യു.ഡി.എഫിൻ്റെ ശബരിമല കരട് നിയമം ഭരണഘടനാ ലംഘനം


ബിന്ദു തങ്കം കല്യാണി

ആസന്നമായ നിയമസഭാ തെരെഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ് തയ്യാറാക്കിയ ശബരിമല കരട് നിയമം ഭരണഘടനാ ലംഘനമാണ്. ഇലക്ഷനെ നേരിടാൻ കൈയ്യിൽ രാഷ്ട്രീയ ആയുധങ്ങളൊന്നുമില്ലാതെ ഇളിഭ്യരായി നിൽക്കുന്ന യു.ഡി.എഫിൻ്റെ നിസ്സഹായതയാണ് ഇത് വെളിവാക്കുന്നത്. ഇനിയും ആചാര സംരക്ഷണമെന്ന മുറവിളി കൂട്ടി വിശ്വാസികളെ ജാതിയും മതവും ദൈവത്തിന്റെ പേരും പറഞ്ഞ് ഭിന്നിപ്പിച്ചു വോട്ടു നേടാമെന്ന കുബുദ്ധി മാത്രമാണ് ഈ കരട് നിയമത്തിന് പിന്നിൽ. ഭരണഘടനാ അവകാശങ്ങളെ തലനാരിഴ കീറി പരിശോധിച്ചിട്ടാണ് 12 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാം എന്ന പരമോന്നത കോടതിയുടെ വിധി വന്നത്. അവിടെ ആർത്തവവും അശുദ്ധിയുമൊക്കെ പരിശോധിക്കപ്പെട്ടതാണ്. അപ്പോൾ ഈ ആചാര സംരക്ഷകരെ ഒന്നും കണ്ടില്ല. മാത്രവുമല്ല, വിധിയെ RSSന്റെ മുഖപത്രമടക്കം BJPയിലെ മുതിർന്ന നേതാക്കളടക്കം സ്വാഗതം ചെയ്തതാണ്. ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനമെന്നതിനാൽ മാത്രമാണ് ഇവിടെ അത് എതിർക്കപ്പെട്ടത്. രാഷ്ട്രീയമായ മുതലെടുപ്പ് വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരിൽ നടക്കുമോ എന്നാണ് RSSഉം BJPയും കേരളത്തിൽ പരീക്ഷിച്ചു നോക്കിയത്. അത് 100 ശതമാനം പരാജയപ്പെടുകയും ചെയ്തു. തൊട്ടടുത്ത തിരഞ്ഞെടുപ്പുകളിൽ നിന്ന് അത് കേരളവും ഇന്ത്യയും കണ്ടതാണ്. ആചാര സംരക്ഷണ മുറവിളി കൂട്ടി തെരുവിലിറങ്ങിയ ഒരൊറ്റ പെണ്ണുങ്ങളും ആണുങ്ങളും പിന്നീടുള്ള രാഷ്ട്രീയപ്രക്രിയയിൽ കൂടെ നിന്നില്ല എന്ന് മാത്രമല്ല കൃത്യമായ രാഷ്ട്രീയ ബോധ്യത്തോടെ അവർ വോട്ടും കൃത്തി. നാമജപ ഘോഷയാത്രകളും വഴി തടയലുകളും തേങ്ങയേറുകളും നടത്തിയവർ പോലും ഹിന്ദു വർഗീയ പാർട്ടിക്ക് വേണ്ടി നിലകൊണ്ടില്ല, വോട്ടും ചെയ്തില്ല.

ചീറ്റിപ്പോയ ആ പടക്കത്തിന്റെ അവശിഷ്ടങ്ങൾ കൂട്ടിത്തുന്നിയാണ് യു.ഡി.എഫിന്റെ പുതിയ ശബരിമല കരട് നിയമ പ്രഖ്യാപനം. സുപ്രീം കോടതിയിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ശബരിമല വിധി പ്രസ്താവിച്ചത്. അതിൽ നിന്ന് പിന്നോട്ട് പോകൽ കോടതിക്ക് എളുപ്പമല്ല. റിവ്യൂ പെറ്റീഷനുകളും മറ്റ് അനുബന്ധ ഹർജികളും ഏഴംഗ ബെഞ്ചിന്റെ പരിഗണനയിലാണ്. അതിൽ കോടതി ഇതുവരെ തീരുമാനങ്ങൾ എടുത്തിട്ടുമില്ല. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന, അന്തിമ വിധി വരാത്ത ഒരു പ്രശ്നത്തിന് മേൽ നിയമമുണ്ടാക്കാൻ ഭരണഘടന അനുസരിച്ച് മാത്രം പ്രവർത്തിക്കേണ്ടുന്ന ഇന്ത്യയിലെ അനേക രാഷ്ട്രീയ പാർട്ടികളിൽ ഒന്നു മാത്രമായ യു.ഡി.എഫിന് എന്തധികാരമാണ് ഉള്ളതെന്ന് നേതാക്കൾ വ്യക്തമാക്കണം. ജനങ്ങളുടെ കണ്ണിൽ പൊടിയിടാമെന്നല്ലാതെ ഈ നിയമം കൊണ്ട് അവർക്കൊന്നും ചെയ്യാനാവില്ല എന്ന് സാമാന്യജനങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. വോട്ട് നേടാനുള്ള കുതന്ത്രത്തിനായി ജനങ്ങളെ കബളിപ്പിക്കുകയാണ് യു.ഡി.എഫ്. ഇലക്ഷനെ ചങ്കൂറ്റമുണ്ടെങ്കിൽ രാഷ്ട്രീയമായി നേരിടുകയാണ് യുഡിഎഫും ബി ജെപിയും ചെയ്യേണ്ടത്. അല്ലാതെ കുട്ടികളെ പറ്റിക്കുന്ന പോലെ ഉമ്മാക്കി കഥകൾ ഇറക്കുകയല്ല വേണ്ടത്.

ബിജെപി അധികാരത്തിലിരിക്കുന്ന കേന്ദ്ര സർക്കാരിന് പോലും ഓർഡിനൻസിലൂടെ ശബരിമല സ്ത്രീ പ്രവേശന വിധിയെ തടുക്കാനാവില്ല. ഇലക്ഷൻ കാലത്ത് കൊട്ടിഘോഷിച്ച് നടന്ന ആ ഓർഡിനൻസ് എന്തേ ബിജെപി സർക്കാർ ഇതുവരെ ഇറക്കാത്തത്? ഉത്തരം ഒന്നേയുള്ളൂ അതിന് നിയമപ്രാബല്യമില്ല. അത് അറിയുന്നത് കൊണ്ടാണ് ഇലക്ഷൻ കാലത്ത് ശബരിമല എന്നും ആചാര സംരക്ഷണം എന്നും പറഞ്ഞ് വോട്ടു പിടിച്ചവർ അവിടെ മിണ്ടാതിരിക്കുന്നത്. അല്ലെങ്കിൽ അവരെല്ലാം ശബരിമല സ്ത്രീപ്രവേശന വിധിയെ അനുകൂലിക്കുന്നു എന്നല്ലേ അർത്ഥമാക്കേണ്ടത്.
നിയമത്തെക്കുറിച്ച് അജ്ഞരായ സാധാരണ മനുഷ്യരെ പറഞ്ഞ് പറ്റിക്കുകയും
വിശ്വാസത്തിന്റെ പേര് പറഞ്ഞ് വോട്ടു നേടുകയും മാത്രമാണ് യു.ഡി.എഫിന്റെ ലക്ഷ്യം. കേന്ദ്രത്തിൽ ഭരണത്തിലിരിക്കുന്ന ആചാര സംരക്ഷകർക്ക് പറ്റാത്തത് യു.ഡി.എഫിന് പറ്റും എന്നുള്ളത് വിശ്വാസികളെ പറ്റിക്കാനുള്ള ചെപ്പടി വിദ്യ എന്നല്ലാതെ എന്ത് പറയാൻ!

ഭരണപക്ഷത്തും പ്രതിപക്ഷത്തും ഇരുന്നപ്പോൾ ചെയ്ത ജനോപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞ് വോട്ടു നേടാനും അധികാരത്തിൽ എത്താനുമുള്ള ചങ്കൂറ്റമാണ് രാഷ്ട്രീയ പാർട്ടികൾ കാണിക്കേണ്ടത്. അല്ലാതെ ഇത്തരം കൺകെട്ട് വിദ്യകളല്ല. അത് കേരളത്തിൽ നടപ്പാവില്ലെന്ന് പലവട്ടം ജനങ്ങൾ ബോധ്യപ്പെടുത്തിയതാണ്. എന്നിട്ടും പഠിക്കുന്നില്ലെങ്കിൽ അത്തരം രാഷ്ട്രീയ പിമ്പുകളെ ചവറ്റുകുട്ടയിലെറിയാൻ കേരളത്തിലെ പ്രബുദ്ധരായ വോട്ടർമാർക്കറിയാം. കാത്തിരുന്ന് കാണാം യുഡിഎഫിന്റെ രാഷ്ട്രീയ ഭാവി. ഭരണഘടനാ ലംഘനത്തിനും കോടതിയലക്ഷ്യത്തിനും ഇവർക്കെതിരെ കേസെടുക്കുകയാണ് വേണ്ടത്.

Like This Page Click Here

Telegram
Twitter