എത്ര സുന്ദരമായാണ് കശ്മീർ നമ്മളെയൊക്കെ വീണ്ടും, വീണ്ടും ട്രോളുന്നതെന്നാലോചിച്ചു നോക്കൂ

#SocialMedia

ബാസിത് എം

എത്ര സുന്ദരമായാണ് കശ്മീർ നമ്മളെയൊക്കെ വീണ്ടും, വീണ്ടും ട്രോളുന്നതെന്നാലോചിച്ചു നോക്കൂ. പൗരത്വ പ്രക്ഷോഭങ്ങളുമായി ബന്ധപെട്ടു ഭരണകൂടവും, ആർ.എസ്.എസ് കാരും തോക്കും, ടിയർഗ്യാസും, മാരകായുധങ്ങളുമായി നമ്മെ നേരിടാൻ വന്നപ്പോൾ പതിറ്റാണ്ടുകളായി കശ്മീരികൾക്ക് ജനാധിപത്യവും, വികസനവും എത്തിച്ചു കൊണ്ടിരുന്ന, അച്ചടക്കവും, സമാധാനവും പഠിപ്പിച്ചു കൊണ്ടിരുന്ന നമ്മൾ ടിയർഗ്യാസിനെ എങ്ങനെ മുഖത്ത് ഉപ്പു തേച്ചു നേരിടണമെന്നതും, വെടിയുണ്ടക്കും, ലാത്തിക്കും മുന്നിലെ കല്ലേറിന്റെ സാധുതയും, സാധ്യതകളുമൊക്കെ ഇന്ത്യയൊട്ടുക്കുമുള്ള പ്രക്ഷോഭമുഖങ്ങളിലെ അനുഭവപാഠങ്ങളിലൂടെ എണ്ണിയെണ്ണി പഠിച്ചു.

ഈയിടെ കോവിഡ് ലോക്‌ഡൗൺ പ്രഖ്യാപിക്കപ്പെട്ട ശേഷം നമ്മളിൽ ചിലരെങ്കിലും കശ്മീരികളോട് എമ്പതൈസ് ചെയ്യാൻ ശ്രമിക്കുന്നത് പോലെ ആത്മഗതം ചെയ്യുകയുണ്ടായി, “മാസങ്ങളായി ലോക്ഡൗണിന് കീഴിലുള്ള കശ്മീരികളുടെ അവസ്ഥ മെയിൻ ലാൻഡ് ഇന്ത്യക്കാർക്കും ഇനിയൊരുപക്ഷേ മനസ്സിലായേക്കുമെന്നു”. ഇന്‍റര്‍നെറ്റൊക്കെ കണക്റ്റാവുന്നുണ്ടല്ലോ അല്ലേ ? പ്രിയപെട്ടവരൊക്കെ ഒരു ഫോൺ കോളിനപ്പുറം കാത്തിരിപ്പുണ്ടല്ലോ അല്ലേ ? ലോക്ഡൗണിലിരിക്കുമ്പോൾ നെറൂന്തലക്കു മുകളിൽ ആരും തോക്കും ചൂണ്ടി നിൽപ്പില്ലല്ലോ അല്ലേ ? എന്നൊക്കെയായിരുന്നു കശ്മീരികൾക്കു നമ്മോടു തിരിച്ചു ചോദിക്കാനുണ്ടായിരുന്നത്.

ഇപ്പോൾ എല്ലാം കഴിഞ്ഞു നമ്മൾ ഇന്ത്യക്കാർ കശ്മീരിലേക്ക് നോക്കി ദേശവിരുദ്ധം, രാജ്യദ്രോഹം, തീവ്രവാദം എന്നൊക്കെ വിളിച്ചിരുന്നതിനെ പ്രതി ലോകം Pulitzer എന്നു വിളിക്കുമ്പോൾ ബാക്കിയാവുന്നതുമൊരു ഗംഭീര ട്രോളാണ്.

ബർക്കയും, രജ്ദീപുമടക്കമുള്ള ഇന്ത്യക്കാരുടെ കാലങ്ങളായുള്ള ഷോപീസ് ജേർണലിസ്റ്റുകൾ വെറും കോമെഡി പീസുകളായി എക്സ്പോസ്ഡായി നിൽക്കുമ്പോൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ തന്നെ ജേർണലിസം എന്ന പ്രതിഭാസം ജീവനോടെ നിലനിൽക്കുന്ന അപൂർവം സങ്കേതങ്ങളിലൊന്നായി കശ്മീർ തലയുയർത്തുന്നു. എഡിറ്റർമാരും, റിപ്പോർട്ടർമാരും, വിഷ്വൽ ജേർണലിസ്റ്റുകളുമടക്കം UAPA ചാർജ് ചെയ്യപ്പെട്ടും, ജയിൽ വരിച്ചും ഈ യാഥാർഥ്യത്തിനു അടിവരയിടുന്നു.
_ ബാസിത് എം
Photo_ A woman protestor applied salt on her face, to protect herself from the teargas smoke during a clashes that erupted after Friday prayers in Kashmir, By Masrat Zahra

Click Here