ദെർസിം മലനിരകളിലെ ഗറില്ലകൾ

ധീരരായ മനുഷ്യരുടെ ജന്മദേശമായ
ദെര്‍സിം മലനിരകളിൽ
ജീവിതം പതിയിരുന്ന വേളയിൽ
പകലിന്മേല്‍ പതിച്ചു രാവ്

ഗറില്ലയുടെ വെടുയുണ്ടക്കൊപ്പം
കീറിമുറിയുന്ന നിശ്ശബ്ദത
മലനിരകളുടെ ഊഷ്മളദേശങ്ങളിൽ
തുടരുന്നു നമ്മുടെ നിശ്വാസങ്ങൾ

Dersim’de Doğan Güneş (The mountains of Dersim) എന്ന, ടുർക്ചെ (Türkçe/ Turkish) ഭാഷയിലുള്ള ഗാനമാണ്. ഗ്രൂപ് യോറം (Grup Yorum) എന്ന ടർകിഷ് ബാൻഡ് കംപോസ് ചെയ്ത് അവതരിപ്പിച്ച വിഖ്യാത ഗാനം.

ഈസ്റ്റേൺ അനത്തോലിയയിലെ ടുൻജെല്ലി (Tunceli) നഗരപ്രാന്തത്തിലാണ് ദെർസിം മലനിരകൾ. ടുൻജെല്ലി സിറ്റിയെത്തന്നെ കുർദുകൾ വിളിക്കുന്നത് ദെർസിം എന്നാണ്. മുസ്തഫ കെമാൽ അത്താതുർക്ക് എന്ന തുർക്കി ദേശീയവാദി പ്രസിഡന്റിന്റെ കാലത്ത് പൊട്ടിപ്പുറപ്പെട്ട അലവി-സാസ കലാപത്തെത്തുടർന്ന് പതിമൂവായിരത്തോളം സിവിലിയന്മാരെ തുർക്കി സൈന്യം കൂട്ടക്കൊല ചെയ്ത സ്ഥലമാണ് ദെർസിം.

സംഗീതത്തിന്റെ പറുദീസയാണ് തുർക്കിയിലെ ഇസ്തംബൂൾ നഗരം. Crossing the Bridge: The Sound of Istanbul എന്ന പേരിൽ ഫതിഹ് അകിൻ സാക്ഷാത്കരിച്ച ഡോകുമെന്ററി സിനിമ പലരും കണ്ടിട്ടുണ്ടാവും. 2005 ൽ കാൻ ഫിലിം ഫെസ്റ്റിവലിൽ മൽസരവിഭാഗത്തിൽ പ്രീമിയർ ചെയ്ത ഈ സിനിമ കണ്ടവർക്കറിയാം ഇസ്തംബൂളിലെ സംഗീതത്തിന്റെ തീക്ഷ്ണത.

പലപ്പോഴും വളരെ ഉയർന്ന സ്കെയിലിലാണ് ഇസ്തംബൂൾ സംഗീതജ്ഞന്മാർ രാഗാലാപനം നടത്താറുള്ളത്. ബാബാ സുല, ഓറിയന്റ് എക്സ്പ്രഷൻസ്, റെപ്ലിക്കാസ്, എർകിൻ കോറേ, ഡ്യൂമാൻ, സെലിം സെസ്ലർ തുടങ്ങിയ കലാകാരന്മാരും ബാൻഡുകളും അണിനിരക്കുന്നുണ്ട് അകിന്റെ സിനിമയിൽ.

യോറം എന്നാൽ interpretation എന്നർത്ഥം. ഫലസ്തീനിയൻ കവി മുരീദ് ബെർഗൂഥിയുടെ interpretations എന്ന കവിത ഇവിടെ അനുസ്മരിക്കാവുന്നതാണ്. ജനാധിപത്യപരമായ സാധ്യതകളുടെ ചക്രവാളത്തെ വിപുലമാക്കുന്ന ഒരു പദം തന്നെയാണ് interpretation എന്നത്. മതത്തിലും രാഷ്ട്രീയത്തിലുമൊക്കെയുള്ള എല്ലാ റാഡിക്കലിസ്റ്റ് കാഴ്ചപ്പാടുകളെയും നിരാകരിക്കുന്ന ഒന്ന്. രാഷ്ട്രീയമായ ഇടപെടലുകളിലൂടെയും കവിതകളിലൂടെയും ഗാനങ്ങളിലൂടെയും ശ്രദ്ധേയമായ ഒരു ബാൻഡാണ് ഗ്രൂപ് യോറം.

Revolutionary People’s Liberation Party (DHKP-C) എന്ന മാർക്സിസ്റ്റ്-ലെനിനിസ്റ്റ് സംഘടനയുമായി ബന്ധം ആരോപിച്ചു കൊണ്ടും അർബൻ മാവോയിസ്റ്റുകള്‍ എന്ന് വിശേഷിപ്പിച്ചും എർദൊഗാൻ സർക്കാറിന്റെ കീഴിൽ അറസ്റ്റ്, ജയിൽ വാസം, റെയ്ഡുകൾ തുടങ്ങി പലതരത്തിലുള്ള നിയമനടപടികൾക്ക് വിധേയരായി യോറം ബാൻഡിലെ കലാകാരന്മാർ.

ഇതിനെതിരായ പ്രൊട്ടസ്റ്റിന്റെ ഭാഗമായാണ് യോറമിലെ വോകലിസ്റ്റ് ഹെലിൻ ബോലെക് നിരാഹാര സമരം ആരംഭിച്ചത്.

റജബ് തയ്യിപ് എർദൊഗാന്റെ സർക്കാർ രാഷ്ട്രീയ എതിരാളികളോട് സ്വീകരിച്ചിരിക്കുന്ന ജനാധിപത്യ വിരുദ്ധവും സ്വേഛാപരവുമായ നയങ്ങൾക്കെതിരായ നിരാഹാര സമരത്തിനൊടുവിൽ കഴിഞ്ഞ മൂന്നാം തീയതി (2020 ഏപ്രിൽ 3), തന്റെ സമരത്തിന്റെ 288 ാം ദിവസം ഹെലിൻ മരണമടഞ്ഞു.

യോറമിലെ ഇലക്ട്രിക് ഗിറ്റാർ വാദകൻ ഇബ്റാഹീം ഗോക്ചെക് നിരാഹാര സമരത്തിൽത്തന്നെ മരണം കാത്ത് കഴിയുന്നു.

ഏതൊരു ഏകാധിപതിയെയും പോലെ എർദൊഗാന്റെയും തുറുപ്പു ശീട്ടുകളാണ് രാജ്യദ്രോഹം, തീവ്രവാദം, മാവോയിസം തുടങ്ങിയ ആരോപണങ്ങൾ. ഒരുപക്ഷേ ലോകത്ത് ഏറ്റവുമധികം മാധ്യമപ്രവർത്തകർ ജയിലിൽ കിടക്കുന്ന രാജ്യങ്ങളിലൊന്നാണ് തുർക്കി.

പലരെയും പോലെ റജബ് തയ്യിപ് എർദൊഗാൻ എന്ന ഭരണാധികാരിയെ പ്രതീക്ഷയോടെ കണ്ടിരുന്ന ഒരാൾ തന്നെയാണ് ഈ കുറിപ്പുകാരനും. എന്നാൽ എന്ന് അദ്ദേഹം സ്വേഛാധിപത്യ, ദുരധികാര പ്രവണതകൾ കാണിച്ചു തുടങ്ങിയോ അന്ന് ആ പ്രതീക്ഷ കുഴിച്ചു മൂടി.

യോറം ബാൻഡ് കമ്യൂണിസ്റ്റ് ഐഡിയോളജിയുടെ ആധാരത്തിൽ പ്രവർത്തിക്കുന്നവരായിരിക്കാം. ഞാൻ ഒരു കമ്യൂണിസ്റ്റല്ല. എന്നാൽ ഒരു കമ്യൂണിസ്റ്റിന് ജനാധിപത്യപരമായ രാഷ്ട്രീയാവകാശങ്ങൾ നിഷേധിക്കുക എന്നത് എന്റെ പ്രത്യയശാസ്ത്രത്തിനെതിരായ, വിശ്വാസത്തിനെതിരായ, ഈമാനിനെതിരായ ആക്രമണമായിത്തന്നെ ഞാൻ കരുതുന്നു.

തനിക്കും തന്റെ ഭരണത്തിനുമെതിരായ അഭിപ്രായങ്ങളെയും എതിർപ്പുകളെയും ദേശീയതയും കോടതിയും തടവറയും ഉപയോഗിച്ച് അടിച്ചമർത്താനുള്ള എല്ലാ ശ്രമങ്ങളെയും ഒരൊറ്റ വാക്കുകൊണ്ട് വിശേഷിപ്പിക്കാം.

ഭരണകൂടഭീകരത.

അതിപ്പോ, തലപ്പത്തിരിക്കുന്നത് എർദൊഗാനായാലും മോദിയായാലും ഫലം ഒന്നു തന്നെയാണ്.

ഹെലിന് ആദരാഞ്ജലി
ഇബ്റാഹീം ഗോക്ചെക്കിനും ഗ്രൂപ് യോറമിനും ഐക്യദാർഢ്യം
ഭരണകൂടഭീകരത തുലയട്ടെ.
_ മുഹമ്മദ് ഷമീം

Click Here