ഭീമാകൊറേഗാവ്; UAPA ചുമത്തി ജയിലിലടച്ചവരെ വിട്ടയക്കുക

ഭീമാകൊറേഗാവ് കള്ളക്കേസിൽ കുടുക്കി UAPA ചുമത്തി ജയിലിലടച്ച ‘വിപ്ലവകവി ‘വരവരറാവുവും പ്രൊഫസർ -ജി. എൻ. സായിബാബയുമുൾപ്പെടെ മുഴുവൻ രാഷ്ട്രീയ തടവുകാരേയും ഉടൻ വിട്ടയക്കുക .’ UAPA റദ്ദ് ചെയ്യുക ‘. കോവിഡ് ഭീതിയുടെ മറവിൽ CAA വിരുദ്ധ സമരത്തിൽ പങ്കെടുത്തവർക്കെതിരെയുള്ള ഭരണകൂട വേട്ട അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എഴുത്തുകാരുടെയും ആക്ടിവിസ്റ്റുകളുടെയും സംയുക്ത പ്രസ്താവന;

ഭീമാകൊറെഗാവ് എന്ന സ്ഥലനാമം ഇന്ന് ഏറെ പ്രസിദ്ധമാണ്. ഇന്ത്യയിലെ പൗരാവകാശ പ്രവർത്തകർ, അദ്ധ്യാപകർ, വക്കീലന്മാർ, എഴുത്തുകാർ, ജേണലിസ്റ്റുകൾ, തുടങ്ങി ജനപക്ഷത്ത് നിലയുറപ്പിച്ച മുഴുവൻ ചിന്തകരേയും വേട്ടയാടുന്ന ഒരു കേസിന്‍റെ പേരിലാണ് ഈ സ്ഥലനാമം പ്രസിദ്ധമായത്. അങ്ങേയറ്റം ഹിംസാത്മകമായ പേർഷ്വാ അധികാരത്തെ തൂത്തെറിയാൻ ഇടയാക്കും വിധം അതിനെതിരെ മഹാറുകൾ നടത്തിയ ഐതിഹാസിക പോരാട്ടമായിരുന്നു 1818ലെ ഭീമാകൊറെഗാവ് യുദ്ധം. മഹാരാഷ്ട്രയിലെ ഈ ദളിത് മുന്നേറ്റ പോരാട്ട ചരിത്രത്തിന്‍റെ വാർഷികമാഘോഷിക്കുവാൻ ഒത്തുകൂടിയ ദളിത് റാലിക്കിടെ അക്രമമുണ്ടാക്കിയ സംഘ്പരിവാർ പ്രവർത്തകർക്കെതിരെ നിയമ നടപടിയെടുക്കുന്നതിന് പകരം സമ്മേളനത്തിൽ സംസാരിച്ചു എന്ന കുറ്റം ചുമത്തി ഭീമകൊറേഗാവ് ഗൂഡാലോചന കേസെന്ന പേരിലും പ്രധാനമന്ത്രിയെ വധിക്കാൻ ശ്രമിച്ചു എന്ന കള്ളക്കേസ് ചുമത്തിയും വിപ്ലവകവി വരവരറാവുവിനെയും മറ്റൊരു കള്ളക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട തൊണ്ണൂറ് ശതമാനം വികലാംഗനായ വീൽചെയറിൽ മാത്രം യാത്ര ചെയ്യാൻ കഴിയുന്ന പരസഹായമില്ലാതെ മുന്നോട് നീങ്ങാൻ കഴിയാത്ത ഡെൽഹി സർവ്വകലാശാല പ്രൊഫസർ ജി എൻ – സായിബാബ, മലയാളിയായ റോണ വിൽസൺ, സുധ ഭരദ്വാജ്, ഷോമ സെൻ, ഹാനി ബാബു, ആനന്ദ് തെൽതുംദെ, ഗൗതം നൗലാഖ തുടങ്ങി സാംസ്കാരിക പ്രവർത്തകരായ കബിർ കലാമഞ്ച് പ്രവർത്തകർ ഉൾപ്പെടെ പതിനഞ്ചോളം പ്രഗൽഭരായ സാമൂഹ്യ പ്രവർത്തകരെ ഭരണകൂടം UAPA ചുമത്തി ജയിലിലടച്ചിരിക്കുകയാണല്ലോ. ആസാമിലെ കർഷക നേതാവ് അഖിൽ ഖോഖോയ്, ഡൽഹിയിലെ വിദ്യാർത്ഥി നേതാവ് ഷർജീൽ ഇമാം തുടങ്ങിയവരും ജയിലിലാണ്.

കോറോണ വ്യാപനത്തിനെ തുടർന്ന് അറുപത് വയസ്സിന് മുകളിൽ പ്രായമുള്ള തടവുകാർക്ക് ജാമ്യം നൽകാമെന്ന സുപ്രിംകോടതിയുടെ തീരുമാനം പോലും വകവെയ്ക്കാതെ എൺപത് വയസ്സിന് മുകളിൽ പ്രായമുള്ള ഒട്ടനവധി രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന വരവരറാവുവിന് കോറോണ ബാധിച്ചിട്ടും ഭരണകൂട സംവിധാനങ്ങൾ ജാമ്യം നൽകാനോ മതിയായ ചികിത്സ നൽകാനോ തയ്യാറായിട്ടില്ല. പ്രൊഫസർ ജി എൻ ‘സായിബാബയുടെ സ്ഥിതിയും ഇത് തന്നെയാണ്. NIA യുടെ സമൻസുകൾ കൂടുതൽ കൂടുതൽ ആളുകളെ തേടിപ്പോയിക്കൊണ്ടിരിക്കുകയുമാണ്. കോർപ്പറേറ്റ് കൊള്ളക്കെതിരെയും ആദിവാസി, ദളിത് , മത ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെയും നടക്കുന്ന കടുത്ത അടിച്ചമർത്തലുകൾക്കും മനുഷ്യവകാശ ലംഘനങ്ങൾക്കുമെതിരെയും ശബ്ദിക്കുന്നവർക്കെതിരെയാണ് ഗൂഡാലോചനക്കേസുകൾ ചുമത്തിക്കൊണ്ടിരിക്കുന്നത്.

പൗരൻമാരെ മതത്തിന്‍റെ പേരിൽ വിഭജിക്കുന്നതിനെതിരെ ജനാധിപത്യ രീതിയിൽ സമരം ചെയ്ത സമരക്കാർക്കെതിരെ കലാപം അഴിച്ച് വിട്ട സംഘ്പരിവാർ ഭികരർക്കെതിരെയോ അതിന് ആഹ്വാനം ചെയ്തവർക്കെതിരെയോ നടപടിയെടുക്കുന്നതിന് പകരം പൗരത്വ ഭേദഗതി വിരുദ്ധ സമരത്തിൽ സംസാരിക്കാൻ പോയി എന്ന കുറ്റം ചാർത്തി UAPA ചുമത്തി ഉമർ ഖാലിദ് അടക്കമുള്ളവരെ ഇപ്പോൾ ജയിലിലടച്ചിരിക്കുകയാണ്. മദനിയെയും പേരറിവാളനെയും പോലെ, ആദിവാസി ദളിത് ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെടുന്ന മറ്റു പലരും അനേകം വർഷങ്ങളായി തടവറകളിൽ നരകയാതന അനുഭവിക്കുകയാണ്. RSS ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഡൽഹി കലാപത്തിൽ ഗൂഡാലോചന നടത്തി എന്ന കേസിൽ CPM സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ വരെ നടന്ന നീക്കങ്ങൾ കാണാതെ പോകരുത്. ഇതെല്ലാം ഹിന്ദു രാഷ്ട്ര പ്രഖ്യാപനത്തിന് മുന്നോടിയായി RSS എങ്ങോട്ട് പോകുന്നു, എന്തെല്ലാം രാജ്യത്ത് ചെയ്യാനൊരുങ്ങുന്നു എന്നതിന്‍റെ സൂചനയാണ്.

കേരളത്തിലാണെങ്കിൽ പോസ്റ്റർ ഒട്ടിക്കുന്നവരെയും നോട്ടിസ് കൈവശം വെക്കുന്നവരെയുമുൾപ്പെടെ UAPA ചുമത്തി മാസങ്ങളോളം ജയിലിലടച്ചിരിക്കുകയാണ്. അലൻ- താഹ കേസ് അതിൽ ഒരു ഉദാഹരണം മാത്രമാണ്. തന്‍റെ പേരിലുള്ള മുഴുവൻ UAPA കേസുകളിലും ജാമ്യം ലഭിച്ചിട്ടും വിയ്യൂർ ജയിലിൽ നിന്ന് ഇറങ്ങുന്ന സമയത്താണ് പോലിസ് ഒളിപ്പിച്ച് വെച്ച പഴയൊരു കേസിന്‍റെ പേരിൽ UAPA ചുമത്തി ഡാനിഷ് എന്ന ചെറുപ്പക്കാരനെ വീണ്ടും ജയിലിലേക്ക് തന്നെ അയച്ചത് . മാത്രമല്ല, രൂപേഷിന്‍റെ പേരിലുള്ള UAPA കേസ് കേരള ഹൈക്കോടതി റദ്ദ് ചെയ്തതിനെതിരെ സുപ്രിം കോടതിയെ സമീപിച്ചിരിക്കുകയാണ് കേരളത്തിലെ പുരോഗമന സർക്കാർ. ഇത് LDF നയമാണോ എന്ന് സർക്കാർ പറയേണ്ടതുണ്ട്. ഇബ്രാഹിമെന്ന വൃദ്ധനായ മനുഷ്യനെയും UAPA ചുമത്തി വിചാരണ പോലും നടത്താതെ കഴിഞ്ഞ 6 വർഷമായി കേരളത്തിലെ ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹം ഒരു ഹൃദ്രോഗി കൂടിയാണ്. കേന്ദ്രവും കേരളവും ഭരണകൂട അടിച്ചമർത്തലിന്‍റെ കാര്യത്തിൽ ഒരേ നയം നടപ്പിലാക്കുകയാണ്. രാജ്യം വലിയൊരു ഭീഷണിയെ മുഖാമുഖം നേരിടുന്ന ഈ ഘട്ടത്തിൽ ഇത്തരം മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ അതിശക്തമായ ബഹുജന മുന്നേറ്റമുണ്ടാകേണ്ടതുണ്ട്.

ഭീകര നിയമങ്ങളായ ടാഡയും, പോട്ടയും പിൻവലിപ്പിച്ചത് പോലെ UAPA എന്ന ഭീകരനിയമവും പിൻവലിക്കുന്നതിന് വേണ്ടി എല്ലാ അഭിപ്രായ ഭിന്നതകളും മാറ്റി വെച്ച് “ഈ വിഷയത്തിൽ യോജിക്കാവുന്ന” എല്ലാവർക്കും ഒരു പൊതു ബാനറിന് കീഴിൽ ഐക്യപ്പെട്ടുകൊണ്ട് പോരാടാം.

പൗരാവകാശ കൂട്ടായ്മ കേരളം – എന്ന ബാനറിനു കീഴിൽ ഈ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ഉച്ചയ്ക്ക് മൂന്ന് മണിക്ക് കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും നടക്കുന്ന പ്രതിഷേധ കൂട്ടായ്മയിൽ പങ്കാളി ആകുവാൻ മുഴുവൻ ജനാധിപത്യ വിശ്വാസികളോടും, വ്യക്തികളോടും സംഘടനകളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

എന്ന്,

1. കെ. സച്ചിദാനന്ദൻ

2. ബി ആർ പി ഭാസ്‌കർ

3. എ വാസു

4. ജെ ദേവിക

5. കുരീപ്പുഴ ശ്രീകുമാർ

6.കെ കെ എസ് ദാസ്

7. കെ. കെ കൊച്ച്.

8.പി അബ്ദുൾ മജീദ് ഫൈസി (SDPI)

9.സജീദ്‌ ഖാലിദ് (വെൽഫയർ പാർട്ടി )

10. കെ അജിത

11. കെ മുരളി

12. അഡ്വ. പി എ പൗരൻ (PUCL)

13. അഡ്വ. കെ എസ്. മധുസൂദനൻ

14.നൗഷാദ് സി.എ (സോളിഡാരിറ്റി )

15. സി ആർ നീലകണ്ഠൻ

16. എം എൻ രാവുണ്ണി (പോരാട്ടം)

17. കെ.എസ് ഹരിഹരൻ – ആർഎംപി

18. എൻ പി രാജേന്ദ്രൻ

19. കെ.സി ഉമേഷ് ബാബു

20. റെനി ഐലിൻ – എൻസിഎച്ച്ആർഒ

21. അജയൻ മണ്ണൂർ – ആർഡിഎഫ് കേരളം.

22. അഡ്വ. തുഷാർ നിർമ്മൽ – ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം.

23. എൻ പി ചേക്കുട്ടി

24. സുൽഫത്ത് ടീച്ചർ

25. എൻ. സുബ്രഹ്മണ്യൻ

26. ഐ. ഗോപിനാഥ്‌

27. അംബിക

28. ഡോ. പി.ജി ഹരി

29. മുരളീധരൻ കരിവെള്ളൂർ – സേവ് ഇന്ത്യ ഫോറം.

30. അമ്പലത്തറ കുഞ്ഞികൃഷ്ണൻ

31. ഡോ. ഡി സുരേന്ദ്രനാഥ്‌

32. അഡ്വ. കസ്തൂരി ദേവൻ

33. ആർ. അജയൻ

34. കെ . കെ. മണി

35. ഡോ. പ്രസാദ് – മാസ്സ് മൂവ്മെന്റ്.

36. മൃദുല ഭവാനി

37. വി . കെ രവീന്ദ്രൻ – ഗദ്ധിക പയ്യന്നൂർ.

38. സുരേഷ് കീഴാറ്റൂർ

39. ജെന്നി സുൽഫത്ത്

40. സാന്ദ്ര – ഫ്രറ്റെണിറ്റി മൂവ്മെന്റ്

41. അഡ്വ. സിപി അജ്മൽ – സിഎഫ്ഐ.

42. അരുവിക്കൽ കൃഷ്ണൻ – ആദിവാസി വിമോചന മുന്നണി.

43. എം വി ഗോവിന്ദൻ – ഫാസിസ്റ്റ് വിരുദ്ധ മുന്നണി കണ്ണൂർ.

44. വിഷ്ണു പോളി. – ഡിഎസ്എ.

45. എസ്. രവി – ഹിന്ദുത്വ ഫാസിസ്റ്റ് വിരുദ്ധ മുന്നണി.

46. നഹാസ് സിപി – പുരോഗമന യുവജന പ്രസ്ഥാനം.

47. ബിലാൽ ഇബ്നു ഷാഹുൽ – ജാമിയ വിദ്യാർത്ഥി.

48.ഹാറൂൻ കാവനൂർ -ഇൻഡിപെൻഡന്‍റ് ജേർണലിസ്റ്റ്

Like This Page Click Here

Telegram
Twitter