സിസ്റ്റര്‍ റീത്താമ്മ മാപ്പ് പറഞ്ഞപ്പോള്‍ എന്താണ് സംഭവിച്ചത്?

ചവിട്ടിത്താഴ്ത്തപ്പെട്ടവന്‍റെ സുവിശേഷമാണ് ഓണം എന്ന സന്ദേശം പങ്കുവെച്ച സിസ്റ്റര്‍ റീത്താമ്മ മാപ്പ് പറഞ്ഞപ്പോള്‍ എന്താണ് സംഭവിച്ചത്? പോലീസും ബ്രാഹ്മണ്യ ഫാസിസ്റ്റുകളും ചേർന്ന് മാവേലിയെ വീണ്ടും ചവിട്ടി താഴ്ത്തുകയായിരുന്നു. സ്വന്തം നിലപാടിൽ ഉറച്ച് നിന്ന് ബ്രാഹ്മണ്യവാദ വർഗീയ ശക്തികളേയും അവരുടെ ഏറാൻ മൂളികളായ പോലീസിനേയും സിസ്റ്റർ വെല്ലുവിളിക്കണമായിരുന്നു എന്ന് ആഗ്രഹിക്കുമ്പോൾ തന്നെ അതിനെക്കാൾ പ്രധാനം അവർ നേരിട്ട അപമാനത്തെ, സംഘപരിവാർ ഫാസിസ്റ്റുകളെ പ്രതിരോധിക്കുക എന്നതാണ് എന്ന് കരുതുന്നത് കൊണ്ടാണ് ഈ കുറിപ്പ്.

ശബരിമല സംഭവങ്ങളെ ഉപയോഗിച്ച് നേടിയ മുൻകയ്യിൽ വർദ്ധിതവീര്യത്തോടെ വിഷം ചീറ്റുന്ന കാവി കൂട്ടങ്ങളെ മാത്രമല്ല, കൂടുതൽ തെളിയുന്ന പിണറായി പോലീസിന്‍റെ കാവി കളസം കൂടിയാണ് നാം കാണുന്നത്. ഈ ഹീന നടപടിയോട് കേരളീയ ജനത പുലർത്തിയ മൗനവും നിസംഗതയും മഹാബലിക്ക് തന്നെ അപമാനമാണ്. ഇത്തരം മൗനത്തിന്‍റെ ബലത്തിലാണ് RSS ഭീകരത അതിന്‍റെ മേൽക്കൈ ഉറപ്പിക്കുന്നതെന്ന് നാം മറക്കരുത്‌. കോട്ടയം നെടുങ്കുന്നം സെന്‍റ് തെരേസാസ് സ്‌കൂളിലെ പ്രധാനധ്യാപികയായ സിസ്റ്റർ റീത്ത തന്‍റെ വിദ്യാർത്ഥികൾക്ക് അയച്ച ഓണസന്ദേശത്തിലെ മാവേലി കഥ ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നതാണ് എന്നാണ് വിശ്വഹിന്ദു പരിഷത്തിന്‍റെ പരാതി. പോലീസ്‌ അവരെ സ്റ്റേഷനിൽ വിളിച്ച് വരുത്തി മാപ്പ് പറയിപ്പിക്കുകയും അത് വീഡിയോയിൽ പകർത്തി കാവി കൂട്ടങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. ഈ നടപടി കേരളത്തിലെ പോലീസ്‌ സ്റ്റേഷൻ ഉത്തരേന്ത്യയിലെ കുപ്രസിദ്ധമായ ഖാപ്പ് പഞ്ചായത്ത് ആയി മാറിയതിന്‍റെ ചിത്രമല്ലാതെ മറ്റെന്താണ്. പോലീസ്, ഫാസിസ്റ്റ് ശക്തികൾക്കൊപ്പം ചേർന്ന് ഇത്തരത്തിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നത് ആദ്യമല്ല. എന്തുകൊണ്ട് വർഗീയ ഫാസിസ്റ്റുകൾക്ക് ഒപ്പം നിന്ന് നിയമവിരുദ്ധമായി പ്രവർത്തിച്ച ഈ പോലീസുകാർക്ക് എതിരെ ഒരു നടപടിയും ഉണ്ടാവാതിരിക്കുന്നത്. ഇതാണ് സിപിഎമിന്‍റെ അവസരവാദ നിലപാട്. ഇത്തരം ചെയ്തികൾക്ക് അവരുടെ ഇത്തരം നിലപാടുകൾ വേണ്ടുവോളം ആവേശം പകരുന്നുണ്ട്.

എന്താണ് സിസ്റ്റർ റീത്ത പറഞ്ഞത്? അത് ഏതെങ്കിലും അർത്ഥത്തിൽ ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നതാണോ? ഇല്ല എന്നതാണ് വസ്തുത. മറിച്ച് ഓണത്തെ സംബന്ധിച്ച കേരളത്തിലെ ജനപ്രിയ ഐത്യഹ്യമായ മാവേലി കഥയാണ് അവർ അവരുടെ ശൈലിയിൽ അവതരിപ്പിച്ചത്. ഒരു പ്രതിസാംസ്കാരിക സ്വാഭാവമുള്ളതും ബ്രാഹ്മണ്യവാദ നിലപാടുകളെ ചോദ്യം ചെയ്യുന്നതുമായ ഈ സങ്കല്‍പനത്തെ തിരുത്തി, നമ്മുടെ മാവേലി എന്ന നീതിമാനായ രാജാവിനെ സാമ്രാജ്യവാദിയും ക്രൂരനുമാക്കുന്ന വാമന ജയന്തി സങ്കല്‍പമാണ് യഥാർത്ഥത്തിൽ അപമാനകരം.

ഓണത്തെ കുറിച്ചുള്ള ജനപ്രിയ മിത്ത്, മാവേലികഥ, നീതിമാനായ മാവേലി എന്ന അസുര രാജാവിനെ ബ്രാഹ്മണനായ വാമനൻ ചതിച്ച് പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി എന്നാണല്ലോ? മഹാബലിയുടെ അവസാനത്തെ അഗ്രഹമെന്ന നിലയിൽ വർഷത്തിൽ ഒരിക്കൽ അദ്ദേഹം തന്‍റെ പ്രജകളെ കാണാൻ മടങ്ങിവരുന്നു. മലയാളികൾ അവരെ കാണാൻ വരുന്ന അവരുടെ നീതിമാനായ രാജാവിനെ ആഘോഷത്തോടെ സ്വീകരിക്കുന്നു. ബ്രാഹ്മണ്യവാദ ശക്തികൾക്ക് വലിയ അപമാനമാണ് ഈ മിത്ത്. അതിന്‍റെ ഫാസിസ്റ്റ് സംഘടനകളായ ആർഎസ്എസും മറ്റ് ഹിന്ദുവാദികളും ബ്രാഹ്മണ്യവിരുദ്ധ പാരമ്പര്യമുള്ള സംസ്കാരത്തേയും പുരാണകഥകളെയുമൊക്കെ എങ്ങിനെയാണ് വളച്ചൊടിച്ചുകൊണ്ട് അവരുടെ ആശയങ്ങൾക്ക് സഹായകമായ രീതിയിൽ മാറ്റിതീർക്കുന്നത് എന്നതിന്‍റെ നല്ലൊരു ഉദാഹരണമാണ് ഓണത്തെ വാമന ജയന്തി ആക്കി മാറ്റുന്ന രീതി.

ഓണത്തെ സംബന്ധിച്ച നമ്മുടെ സങ്കല്‍പനങ്ങളെ മാറ്റിമറിച്ച് തങ്ങളുടെ അക്രമാസക്ത ബ്രഹ്മണ്യവാദ,വർഗീയ രാഷട്രീയത്തിന് അനുയോജ്യമായ വിധത്തിൽ അതിനെ രൂപപ്പെടുത്താൻ സംഘ് പരിവാര ശക്തികൾ കുറെ കാലമായി ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഹിന്ദു ഐക്യവേദി നേതാവ് ശശികലയും മറ്റും നടത്തിയ ശ്രമങ്ങൾ പക്ഷെ വലിയ വിജയം കണ്ടില്ല. അവരുടെ കുപ്രസിദ്ധ വർഗീയ നിലപാടുകളോടുള്ള എതിർപ്പും കേരളത്തിൽ ആഴത്തിൽ വേരോടിയ മാവേലി മിത്തിലെ നീതിമാനായ രാജാവിനെ സാമ്രാജ്യവാദിയും ക്രൂരനുമാക്കുന്ന സങ്കല്‍പനങ്ങൾ കേരളീയർക്ക് ദഹിക്കാതിരുന്നതുമാവാം കാരണങ്ങൾ. 2017ലെ ഓണനാളിൽ വാമനജയന്തി ആശംസ നേർന്ന സാക്ഷാൽ അമിത് ഷാക്ക് പിറ്റേ ദിവസം തന്നെ ഓണാശംസകൾ നേരേണ്ടിവന്നു. “സംസ്കാരമില്ലാത്ത മലയാളികൾ അമിത് ഷായെ തെറി വിളിച്ചു”വെന്ന് സംഘി ബുദ്ധിജീവി ടി ജി മോഹൻ ദാസ് അന്ന് വ്യാകുലപ്പെട്ടതും നമ്മുക്കറിയാം. എന്നാൽ നെടുങ്കുന്നത്ത് എത്തുമ്പോൾ വിഷയം ആകെ മാറുന്നു. തങ്ങളുടെ ലക്ഷ്യം നേടാൻ സംഘികൾ കൂടുതൽ അക്രമാസക്തമായ ഒരു നീക്കം നടത്തുന്നതാണ് അവിടെ നാം കണ്ടത്. യാതൊരു പ്രതിരോധവുമില്ലാതെ, ഇതേ വേഗത്തിലാണ് കാര്യങ്ങളുടെ പോക്കെങ്കിൽ ഓണത്തേയും മാവേലിയേയും നമ്മുടെ ആഘോഷത്തിലെ കേരളീയതയേയും ഇല്ലാതാക്കി, തീർത്തും വർഗീയമായ വാമന ജയന്തി കേരളത്തിന്‍റെ ഔദ്യോഗിക ആഘോഷമായി മാറും. ഒട്ടും ആശ്ചര്യപ്പെടേണ്ട ഇന്ന് ഇവിടെ നടക്കുന്ന രക്ഷാബന്ധനടകം പല ആഘോഷങ്ങളും മലയാളി ബ്രാഹ്മണർക്ക് പോലും അപരിചിതമായിരുന്നു. ഉത്തരേന്ത്യൻ ബ്രാഹ്മണ്യ സംസ്ക്കാരത്തിന്‍റെ അധിനിവേശമായിരുന്നു അതെല്ലാം. അത്തരമൊരു അധിനിവേശത്തിന്‍റെ കൂടുതൽ ആഴത്തിലുള്ള അക്രമാസക്തമായ വരവിന്‍റെ കാഹളമാണ് വാമന ജയന്തി ആശംസകളിൽ മുഴങ്ങുന്നത്.

മിത്തുകളെ സ്വന്തം ഇഷ്ടത്തിനനുസരിച്ച്, അതിന്‍റെ കീഴാള അംശങ്ങളെ നിഗ്രഹിച്ചും പുതിയ വ്യാഖ്യാനങ്ങൾ നിർമ്മിച്ചും അവ അടിച്ചേല്‍പ്പിക്കാൻ ശ്രമിക്കുന്നത് ബ്രാഹ്മണ്യവാദികളുടെ സ്ഥിരം തന്ത്രമാണ്. ഓണത്തിന്‍റെ പ്രതീകാത്മകമായ കീഴാള സത്തയെ ചോർത്തിക്കളയാനുള്ള ശ്രമമാണിപ്പോൾ നടക്കുന്നത്. സംഘികളുടെ ഏറെ പ്രിയപ്പെട്ട സജ്ഞീവനിയുടെ നേതാവ് പത്മാനഭൻ അടിയോടി പറയുന്നത്, “കറുത്തവനും ബ്രാഹ്മണരെ ഉപദ്രവിച്ചവനും, രാവണന്‍റെ പൗത്രനും ക്രൂരനുമായ മാവേലിക്ക് വേണ്ടി വാദിക്കുന്നത് തന്നെ രാജ്യദ്രോഹമാണെന്നാണ്. എല്ലാവരും തുല്ല്യരായ ഒരു കാലം ഉണ്ടാവുക സാധ്യമല്ലെന്നാണ് അദ്ദേഹം പറയുന്നത്. തുല്യതയാണ് ഓണസങ്കല്‍പത്തിൽ അദ്ദേഹം കണ്ട ഒരു തെറ്റ് എന്ന കാര്യം ശ്രദ്ധേയമാണ്. മാത്രമല്ല, സഹോദരൻ അയ്യപ്പൻ എഴുതിയ ‘മാവേലി നാടു വാണീടും കാലം’ എന്ന ഓണപ്പാട്ട് റഷ്യൻ ചാരസംഘടനയായ കെ.ജിബിക്ക് വേണ്ടി ഇ.എം.എസ് എഴുതിയതാണെന്ന പെരും നുണയും അദ്ദേഹം തട്ടിവിടുന്നുണ്ട്. സഹോദരൻ അയ്യപ്പനെ അവഹേളിക്കുന്ന ഇത്തരമൊരു നിലപാടിനോട് സാക്ഷാൽ വെള്ളാപ്പള്ളി നടേശനും മകൻ തുഷാറും ഇതുവരെ ഒന്നും പറഞ്ഞ് കണ്ടില്ല. ബി.ഡി ജെ.എസും ഒരു സംഘി കുഞ്ഞ് തന്നെ ആണല്ലോ?

ഓണത്തിനു പിന്നിലെ സങ്കല്‍പനങ്ങളെ എതിർക്കുന്ന കാവി കൂട്ടങ്ങളുടെ വർഗീയ നിലപാടിനെ കേരളീയ നവോത്ഥാനത്തിന്‍റെ കീഴാളസത്ത ചോർത്തിക്കളയാൻ ചിലർ ശ്രമിക്കുന്നതിനോട് കവി സച്ചിദാനന്ദൻ മുമ്പ് തുല്യപ്പെടുത്തി നിരീക്ഷച്ചത് ഇപ്പോൾ ഓർക്കാവുന്നതാണ്. നമ്മൾ നടത്തിയ നിരവധിയായ സമരങ്ങളിലൂടെ, വർഗസമരങ്ങളിലൂടെ ഇവിടെ നില നിന്ന മിത്തുകളുടെയും പ്രതീകങ്ങളുടെയും അർത്ഥങ്ങൾ കൂടി മാറുന്നു. അവ പിന്നീട് പ്രചാരണത്തിലൂടെ ജനസമ്മതി നേടി, കൂടുതൽ ജനപ്രിയമാവുകയും ചെയ്യുന്നു. ഈ പ്രക്രിയയുടെ അനേകം തെളിവുകൾ ഡി ഡി കൊസാംബിയെപ്പോലുള്ള ചരിത്രകാരന്മാർ അവതരിപ്പിച്ചിട്ടുണ്ട്. ഗോത്രങ്ങളുടെ അമ്മദൈവങ്ങളായ ദുർഗയും സരസ്വതിയും പാർവതിയും മറ്റുമായതും, കാലിമേക്കുന്നവരുടെ ആരാധനാ പുരുഷനായിരുന്ന കൃഷ്‌ണൻ വിഷ്‌ണുവിന്‍റെ അവതാരമാകുന്നതും, ആദിവാസികളുടെ പൂജാപാത്രങ്ങളായിരുന്ന നാഗങ്ങൾ വിഷ്‌ണുവിന്‍റെ ശയ്യയായും ശിവന്‍റെ ആഭരണമായും മാറുന്നതുമടക്കം എത്രയോ ഉദാഹരണങ്ങൾ അദ്ദേഹം വിശദീകരിക്കുന്നു.

ചുരുക്കത്തിൽ, കള്ളവും ചതിയുമില്ലാത്ത ഒരു ഭരണാധികാരിയായ, മാവേലി എന്ന സങ്കല്‍പം സമത്വസമ്പന്നമായ ഒരു കാലത്തെയാണല്ലോ അവതരിപ്പിക്കുന്നത്‌. അസുരനായിരുന്ന അദ്ദേഹം നന്മയുടെ പ്രതീകവും പൂണൂലണിഞ്ഞ ബ്രാഹ്മണനായ വാമനൻ കൗശലക്കാരും ചതിയനുമാവുന്ന ഈ മാവേലി കഥ ജീവിതത്തിന്‍റെ ഓരത്തേക്ക് മാറ്റി നിർത്തപ്പെട്ട മർദ്ദിതർക്ക് ആവേശവും അസമത്വത്തിന്‍റെ ഗുണഭോക്താക്കൾക്ക്, ബ്രാഹ്മണ്യവാദികൾക്ക് അപമാനവുമാണ്. മഹാബലി സൃഷ്ടിച്ച സമത്വലോകത്തെ തകർത്തതിനെ വാഴ്ത്തി പാടാൻ നടത്തുന്ന നെടുങ്കുന്നത്ത് അടക്കം നടന്ന ശ്രമങ്ങൾ വാസ്‌തവത്തിൽ നമ്മുടെ ഭാവിയെ കുറിച്ചുള്ള സ്വപ്‌നത്തിന്‍റെ ആവിഷ്‌കാരത്തെ കൂടിയാണ് വെല്ലുവിളിക്കുന്നത്.

മർദ്ദിതർക്കെ ലോകത്തെ പുതുക്കി പണിയാനും ചൂഷണം അവസാനിപ്പിക്കാനും കഴിയൂ. മാവേലി കഥയിലെ മർദ്ദിത സ്വത്വം തകർത്ത് ഉപരിവർഗ /ജാതി താല്‍പര്യങ്ങൾ സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് യഥാർത്ഥത്തിൽ ഇവിടെ മറനീക്കി പുറത്ത് വരുന്നത്. ശശികല മുതൽ പത്മനാഭൻ അടിയോടി വരെയുള്ള നിരവധി സംഘികൾ നടത്തിയ വാമന ജയന്തിയെ പറ്റിയുള്ള വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും അത് ഉറപ്പിക്കുന്നുണ്ട്. അടിച്ചമർത്തപ്പെട്ടവന്‍റെ മുത്തപ്പനായ, നമ്മുടെ പോരാട്ട വഴികളികളിലൂടെ ഉറപ്പിക്കപ്പെട്ട മാവേലിയെ വീണ്ടും വധിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇതിനെ ചെറുക്കാതെ ബ്രാഹ്മണ്യവാദത്തെ നേരിടാനും നശിപ്പിക്കാനുമാവില്ല.
_ സി പി റഷീദ്

Like This Page Click Here

Telegram
Twitter