മയക്കുമരുന്നുവേട്ടയും ബിജെപിയുടെ ലക്ഷദ്വീപ് വിരുദ്ധ പ്രചരണവും; എന്താണ് വസ്തുത?

അന്വേഷണം ഇനിയുമാരംഭിക്കാത്ത കേസിൽ എൻ.ഐ.എക്ക് പോലും ലഭിക്കാത്ത വിശദാംശങ്ങൾ ബിജെപിക്കാർക്ക് എവിടുന്നാണ് ലഭിച്ചതെന്ന് വ്യക്തമാവേണ്ടതുണ്ട്. ഇവർ പറയുന്നത്ര സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതാണ് കേസെങ്കിൽ കേസ് വഴി തിരിച്ചുവിടാനോ ആരെയോ രക്ഷപെടാൻ സൂചന നൽകാനോ ആണ് ഈ ബഹളം എന്ന് പോലും സംശയിക്കേണ്ടതുണ്ട്…

എ എം നദ്‌വി
മൈനോറിറ്റി റൈറ്റ്സ് വാച്ച്

ലക്ഷദ്വീപിനെതിരെ ബിജെപി കേന്ദ്ര സർക്കാരിന്റെ ദുരൂഹ നീക്കങ്ങൾ പുറത്താവുകയും ദ്വീപ് പൊതുസമൂഹവും കേരള ജനതയും മാധ്യമങ്ങളും രംഗത്ത് വരികയും ചെയ്തതോടെ ബിജെപി പക്ഷത്ത് നിന്ന് വ്യാപകമായി ഉയരുന്ന ന്യായികരണങ്ങളിൽ പ്രധാനമായ ഒന്ന് 300 കിലോ ഹെറോയിൻ കടലിൽ പിടികൂടിയ സംഭവമാണല്ലോ.

മലയാള മാധ്യമങ്ങൾ ലക്ഷദ്വീപുമായി ഈ കേസിന് ലവലേശ ബന്ധമില്ലെന്ന വസ്തുത ആവർത്തിച്ചു സ്ഥാപിക്കുമ്പോഴും ചാനൽ ചർച്ചകളിൽ തൂക്കമൊപ്പിക്കാൻ എഴുന്നള്ളിക്കപ്പെടുന്ന ഞാഞ്ഞൂൽ സംഘി നിരീക്ഷകർ കുറിപ്പ് നോക്കിയും കാണാപ്പാഠം പഠിച്ചും നുണക്കഥ ആവർത്തിക്കുകയാണ്.

എന്താണ് വസ്തുത? ദുരൂഹതകൾ ഏറെയുണ്ട് ബിജെപി ഇടപെടലിൽ

ഇക്കഴിഞ്ഞ മാർച്ച് 25നാണ് ശ്രീലങ്കയിലേക്ക് പോവുകയായിരുന്ന രവി ഹൻസി എന്ന ശ്രീലങ്കൻ മത്സ്യബന്ധന ബോട്ടിനെ 300 കിലോ ഹെറോയിനും ആയുധങ്ങളുമായി ICG (തീരസംരക്ഷണ സേന) പിടികൂടിയത്.

സംശയാസ്പദമായ സാഹചര്യത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ പ്രവേശിച്ച ബോട്ടിനെക്കുറിച്ച് നാർകോട്ടിക് ഇന്റലിജന്റ്സ് ആണ് വിവരം നൽകിയത് എന്നാണ് വാർത്തകളിലുള്ളത്. തടഞ്ഞു വെച്ച് പരിശോധിച്ചപ്പോഴാണ് ബോട്ടിലെ വാട്ടർ ടാങ്കിൽ സൂക്ഷിച്ച ഹെറോയിൻ ശേഖരം കണ്ടെത്തിയത്. ഹെറോയിൻ പാക്കറ്റുകൾ അന്താരാഷ്ട്ര മയക്കുമരുന്ന് ലോബിയുടടേതെന്ന് സൂചിപ്പിക്കുന്ന പറക്കുന്ന കുതിര അടയാളം പതിച്ചതാണെന്നും വാർത്തകളിൽ വ്യക്തമാണ്. ഒപ്പം ഏതാനും AK 47 തോക്കുകളും തിരകളും കണ്ടെടുത്തിരുന്നു.

ഹെറോയിൻ കേസ് പ്രാഥമികമായി NCB (നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ)യുടെ അന്വേഷണത്തിലാണ്. പിടിച്ചെടുത്ത ബോട്ടിനെയും മത്സ്യത്തൊഴിലാളികളെയും ഏറ്റവുമടുത്ത വിഴിഞ്ഞത്ത് എത്തിച്ചാണ് 2021ഏപ്രിൽ 5ന് വിഴിഞ്ഞം പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാൽ ആയുധങ്ങളുമായി വിദേശ പൗരൻമാർ പിടിയിലായത് കൊണ്ട് കേസിന് അന്താരാഷ്ട്ര മാനമുള്ളതിനാലാണ് എൻ.ഐ.എ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. 2021ഏപ്രിൽ 5ന് വിഴിഞ്ഞം പൊലീസ് റജിസ്റ്റർ ചെയ്ത കേസാണ് എൻ.ഐ.എയും അന്വേഷിക്കുക.

ശ്രീലങ്കൻ പൗരന്മാരായ എൽ വൈ നന്ദന (46)ജനകദാസ്പ്രിയ (42) എ എച്ച് എസ് മെൻഡിസ് ഗുണശേഖര (33) മധുഷൻ റാൻസിംഗ (29) ദാദല്ലേജ് നിസങ്ക (40 എന്നിവർക്കെതിരെ ആയുധ നിയമപ്രകാരം കേസെടുത്ത് എൻ.ഐ.എ കൊച്ചി കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചിട്ടേയുള്ളൂ. നിലവിൽ തിരുവനന്തപുരത്തെ ജയിലിലാണ് പ്രതികളുള്ളത്. ലോക്ഡൗൺ കഴിഞ്ഞതിന് ശേഷം പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് എൻ.ഐ.എ നീക്കം.
അന്വേഷണം ഇനിയുമാരംഭിക്കാത്ത കേസിൽ എൻ.ഐ.എക്ക് പോലും ലഭിക്കാത്ത വിശദാംശങ്ങൾ ബിജെപിക്കാർക്ക് എവിടുന്നാണ് ലഭിച്ചതെന്ന് വ്യക്തമാവേണ്ടതുണ്ട്. ഇവർ പറയുന്നത്ര സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതാണ് കേസെങ്കിൽ കേസ് വഴി തിരിച്ചുവിടാനോ ആരെയോ രക്ഷപെടാൻ സൂചന നൽകാനോ ആണ് ഈ ബഹളം എന്ന് പോലും സംശയിക്കേണ്ടതുണ്ട്.

അറസ്റ്റ് ചെയ്യപ്പെട്ട സംഘത്തിലെ ശ്രീലങ്കൻ മത്സ്യത്തൊഴിലാളി നന്ദനയെ ICG സേനാംഗങ്ങൾ പൊള്ളലേല്പിച്ച് പീഢിപ്പിച്ചതായി തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ പരാതിപ്പെടുകയും, ജഡ്ജിയുടെ നിർദേശപ്രകാരം നന്ദനയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുമുണ്ട്. കുറ്റസമ്മതം ആവശ്യപ്പെട്ടായിരുന്നു പീഢനം.

ഇവിടെ എൻ.ഐ.എ ഏറ്റെടുക്കും മുമ്പ് കേസുകളുടെ വിശദാംശങ്ങൾ നാലാംകിട ബിജെപിക്കാരന് പോലും ലഭിക്കുന്നതാണെങ്കിൽ പിന്നെ ഈ സുരക്ഷാ ഏജൻസിയുടെ വിശ്വാസ്യതയിലുള്ള സംശയങ്ങളാണ് വീണ്ടും ശക്തമാവുന്നത്.

മറ്റൊന്നു മഹാസമുദ്രത്തിൽ വെച്ച് പിടികൂടിയ ബോട്ടിനെ ലൊക്കേറ്റ് ചെയ്യാൻ ദ്വീപ് കോസ്റ്റ് ഗാർഡ് ആണ് സഹായിച്ചതെന്ന് ഏജൻസികൾ പറയുമ്പോൾ തെറ്റിദ്ധരിപ്പിക്കുന്ന ലക്ഷദ്വീപ് വിരുദ്ധ പ്രചാരണം നടത്തുന്ന ബിജെപിയുടെ ഇടപെടൽ തീർത്തും ദുരൂഹമാണ്.

അന്വേഷണാത്മക മാധ്യമപ്രവർത്തകർക്ക് കണ്ടെത്താൻ ഞെട്ടിപ്പിക്കുന്ന ധാരാളം വിവരങ്ങളാണ് ഈ കടൽപ്പാതയിലുള്ളത്.

Follow | Facebook | Instagram Telegram | Twitter