ദീപ പി മോഹന്‍ പൊലീസില്‍ നിന്നും അനുഭവിച്ച വയലന്‍സ്

എം ജി യൂണിവേഴ്സിറ്റിയില്‍ ഗവര്‍ണറുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് പരാതി നല്‍കാനെത്തിയ ദലിത് ഗവേഷക വിദ്യാര്‍ത്ഥിനി ദീപ പി മോഹന്‍ പൊലീസില്‍ നിന്നും അനുഭവിച്ച വയലന്‍സ്, ദീപയുടെ ഫേസ്ബുക്ക് write up;

“ഒരു സുഹൃത്ത്‌ രാവിലെ 8.25ന് ഗവർണർ യൂണിവേഴ്സിറ്റിയിൽ വരുന്നത് സംബന്ധിച്ച് ഡൂൾ ന്യൂസിൽ വന്ന വാർത്ത വാട്സ്ആപ്പ് തരുന്നു. അത് വായിച്ചപ്പോൾ നാനോസയൻസ് & നാനോടെക്‌നോളജി സെന്ററിലെ അധ്യാപകരും വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച്ചയുണ്ടെന്ന് അറിയുന്നു. സാധാരണ പോകാറുള്ളത് പോലെ ഞാൻ രാവിലെ യൂണിവേഴ്സിറ്റിയിൽ എത്തി.

ജാതിവിവേചനവും, അയിത്തവും കാരണം നാനോസയൻസ് ഓഫീസിൽ ഒപ്പ് ഇടുന്നതിൽ നിന്ന് നന്ദകുമാർ കളരിക്കൽ തടഞ്ഞിരിക്കുന്നതിനാൽ എന്റെ ഗവേഷണത്തിന്റെ കോ ഗൈഡ് കൂടിയായ വൈസ്‌ ചാൻസിലർ സാബു തോമസിന്റെ കെമിക്കൽ സയൻസ് ഡിപ്പാർട്ടുമെന്റിലുള്ള ഓഫീസിലാണ് ഇപ്പോൾ മാസങ്ങളായി ഞാൻ ഒപ്പിടുന്നത്.

ഗവർണർ എത്തുന്നത് കെമിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റ് ഓഡിറ്റോറിയത്തിൽ ആയതിനാൽ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരൻ എന്റെ യൂണിവേഴ്സിറ്റി ഐഡന്റിറ്റി കാർഡ് പരിശോധിച്ചു.

തുടർന്ന് മെറ്റൽ ഡിറ്റക്ടറിലൂടെ കടത്തിവിട്ടു. ഞാൻ സാബു സാറിന്റെ ഓഫീസിലെത്തി ഒപ്പിട്ടു. തുടർന്ന് കെമിക്കൽ സയൻസ് ഓഡിറ്റോറിയത്തിൽ ചെന്നു. ഡ്യൂട്ടിയിലുണ്ടായ പോലീസുകാരൻ ആഗമനോദ്ദേശ്യം തിരക്കി. ഞാൻ നാനോസെന്ററിലെ ഗവേഷകയാണെന്നും ഞങ്ങളുമായി ഗവർണർ കൂടിക്കാഴ്ചനടത്തുന്നുണ്ടെന്ന് അറിഞ്ഞു അദ്ദേഹം എത്തുന്ന സ്ഥലത്തേക്ക് വന്നതാണ് എന്നും പറഞ്ഞു.

ആ പോലീസുകാരൻ എന്നെ ഓഡിറ്റോറിയത്തിലേക്ക് കടത്തിവിട്ടു. (അതായത് പ്രോട്ടോകോൾ പ്രകാരം അതീവ സുരക്ഷയുള്ള ഒരു സ്ഥലത്ത് കോൺക്രീറ്റു പൊളിച്ചല്ല ഞാൻ അകത്തെത്തിയത്). ഞാൻ അവിടെ ഇരിക്കുന്നതുകണ്ട്‌ യൂണിവേഴ്സിറ്റിയിലെ സെക്യൂരിറ്റി ഓഫീസർ അടുത്തേക്കുവന്നു. എന്താണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദിച്ചു. ഇവിടെ ഗവർണ്ണർക്ക് സിൻഡിക്കറ്റ് മെമ്പേഴ്സും, ടീച്ചേഴ്സും കൂടിയുള്ള കൂടിക്കാഴ്ച മാത്രമേയുള്ളൂ എന്ന് അറിയിച്ചു.

അപ്പോഴേക്കും കോട്ടയം വെസ്റ്റ് സ്റ്റേഷൻ പോലീസ് ഓഫീസർ എം ജെ അരുണും പിന്നെ ഒരുപറ്റം പോലീസുകാരും/കാരികളും അടുത്തേക്ക് ഓടിവന്നു. ഇവിടിരിക്കാൻ പറ്റില്ല. പുറത്തുപോകാൻ പറഞ്ഞു. ഞാൻ അവരോടും ചോദിച്ചു ഞങ്ങളുമായുള്ള കൂടിക്കാഴ്ചയുടെ venue എവിടെയാണെന്ന്??? അങ്ങനെയൊരു പ്രോഗ്രാം ചാർട്ട് ചെയ്തിട്ടില്ല എന്നു പറഞ്ഞു.

ഓഡിറ്റോറിയത്തിൽ നിന്ന് പുറത്തിറങ്ങി (ആരും എന്നെ ബലം പ്രയോഗിച്ചു മാറ്റിയതല്ല. പോകണമെന്ന് പറഞ്ഞു. ഞാൻ സ്വയം എഴുന്നേറ്റ് പോന്നു ). ഓഡിറ്റോറിയത്തിന് അടുത്തുള്ള വി.സി ഓഫീസിലെത്തി അവിടുള്ള PDF ഫെല്ലോ ഹന്ന ജെ മരിയയോട് നാനോസയൻസുമായി ബന്ധപ്പെട്ട് ഗവർണ്ണർക്ക് എന്തെങ്കിലും പ്രോഗ്രാം ഉണ്ടോ എന്ന് ചോദിച്ചു.

യൂണിവേഴ്സിറ്റിയിൽ വി സി യുടെ പ്രധാന വലംകൈ ആയ അവർക്ക് പ്രോഗ്രാം വിവരം അറിയാമായിരുന്നിട്ടും അറിയില്ല എന്ന് പറഞ്ഞു. പ്രോഗ്രാം കവർ ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകനായ എന്റെ സുഹൃത്തിനോട് ഷെഡ്യൂൾ അറിയാമോ എന്ന് തിരക്കുമ്പോൾ പോലീസ് വീണ്ടും അടുത്തെത്തി ഇവിടം വിട്ടു പോകാൻ വീണ്ടും ആവശ്യപ്പെട്ടു.

ഡിപ്പാർട്ടുമെന്റിൽ സ്ഥാപിച്ചിരിക്കുന്ന CCTV ക്ക് തൊട്ട് താഴെയാണ് ഈ സംഭവം. സത്യാവസ്ഥ അതിലെ ദൃശ്യങ്ങൾ പറയും. പെട്ടെന്ന് തന്നെ ഞാൻ ഡിപ്പാർട്ടുമെന്റിനു വെളിയിലിറങ്ങി. അപ്പോൾ IIRBS ലെ ഗവേഷക സുഹൃത്ത്‌ ഷബീറ അവിടെത്തി. അവളും എന്നെപ്പോലെ തന്നെ മറ്റൊരുതരത്തിൽ യൂണിവേഴ്സിറ്റിയിൽ നിന്ന് പീഡനം ഏൽക്കുന്ന ആളാണ്‌. അവൾക്കും സാധിച്ചാൽ ഗവർണറെ കണ്ട് വിവരങ്ങൾ ധരിപ്പിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. ചാൻസ് ലഭിക്കുമെന്ന് കരുതി അവൾ പരാതിയും രേഖകളുമെടുക്കാൻ അവളുടെ ഡിപ്പാർട്ട്മെന്റിലേക്ക് പോയി.

ഞാൻ കെമിക്കൽ സയൻസിൽ നിന്ന് ലൈബ്രറി ഭാഗത്തേക്ക് പോയി. അവിടെ നിന്ന് യൂണിവേഴ്സിറ്റിയിലെ ഒരു ടീച്ചറെ വിളിച്ച് പ്രോഗ്രാം ഷെഡ്യൂൾ അറിയാമോ എന്ന് തിരക്കി. നിലവിൽ വിവരമൊന്നുമില്ല. അന്വേഷിച്ച്‌ പറയാമെന്ന് ടീച്ചർ പറഞ്ഞു. യൂണിവേഴ്സിറ്റി കാർ ഓടിക്കുന്ന ഡ്രൈവർമാർ എഞ്ചിനീയറിംഗ് യൂണിറ്റിലേക്ക് പോകുന്ന റോഡിൽ ഉണ്ടായിരുന്നു. അവരോടു വിവരം തിരക്കി. അവർക്കൊന്നും അറിയില്ലെന്ന് പറഞ്ഞു

തൊട്ടടുത്ത് ഒരു പോലീസുകാരൻ ഡ്യൂട്ടിയിലുണ്ടായിരുന്നു. അയാൾക്ക്‌ എന്നെ നല്ല പരിചയം. എവിടെയോ കണ്ടിട്ടുണ്ടല്ലോന്ന് പറഞ്ഞ് ഇങ്ങോട്ട് സംസാരിച്ചു. (പറഞ്ഞുവന്നപ്പോൾ നന്ദകുമാറിനെതിരെയുള്ള കേസ് അന്വേഷിച്ച സംഘത്തിന്റെ ഓഫീസിലുണ്ടായിരുന്ന ആളാണ്‌ ). അദ്ദേഹം എന്നോട് പറഞ്ഞു യൂണിവേഴ്സിറ്റി തന്നെ മൂന്ന് സന്ദർശന സ്ഥലം ഉണ്ട്. ഇതൊക്കെ സമയത്ത് എവിടെയാണെന്ന് അറിയില്ലെന്ന്. അതുകഴിഞ്ഞ് മാന്നാനം കെ ഇ കോളേജിലേക്ക് 1.40 ന് പോകുമെന്നും അറിയിച്ചു.

ലൈബ്രറിയിൽ പരിചയമുള്ള ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ അറിയാൻ സാധിക്കുമെന്ന് കരുതി അങ്ങോട്ട്‌ പോകാനൊരുങ്ങുമ്പോൾ എം ജെ അരുണിന്റെ നേതൃത്വത്തിൽ ഒരുപറ്റം പോലീസുകാർ സമീപത്തേക്ക് ഓടി അടുക്കുകയായിരുന്നു.

സംഭവത്തിന് തൊട്ടുമുൻപ് നന്ദകുമാർ കളരിക്കൽ കെമിക്കൽ സയൻസിലേക്ക് പോകുന്നുണ്ടായിരുന്നു. അവിടുണ്ടായിരുന്ന ആളുകളുമായി അദ്ദേഹം സംസാരിക്കുന്നത് ദൂരെ നിന്ന് ഞാൻ കണ്ടിരുന്നു. ഈ എം ജെ അരുൺ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ മുൻ എസ് ഐ യും, നന്ദകുമാർ കളരിക്കലിനെതിരായ അട്രോസിറ്റി കേസ് അട്ടിമറിച്ച സംഘത്തിലെ ആളുമാണ്.

ഇത് നാനോസയൻസ് ഡയറക്ടർ നന്ദകുമാർ കളരിക്കലിന്റെയും വി സി സാബു തോമസിന്റെയും എം ജെ അരുണിന്റേയും ഗൂഡാലോചനയിൽ ഉണ്ടായിട്ടുള്ള അതിക്രമവും അറസ്റ്റും ആണ്. യാതൊരു പ്രശ്നങ്ങളുമുണ്ടാക്കാതെ ഷെഡ്യൂൾ തിരക്കി നിന്ന എന്നെ മനപ്പൂർവം മൃഗീയമായി വലിച്ചിഴച്ചു അറസ്റ്റ് ചെയ്തതാണ്.

ലൈബ്രറിക്ക് മുന്നിലുള്ള CCTV യിലെ ദൃശ്യങ്ങൾ പരിശോധിച്ചാൽ എത്ര ക്രൂരമായാണ് പോലിസ് എന്നോട് അന്യായം പ്രവർത്തിക്കുന്നതെന്ന് ബോധ്യപ്പെടും. ലൈബ്രറിക്ക് മുന്നിലുണ്ടായിരുന്ന ലൈബ്രറി ഉദ്യോഗസ്ഥൻ പറയുന്നുണ്ടായിരുന്നു അവൾ ഇവിടുത്തെ കുട്ടിയാണ്, ഇങ്ങോട്ട് വരുന്നതാണ്, അവളെ വിടാൻ.

അതൊന്നും കേൾക്കാതെ എം ജെ അരുൺ ഗാന്ധിനഗർ എസ് ഐ റെനീഷിനെയും പോലീസുകാരികളെയും കൊണ്ട് ക്രൂരത കാണിക്കുകയായിരുന്നു. പെട്ടെന്ന് ഞാൻ fb ലൈവ് പോകാൻ ശ്രമിച്ചു. അതുകണ്ട പൊലീസുകാരി ഇതേ ഇവള് ലൈവ് പോകുന്നെന്ന് വണ്ടിയിലുണ്ടായ പോലീസുകാരനോട് പറഞ്ഞു. ഫോൺ പിടിച്ചു വാങ്ങാൻ അയാള് പറഞ്ഞു. കൂട്ടത്തിലുണ്ടായ രണ്ടു പോലീസുകാരികളും കൂടെ ബലമായി എന്റെ കയ്യിൽ നിന്ന് ഫോൺ പിടിച്ചുവാങ്ങി.

പോലീസ് എന്നെയും കൊണ്ട് സ്റ്റേഷനിലേക്ക്. പോലീസ് വണ്ടിക്ക് പുറകെ തന്നെ മാധ്യമങ്ങളും ഉണ്ടായിരുന്നു. മാധ്യമങ്ങൾ പുറകെ വരുന്നത് പോലീസുകാർക്ക് ഇഷ്ട്ടപ്പെടുന്നില്ലായിരുന്നു. എന്നെയും കൊണ്ട് സ്റ്റേഷന് അകത്തെത്തുമ്പോഴേക്കും ഗേറ്റ് അടക്കണമെന്ന് സ്റ്റേഷനിൽ ഉണ്ടായ പോലീസുകാർക്ക് നിർദേശം കൊടുക്കുന്നുണ്ടായിരുന്നു. പോലീസിന് തെറ്റി. എന്നെ ഇറക്കുമ്പോഴേക്കും മാധ്യമങ്ങളും സ്റ്റേഷൻ കോമ്പൗണ്ടിൽ എത്തി….

ഗവർണ്ണർക്ക് കൈമാറാനായ് ഞാൻ സൂക്ഷിച്ചിരുന്ന RTI രേഖകളുടെ ഫയലുകൾ (സാബു തോമസും നന്ദകുമാർ കളരിക്കലും എന്റെ മെയിൻ ഗൈഡ് അടക്കമുള്ള മറ്റ് ചില ഉദ്യോഗസ്ഥരും നടത്തിയിട്ടുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളടങ്ങിയവ) മാധ്യമക്കാരുടെ കൈയിലേക്ക് ഞാൻ കൊടുത്തു. അത് പോലീസ് സ്റ്റേഷനിൽ നിന്ന് നഷ്ടപ്പെടുമെന്ന് ഞാൻ ഭയന്നു. മീഡിയ വൺ റിപ്പോർട്ടർ Toby Johnson ഞാൻ പുറത്തിറങ്ങുന്നതുവരെ അത് സൂക്ഷിച്ചു.

എന്നെ പിടിച്ചു വലിച്ചിഴച്ചു. മകളെ ഓർത്ത് എനിക്ക് ടെൻഷൻ കയറി. നന്നായി നെഞ്ച് വേദന വന്നു. ഹോസ്പിറ്റലിൽ കൊണ്ടുപോകാമോ എന്ന് ചോദിച്ചിട്ട് പോലീസുകാർ കേട്ടില്ല. സ്റ്റേഷനിൽ ഇരുന്നു ഞാൻ അലറിക്കരഞ്ഞുപോയി. എന്തു ഗതികെട്ട നാട്ടിലാണ് ഞാൻ ജീവിക്കുന്നത് ?

മൈത്രി പോലീസ് എന്നെ കൈയും കാലും പൊക്കിയെടുത്ത് വേറൊരു റൂമിൽ കൊണ്ടിട്ടു. എന്റെ ഫോൺ ബെല്ലടിക്കുന്നുണ്ടായിരുന്നു.വിവരമറിഞ്ഞ് അമ്മ വിഷമിച്ച്‌ ഒത്തിരി വിളിച്ചു. മകൾക്ക് ഇന്നലെ പഠിത്തമില്ലായിരുന്നു. അടുത്ത വീട്ടിലെ അമ്മയെ ഏൽപ്പിച്ച്‌ ഉച്ചക്ക് ഭക്ഷണം കൊടുക്കാൻ എത്താമെന്ന് പറഞ്ഞ് പോന്നതാണ്.

കുഞ്ഞിനേയും അമ്മയെയും വിളിക്കണമെന്നും അറസ്റ്റ് ചെയ്ത വിവരം വക്കീലിനെയും വേണ്ടപ്പെട്ടവരെയും അറിയിക്കണമെന്നും പറഞ്ഞ് ഫോണിന് ഞാൻ കെഞ്ചി. പോലീസ് കനിഞ്ഞില്ല.

എസ്.ഐ ഫോൺ എടുത്തു വച്ചിരിക്കുകയാണ്. ഗവർണർ ഡ്യുട്ടി കഴിഞ്ഞ് വരാതെ ഫോൺ തരില്ലെന്ന് GD ചാർജ് ഉണ്ടായിരുന്ന നൗഷാദ് പറഞ്ഞു. ലൈവ് കണ്ട് അപ്പോഴേക്കും കുറച്ചു സുഹൃത്തുക്കൾ സ്റ്റേഷനിൽ എത്തി. ലിൻസി തങ്കപ്പൻ, മൃദുലദേവി ശശിധരൻ, ഷിബു പാറക്കടവൻ, അനീഷ് പാറമ്പുഴ, ഷബീറ യൂനുസ് തുടങ്ങിയവർ. എന്നെക്കാണാൻ ആരെയും അനുവദിച്ചില്ല.

കുഞ്ഞിന്റെ കാര്യം സംസാരിക്കാൻ വേണ്ടി ഒത്തിരി തവണ ആവശ്യപ്പെട്ടതിന് ശേഷമാണ് ഷബീറയെ എന്നെ കാണാൻ അനുവദിച്ചത്. കൂട്ടുകാർ എനിക്ക് വെള്ളവും ഭക്ഷണവും എത്തിച്ചു. ഒരു മൂന്ന് മണിയോടെ എസ് ഐ റനീഷ് എത്തി. ഒരു വളിച്ച ചിരിയോടെ ഫോൺ കൊണ്ടുതന്നു.

ഞാൻ എന്തു ചെയ്തിട്ടാണ് ഇവിടെക്കൊണ്ടിട്ടതെന്നു ചോദിച്ചു ? മറുപടിയില്ലാതെ റനീഷ് കുനിഞ്ഞു കുനിഞ്ഞു നടന്നുപോയി. ഷബീറയും മൃദുലച്ചേച്ചിയും സ്റ്റേഷൻ ജാമ്യം എടുത്തു. ഒരു 4 മണിയോടെ പുറത്തിറങ്ങി. തുടർന്ന് നിജസ്ഥിതി സംബന്ധിച്ച് പത്രദൃശ്യ മാധ്യമങ്ങളോട് സംസാരിച്ചു.

നോട്ട് : ഇന്നലെ ഗവർണ്ണർ എന്റെ ഗവേഷണ സ്ഥാപനം സന്ദർശിച്ചിരുന്നു. ഗൂഡാലോചന സുവ്യക്തം…

Leave a Reply