കൃഷിയെപ്പറ്റി സംസാരിച്ച മുഖ്യമന്ത്രി കൃഷിഭൂമിക്ക് വേണ്ടി നടക്കുന്ന സമരങ്ങൾ പരിഗണിക്കുമോ?

കൃഷിയെപ്പറ്റിയൊക്കെ മുഖ്യമന്ത്രി സംസാരിച്ചു. വളരെ നല്ലത്, ഈ സംസാരങ്ങൾ ഇനി കൊട്ടിഘോഷിക്കപ്പെട്ട കേരള വികസന മാതൃകയിലേക്ക് കടക്കണം.

കേരള വികസന മാതൃക ഉയർത്തിക്കാട്ടപ്പെട്ട് അധികം വൈകാതെ തന്നെ അതിന്റെ പൊള്ളത്തരങ്ങളും കേരളത്തിൽ തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളതാണ്. തുടർന്നിങ്ങോട്ട് നിരന്തരം അതിനെപ്പറ്റിയുള്ള ചർച്ചകളും നടന്നിട്ടുണ്ട്. കൃഷി, വ്യവസായം തുടങ്ങിയ അടിസ്ഥാന മേഖലകളുടെ തകർച്ചയുൾപ്പടെ പല കാലങ്ങളിലായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.

ആദിവാസി, ദലിത് ജനവിഭാഗങ്ങളുടെ ഭൂരാഹിത്യം ഉൾപ്പെടെ കഴിഞ്ഞ ഏതാനും ദശകങ്ങളായി തന്നെ ചർച്ചയാണ്. കൃഷിഭൂമി ആവശ്യപ്പെട്ട് ആ ജനവിഭാഗങ്ങൾ നടത്തിയ സമരങ്ങളെ ചോരയിൽ മുക്കിക്കൊല്ലാനാണ് ഭരണകൂടം ശ്രമിച്ചത്. കേരള വികസനം എന്നത് റിയൽ എസ്റ്റേറ്റ്, ടൂറിസം വികസനവും മറ്റുമായി മാറിയത് നമ്മൾ കണ്ടു. ടൂറിസം നേരത്തെ തന്നെ അടിതെറ്റി വീണതാണ് കേരളത്തിൽ. നിപ്പ, പ്രളയം, ഇപ്പോൾ കൊറോണ. ഇനി ടൂറിസമാണ് ഭാവി എന്ന വിഡ്ഢിത്തങ്ങളൊന്നും വികസന ചർച്ചകളിൽ ഉണ്ടാകില്ലെന്ന് കരുതാം.

എന്തായാലും മുഖ്യമന്ത്രി കൃഷിയെപ്പറ്റി ഇന്ന് ഇത്രയധികം സംസാരിച്ച സ്ഥിതിക്ക് കൊട്ടിഘോഷിക്കപ്പെട്ട കേരള വികസന മാതൃകയെപ്പറ്റി, അതിന്റെ പൊള്ളത്തരങ്ങളെപ്പറ്റിയുള്ള ചർച്ചകൾ മുഖ്യധാരയിലേക്ക് കടക്കുമെന്നും കേരളത്തിന്റെ പുനഃസംഘാടനത്തിന് അത് വഴിതെളിക്കുമെന്നും പ്രത്യാശിക്കാം. ഭൂമിക്ക് വേണ്ടി കേരളത്തിൽ നടക്കുന്ന സമരങ്ങൾക്ക് ഇനി ഭരണകൂടം അർഹമായ പരിഗണന നൽകുമെന്നും പ്രതീക്ഷിക്കുന്നു. അതല്ലെങ്കിൽ ഇന്ന് പറഞ്ഞ കാര്യങ്ങൾ വൃഥാഭാഷണമായി ചരിത്രം വിലയിരുത്തും.


_ ജെയ്സണ്‍ സി കൂപ്പര്‍

Click Here