ഭരണകൂടം അക്രമം അവസാനിപ്പിക്കാതെയും കസ്റ്റഡിയിലെടുത്ത കർഷകരെ വിട്ടയക്കാതെയും ചർച്ചയില്ല

“കർഷകർക്കെതിരെ അക്രമം നടത്തിയ യഥാർഥ ക്രിമിനലുകൾ സർവ്വതന്ത്ര സ്വതന്ത്രരായി വിലസുന്നു. യഥാർഥ ക്രിമിനലുകളായ അവർക്കെതിരെ കേസ്സും അറസ്റ്റുമില്ല. ഇതെല്ലാം സൂചിപ്പിക്കുന്നത് പ്രക്ഷോഭത്തിന് വർദ്ധിച്ചുവരുന്ന പിന്തുണയെ സർക്കാർ എത്രമാത്രം ഭയപ്പെടുന്നുവെന്നു എന്നു തന്നെയാണ്…”
_ സംയുക്ത കിസാൻ മോർച്ച
2021 ഫെബ്രുവരി 2

ശ്രീ ബൽബീർ സിംഗ് രാജേവലിന്റെ അധ്യക്ഷതയിൽ കൂടിയ സംയുക്ത കിസാൻ മോർച്ച യോഗം ഇന്ന് നടന്നു. കർഷക പ്രസ്ഥാനത്തിനെതിരെ പൊലീസും ഭരണകൂടവും നടത്തുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതുവരെ സർക്കാരുമായി ഔപചാരിക ചർച്ചകൾ തുടരേണ്ടതില്ലന്ന് എസ്‌.കെ.എം തീരുമാനിച്ചു. പാതകളിൽ ഗർത്തങ്ങൾ നിർമ്മിക്കുക, അള്ള് വയ്ക്കുക, മുള്ളുവേലി സ്ഥാപിക്കുക, ചെറിയ പാതകൾ പോലും ഇന്റർനെറ്റ് സേവനങ്ങൾ നിർത്തുക, സർക്കാർ മുൻകൈയ്യിൽ സമരത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുക, ബി.ജെ.പി-ആർ‌.എസ്‌.എസ് പ്രവർത്തകർ വഴി ഇത് സുഗമമാക്കുക, ട്രെയിനുകൾ വഴിതിരിച്ചുവിടുക, ട്രയിനുകൾ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നത് തടയുക, വഴികളിൽ വ്യാപകമായി ബാരിക്കേഡുകൾ സ്ഥാപിക്കുക
തടങ്ങി നിരവധി പ്രവർത്തനങ്ങളാണ് സമരത്തിനെതിരെ സർക്കാർ നടപ്പിലാക്കുന്നത്. പ്രതിഷേധിക്കുന്ന കർഷകർക്കെതിരെ സർക്കാരും പോലീസും ചേർന്ന് സംഘടിപ്പിക്കുന്ന നിരവധി അതികമങ്ങളിൽ ചിലതാണിത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പ്രക്ഷോഭത്തിന് വർദ്ധിച്ചു വരുന്ന ജനപിന്തുണയെ സർക്കാർ അങ്ങേയറ്റം ഭയപ്പെടുന്നതായി തോന്നുന്നു. വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി പ്രക്ഷോഭകരെ അറസ്റ്റ് ചെയ്യുകയും തടങ്കലിൽ വയ്ക്കുകയും കർഷകരുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. സർക്കാരിന്റെ ഈ നടപടികളെ എസ്‌.കെ.എം ശക്തമായി അപലപിക്കുന്നു. നിരവധി പ്രക്ഷോഭകരെ കാണാതായിട്ടുണ്ട്. ഇത് ഞങ്ങളിൽ കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. പ്രക്ഷോഭത്തിൽ കൂടുതൽ ആളുകൾ എത്താതിരിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ വ്യാപകമായി അറസ്റ്റും കള്ള കേസ് സൃഷ്ടിക്കലും നടത്തുന്നു. അതോടൊപ്പം അക്രമപ്രവർത്തനങ്ങളുടെ വാർത്തകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നു. സാധാരണ ജനങ്ങൾ പ്രസ്ഥാനത്തോട് ഐക്യപ്പെടാതിരിക്കുക, പ്രസ്ഥാനത്തിന്റെ ഏകീകരണ പ്രവർത്തനങ്ങളെ തടയുക എന്നീ ലക്ഷ്യങ്ങളോടെയുമാണ് ഇത് ചെയ്യുന്നത്: അതേസമയം കർഷകർക്കെതിരെ അക്രമം നടത്തിയ യഥാർഥ ക്രിമിനലുകൾ സർവ്വതന്ത്ര സ്വതന്ത്രരായി വിലസുന്നു. യഥാർഥ ക്രിമിനലുകളായ അവർക്കെതിരെ കേസ്സും അറസ്റ്റുമില്ല. ഇതെല്ലാം സൂചിപ്പിക്കുന്നത് പ്രക്ഷോഭത്തിന് വർദ്ധിച്ചുവരുന്ന പിന്തുണയെ സർക്കാർ എത്രമാത്രം ഭയപ്പെടുന്നുവെന്നു എന്നു തന്നെയാണ്.

1. ചർച്ചയ്ക്കുള്ള ഔദ്യോഗിക നിർദ്ദേശങ്ങളൊന്നും സർക്കാരിൽ നിന്ന് വന്നിട്ടില്ല. നിയമ വിരുദ്ധമായി പോലീസ് കസ്റ്റഡിയിലെടുത്ത കർഷകരെ ഉപാധികളില്ലാതെ മോചിപ്പിച്ചതിനുശേഷം മാത്രമേ സർക്കാരുമായി ഇനി ചർച്ച നടത്തുകയുള്ളൂ. പോലീസ് കസ്റ്റഡിയിലെടുത്ത 122 പ്രക്ഷോഭകരുടെ പട്ടിക ഇന്ന് ദില്ലി പോലീസ് പുറത്തുവിട്ടിട്ടുണ്ട്. അവരെ ഉടൻ നിരുപാധികം മോചിപ്പിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. പ്രക്ഷോഭത്തിന്റെ വാർത്തകൾ ശരിയായി റിപ്പോർട്ടു ചെയ്യുന്ന മാധ്യമപ്രവർത്തകർക്കെതിരായ ആക്രമണങ്ങളെയും അറസ്റ്റുകളെയും ഞങ്ങൾ ശക്തമായി അപലപിക്കുന്നു.

2. ഫെബ്രുവരി 6ന് രാജ്യമെമ്പാടും രാവിലെ 12നും ഉച്ചകഴിഞ്ഞ് 3നും ഇടയിൽ ദേശീയപാതകളിൽ ഉപരോധം സംഘടിപ്പിക്കും.

3. ഇടയ്ക്കിടെ ഇന്റർനെറ്റ് അടച്ചുപൂട്ടുന്നതിനൊപ്പം, കർഷക പ്രസ്ഥാനവുമായി ബന്ധപ്പെട്ട നിരവധി ട്വിറ്റർ അക്കൗണ്ടുകൾ അടച്ചുപൂട്ടാൻ സർക്കാർ ശ്രമിക്കുന്നതിനെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. സർക്കാരിന്റെ നുണ പ്രചരണങ്ങളെ നേരിടുക, പൊതുജനങ്ങൾക്ക് യഥാർത്ഥ വിവരങ്ങൾ നൽകുക എന്നിവ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഈ അക്കൗണ്ടുകൾ നിർത്തലാക്കുന്നതും താൽക്കാലികമായി തടഞ്ഞു വയ്ക്കുന്നതും ജനാധിപത്യത്തിനെതിരായ നേരിട്ടുള്ള ആക്രമണമാണ്.

4. പല അതിർത്തികളിലും പോലീസ് അവരുടെ ബാരിക്കേഡുകൾ ശക്തിപ്പെടുത്തുകയാണ്. സിമൻറ് ബാരിക്കേഡുകൾ, മുള്ളുവേലി, അളള് എന്നിവ ഉപയോഗിച്ച് റോഡുകൾ പോലീസ് തടയുന്നു. ഒരു വശത്ത്, പരിഹാരം ഒരു കോൾ മാത്രം അകലെ എന്ന് പ്രധാനമന്ത്രി പറയുന്നു, എന്നാൽ മറുവശത്ത് പ്രതിഷേധ സ്ഥലങ്ങളിലേക്കുള്ള പാതകൾ തടയാനും സൗകര്യങ്ങൾ വെട്ടിക്കുറയ്ക്കാനും പൊതുജനങ്ങൾക്ക് അസൗകര്യങ്ങൾ സൃഷ്ടിക്കാനും സർക്കാർ പരമാവധി ശ്രമിക്കുന്നു.

5. വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ത സംഘടന പ്രതിനിധികളെ ഉൾപ്പെടുത്തി അഡ്വക്കേറ്റ് പ്രേം സിംഗ് ഭാംഗുവിന്റെ നേതൃത്വത്തിൽ സംഘടന ഒരു നിയമസംഘം രൂപീകരിച്ചു. കാണാതായവർ, അറസ്റ്റിലായവർ, പോലീസ് പിടിച്ചെടുത്ത വാഹനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ക്രസ്സുകൾ ഇനി ഈ നിയമസംഘം ശ്രദ്ധാപൂർവ്വം നിർവഹിക്കും.
_ ഡോ. ദർശൻ പാൽ
സംയുക്ത കിസാൻ മോർച്ച
ഫോൺ_ 9417269294

വിവർത്തനം _ സോമൻ കെ എസ്

Like This Page Click Here

Telegram
Twitter