ഈ ‘ജനാധിപത്യം’ എത്രത്തോളം ജനാധിപത്യപരമായിരുന്നു ?

പൊളിറ്റിക്കൽ ഇസ്‌ലാം ജനാധിപത്യപരമല്ല എന്ന് സുനിൽ പി ഇളയിടം. ഈ ‘ജനാധിപത്യം’ എത്രത്തോളം ജനാധിപത്യപരമായിരുന്നു ? കഴിഞ്ഞ രണ്ടു ദശകത്തിനിടയിൽ പൊളിറ്റിക്കൽ ഇസ്‌ലാമിനെതിരെ എന്ന പേരിൽ നടന്ന പരിഷ്കൃത മതേതര ജനാധിപത്യ (വെളുത്ത വംശീയ) അധിനിവേശങ്ങളുടെ ഭാഗമായി കൊന്നു തള്ളിയ മുസ്‌ലിങ്ങളുടെ തലയോട്ടികൾക്കു മുകളിൽ വെച്ച ബോർഡാണ് ‘ജനാധിപത്യം’. അയ്യോ, അപ്പോൾ ‘ശരിക്കുമുള്ള’ ആ ജനാധിപത്യം എവിടെ കണ്ടു കിട്ടും ?

ഇതുവരെ നടപ്പിലാക്കാത്ത, ന്യൂ ലെഫ്റ്റ് സാഹിത്യങ്ങളിൽ മാത്രം വായിക്കാൻ കഴിയുന്ന, ആ റാഡിക്കൽ ജനാധിപത്യം, സ്റ്റാലിന്‍റെ പടംവെച്ച സിപിഎമ്മുകാർക്ക് താൽപര്യമുള്ള കാര്യമാണോ ? പോമോ സാഹിത്യം എന്നാണ് അതിന്‍റെ ചെല്ലപ്പേര്.

ലോകത്തെ മഹത്തായ ജനാധിപത്യത്തിലെയും (അമേരിക്ക) വലിയ ജനാധിപത്യത്തിലെയും (ഇന്ത്യ) മുസ്‌ലിം അനുഭവങ്ങൾ പറയുന്നത് ഏത് കോറിലെ ‘ജനാധിപത്യ’ അനുഭവത്തെക്കുറിച്ചാണ് ?

വ്യാഖ്യാനിച്ചു വരുമ്പോൾ ഗീതക്കകത്തുള്ള അത്ര ‘ജനാധിപത്യം’ ഇസ്‌ലാമിൽ ഇല്ലായെന്നതും നേരാണ്. പാർട്ടി ശോഭായാത്രയിലും ഓണാഘോഷത്തിലും ഉള്ളയത്ര ദലിത് അനുകൂലമായ ഹിന്ദു ജനാധിപത്യം പക്ഷെ പൊളിറ്റിക്കൽ ഇസ്ലാമിൽ ഇല്ല.

ഭരണഘടന പ്രകാരം അധിനിവേശം ചെയ്യുന്ന, മിലിട്ടറിക്ക് സർവാധികാരമുള്ള, പൊതു മനസാക്ഷിക്കുവേണ്ടി തൂക്കുമരം നൽകുന്ന, മഹത്തായ മാനുഷിക അനുഭവം പക്ഷെ ജനാധിപത്യത്തിൽ നിന്നുള്ള വ്യതിയാനം മാത്രമാണെന്ന് പിന്നെ വ്യാഖ്യാനം ചമക്കാം. ആ വ്യതിയാന സൗകര്യം – ഇതു ഞങ്ങളല്ല എന്നു പറയാനുള്ള അവകാശം – പൊളിറ്റിക്കൽ ഇസ്‌ലാമിന് നൽകാൻ മാത്രം പക്ഷെ ജനാധിപത്യത്തിൽ ജനാധിപത്യമില്ല.

ഇവരൊക്കെ പറയുന്നതു കേട്ടാൽ, എന്തു ബോറൻ എസൻഷ്യലിസമാണ് ഈ ജനാധിപത്യം! പല പ്രതിസന്ധികളുള്ള, ഇടർച്ചകളുള്ള, കുഴപ്പങ്ങൾ ധാരാളമുണ്ടെന്ന് എളുപ്പം കാണാവുന്ന, പൊളിറ്റിക്കൽ ഇസ്‌ലാം അല്ലേ എത്രയോ ‘ജനാധിപത്യപരം’?
_ ഉമ്മുല്‍ ഫായിസ

Leave a Reply