തോപ്പിൽ ദലിത് കോളനിയിൽ കുടിവെള്ളം നിഷേധിച്ചിട്ട് വർഷങ്ങളായി

കേരളം എല്ലാത്തിലും നമ്പർ വൺ എന്ന് നാടൊട്ടാകെ ഫ്ളക്സ് വെച്ച് നടക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ തലസ്‌ഥാനത്ത് കിളിമാനൂരിലെ തോപ്പിൽ കോളനിയിൽ ജനങ്ങൾക്ക് കുടിവെള്ളം നിഷേധിച്ചിട്ട് വർഷങ്ങളായി. തോപ്പിൽ കോളനിയിൽ താമസിക്കുന്ന 120 ഓളം കുടുംബങ്ങളിൽ വെറും 22 കുടുംബങ്ങൾക്കാണ് കുടിവെള്ളം ലഭ്യമാകുന്നത്. ബാക്കിവരുന്ന 100 ഓളം കുടുംബങ്ങൾ വെള്ളമില്ലാതായിട്ട് വർഷങ്ങളായി, ജനകീയ മുന്നേറ്റ സമിതി കൺവീനർ സേതു പറയുന്നു.

സിപിഎമ്മിന്റെ കുത്തകയായിരുന്നു കിളിമാനൂർ പഞ്ചായത്ത് ഭരണം. ഈ കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനിൽ സിപിഎം തോറ്റു. അധികാരത്തിൽ കോൺഗ്രസ് വന്നു. പക്ഷെ ഇതുവരെ പ്രത്യേകിച്ച് മാറ്റം ഒന്നും കിളിമാനൂരിലെ അഞ്ചാം വാർഡായ തോപ്പിൽ കോളനിയിൽ വന്നിട്ടില്ല. ഇപ്പോൾ വാർഡ് മെമ്പറയ ഗീതാകുമാരിയുടെ നേതൃത്വത്തിൽ ഒരു കുടിവെള്ള പദ്ധതി കൊണ്ടു വരുന്നു എന്ന് പറഞ്ഞു ദിവസങ്ങളോളമായി കോളനിയിൽ പൈപ്പ് സ്ഥാപിക്കുന്ന പണി നടക്കുകയാണ്. അതാണെങ്കിൽ, പണി പൂർത്തിയാക്കണോ വേണ്ടയോ എന്ന മട്ടിൽ ഇഴഞ്ഞു നീങ്ങുകയാണ്.

നൂറോളം കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കേണ്ട പദ്ധതിക്ക് വേണ്ടി നാലോ അഞ്ചോ പേരാണ് ജോലി ചെയ്യുന്നത്. എന്ന് തീരും ഈ പദ്ധതിയെന്നോ, എന്താണ് പദ്ധതി എന്നോ മെമ്പർ ഇതുവരെ ജനങ്ങളോട് പറഞ്ഞിട്ടില്ല. ദരിദ്ര-ദലിത് ജനങ്ങൾക്ക് ഒരു ഔദാര്യമായി കുടിവെള്ളം നൽകിയാൽ മതി എന്ന നാടുവാഴിത്ത മൂല്യബോധത്തോടെയാണ് മെമ്പർ ജനങ്ങളോട് പെരുമാറുന്നത്. മെമ്പറുടെ വീട്ടിലോ കിളിമാനൂർ പഞ്ചായത്തിലെ മറ്റ്, മെമ്പർമാർ മുതൽ ഉന്നതാധികാരത്തിലിരിക്കുന്നവരുടെ വീട്ടിലോ കുടിവെള്ളം ലഭിക്കാത്തതായില്ല. ഒരു മണിക്കൂർ കുടിവെള്ളം ലഭിക്കാതെ മെമ്പർക്ക് വീട്ടിൽ ഇരിക്കാൻ കഴിയുമോ? ഈ മെമ്പർ താമസിക്കുന്ന പ്രദേശത്തെ ജനങ്ങൾ വർഷങ്ങളായി കുടിവെള്ളത്തിന് വേണ്ടി പാറകൾ കയറി ഇറങ്ങുന്നത് ഇവർ അറിയുന്നുണ്ടോ?

പല കുടിവെള്ള പദ്ധതികളും വന്നു. പദ്ധതികളുടെയെല്ലാം ഫലകങ്ങൾ ഇപ്പോൾ തോപ്പിൽ കോളനിയിലെ സ്മാരകങ്ങളാണ്. ഇനിയെങ്കിലും കുടിവെള്ളം തോപ്പിൽ കോളനിയിലെ എല്ലാ ജനങ്ങൾക്കും ഉടൻ ലഭ്യമാക്കാനുള്ള നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മെമ്പർ ഗീതാകുമാരിയുടെ വീട്ടുപടിക്കൽ ഫെബ്രുവരി 14ന് രാവിലെ 11 മണിക്ക് പ്രതിഷേധത്തിനൊരുങ്ങുകയാണ് കോളനി നിവാസികൾ.

തോപ്പിൽ കോളനിയിലെ മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ളം വെള്ളം എത്തിക്കുക. നടപ്പാക്കാൻ പോകുന്ന കുടിവെള്ള പദ്ധതിയെ കുറിച്ച് മെമ്പർ ഗീതാകുമാരി ജനങ്ങളോട് വിശദീകരിക്കുക. കുടിവെള്ള പൈപ്പ് ലൈൻ പൊട്ടിച്ച ഗുണ്ടകളായ രവിക്കും ജോയ്‌ക്കുമെതിരെ മെമ്പർ ഉടൻ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരമെന്ന് സേതു പറയുന്നു.

Like This Page Click Here

Telegram
Twitter