വൈരുദ്ധ്യാത്മക ഭൗതികവാദം സാധാരണക്കാരൻ്റെ ജീവിതത്തിൽ പ്രകൃതിയിൽ തന്നെയുള്ള നിയമം
“ഇതിനേക്കാൾ ശക്തമായ ഫ്യൂഡൽ സാമൂഹ്യാവസ്ഥ നിലനിന്ന ഇംഗ്ലണ്ടിലാണ് ഇംഗ്ലീഷ് വിപ്ലവവും ഫ്രാൻസിൽ ഫ്രഞ്ച് വിപ്ലവവും പാരീസ് കമ്മ്യൂണുമൊക്കെ നടന്നത്. ഒക്ടോബർ വിപ്ലവം നടന്നത് മുതലാളിത്ത വ്യവസ്ഥിതിയിലല്ല. രാജവാഴ്ച്ചയും ഫ്യൂഡലിസവും നിലനിന്ന രാജ്യത്ത് തന്നെയാണ്…”
എം എൻ രാവുണ്ണി
ശ്രീ. എം വി ഗോവിന്ദൻ പറഞ്ഞതായി വന്ന പത്രവാർത്ത: “വൈരുദ്ധ്യാത്മക ഭൗതികവാദം ഇന്ത്യയിൽ പ്രായോഗികമല്ല” എന്നത്, പത്രങ്ങൾ വളച്ചൊടിച്ചതൊ ഗോവിന്ദൻ പറയാത്തതൊ ആണെന്ന് നാളെ പത്രവാർത്ത വരാം. എന്തായാലും ഇങ്ങിനെയൊക്കെ ചിന്തിക്കുന്ന നേതാക്കൾ ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും പുറത്തും ധാരാളം. നാളെ ഡാർവിൻ സിദ്ധാന്തം പോലും പ്രായോഗികമല്ല എന്നവർ പറഞ്ഞാലും അത്ഭുതപ്പെടേണ്ട. മാർക്സിസം-ലെനിനിസത്തെ കുറിച്ച് ഇപ്പോൾ തന്നെ അങ്ങിനെ ചിന്തിക്കുന്നു. പുറത്ത് പരസ്യമായി പറയുന്നില്ല എന്ന് മാത്രം. “ഇന്ത്യ വളരെ പുറകോട്ട് നിൽക്കുന്ന” ഫ്യൂഡൽ സമൂഹമാണല്ലൊ! നാല് വോട്ടിന് വേണ്ടി പള്ളിത്തിണ്ണയും അമ്പലത്തിണ്ണയുമൊക്കെ നിരങ്ങണം. അതിന് ഡാർവിനും മാർക്സുമൊക്കെ ഏനക്കേടാകും.
പക്ഷെ, ഇതിനേക്കാൾ ശക്തമായ ഫ്യൂഡൽ സാമൂഹ്യാവസ്ഥ നിലനിന്ന ഇംഗ്ലണ്ടിലാണ് ഇംഗ്ലീഷ് വിപ്ലവവും ഫ്രാൻസിൽ ഫ്രഞ്ച് വിപ്ലവവും പാരീസ് കമ്മ്യൂണുമൊക്കെ നടന്നത്. ഒക്ടോബർ വിപ്ലവം നടന്നത് മുതലാളിത്ത വ്യവസ്ഥിതിയിലല്ല. രാജവാഴ്ച്ചയും ഫ്യൂഡലിസവും നിലനിന്ന രാജ്യത്ത് തന്നെയാണ്. കൊടികുത്തി വാണ ഫ്യൂഡൽ സമൂഹത്തിൽ തന്നെയാണ് ചൈനീസ് വിപ്ലവവവും വിജയിച്ചത്. അവിടെ പുത്തൻ ജനാധിപത്യ വിപ്ലവം നീണ്ട യുദ്ധത്തിലൂടെ വിജയിപ്പിച്ചു. റഷ്യ, ചൈന വിപ്ലവങ്ങളിൽ കമ്മ്യൂണിസ്റ്റുകാരെ നയിച്ചത് വൈരുദ്ധ്യാത്മക ഭൗതികവാദം തന്നെയാണ്.
ചൈനീസ് വിപ്ലവകാലത്ത് മാർക്സിസം ലെനിനിസത്തിൽ നിന്നും പുതിയ തലത്തിലേക്ക് വളരുകയായിരുന്നു. വിശാലമായ 60 കോടി ജനങ്ങളേയും (വ്യത്യസ്ത വിശ്വാസവും ആചാരങ്ങളുമുള്ള, വളരെ പുറകോട്ട് നിന്ന സമൂഹം) അതിനെ വിപ്ലവത്തിലേക്ക് ആകർഷിക്കാനും അണിനിരത്താനും CPC(Chinese Communist Party)യെ സഹായിച്ചത് വൈരുദ്ധ്യാത്മക ഭൗതികവാദവും അത് നന്നായി സ്വായത്തമാക്കി അന്യൂനമാക്കിയ മാവോ സേതൂങുമാണ്. വൈരുദ്ധ്യാത്മകവാദം എന്താണന്നറിയാത്ത ഇന്ത്യയിലെ പഴഞ്ചൻ ലൈൻ കമ്മ്യുണിസ്റ്റുകാർക്ക് ഇപ്പോഴും അരമനകളും ഫ്യൂഡൽ മാളങ്ങളും കയറി ഇറങ്ങേണ്ടി വരുന്നത് ഈ ഡയലക്ടിക്കൽ മെറ്റീരിയലിസം എന്താണെന്ന് അറിയാത്തതുകൊണ്ടാണ്. അത് സാധാരണക്കാരൻ്റെ ജീവിതത്തിൽ പ്രകൃതിയിൽ തന്നെയുള്ള നിയമമാണ്. ഇതറിയാത്തവർക്ക് അതെന്നും അന്യവും അപ്രായോഗികവുമായിരിക്കും. പ്രത്യേകിച്ച് മുതലാളിത്തത്തെ, സാമാജ്യത്തത്തെ സേവിക്കാൻ മാത്രമായി ചെങ്കുപ്പായമിടുകയും ചെങ്കൊടി പിടിക്കുകയും ചെയ്യുന്നവർക്ക് ഇതൊന്നും സാധ്യമല്ല. നാളെ പെൺവാണിഭമാണ് ആധിക്യത്തിലെങ്കിൽ അതുമൊത്ത് പോകണമെന്ന് ഈ കോവിന്ദന്മാർ പുലമ്പും! അത്ഭുതപ്പെടേണ്ട.