സർക്കാരുകൾ കുത്തകകളെ സംരക്ഷിക്കുന്നു, ദരിദ്രരെ കുടിയൊഴിപ്പിക്കുന്നു!

മാറിമാറിവരുന്ന സർക്കാരുകൾ കുത്തകകൾക്ക് നിലവിലുള്ള ഭൂമി കൈവശം വെയ്ക്കാനും കൂടുതൽ കയ്യേറ്റം നടത്താനുമുള്ള അവസരങ്ങളും, പുത്തൻ നിയമങ്ങളും സൃഷ്ടിച്ചു കൊടുക്കുന്നു. അതേസമയം, അതിജീവനത്തിനായി 3 സെൻ്റിലോ 4 സെൻ്റിലോ കുടിൽകെട്ടി താമസിക്കുന്ന ദരിദ്ര പിന്നാക്ക വിഭാഗങ്ങളെ പോലീസിനെയും മറ്റു മർദ്ദന ഉപകരണങ്ങളുമുപയോഗിച്ച് കുടിയൊഴിപ്പിക്കാൻ ഇടതു വലതു സർക്കാരുകൾ മത്സരിക്കുകയാണ്…
പ്രസ്താവന_ പുരോഗമന യുവജന പ്രസ്ഥാനം

നെയ്യാറ്റിൻകരയിലെ രാജൻ അമ്പിളി ദമ്പതികളുടെടെ മരണത്തിന് ഉത്തരവാദികൾ കേരള പോലീസും, ഭരണകൂടവും, ഇവിടെ നിലനിൽക്കുന്ന സാമൂഹിക-സാമ്പത്തിക ഘടനയുമാണ്. കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ കുടിയൊഴിപ്പിക്കാൻ എന്ന പേരിൽ അവിടെ എത്തിയ പോലീസുകാരുടെ മനുഷ്യത്വ വിരുദ്ധവും നിയമവിരുദ്ധവുമായ ഇടപെടലിൻ്റെ ഫലമായാണ് രാജനും അമ്പിളിയും കൊല്ലപ്പെട്ടത്. അവർ നിലവിൽ താമസിച്ചുകൊണ്ടിരുന്ന കുടിൽ ഉൾപ്പെടുന്ന മൂന്ന് സെൻ്റ് ഭൂമിക്ക് മേൽ അവകാശവാദം ഉന്നയിച്ചു കൊണ്ട്, സമൂഹത്തിൽ ഉന്നത പിടിപാടുകളുള്ള അയൽക്കാരി കോടതിയിൽ കേസ് നടത്തിയതിൻ്റെ ഫലമായാണ് അനീതി നിറഞ്ഞ ഒരു കോടതി വിധി ഉണ്ടായത്. കോടതിയിൽ കേസ് നടത്താനോ സ്വന്തമായി ഒരു വക്കീലിനെ വയ്ക്കാൻ പോലുമോ ഉള്ള സാമൂഹ്യ-സാമ്പത്തിക സാഹചര്യം രാജനും അമ്പിളിക്കും ഉണ്ടായിരുന്നില്ല. സർക്കാർ വക്കീലാണ് അവരുടെ കേസ് വാദിച്ചിരുന്നത്. കേസിൻ്റെ ഗതിവിഗതികൾ വക്കീൽ കൃത്യമായി തങ്ങളെ അറിയിച്ചിരുന്നില്ല എന്ന പരാതി അവർ ഉന്നയിച്ചിരുന്നു. അധികാര വർഗ്ഗത്തിൻ്റെയും പൈസക്കാരൻ്റെയും മാത്രം താൽപര്യങ്ങളെ സംരക്ഷിക്കുന്ന കോടതിയിൽ നിന്നും മറിച്ചൊരു ഉത്തരവും പ്രതീക്ഷിക്കേണ്ടതില്ല.

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന കുടുംബത്തെ, അത് പൂർത്തിയാക്കാൻ പോലും അനുവദിക്കാതെ സമ്മർദ്ദം ചെലുത്തിയും ഭീഷണിപ്പെടുത്തിയും എത്രയും വേഗം അവിടെ നിന്നും പുറത്താക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ടാണ് പോലീസുകാർ കുടിയൊഴിപ്പിക്കൽ എന്ന പേരിൽ അവിടെ പ്രവർത്തിച്ചത്. സ്വയം പ്രതിരോധത്തിന് വേണ്ടി ദേഹത്ത് പെട്രോൾ ഒഴിച്ച്, പോലീസുകാരെ പിന്തിരിപ്പിക്കാൻ ശ്രമിച്ച രാജനെയും അമ്പിളിയേയും, ധാർഷ്ട്യത്തോടുകൂടി ഒരു പോലീസുകാരൻ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടയിലാണ് രണ്ടാളുടെയും ദേഹത്തും തീപടരുന്നതും, പിന്നിട് അവർ മരണപെടുന്നതും. വീഡിയോ ദൃശ്യങ്ങളിൽ നിന്നും, കുട്ടികളുടെ വാക്കുകളിൽ നിന്നും നമുക്ക് ഈ കാര്യങ്ങൾ ബോധ്യപ്പെട്ടതാണ്. കുടിയൊഴുപ്പിക്കലിൻ്റെ സമയത്തും, സ്വന്തം മാതാപിതാക്കൾക്ക് കുഴിമാടം വെട്ടേണ്ടി വന്ന പതിനേഴുകാരൻ കുട്ടിയോടുമുള്ള പെരുമാറ്റത്തിൽ നിന്ന് സാധാരണക്കാരോടുള്ള പോലീസിൻ്റെ മാടമ്പി മനോഭാവം വെളിപ്പെടുന്നു. പോലീസുകാർക്ക് നേരെ കൈ ചൂണ്ടികൊണ്ട് “നിങ്ങൾ എല്ലാവരും ചേർന്നാണ് കൊന്നത്, ഇനി അടക്കാനും പറ്റൂല എന്നോ?” എന്ന് വിളിച്ചു പറയുന്ന കുട്ടിയുടെ വാക്കുകളിൽ പോലീസിനോടും ഈ വ്യവസ്ഥിതിയോടുമുള്ള മുഴുവൻ രോഷവും അടങ്ങിയിട്ടുണ്ട്.

സാങ്കേതികമായി ഇതു പോലീസ് നേരിട്ട് നടത്തിയ കൊലപാതകമാണ്. രാഷ്ട്രീയമായി, ഇത് ഭരണകൂടം നടത്തിയ സ്ഥാപനവൽകൃത കൊലപാതകമാണ്. പോലീസ് ഭരണകൂടത്തിൻ്റെ മർദ്ദനോപകരണമാണ്. പോലീസ് ഈ കുടുംബത്തോട് ചെയ്ത ക്രൂരകൃത്യത്തിൻ്റെ അടിസ്ഥാന കാരണം, പോലീസിനെ നയിക്കുന്ന ആശയ ശാസ്ത്രം ഭരണവർഗങ്ങളുടെ ആശയശാസ്ത്രം ആണെന്നതാണ്. കേരള പോലീസ് മുസ്‌ലിം വിരുദ്ധവും ദളിത് വിരുദ്ധവും ആദിവാസി വിരുദ്ധവുമായ നിലപാടുകളാണ് കാലങ്ങളായി വെച്ചുപുലർത്തുന്നത് എന്ന് അവരുടെ മുൻകാല ചെയ്തികളും ചരിത്രവും പരിശോധിച്ചാൽ മനസ്സിലാകും. ഇടതുപക്ഷം എന്ന് സ്വയം അവകാശപ്പെടുന്ന ഈ സർക്കാരിൻ്റെ കാലത്തുതന്നെ അൻപതോളം ആളുകളെ പോലീസ്, കസ്റ്റഡി കൊലപാതകങ്ങളുടെയും വ്യാജ ഏറ്റുമുട്ടലുകളിലൂടെയും, മറ്റു പീഡനങ്ങളിലൂടെയും കൊലപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഭൂരിഭാഗം പേരും, സമൂഹത്തിലെ പിന്നോക്ക – ആദിവാസി, ദളിത്, മുസ്‌ലിം- വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. പോലീസിനെ നയിക്കുന്നത് ബ്രാഹ്മണ്യ-ഹിന്ദുത്വ ബോധം ആണെന്നുള്ളത് ഇതിൽ നിന്ന് വ്യക്തമാണ്. അതിന്റെ ഭരണകൂട നേതൃത്വം വഹിക്കുന്നത് പിണറായി വിജയനെന്ന സിപിഎം പിബി അംഗമാണെന്നത് ആ പാർട്ടിയുടെ രാഷ്ട്രീയത്തെ തന്നെയാണ് നമുക്ക് മുന്നിൽ തുറന്നു കാണിക്കുന്നത്.

ഇത് കേവലം രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ഭൂമി തർക്കമല്ല. ഭൂമിക്കുമേലുള്ള അധികാരത്തിൻ്റെ പ്രശ്നമാണ്. കേരളത്തിലെ ദളിത്- ആദിവാസി, പിന്നോക്ക സാമൂഹ്യ വിഭാഗങ്ങൾക്ക് അവരുടെ ജനസംഖ്യാനുപാതികമായി പോലും ഭൂമിക്കുമേൽ അവകാശമില്ല. മാറിമാറി ഭരിച്ച ഇടതും വലതും സർക്കാരുകൾ, ഇവരിൽ ഒരു വിഭാഗത്തെ കോളനികളിലോ, മൂന്നോ നാലോ സെൻ്റ് മാത്രം വരുന്ന തുണ്ടുഭൂമികളിലോ ആയി തളച്ചിട്ടരിക്കുകയാണ്. ബാക്കി വരുന്നവർ പുറമ്പോക്കുകളിലോ ഭൂരഹിതരായോ കഴിഞ്ഞു കൂടുന്നു. ഭൂപരിഷ്കരണം നടപ്പിലാക്കി എന്ന് കൊട്ടിഘോഷിക്കുമ്പോഴും അതിൻ്റെ ഗുണഭോക്താക്കൾ നായർ-ഈഴവ മറ്റു സവർണ്ണരിലെ ഒരു പ്രമാണി വർഗ്ഗം മാത്രമാണ്. ജാതി ജന്മിത്വത്തിന് ഒരു പോറലുമേൽക്കാതെയാണ് ഭൂപരിഷ്കരണം നടപ്പിലാക്കിയത്. ഫലത്തിൽ കേരളത്തിലെ ദളിത്-ആദിവാസി മറ്റു പിന്നോക്ക വിഭാഗങ്ങൾ സാമ്പത്തികവും സാമൂഹികവുമായ പിന്നോക്കാവസ്ഥയ്ക്ക് ഒപ്പം, ഭൂമിക്ക് മേലുള്ള അധികാരത്തിൽനിന്നുകൂടി വിലക്കപ്പെടുകയാണുണ്ടായത്. ഈ വിഭാഗങ്ങളിൽ അധികവും കർഷകരും കർഷകത്തൊഴിലാളികളും ആണ്. അതുകൊണ്ടുതന്നെയാണ് ഈ വിഭാഗങ്ങൾ നടത്തുന്ന സമരങ്ങളിൽ അധികവും ഭൂമിക്കു വേണ്ടിയുള്ള സമരങ്ങളാകുന്നത്. മുത്തങ്ങ സമരവും തേവരിമല ഭൂസമരവുമൊക്കെ ഇതിനുദാഹരണങ്ങളാണ്. മറ്റെല്ലാ ജനകീയ സമരങ്ങളെയും എന്നപോലെ, ഒരുപക്ഷേ അതിലും തീവ്രമായി പോലീസിനെ ഉപയോഗിച്ചുകൊണ്ട് ഭൂമിക്കുവേണ്ടിയുള്ള ഈ സമരങ്ങളെ ഭരണകൂടം രക്തരൂക്ഷിതമായാണ് അടിച്ചമർത്തിയത്.

ഒരുവശത്ത് ലക്ഷക്കണക്കിനു പേർ ഭൂരഹിതരായോ, തുണ്ടു ഭൂമികകളിലോ , പുറമ്പോക്കിലോ കഴിയുമ്പോൾ, ടാറ്റയും ഹാരിസൺ മലയാളവും പോലുള്ള വിദേശ കുത്തക തോട്ടം കമ്പനികൾ ലക്ഷക്കണക്കിന് ഏക്കർ ഭൂമിയാണ് നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്നത്. ഈ ഭൂമി സർക്കാർ പിടിച്ചെടുത്ത്, ആദിവാസികൾക്കും ദലിതർക്കും മറ്റു ഭൂരഹിതർക്കും വിതരണം ചെയ്യുകയാണെങ്കിൽ തന്നെ കേരളത്തിലെ ഭൂപ്രശ്നം ഒരു പരിധിവരെ പരിഹരിക്കാൻ സാധിക്കും. പക്ഷേ മാറിമാറിവരുന്ന സർക്കാരുകൾ ചെയ്യുന്നത്, കുത്തകകൾക്ക് നിലവിലുള്ള ഭൂമി കൈവശം വെയ്ക്കാനും കൂടുതൽ കയ്യേറ്റം നടത്താനുമുള്ള അവസരങ്ങളും, പുത്തൻ നിയമങ്ങളും സൃഷ്ടിച്ചു കൊടുക്കുക മാത്രമാണ്. അതേസമയം, അതിജീവനത്തിനായി 3 സെൻ്റിലോ 4 സെൻ്റിലോ കുടിൽകെട്ടി താമസിക്കുന്ന ദരിദ്ര പിന്നാക്ക വിഭാഗങ്ങളെ പോലീസിനെയും മറ്റു മർദ്ദന ഉപകരണങ്ങളുമുപയോഗിച്ച് കുടിയൊഴിപ്പിക്കാൻ ഇടതു വലതു സർക്കാരുകൾ മത്സരിക്കുകയാണ്. സർഫാസി പോലുള്ള ജനവിരുദ്ധ നിയമങ്ങളുടെ ഭാഗമായി ജപ്തി നേരിടുന്നവരെ ഇതേ പോലീസിനെ
ഉപയോഗിച്ചുകൊണ്ട് ഭരണകൂടം പലതരം ബലപ്രയോഗങ്ങളിലൂടെ കുടിയൊഴിപ്പിച്ച ചരിത്രം കേരളത്തിൽ നിലനിൽക്കുന്നു.

അതുകൊണ്ടുതന്നെ നെയ്യാറ്റിൻകരയിലെ ഭരണകൂട കൊലപാതകം വിരൽചൂണ്ടുന്നത് ഭൂമിക്കു മേലുള്ള ദരിദ്ര പിന്നോക്ക ജനവിഭാഗങ്ങളുടെ അധികാരം സ്ഥാപിക്കലിനെ, കേരള ഭരണകൂടവും അതിനെ നയിക്കുന്ന സർക്കാരും എങ്ങനെ നോക്കിക്കാണുന്നു എന്നതിലേക്കാണ്. സ്വയം ഇടതുപക്ഷം എന്ന് അവകാശപ്പെടുമ്പോഴും കേരളം ഭരിക്കുന്ന എൽഡിഎഫ് സർക്കാർ ഭൂമിക്കുവേണ്ടിയുള്ള ഈ ജനതയുടെ പോരാട്ടത്തെ തങ്ങൾ സേവിക്കുന്ന ഭരണവർഗങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി, കണ്ടില്ലെന്നു നടിക്കുകയോ ഭീകരമായ രീതിയിൽ അത്തരം സമരങ്ങളെ അടിച്ചമർത്തുകയോ ചെയ്യുന്നു. നെയ്യാറ്റിൻകര വിഷയത്തിൽ ഇത്രയും ജനരോഷം ഉണ്ടായിട്ടുപോലും, മരിച്ച ദമ്പതികളുടെ മക്കൾക്ക് വീടും, വിദ്യാഭ്യാസ ചിലവും സർക്കാർ ഏറ്റെടുക്കും എന്ന കണ്ണിൽ പൊടിയിടൽ പ്രഖ്യാപനങ്ങൾക്കപ്പുറം, കാതലായ രാഷ്ട്രീയ പ്രശ്നത്തെ തിരിച്ചറിയാനോ, അതിൻ്റെ അടിസ്ഥാനത്തിൽ ദരിദ്ര പിന്നോക്ക ജനവിഭാഗങ്ങൾക്ക് ആവശ്യമായ ഭൂമി വിതരണം ചെയ്തുകൊണ്ട് ഈ പ്രശ്നത്തെ ആത്യന്തികമായി പരിഹരിക്കുന്നതിനുള്ള നയരൂപീകരണത്തിലേക്ക് കടക്കാനോ അവർ തയ്യാറാവുന്നില്ല. ലൈഫ് മിഷൻ പോലെ, കേരള സർക്കാർ കൊട്ടിഘോഷിച്ച് നടപ്പിലാക്കുന്ന പദ്ധതികൾ, മുൻ സർക്കാരുകളുടെ ജാതി കോളനി നയത്തെ പുതിയ കുപ്പിയിലാക്കി (ഭൂമിയുള്ളവർക്ക് വീടും സ്വന്തമായി ഭൂമിയില്ലാത്തവർക്ക് ഫ്ലാറ്റുകളും) അവതരിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ഭൂമിക്കുമേൽ ദരിദ്ര-പിന്നോക്ക ജനവിഭാഗങ്ങളുടെ അധികാരം സ്ഥാപിക്കുക എന്ന പ്രശ്നത്തെ ഈ പദ്ധതികൾ പ്രതിനിധീകരിക്കുന്നില്ല. ഭൂരഹിതർക്ക് കൃഷിക്കും വീടു വയ്ക്കുന്നതിനും ആവശ്യമായ ഭൂമി, അത് അനധികൃതമായി കൈയടക്കി വെച്ചിരിക്കുന്നവരിൽ നിന്നും ബലംപ്രയോഗിച്ച് സർക്കാർ ഏറ്റെടുക്കുകയും വിതരണം ചെയ്യുകയും അല്ലാതെ മറ്റൊരു പ്രശ്നപരിഹാരവും സാധ്യമല്ല.

ഡിവൈഎഫ്ഐ, എസ്എഫ്ഐ പോലുള്ള സ്വയംപ്രഖ്യാപിത ഇടതുപക്ഷ വിദ്യാർഥി-യുവജന സംഘടനകളും, കെഎസ്‌യു, യൂത്ത്കോൺഗ്രസ് പോലുള്ള വലതുപക്ഷ സംഘടനകളും സർക്കാരിൻ്റെ ഈ ചാരിറ്റിയിൽ പുളകിതരാവുകയോ, അഥവാ സർക്കാർ അത് ചെയ്തില്ലെങ്കിലും ഞങ്ങൾ അവരുടെ വിദ്യാഭ്യാസവും വീടും ശരിയാക്കി കൊടുക്കാം എന്ന പിന്തിരിപ്പൻ അരാഷ്ട്രീയ നിലപാട് സ്വീകരിക്കുകയുമാണ് ഉണ്ടായത്. വലതുപക്ഷ സംഘടനകൾ അത്തരം നിലപാടുകൾ സ്വീകരിക്കുന്നത് അവരുടെ രാഷ്ട്രീയം ആണെന്ന് കരുതി ആശ്വസിക്കാം, എന്നാൽ സ്വയം ഇടതുപക്ഷം എന്ന് അവകാശപ്പെടുന്ന വിദ്യാർഥി-യുവജന സംഘടനകൾ പിന്തിരിപ്പൻ നിലപാടുകൾ സ്വീകരിക്കുന്നതും, സർക്കാരിൻ്റെ വാഴ്ത്തുപാട്ടുകാർ മാത്രമായി ചുരുങ്ങുന്നതും അവരുടെ മാതൃ സംഘടന എത്തിപെട്ടിട്ടുള്ള തിരുത്തൽവാദ ജീർണ്ണതയുയുടെയും, ഭരണവർഗ്ഗസേവയുടെയും ചളിക്കുണ്ടിൽ തന്നെയാണ് ഇക്കൂട്ടരുടെയും പൊറുതി എന്ന് തെളിയിക്കുന്നു. ദേവിക എന്ന ദളിത് വിദ്യാർത്ഥിനി ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ആത്മഹത്യ ചെയ്ത സന്ദർഭത്തിലും, ആ വിഷയത്തെ രാഷ്ട്രീയമായി വിലയിരുത്തുന്നതിനും ഇടപെടുന്നതിനും പകരം ദലിത്, ആദിവാസി ജനവിഭാഗങ്ങൾ അനുഭവിക്കുന്ന സാമൂഹ്യ സാമ്പത്തിക പിന്നോക്കാവസ്ഥയും, വിഭവങ്ങൾക്ക് മേലുള്ള അധികാരത്തിൻ്റെ അസമത്വവും, അതിൻ്റെ ഫലമായി ഉണ്ടാകുന്ന ഡിജിറ്റൽ ഡിവൈഡ് പോലുള്ള പ്രശ്നങ്ങളും- മൊബൈൽ ഫോണും ടിവിയും വിതരണം ചെയ്യാൻ ഇറങ്ങിയ കൂട്ടരാണ് അവർ. അവരുടെ ഈ കാട്ടിക്കൂട്ടലുകൾ ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തന ശൈലിയോട് ഒട്ടും യോജിക്കുന്നില്ല എന്നുമാത്രമല്ല, നിയോലിബറൽ എൻജിഒ സംഘടനകളുടെ, ചാരിറ്റി എന്ന ആശയത്തിനോട് ചേർന്ന് പോകുന്നവയാണ്. ട്വൻറി20 കോർപ്പറേറ്റ് വികസന മോഡലിൽ നിന്നും അതൊട്ടും വ്യത്യസ്തമല്ല.

ഇന്ത്യയിലെ മാവോയിസ്റ്റ് ശക്തികളാണ് ഈ വിഷയത്തിൽ കൃത്യമായതും, ശരിയുമായ രാഷ്ട്രീയ നിലപാട് വച്ചുപുലർത്തുന്നത്. കാർഷിക വിപ്ലവം അച്ചുതണ്ടായുള്ള പുത്തൻ ജനാധിപത്യ വിപ്ലവത്തിലൂടെ അവർ ലക്ഷ്യം വെക്കുന്നത്, ഭൂമിക്കും ജലത്തിനും കാടിനും മേലുള്ള ജനകീയ അധികാരം സ്ഥാപിക്കുക, കൃഷിഭൂമി മണ്ണിൽ പണിയെടുക്കുന്നതിന് പതിച്ചു നൽകുക, ജാതി ജന്മിത്വത്തിൻ്റെ വേര് അറുക്കുന്നതിനായി ദളിത് ആദിവാസി ജനവിഭാഗങ്ങളുടെ ഭൂമിക്കു മേലുള്ള അധികാരം ഉറപ്പുവരുത്തുക തുടങ്ങിയവയാണ്. കേരളത്തിലുൾപ്പെടെ മാവോയിസ്റ്റുകളെ ഭരണകൂടം വ്യാജ ഏറ്റുമുട്ടലുകളിലൂടെ നിഷ്ക്കരുണം കൊന്നുകളയുന്നതും യുഎപിഎ പോലുള്ള ഭീകരനിയമങ്ങൾ ചുമത്തി ജയിലിലടക്കുന്നതും, അടിസ്ഥാന ജനവിഭാഗങ്ങളുടെ താൽപര്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട്, ഭരണകൂടത്തിൻ്റെയും ഭരണവർഗങ്ങളുടെയും താൽപര്യങ്ങൾക്ക് വിരുദ്ധമായി വിപ്ലവ പ്രവർത്തനം നടത്തുകയും ജനങ്ങളെ രാഷ്ട്രീയമായി സംഘടിപ്പിക്കുകയും ചെയ്യുന്നതുകൊണ്ടു കൂടിയാണ്. കേരളത്തിൽ 8 മാവോയിസ്റ്റ് രാഷ്ട്രീയപ്രവർത്തകരെയാണ് കപട ഇടതു സർക്കാരിൻ്റെ നേതൃത്വത്തിലുള്ള കേരള പോലീസിൻ്റെ തണ്ടർബോൾട്ട് ഭീകരസേന വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. ഇതേ കേരള പോലീസ് തന്നെയാണ് നെയ്യാറ്റിൻകരയിലെ ദരിദ്ര ഭൂരഹിത കുടുംബത്തിലെ രണ്ട് അംഗങ്ങളെ കൊലപ്പെടുത്തിയിരിക്കുന്നതും. ആളെക്കൊല്ലി പോലീസിനെതിരെയും, അവരെ നിയന്ത്രിക്കുന്ന ഭരണകൂട- ഭരണവർഗങ്ങൾക്കെതിരെയും കേരളത്തിലെയും ഇന്ത്യയിലെയും മുഴുവൻ മർദ്ദിതരും ഐക്യപ്പെട്ടുകൊണ്ട് തെരുവിൽ പോരാടുകയല്ലാതെ മറ്റൊരു മാർഗ്ഗവും നമുക്കുമുന്നിൽ ഇല്ല. കേരളത്തിലെ പോലീസ് സംവിധാനം പൂർണ്ണമായും കേന്ദ്രം ഭരിക്കുന്ന ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളുടെ ഉപകരണമായി മാറ്റിയിരിക്കുകയാണ് പിണറായി സർക്കാർ. 40ൽ ഏറെ കസ്റ്റഡി കൊലപാതകങ്ങൾ, പോലീസ് നിയമത്തിലെ ജനവിരുദ്ധ ഭേദഗതി, തണ്ടർബോൾട്ട് – കോബ്ര സേനകളുടെ രൂപീകരണവും ദുരുപയോഗവും, ജനകീയ സമരങ്ങൾക്കുനേരെയുള്ള ക്രൂരമായ അടിച്ചമർത്തൽ, ലൈംഗിക – ജാതി -മതം ന്യൂനപക്ഷങ്ങൾക്കു നേരെയുള്ള കടന്നാക്രമണം, സ്റ്റേഷനിൽ പരാതിയുമായി ചെല്ലാൻ സാധിക്കാത്ത അവസ്ഥ, വഴിയോര കച്ചവടക്കാർക്കും തൊഴിലാളികൾക്കും നേരെയുള്ള കടന്നാക്രമണങ്ങൾ എന്നിങ്ങനെ പോലീസ് സേനയെ മനുഷ്യത്വ വിരുദ്ധരുടെ ഫാസിസ്റ്റു സംഘമായി നിലനിർത്താൻ മനോധൈര്യം നൽകുന്ന ആഭ്യന്തരമന്ത്രി പിണറായി വിജയൻ രാജിവെച്ചു ജനങ്ങളോട് മാപ്പഭ്യർത്ഥിക്കാൻ തയ്യാറാകണം. ഭരണകൂട ഫാസിസ്റ്റു കടന്നാക്രമണങ്ങൾക്കെതിരെ മുഴുവൻ മർദ്ദിതരും ഐക്യപ്പെടുക. പുത്തൻ ജനാധിപത്യ ഇന്ത്യക്കായി വിപ്ലവ ശക്തികളോട് ഐക്യപ്പെടുക.

നെയ്യാറ്റിൻകരയിലെ ഭരണകൂട കൊലപാതകത്തിൽ പ്രതിഷേധിക്കുക- കേരള പോലീസിനെ രക്‌തദാഹികളുടെ ഭീകരസംഘമായി മാറ്റിയ പിണറായി വിജയൻ രാജിവെച്ചു പുറത്തു പോവുക.

ദളിത്-ആദിവാസി-മുസ്‌ലിം-ദരിദ്ര ജനവിഭാഗങ്ങൾക്കുമേൽ കേരള പോലീസ് തുടർച്ചയായി നടത്തുന്ന അതിക്രമങ്ങളും, കൊലപാതകങ്ങളും അവസാനിപ്പിക്കുക.

കേരളത്തിൽ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ ഭൂപരിഷ്കരണ നിയമത്തിൻ്റെ കാപട്യത്തെ തിരിച്ചറിയുക.

കോളനികളിലും ഫ്ളാറ്റുകളിലും ദളിതരെയും ആദിവാസികളെയും ദരിദ്രരേയും തളച്ചിടുന്ന ആധുനിക ഫ്യൂഡലിസത്തിന് പകരം, മണ്ണിൽ പണിയെടുക്കുന്നവന് ഭൂമി ലഭ്യമാക്കുന്ന കാർഷിക വിപ്ലവ പാതയിൽ പുത്തൻ ജനാധിപത്യത്തിനായി അണിനിരക്കുക. ഭൂമിക്കു വേണ്ടിയുള്ള ഭൂരഹിത കർഷകരുടെയും ദളിതരുടെയും ആദിവാസികളുടെയും പോരാട്ടങ്ങളെ പിന്തുണയ്ക്കുക.

രാജൻ്റെയും അമ്പിളിയുടെയും കൊലപാതകികളെ, പോലീസുകാർ ഉൾപ്പെടെയുള്ള മുഴുവൻ പേരെയും ഉടൻ അറസ്റ്റ് ചെയ്യുക.
_ പുരോഗമന യുവജന പ്രസ്ഥാനം
9207912001 9496969445

Like This Page Click Here

Telegram
Twitter