നീതിക്കായുള്ള ശബ്ദം ഉര്‍ദുഗാന്‍ കേട്ടില്ല; ഇബ്രാഹിം ഗോക്ചെക്കും രക്തസാക്ഷി

We weren’t palace clowns. We didn’t kill people.
We sang songs. Damn this system…
_ Ibrahim Gökçek

323 ദിവസത്തെ ഇബ്രാഹിം ഗോക്ചെക്കിന്‍റെ നീതിക്കായുള്ള സമരം തുര്‍ക്കിയിലെ ഫാഷിസ്റ്റ് ഭരണകൂടം പാടെ അവഗണിച്ചു. അദ്ദേഹത്തിന്‍റെ ശബ്ദം ഉര്‍ദു ഗാന്‍ എന്ന സ്വേച്ഛാധിപതി ചെവികൊണ്ടില്ല. ഭരണകൂട ഭീകരതെക്കെതിരെയുള്ള നീണ്ട നാളത്തെ പോരാട്ടത്തില്‍ ഇബ്രാഹിമും രക്തസാക്ഷിയായി. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്‍റെ ആരോഗ്യനില കൂടുതല്‍ വഷളാവുകയായിരുന്നു. നേരത്തെയും ഇബ്രാഹിം ചികിത്സക്ക് വിസമ്മതിച്ചിട്ടുള്ള സാഹചര്യത്തില്‍ ഹ്യൂമന്‍ റൈറ്റ്സ് ഫൗണ്ടേഷന്‍റെ പ്രസിഡന്‍റ് ഡോ. സെബ്നെവും ആക്ടിവിസ്റ്റുകളായ അഭിഭാഷകരുടെ കൂട്ടായ്മയും ഗ്രൂപ് യോറാമിന്റെ അംഗങ്ങളുടെ മോചനത്തിനായി പോരാടുമെന്ന് പ്രഖ്യാപിക്കുകയും യോറമിനുവേണ്ടി പ്രതിജ്ഞയെടുക്കുകയും ചെയ്തതോടെ ഇബ്രാഹിം ചികിത്സക്ക് സമ്മതിച്ചു. തുടര്‍ന്നു ഹോസ്പ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു.


ഇബ്രാഹിം ഗോക്ചെക് നിരാഹാര സമരത്തില്‍

തുര്‍ക്കിയിലെ നിരോധിത സംഗീത ബാന്‍ഡ് ആയ ഗ്രൂപ് യോറത്തിലെ ഗിറ്റാറിസ്റ്റ് ആയിരുന്നു ഇബ്രാഹിം ഗോക്ചെക്. Revolutionary People’s Liberation Party (DHKP-C) എന്ന മാർക്സിസ്റ്റ്-ലെനിനിസ്റ്റ് സംഘടനയുമായി ബന്ധം ആരോപിച്ചു കൊണ്ടും അർബൻ മാവോയിസ്റ്റുകള്‍ എന്ന് വിളിച്ചും ഉര്‍ദു ഗാന്‍ ഭരണകൂടത്തിന്‍റെ കീഴിൽ അറസ്റ്റ്, ജയിൽ വാസം, റെയ്ഡുകൾ തുടങ്ങി പലതരത്തിലുള്ള മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കിരയായി യോറം കലാകാരന്മാർ. DHKP-Cമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഗ്രൂപ്പിനെ ഭരണകൂടം നിരോധിക്കുന്നതും അംഗങ്ങളെ ജയിലിലടക്കുന്നതും.

323 ദിവസമായി നിരാഹാര സമരം തുടരുകയായിരുന്നു ഇബ്രാഹിം ഗോക്ചെക്. ഉര്‍ദു ഗാൻ രാഷ്ട്രീയ എതിരാളികളോട് സ്വീകരിച്ചിരിക്കുന്ന ജനാധിപത്യ വിരുദ്ധവും സ്വേഛാപരവുമായ നയങ്ങൾക്കെതിരെ ഇബ്രാഹിമും കൂട്ടരും നിരാഹാര സമരം ചെയ്യുകയായിരുന്നു. ബാൻഡ് അംഗങ്ങൾക്ക് ന്യായമായ വിചാരണക്കുള്ള അവകാശം, ഗ്രൂപ് യോറത്തിന്റെ നിരോധനം പിൻവലിക്കുക, സർക്കാർ ജയിലിലടച്ചിരിക്കുന്ന സംഘാം​​ഗങ്ങളെ വിട്ടയക്കുക, ഗ്രൂപ് യോറത്തിനെതിരായ കേസുകൾ പിൻവലിക്കുക, സം​ഗീത പരിപാടികൾ അവതരിപ്പിക്കാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇബ്രാഹിമും ഗ്രൂപ് അംഗവും വിപ്ലവ ഗായികയുമായ ഹെലിൻ ബോലെക്കും ജയിലില്‍ നിരാഹാര സമരമരാഭിച്ചത്. പ്രതിഷേധങ്ങളെ തുടര്‍ന്നു നവംബറിൽ ഇരുവരെയും വിട്ടയച്ചു.


ഹെലിന് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കനെത്തിയവരെ പൊലീസ്
റോഡില്‍ വലിഴച്ചു അറസ്റ്റ് ചെയ്യുന്നു

ഇബ്രാഹിമിന്‍റെ ഭാര്യയും മറ്റു ഗ്രൂപ് അംഗങ്ങളും ജയിലില്‍ നിരാഹാരം തുടര്‍ന്നപ്പോള്‍ ജയില്‍ മോചതിരായ അദ്ദേഹവും ഹെലിനും വീട്ടിലും നിരാഹാര സമരം തുടര്‍ന്നു. ഇരുവരെയും ബലംപ്രയോ​ഗിച്ച് കഴിഞ്ഞ മാര്‍ച്ച് 11നു അധികാരികള്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ടാളും ചികിത്സക്ക് വിസമ്മതിച്ചു ഡിസ്ചാര്‍ജ്ജ് ചെയ്തു വീട്ടില്‍ നിരാഹാര സമരം തുടരുക തന്നെ ചെയ്തു. ഗ്രൂപ് യോറത്തിന്‍റെ ആവശ്യങ്ങള്‍ അംഗീകരിച്ച് നിരാഹാരം അവസാനിപ്പിക്കാന്‍ മനുഷ്യാവകാശ സംഘടനകള്‍ തുര്‍ക്കി സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല.

ഹെലിന്‍ ബോലെക് നിരാഹാര സമരത്തിന്‍റെ 288 ാം ദിവസം ഏപ്രില്‍ 3നു രക്തസാക്ഷിയായി. ഹെലിന്‍റെ മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്യാന്‍ മാതാവിനെ അനുവദിക്കാതിരുന്ന ഭരണകൂടം പൊലീസിനെ ഉപയോഗിച്ച് ഹെലിനെ അവസാനമായി കാണാനെത്തിയവരെ റോഡില്‍ വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു. ഭരണകൂടം വ്യാജകേസില്‍ ഉള്‍പ്പെടുത്തി ജയിലിലടച്ച മറ്റൊരു ഗ്രൂപ് അംഗമായ മുസ്തഫ കൊചെക് നിരാഹാര സമരത്തിന്റെ 297-ാം ദിവസം ഏപ്രില്‍ 24നു ജയിലില്‍ വെച്ചു രക്തസാക്ഷിയായി. ഒരു മാസത്തിനുള്ളില്‍ ഗ്രൂപ് യോറമിന് നഷ്ടപ്പെട്ടത് അവരുടെ മൂന്നു സഖാക്കളെ ആയിരുന്നു. ബുദ്ധിജീവികളും എഴുത്തുകാരും ഈ രക്തസാക്ഷിത്വങ്ങളെ ഭരണകൂട കൊലപാതകം എന്നാണ് വിശേഷിപ്പിച്ചത്.

മുസ്തഫാ കൊചെകും മാതാവും

ഗ്രൂപ് യോറമിനും അംഗങ്ങള്‍ക്കും ഐക്യദാർഢ്യവുമായി ലോകത്തിന്‍റെ വിവിധ രാജ്യങ്ങളില്‍ ജനങ്ങള്‍ പ്രതിഷേധ സമരങ്ങളും നിരാഹാര സമരം നടത്തുന്നുണ്ട്. രാഷ്ട്രീയ തടവുകാരുടെ നീതിപൂര്‍വ്വമായ അവകാശങ്ങള്‍ ഉന്നയിച്ചാണ് ഇബ്രാഹിം ഗോക്ചെക്കും ഹെലിന്‍ ബോലെകും മുസ്തഫാ കൊചെക്കും സമരം ചെയ്തത്. ഉര്‍ദു ഗാന്‍റെ ബധിര കര്‍ണങ്ങളെ ഉണര്‍ത്താന്‍ ഇബ്രാഹിമിന്‍റെ ഭാര്യയും മറ്റു ഗ്രൂപ് അംഗങ്ങളും ജയിലില്‍ നിരാഹാര സമരം തുടരുകയാണ്. തുര്‍ക്കി ഭരണകൂടത്തിന്‍റെ ഉരുക്കു മുഷ്ടി അയഞ്ഞില്ലെങ്കില്‍ അവരില്‍ ഒരാളായിരിക്കും അടുത്ത രക്തസാക്ഷി.

Click Here