വർഗസമരത്തിൻ്റെ കനൽവഴി ഉപേക്ഷിച്ചവർക്ക് വൈരുദ്ധ്യാത്മക ഭൗതികവാദവും ഊരാക്കുടുക്കാകും


ടി ആർ രമേശ്

വർഗസമരത്തിന്റെ കനൽവഴികൾ ഉപേക്ഷിക്കുകയും പകരം വർഗസഹകരണം നിലപാടുതറയാവുകയും വർഗാതീത വികസന നയങ്ങളുടെ വക്താക്കളായി മാറുകയും ചെയ്താൽ പിന്നെ വൈരുദ്ധ്യാത്മക ഭൗതികവാദവും മാർക്സിസവുമൊക്കെ നിശ്ചയമായും ഊരാക്കുടുക്കാകും. പറഞ്ഞ് വരുന്നത് ഗോവിന്ദൻ മാഷുടെ വൈരുദ്ധ്യതിഷ്ഠിത ഭൗതികവാദത്തെക്കുറിച്ചാണ്. ഇന്നലെ കേട്ടപ്പോൾ തോന്നി പത്രങ്ങളിലെ റിപ്പോർട്ടിങ്ങിൽ വന്ന പ്രശ്നമായിരിക്കുമെന്ന്. എന്നാൽ വിശദീകരണത്തോടെ മറ്റൊന്നു കൂടി ബോധ്യപ്പെട്ടു. വൈരുദ്ധ്യാത്മക ഭൗതികവാദത്തെ എത്ര വികൃതമായിട്ടാണ് അദ്ദേഹം മനസ്സിലാക്കിയിരിക്കുന്നതെന്ന്.

വൈരുദ്ധ്യാത്മക ഭൗതികവാദം പ്രകൃതിയുടേയും സമൂഹത്തിന്റേയും വികാസത്തിന്റെ സാമാന്യ നിയമങ്ങളാണ്. അത് പ്രകൃതി പ്രതിഭാസങ്ങളുടേയും സാമൂഹ്യ വ്യവസ്ഥകളുടേയും ചലന നിയമങ്ങളെ മനസ്സിലാക്കാൻ സഹായിക്കുന്നു. പ്രപഞ്ചത്തിന്റെ എല്ലാ മണ്ഡലങ്ങളിലും വൈരുദ്ധ്യാത്മക വൈരുദ്ധ്യ വാദത്തിന് മാത്രമെ കാര്യങ്ങളെ വിശദീകരിക്കാനാവു എന്ന് ക്വാണ്ഡം ബലതന്ത്രമായാലും ജനിതക ശാസ്ത്രമായാലും ശക്തമായി ഉറപ്പിക്കുന്നുണ്ട്. പ്രകൃതിയുടെ വൈരുദ്ധ്യാത്മകതയെ സാമൂഹ്യശാസ്ത്രത്തിലേക്ക് അതേപടി പകർത്തുകയല്ല മാർക്സ് ചെയ്തത്. പ്രകൃതിയും സമൂഹവും തമ്മിലുള്ള വൈരുദ്ധ്യാതിഷ്ഠിത ബന്ധത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് അത് നിർവ്വഹിച്ചത്.

വൈരുദ്ധ്യാത്മക ഭൗതികവാദത്തിന് ഇന്ത്യയിലെയെന്നല്ല എതൊരു വർഗസമൂഹത്തിലെയും ഉത്പാദന രീതിയേയും സാമൂഹ്യ വ്യവസ്ഥകളെയും വിശദീകരിക്കാനാവും. അത് വസ്തുനിഷ്ഠമായ സാമാന്യനിയമാണ്. ഇന്ത്യയിൽ അത് പ്രായോഗികമല്ലെന്ന് ഗോവിന്ദൻ മാഷല്ല സാക്ഷാൽ മാർക്സ് പറഞ്ഞാലും നിവൃത്തിയില്ല. പഴയതിന്റെ നാശവും പുതിയതിന്റെ ആവിർഭാവും സംഭവിച്ചുകൊണ്ടിരിക്കും. മനുഷ്യർക്കതിൽ ഇടപ്പെട്ടേ മതിയാവു.

ഇനി മത വിശ്വാസികളോടെടുക്കേണ്ട നിലപാടിനെ സംബന്ധിച്ചാണെങ്കിൽ, യാന്ത്രിക മാർക്സിസ്റ്റുകളുടെ യുക്തിവാദപരമായ നിലപാടിൽ നിന്ന് വ്യത്യസ്ഥമായി ലെനിൻ കൈകൊണ്ട പ്രയോഗികവും സമൂർത്തവുമായ നിലാപാടുണ്ടല്ലോ. ലെനിൻ പറയുന്നതിങ്ങനെ: “ഭരണകൂടത്തേയും രാഷ്ട്രീയത്തേയും സംബന്ധിച്ച് മതം ഒരു സ്വകാര്യ വിഷയമായിരിക്കണം. ഭരണകൂടത്തിന് മതത്തിൽ കാര്യമൊന്നും പാടില്ല. ഒരോരുത്തർക്കും അവരുടെ ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം വേണം. അതുപോലെ ഒരാൾക്ക് മതരഹിതനാകാനുള്ള സ്വാതന്ത്ര്യവും വേണം. വിശ്വാസത്തിന്റെ പേരിൽ പൗരന്മാർ തമ്മിൽ വിവേചനം പാടില്ല.” മതവിശ്വാസികളോട് എടുക്കേണ്ട സമീപനത്തെക്കുറിച്ച് പറയുമ്പോൾ തന്നെ കമ്മ്യുണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം അവർ ഭൗതികവാദികളായിരിക്കണം എന്നുകൂടി ലെനിൻ പറയുന്നുണ്ട്‌. ഇതൊന്നും ഗോവിന്ദൻ മാഷിൻ്റെ പരിഗണനയിൽ വരുന്നില്ല.

ഇന്ത്യയിലെ ഫ്യൂഡൽ പ്രശ്നങ്ങളെക്കുറിച്ച്
പറയുമ്പോൾ നിലനിൽക്കുന്ന ബ്രാഹ്മണിസത്തിന്റെ അഥവ വർണ-ജാതി വ്യവസ്ഥയുടെ പ്രശ്‌നങ്ങളെക്കുറിച്ചൊന്നും അദ്ദേഹം സ്പർശിക്കുന്നില്ല. ഗോവിന്ദൻ മാഷുടെ ഉദ്ദേശ്യം മറ്റൊന്നുമല്ല. മതമേധാവികളെ കൂടെ നിർത്തിയും ഹൈന്ദവാചാരങ്ങളെയടക്കം സംരക്ഷിച്ചും വിമോചന സമരത്തിന്റെ ദുർഭഗ സന്തതികളെയടക്കം മുഴുവൻ പ്രതിലോമശക്തികളേയും കൂടെകൂട്ടി അധികാരം നിലനിർത്തുക. ഈ ഒരൊറ്റ ലക്ഷ്യമേ ഇതിനെക്കെ പിന്നിലൊള്ളു. കേരളത്തെ പുറകോട്ടു നടത്താനുള്ള ഇത്തരം നീക്കങ്ങളെ ഇടതുപക്ഷ മനസ്സുകൾ തിരിച്ചറിയുക തന്നെ വേണം.

Like This Page Click Here

Telegram
Twitter