കളിവീണകളില്‍ മാന്ത്രിക ഈണം രചിച്ചിരുന്ന ഹുസൈനിക്ക


എ എം നദ്‌വി

ഉപജീവനത്തിന് വേണ്ടി സ്വന്തമായി നിർമിക്കുന്ന കളിവീണകളില്‍ കൈവിരലുകൾ കൊണ്ട് മാന്ത്രിക ഈണം രചിച്ചിരുന്ന വീണ ഹുസൈനിക്കയുടെ ജീവിത നാദം നിലച്ചു. ബാലരാമപുരം ഠൗൺ ജമാഅത്ത് ഖബർസ്ഥാനിൽ അദ്ദേഹം അന്ത്യവിശ്രമമാരംഭിച്ചു. അല്ലാഹു പാപങ്ങൾ വിട്ടുവീഴ്ച ചെയ്ത് അദ്ദേഹത്തിന്റെ പരലോക ജീവിതം വിജയമാക്കട്ടെ.

വീണ ഹുസൈൻ എന്നറിയപ്പെട്ടിരുന്ന ബാലരാമപുരത്തുകാരുടെ പ്രിയങ്കരനായ ഹുസൈനിക്ക സ്വന്തമായി നിർമിക്കുന്ന കളിവീണയില്‍ മീട്ടുന്ന സംഗീതം കലയും ഒപ്പം ഉപജീവനവുമായിരുന്നു തോളിലെ തുണിസഞ്ചി നിറയെ കളിവീണകളുമായിട്ടാണ് എപ്പോഴും അദ്ദേഹത്തിന്റെ യാത്ര. കളിവീണയിലൂടെ ഏത് തരം സംഗീതം വേണമെങ്കിലും നിമിഷ നേരം കൊണ്ടദ്ദേഹം ആലപിക്കൂമായിരുന്നു. ചെലവ് കുറഞ്ഞ വസ്തുക്കൾ കൊണ്ട് കളിവീണ സ്വന്തമായി നിർമിച്ച് വില്പന നടത്തി ജീവിച്ചിരുന്നയാളാണ് ബാലരാമപുരം, തെക്കേകുളം ഇടവഴിയില്‍, മങ്കാരത്ത് വീട്ടില്‍ ഹുസൈന്‍ മരണപ്പെടുമ്പോൾ എഴുപത്തിയൊന്ന് വയസ്സായിരുന്നു പ്രായം.

പ്രശസ്ത കാഥികയായിരുന്ന റംലാബീഗത്തിന്റെ ബന്ധുവാണ് ഹുസൈന്‍. 12 വയസ്സില്‍ പിതാവ് ബാബു സാഹിബില്‍ നിന്നാണദ്ദേഹം കളിവീണ നിര്‍മ്മാണം പഠിച്ചത്. വീട്ടുമുറ്റത്തെ ചിരട്ടയില്‍ നിന്നും കളിവീണയുണ്ടാക്കി തുടങ്ങിയതാണ്. സ്വയം നിർമിച്ച കളിവീണയില്‍ ജീവിതത്തിന്റെ ഈണം മീട്ടാന്‍ തുടങ്ങിയിട്ട് 59 വര്‍ഷങ്ങൾ പിന്നിട്ടു. മാധ്യമം, മീഡിയവൺ തുടങ്ങി മാധ്യമങ്ങളിൽ അദ്ദേഹത്തിന്റെ കഥ വാർത്തയായിട്ടുണ്ട്. ചിരട്ട, ഈറ, ബൈക്കിന്റെ ബ്രേക്ക് കേബിൾ പിരിച്ചുണ്ടാക്കിയ കമ്പി എന്നിവയും മണ്‍പാത്രവും ഉപയോഗിച്ചായിരുന്നു ഹുസൈന്റെ വീണ നിർമാണം.

Like This Page Click Here

Telegram
Twitter