എന്ത് ചീഞ്ഞ സാമൂഹ്യാവസ്ഥയാണിത്? നാണംകെട്ട് തൊലി ഉരിഞ്ഞുപോകുന്നു

“കെട്ട ജാതി വ്യവസ്ഥയ്ക്ക് എതിരെ ഇവിടുത്തെ രാഷ്ട്രീയ പാർട്ടികൾക്കും എണ്ണമറ്റ ‘പുരോഗമന’ സംഘടനകൾക്കും എന്ത് പദ്ധതിയാണുള്ളത്? ഇത്തരം വാർത്തകൾ തുടർക്കഥ ആവുമ്പോൾ നിങ്ങൾക്ക് ഉളുപ്പ് തോന്നില്ലേ?…”

ദീപ പി മോഹനൻ

മഹാനായ കെ ആർ നാരായണന്റെ നാമധേയത്തിലുള്ള ഫിലിം ഇൻസ്റ്റിട്യൂട്ടിൽ അധികാര സ്ഥാനത്തിരുന്നു കൊണ്ട് ഡയറക്ടർ ശങ്കർ മോഹൻ നടത്തിവന്ന ജാതിവിവേചനം അവിടെ പഠിക്കുകയും ജോലിചെയ്യുകയും ചെയ്യുന്ന മനുഷ്യർ പൊതുസമൂഹത്തോട് തുറന്ന് പറഞ്ഞിട്ട് ദിവസങ്ങളായി. അയാളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റുഡന്റ്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ സ്ഥാപന കവാടത്തിൽ രണ്ടാഴ്ചയോളമായി വിദ്യാർത്ഥികൾ സമരത്തിലുമാണ്.

സംവരണ തത്വം പാലിക്കാതെ അർഹതയുള്ള ദലിത് വിദ്യാർത്ഥികൾക്ക് സീറ്റ് നിഷേധിക്കുക, അത് ചോദ്യം ചെയ്ത് റിട്ട് സമർപ്പിക്കുമ്പോൾ സർക്കാർ വക്കീൽ തന്നെ വിദ്യാർത്ഥിക്ക് എതിരെ നിൽക്കുക, തുടർന്ന് മനസ്സ് മടുത്ത് വിദ്യാർത്ഥി മറ്റൊരു സ്ഥാപനത്തിൽ അഭയം തേടുക. അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് ഇ ഗ്രാൻറ്സ് സമയബന്ധിതമായി നൽകാതിരിക്കുക. ചോദ്യം ചെയ്ത ആളെ സ്ഥാപനത്തിൽ നിന്ന് പുറത്താക്കുക. ക്‌ളീനിംഗ് ജോലിക്കാരോട് ജാതി ചോദിക്കുക, കൈ കൊണ്ട് ബാത്റൂം കഴുകാൻ ആവശ്യപ്പെടുക, വീട്ടിനകത്തേക്ക് കുളിച്ചിട്ട് കയറാൻ പറയുക (കുളിച്ചു മാറാൻ വേറെ വസ്ത്രം കൊണ്ടുവരേണ്ട അവസ്ഥ!), അനീതിക്കെതിരെ ശബ്ദമുയർത്തുന്നവരിൽ ദലിത് വിദ്യാർത്ഥികളെ തിരഞ്ഞുപിടിച്ചു ഉപദ്രവിക്കുക! എത്ര കൊടിയ അനീതിയാണ്/ ജാതി വിവേചനമാണ് ഒരു സർക്കാർ സ്ഥാപനത്തിൽ നടക്കുന്നത്?

ഗവണ്മെന്റ് അധികാരികൾക്ക് സമർപ്പിക്കപ്പെട്ട പരാതികളുടെ അവസ്ഥയെന്താണ്? എന്ത് ചീഞ്ഞ സാമൂഹ്യ അവസ്ഥയാണിത്? നാണംകെട്ട് നാണംകെട്ട് തൊലി ഉരിഞ്ഞുപോകുന്നു. കെട്ട ജാതി വ്യവസ്ഥയ്ക്ക് എതിരെ ഇവിടുത്തെ രാഷ്ട്രീയ പാർട്ടികൾക്കും എണ്ണമറ്റ ‘പുരോഗമന’ സംഘടനകൾക്കും എന്ത് പദ്ധതിയാണുള്ളത്? ഇത്തരം വാർത്തകൾ തുടർക്കഥ ആവുമ്പോൾ നിങ്ങൾക്ക് ഉളുപ്പ് തോന്നില്ലേ?

ആരോട്?!

ഈ നീച മനസ്ഥിതി മാറേണ്ടതുണ്ട്. എല്ലാ മനുഷ്യർക്കും ഇവിടെ തുല്യതയിൽ ജീവിക്കേണ്ടതുണ്ട്. ഈ വിഷയം പൊതുസമൂഹത്തിൽ കാര്യമായി ചർച്ചയ്ക്ക് വന്നിട്ടില്ല. മാധ്യമങ്ങൾ ഏറ്റെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇത് മനുഷ്യാന്തസിന്റെ, സാമൂഹ്യാന്തസിന്റെ പ്രശ്നമാണ്. അടൂർ ഗോപാലകൃഷ്ണന്റെ ‘കുലീന കുടുംബ ‘പരാമർശമൊക്കെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞ മനുഷ്യരോട് ഏറെ ബഹുമാനം. എന്റെ നീതിസമരത്തിന് ഒപ്പം നിന്ന മുഴുവൻ ആളുകളോടും ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾ നടത്തിവരുന്ന സമരത്തിനും ഒപ്പം നിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു…
#StopCasteism #krnnivsa #WeCantBreathe

Photos_ Various Media

Follow us on | Facebook | Instagram Telegram | Twitter