പാലക്കാട് നഗരസഭ ബിജെപിയെ ഏല്‍പ്പിച്ചത് കോണ്‍ഗ്രസും സിപിഎമ്മും മുസ്‌ലിം ലീഗും


സി പി മുഹമ്മദലി

ഇന്ന് ഏഷ്യാനെറ്റ് കേബിള്‍വിഷനോട് സന്ദീപ് വാര്യര്‍ പ്രതികരിച്ചത് ഇങ്ങനെയാണ്, “പാലക്കാട് ഞങ്ങളുടെ ഗുജറാത്താണ്…”
പാലക്കാട് നഗരസഭ ഹിന്ദുത്വവാദികളുടെ കൈകളില്‍ അമര്‍ന്നത് പെടുന്നനെയൊന്നും ആയിരുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ അത്ര മോശമല്ലാത്ത വേഗത്തില്‍ തന്നെ അവര്‍ നില മെച്ചപ്പെടുത്തി വരുന്നുണ്ടായിരുന്നു. നഗരസഭാ ഭരണം നഷ്ടപ്പെടുന്നു എന്ന കാരണംകൊണ്ടുപോലും അത് തടയാനുളള യാതൊരു ശ്രമവും ഇടതുപക്ഷ മുന്നണിയോ ഐക്യ ജനാധിപത്യ മുന്നണിയോ നടത്തിയില്ല എന്നതാണ് നഗ്നമായ സത്യം.

പകരം, ഈ രണ്ട് മുന്നണിയില്‍ നിന്നുമുളള ചില നേതാക്കളും ബി.ജെ.പി നേതാക്കളും ചേര്‍ന്ന അവിശുദ്ധ സഖ്യം രൂപപ്പെട്ടു. ബി.ജെ.പിക്കെതിരായ അവിശ്വാസ പ്രമേയം പോലും പരാജയമടയുന്നത് ഈ സിന്‍ഡിക്കേറ്റിന്‍റെ പ്രവര്‍ത്തനഫലമായാണ്. ഇത്തവണയും സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നിടത്ത് ഈ സിന്‍ഡിക്കേറ്റിന്‍റെ ഇടപെടലുകളുണ്ടായിട്ടുണ്ട്. കോണ്‍ഗ്രസില്‍ ഇതിനു പുറമെ എം.പി നേതൃത്വം നല്‍കുന്ന ഗ്രൂപും എം.എല്‍.എ നേതൃത്വം നല്‍കുന്ന ഗ്രൂപും അവരുടെ പിടിമുറുക്കുന്ന കോലാഹലവുമുണ്ട്. മുസ്‌ലിം ലീഗിലാണെങ്കില്‍ കുറഞ്ഞത് 3 നേതാക്കളുടെ ഗ്രൂപുകളുടെ താല്‍പര്യം കണക്കിലെടുക്കണം. ഇതിനിടെ ബി.ജെ.പയുടെ വളര്‍ച്ച എങ്ങനെ അലോസരപ്പെടുത്താനാണ്? അതു മാത്രമല്ല, ബി.ജെ.പി ഭരണമാണ് പല നേതാക്കളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ ഗുണകരമാകുക എന്ന കാഴ്ചപ്പാടുമുണ്ട്. വിഷയം സാമ്പത്തികം തന്നെ.

കഴിഞ്ഞ തവണ ബി.ജെ.പി വിജയിച്ച 24 വാര്‍ഡുകളില്‍ 4 എണ്ണം 100ല്‍ താഴെ വോട്ടുകള്‍ക്കാണ്. ബി.ജെ.പിയുടെ അന്നത്തെ ജില്ലാ പ്രസിഡന്‍റ് കൃഷ്ണകുമാര്‍ കടന്നുകൂടിയത് കേവലം 39 വോട്ടുകള്‍ക്കാണ്. 80 ശതമാനം മുസ്‌ലിം വോട്ടര്‍മാരുളള 1ാം വാര്‍ഡില്‍ ബി.ജെ.പിയാണ് വിജയിച്ചത്. ഇത്തവണയും അവിടെ സ്ഥിതി അതുതന്നെ. എല്‍.ഡി.എഫും യു.ഡി.എഫും മുസ്‌ലിം പേരുകാരെ സ്ഥാനാര്‍ഥിയാക്കി നിര്‍ത്തി വോട്ടുകള്‍ കൃത്യമായി പകുത്തെടുക്കും. ബി.ജെ.പിയുടെ ഹിന്ദു സ്ഥാനാര്‍ഥി വിജയിച്ചുപോരും. കഴിഞ്ഞ തവണ വിജയിച്ച 24 സീറ്റുകള്‍ക്ക് പുറമെ 11 സീറ്റുകളില്‍ ബി.ജെ.പി 2ാം സ്ഥാനത്ത് എത്തിയിരുന്നു. 4 വോട്ടുകള്‍ക്കാണ് അന്ന് ഒരു വാര്‍ഡില്‍ ബി.ജെ.പി തോറ്റത്. 5 വോട്ടുകള്‍ക്കാണ് രണ്ട് വാര്‍ഡുകളില്‍ തോറ്റത്. മറ്റ് മൂന്ന് വാര്‍ഡുകളില്‍ 50ല്‍ താഴെ വോട്ടുകള്‍ക്കുമാണ് തോറ്റത്.

ഈ അപകട സ്ഥിതിയെല്ലാം മുന്നിലുണ്ടായിട്ടും എല്‍.ഡി.എഫും യു.ഡി.എഫും പരസ്പരം കൊമ്പ്കോര്‍ത്ത് ബി.ജെ.പിയെ 28 സീറ്റുകളോടെ വീണ്ടും അധികാരത്തിലെത്തിച്ചു. അവിടെ താരതമ്യേന ഉത്തരവാദിത്ത ബോധം കാണിച്ചത് വെല്‍ഫെയര്‍ പാര്‍ട്ടിയും എസ്.ഡി.പി.ഐയുമാണ്. ബി.ജെ.പി സാധ്യതയുളളിടത്ത് നിന്ന് മല്‍സരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും തങ്ങളുടെ വോട്ടുകള്‍ ബി.ജെ.പിക്കെതിരേ വിജയസാധ്യതയുളളവര്‍ക്ക് നല്‍കാനും അവര്‍ ശ്രദ്ധിച്ചു. 3ാം വാര്‍ഡിലെ വെല്‍ഫെയര്‍ സ്ഥാനാര്‍ഥിത്വം മാത്രമാണ് ഇതിന് അപവാദം. മാത്രമല്ല, 52 വാര്‍ഡുകളില്‍ എസ്.ഡി.പി.ഐ മല്‍സരിച്ചത് 3 എണ്ണത്തില്‍ മാത്രമാണ്, വെല്‍ഫെയര്‍ 2 എണ്ണത്തിലും.
_ ഡിസംബർ 16 2020

Like This Page Click Here

Telegram
Twitter