല്ല നടക്കുന്നതെന്ന വാഴ്ത്തുപാട്ടുകാരുടെ ഭാഷ്യം അംഗീക്കരിക്കുകയാണെങ്കിൽ ഇതുപോലെ പിടിപ്പുകെട്ടൊരു നിർഗുണനെ ആഭ്യന്തരമന്ത്രിയായി വെച്ചുകൊണ്ടിരിക്കുന്നത് കേരളീയരുടെ ജീവിക്കാനുള്ള ജനാധിപത്യ,മനുഷ്യാവകാശങ്ങൾക്കാണ് ഭീഷണിയാകുന്നത്.

പൊലീസുകാർക്ക് പൗരന്മാരെ തെറിവിളിക്കാമെന്നും വിനയവും മര്യാദയുമില്ലാതെ സംസാരിക്കാമെന്നും അവർക്ക് ദേഷ്യം വന്നാൽ തല്ലാമെന്നുമൊക്കെയുള്ള പ്രാകൃതമായ ഭരണകൂടഹിംസയുടെ ധാരണകളെ ഊട്ടിയുറപ്പിക്കുന്നത് അത്തരത്തിലുള്ള എല്ലാ മനുഷ്യാവാകാശലംഘനങ്ങളും ആദ്യഘട്ടത്തിൽ ജനങ്ങളുടെ പ്രതിഷേധം തണുപ്പിക്കാനുള്ള ചില പൊടിക്കൈകൾക്ക് ശേഷം ഒരുതരത്തിലുള്ള ഗൗരവമായ ശിക്ഷാ നടപടികളുമില്ലാതെ പോകുന്നതുകൊണ്ടാണ്.

ഭരണകൂടവും പൊലീസും മാറുന്നില്ല എന്നൊക്കെയുള്ള ഘടാഘടിയൻ വർത്തമാനങ്ങൾ ഓരോ ഘട്ടത്തിലും മുഖം രക്ഷിക്കാനായി പറഞ്ഞു തടിതപ്പുകയാണ് ഇടതുപക്ഷ കക്ഷികൾ. പൊലീസ് ഭീകരതയ്ക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ എന്തെങ്കിലും തരത്തിലുള്ള പ്രതിഷേധങ്ങൾ ഉയർത്താതെ അളിഞ്ഞ നിശ്ശബ്ദതയുമായി കേരളത്തിന്റെ ജനാധിപത്യമണ്ഡലത്തെ പതിറ്റാണ്ടുകൾക്ക് പിറകിലേക്ക് വലിച്ചിടുന്ന പ്രക്രിയയുടെ ഭാഗമാവുകയാണവർ. നിരവധി പൊലീസ് കസ്റ്റഡി കൊലപാതകങ്ങൾ, വ്യാജ ഏറ്റുമുട്ടലുകൾ ഐ പി എസുകാർ മുതൽ പൊലീസ് സ്റ്റേഷൻ എസ് ഐമാർ വരെ തല്ലിത്തകർക്കുകയും അവഹേളിക്കുകയും ചെയ്യുന്ന മലയാളിയുടെ പൗരാവകാശങ്ങൾ, യാതൊരു വിധത്തിലും ഇത് സംബന്ധിച്ച ചോദ്യങ്ങൾക്ക് ഉത്തരം പറയാത്ത ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി വിജയൻ, ഇടനേരങ്ങളിൽ പൊലീസിന്റെ ത്യാഗവും സേവനവും സംബന്ധിച്ച് വിജയൻ വക മനോവീര്യചികിത്സ, വീണ്ടും പൊലീസുകാർ നാട്ടുകാരുടെ നെഞ്ചത്ത്‌ നടത്തുന്ന ജനകീയ പൊലീസ് വക കാരണഭൂതസേവ. ഇതൊക്കെയാണ് ഇടതുപക്ഷമെന്ന് അവകാശപ്പെടുന്ന ഒരു മന്ത്രിസഭയുടെ ഇത്രയും നാളായുള്ള പൊലീസ് ഭരണപരിഷ്‌ക്കാരങ്ങൾ !

പൊലീസിനെ ജനാധിപത്യവത്ക്കരിക്കുക എന്നതൊരു ഇടതുപക്ഷ രാഷ്ട്രീയ അജണ്ടയാണ്. കൊളോണിയൽ ഭരണകാലംതൊട്ട് ഭരണകൂട അടിച്ചമർത്തൽ നേരിട്ട കമ്മ്യൂണിസ്റ്റുകാർക്ക് ഇക്കാര്യത്തിൽ വലിയ സംശയമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഏതാണ്ട് പൂർണ്ണമായും സമഗ്രാധിപത്യ ഭരണകൂടയുക്തിക്കുള്ളിലേക്കും അതിന്റെ കോർപ്പറേറ്റ് വികസന അജണ്ടയിലേക്കും ഊളിയിട്ട വിജയൻ സർക്കാരിന് പൊലീസിന്റെ ജനാധിപത്യവത്ക്കരണമെന്നതിന്റെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയമൊക്കെ ചിന്താവിഷയം പോലുമല്ല. എന്നാൽ കേരളീയ പൗരസമൂഹത്തിന് അങ്ങനെ നിസംഗരാകാനുള്ള ആഡംബരമില്ല. കാരണം അവരെയാണ് പൊലീസുകാർ വഴിയിൽ നിർത്തി തല്ലുന്നത്, കസ്റ്റഡിയിൽ തല്ലിക്കൊല്ലുന്നത്, തെറിവിളിക്കുന്നത്. പൊലീസുകാരെങ്ങാനും അടുത്തുവന്നാൽ ജീവിതത്തിന്റെ ബാക്കി വിധിക്ക് വിട്ടുകൊടുക്കേണ്ടിവരുന്ന നിസ്സഹായതയുള്ള ഒരു ജനതയെ സൃഷ്ടിക്കുന്ന ഭരണത്തിന്റെ രാഷ്ട്രീയത്തിന് ഏറ്റവുമടുത്ത ചാർച്ചക്കാർ ഫാഷിസ്റ്റുകളാണ്. ഇടതുപക്ഷരാഷ്ട്രീയം അതിനെതിരാണ്, അതുകൊണ്ട് കേരളീയ പൊതുസമൂഹത്തിന് വിജയൻറെ പോലീസ് ഭീകരതയെ ചോദ്യംചെയ്യാനുള്ള ചുമതലയുണ്ട്.
_ പ്രമോദ് പുഴങ്കര

Follow us on | Facebook | Instagram Telegram | Twitter