മുസ്തഫയെ കോടതിയിൽ കേൾക്കാത്തവിധം ഭരണകൂടം കൊലപ്പെടുത്തി
തുര്‍ക്കിയിലെ വിപ്‌ളവ ഗായക സംഘമായ ഗ്രൂപ്പ് യോറത്തിലെ മറ്റൊരു സംഗീതജ്ഞന്‍ കൂടി കൊല്ലപ്പെട്ടിരിക്കുന്നു. പേര് മുസ്തഫ കോചെക്, 28 വയസുകാരനായ ഈ വിപ്‌ളവകാരി തുര്‍ക്കിയിലെ ഇസ്മിറിനടുത്തുള്ള സക്രാനിലെ ജയിലില്‍ വച്ചാണ് ഇന്ന് കൊല്ലപ്പെട്ടിരിക്കുന്നത്.
തുര്‍ക്കി ഉര്‍ദുഗാന്‍ ഭരണകൂടം ഭീകരവാദിയെന്ന് മുദ്രകുത്തി തടവിലാക്കിയ മുസ്തഫ ഇന്ന് മരണപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ ശരീരഭാരം വെറും 28 കിലോ ആയെന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്. ഒരു പോലിസ് ഇന്‍ഫോര്‍മറുടെ സംശയാസ്പദമായ സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് മുസ്തഫ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുന്നത്. 2019 ജൂലൈ 3നാണ് ഈ ഭരണകൂട നടപടിയില്‍ പ്രതിഷേധിച്ച് അദ്ദേഹം മരണംവരെ നിരാഹാര സമരം ആരംഭിക്കുന്നത്. കുറ്റസമ്മതം നടത്താനായി പൊലീസ് തന്നെ പീഡിപ്പിച്ചുവെന്ന് മുസ്തഫ വെളിപ്പെടുത്തിയിരുന്നു.
തുര്‍ക്കിയിലെ ഒരു കോടതിയിലെ ജഡ്ജായിരുന്ന മെഹ്മദ് സലിമിനെ അവിടത്തെ സായുധപ്രവര്‍ത്തകര്‍ തട്ടിക്കൊണ്ട് പോയിരുന്നു. തുടര്‍ന്ന് ജഡ്ജിയെ രക്ഷിക്കാന്‍ തുര്‍ക്കി സൈന്യം നടത്തിയ വെടിവയ്പ്പില്‍ സായുധരായ രണ്ട് ഇടത് വിപ്‌ളവകാരികളും ജഡ്ജും കൊല്ലപ്പെട്ടു. 2015 മാര്‍ച്ച് 31ന് ഇസ്താംബൂളിലായിരുന്നു സംഭവം നടന്നത്. എന്നാല്‍ സായുധര്‍ക്ക് ആയുധങ്ങള്‍ എത്തിച്ചുനല്‍കിയെന്ന് ആരോപിച്ചാണ് കൊസാക്കിനെ ഭരണകൂടം തടവിലിട്ടത്.
2013ല്‍ ഗെസി പാര്‍ക്ക് പ്രതിഷേധത്തിനിടയില്‍ ബെര്‍കിന്‍ എല്‍വാന്‍ എന്ന 15 വയസുകാരന്‍ കൊല്ലപ്പെട്ടിരുന്നു. കൊലപാതകം അന്വേഷിച്ചത് മെഹ്മദ് സലിം ആയിരുന്നു. വീട്ടിലേക്ക് റൊട്ടി വാങ്ങുവാന്‍ പോയതായിരുന്നു ബെര്‍കിന്‍, തലയ്ക്ക് കണ്ണീര്‍വാതക ഷെല്‍ തറച്ച് ഒരു വര്‍ഷക്കാലത്തോളം കോമയിലായിരുന്നു ബെര്‍കിന്‍. ബെര്‍കിന്റെ കൊലയാളികളെ ജനങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കമ്മ്യൂണിസ്റ്റ് വിപ്‌ളവകാരികള്‍ കാംപയിന്‍ നടത്തിയിരുന്നു.
ജഡ്ജിയെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത ഡസന്‍ കണക്കിന് പൊതുപ്രവര്‍ത്തകര്‍ക്കെതിരെ വിപുലമായ അറസ്റ്റുകള്‍ ആരംഭിച്ചു. നിയമപരവും ധാര്‍മ്മികവുമായ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് ഇസ്താംബൂള്‍ കോടതിയില്‍ വിചാരണയും തുടങ്ങി. 2019 ജൂലൈ 11ന് അഞ്ചുപേര്‍ക്കെതിരേ കോടതി കനത്ത ശിക്ഷ വിധിച്ചു. മുസ്തഫക്കും അഭിഭാഷകനായ മുറാത്ത് കാനിമിനും ഭരണഘടനാ ലംഘനം നടത്തിയെന്നതിന്റെ പേരില്‍ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.
2019 ജൂലൈ 3ന് മുസ്തഫ നിരാഹാര സമരം ആരംഭിച്ചു. മരിക്കുക എന്ന ഉദ്ദേശമായിരുന്നില്ല മറിച്ച് ഒരു തടവുകാരന് അനീതിക്കെതിരെ പോരാടുക എന്ന പ്രതിഷേധത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും ഏക രൂപം അത് മാത്രമായിരുന്നു എന്നത് കൊണ്ടായിരുന്നു.
മുസ്തഫ നിരാഹാരം തുടങ്ങി ഒരുമാസം പിന്നിടുമ്പോള്‍ ഉമ്മ സെയ്നെപ് കോചെക് ഒരു പത്രസമ്മേളനത്തില്‍ ഇങ്ങനെ പറഞ്ഞു, ”എന്‍റെ മകന്‍ നിരപരാധിയാണ്. അവന് വേണ്ടി എന്തും ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. എന്‍റെ മകന്‍ എല്ലാ രാഷ്ട്രീയ തടവുകാര്‍ക്കും വേണ്ടി നിരാഹാരത്തിലാണ്. മുസ്തഫയുടെ പിതാവ് ഹസന്‍ കോചെക് മുസ്തഫ നേരിടേണ്ടി വന്ന വിചാരണയെ ”അനീതികളുടെ ഒരു പരമ്പര” എന്നാണ് വിശേഷിപ്പിച്ചത്. കസ്റ്റഡിയിലിരിക്കെ എന്‍റെ മകനെ അവര്‍ ക്രൂരമായി പീഡിപ്പിച്ചു, ഗര്‍ഭിണിയായ സഹോദരിയെ പോലിസ് ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. കൂടെ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്കെതിരേ രഹസ്യ മൊഴി നല്‍കാന്‍ ആവശ്യപ്പെട്ടായിരുന്നു ഇത്.
മരണത്തിന് ഏതാനും നാള്‍ മുമ്പ് ജയിലില്‍ അതിഭീകരമായ മാനസിക പീഢനങ്ങള്‍ക്ക് മുസ്തഫ ഇരയായിരുന്നു. ബോധം നഷ്ടപ്പെടുകയാണെങ്കില്‍ നിര്‍ബന്ധിതമായി ഭക്ഷണം നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. നിരാഹാര സമരത്തിലിരിക്കുന്നവര്‍ക്ക് നിര്‍ബന്ധിതമായി ഭക്ഷണം നല്‍കുന്നത് മറവിരോഗത്തിന് കാരണമാകുമെന്നും കൊടിയ പീഢനമാണെന്നും ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പറയുന്നു.
അദ്ദേഹത്തിന് വേണ്ടത് ന്യായമായ വിചാരണ മാത്രമാണ്, അവർ അദ്ദേഹത്തിന് ഈ അവസരം നൽകിയില്ല. അന്യായമായ ഒരു വിധിന്യായത്തിന്റെ ഏറ്റവും പുതിയ ഇരയായി അദ്ദേഹം മാറി,” കുർദിഷ് അനുകൂല പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ നിയമനിർമ്മാതാവ് ഒമര്‍ ഫാറൂഖ് ട്വിറ്ററില്‍ എഴുതി.
മുസ്തഫയുടെ നിരാഹാര സമരത്തിന്റെ 297-ാം ദിവമാണ് അദ്ദേഹം മരിച്ചതെന്ന് നിയമഗ്രൂപ്പായ പീപ്പിൾസ് ലോ ഓഫീസ് പറയുന്നു. തങ്ങളുടെ കക്ഷിയായ മുസ്തഫക്ക് ഭരണകൂടം ന്യായമായ വിചാരണയ്ക്കുള്ള അവകാശം പോലും നല്‍കിയില്ലെന്ന് പീപ്പിൾസ് ലോ പറയുന്നു.
“മുസ്തഫയെ കോടതിയിൽ കേൾക്കാത്തവിധം ഭരണകൂടം കൊലപ്പെടുത്തി” ഗ്രൂപ് യോറത്തിന്‍റെ പ്രതിഷേധ പ്രസ്താവനയില്‍ പറയുന്നു.
ബാൻഡ് അംഗങ്ങൾക്ക് ന്യായമായ വിചാരണക്കുള്ള അവകാശം, ഗ്രൂപ് യോറത്തിന്റെ നിരോധനം പിൻവലിക്കുക, സർക്കാർ ജയിലിലടച്ചിരിക്കുന്ന സംഘാംഗങ്ങളെ വിട്ടയക്കുക, ഗ്രൂപ് യോറത്തിനെതിരായ കേസുകൾ പിൻവലിക്കുക, സംഗീത പരിപാടികൾ അവതരിപ്പിക്കാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു നിരാഹാരസമരം നടത്തിയിരുന്ന വിപ്ലവ ഗായിക ഹെലിന്‍ ബോലെക് നിരാഹാര സമരത്തിന്റെ 288 ാം ദിവസം ഏപ്രില്‍ 3നു രക്തസാക്ഷിയായിരുന്നു.
ഹെലിന്‍റെയും മുസ്തഫയുടെയും രക്തസാക്ഷിത്വത്തിന് ശേഷവും അവരുടെ പ്രിയസഖാക്കള്‍ രാഷ്ട്രീയ തടവുകാരുടെ അവകാശങ്ങള്‍ക്കായി നിരാഹാര സമരം തുടരുകയാണ്. ഹെലിനൊപ്പം ജയിലില്‍ സമരം തുടങ്ങിയ ഗിറ്റാറിസ്റ്റ് ഇബ്രാഹിം ഗോക്ചെകിന്‍റെ നിരാഹാര സമരം 312 ാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് മുസ്തഫയെ അവര്‍ക്ക് നഷ്ടപ്പെടുന്നത്.
_ അബു