മലപ്പുറത്തെ വിദ്യാർത്ഥികൾ പ്ലസ് വണ്ണിന് എവിടെയാണ് പഠിക്കേണ്ടത് ?

സീറ്റുകൾ ലഭ്യമല്ലാത്ത വിദ്യാർത്ഥികൾ തങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾ അവസാനിപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇതിനു കാരണക്കാർ മാറിമാറി വന്ന ഭരണകൂടങ്ങൾ തന്നെയാണ്…


മുഹമ്മദ് വഫ

കഴിഞ്ഞ പത്ത് വർഷക്കാലമായി മലപ്പുറം ജില്ല അഭിമുഖീകരിക്കുന്ന പ്രതിസന്ധികളിൽ ഒന്നാണ് ഹയർ സെക്കൻഡറി സീറ്റുകൾ. മാറി മാറിവന്ന സർക്കാറുകൾ അത്ര ഗൗരവത്തോടെയെല്ല കൈകാര്യം ചെയ്തിട്ടുള്ളത് എന്ന് കൃത്യമായി മനസ്സിലാക്കാൻ സാധിക്കും. കാരണം, കഴിഞ്ഞ കാലങ്ങളിലൊക്കെ ഇവർ ചെയ്തത് 10 ശതമാനമോ 20 ശതമാനമോ സീറ്റ് വർധിപ്പിക്കുക മാത്രമാണ് ചെയ്തത്. അങ്ങനെ വർധിപ്പിച്ചത് കൊണ്ട് ഒരു ക്ലാസിൽ ശരാശരി 60 മുതൽ 80 വിദ്യാർത്ഥികൾ വരെ ഇരിക്കുന്ന ഒരു സംവിധാനം, പലപ്പോഴും ക്ലാസ്സുകൾ ഒരു സമ്മേളന നഗരിയാക്കാനാണ് ഇവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജില്ലയിൽ നാൽപതോളം വരുന്ന ഹൈസ്കൂൾ ഹയർസെക്കൻഡറിയാക്കി ഉയർത്തുകയും നിലവിലുള്ള സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ അധിക ബാച്ചുകൾ അനുവദിക്കുകയും ചെയ്താൽ മലപ്പുറം ജില്ലയിൽ നിലവിലുള്ള പ്ലസ് വൺ സീറ്റുകളുടെ കുറവ് പരിഹരിക്കാൻ കഴിയും.

കണക്കുകൾ നോക്കാം
ജില്ലയിൽ 80,052 വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതുകയും ഉപരിപഠനത്തിനായി 78,335 വിദ്യാർത്ഥികൾ അർഹത നേടുകയും ചെയ്തു. എന്നാൽ ജില്ലയിലെ ലഭ്യമായ പ്ലസ് വൺ സീറ്റുകളുടെ എണ്ണം 52,775 ആണ്. 25,560 വിദ്യാർത്ഥികൾ പ്ലസ് വണ്ണിന് സീറ്റില്ലാതെ സ്വകാര്യമേഖലയെ ആശ്രയിക്കേണ്ടിവരുന്നു. സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ സീറ്റുകൾ ലഭിക്കാത്ത വിദ്യാർത്ഥികളിൽ ഒരു 10 ശതമാനമെങ്കിലും തങ്ങളുടെ ഉപരിപഠനത്തിന് പോകുമോ എന്ന കാര്യം തന്നെ സംശയമാണ്. മധ്യകേരളത്തിൽ സീറ്റുകളുടെ വർധനവ് കൊണ്ട് ഓരോ ക്ലാസ് റൂമുകളും ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയാണ്. മലപ്പുറത്ത് ആണെങ്കിൽ സീറ്റുകൾ ലഭ്യമല്ലാത്ത വിദ്യാർത്ഥികൾ തങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾ അവസാനിപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇതിനു കാരണക്കാർ മാറിമാറി വന്ന ഭരണകൂടങ്ങൾ തന്നെയാണ്.

എന്താണ് ഇതിനൊരു പരിഹാരം മാർഗം ?
മലപ്പുറം ജില്ലയിൽ സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളുടെ എണ്ണം 85 ആണ്. നിലവിൽ 435 ബാച്ചുകളായി 26,100 സീറ്റുകളാണ് ഉള്ളത്. ഓരോ സർക്കാർ സ്കൂളുകളിലും പുതിയ രണ്ട് ബാച്ചുകൾ അനുവദിച്ചാൽ ആകെ 605 ബാച്ചുകളായി ഉയർത്താൻ സാധിക്കും. ഒരു ക്ലാസിൽ ശരാശരി 60 കുട്ടികളെ കൂട്ടുകയാണെങ്കിൽ 36,300 ആയി ഉയരും.അങ്ങനെയെങ്കിൽ 36,300-26,100 = 10,200 സീറ്റുകളായി വർധിക്കും.

ജില്ലയിൽ ആകെ 84 എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകൾ ഇവയിൽ 389 ബാച്ചുകളിൽ നിന്ന് 23,340 സീറ്റുകളാണ് നിലവിലുള്ളത്. സമാനമായ രീതിയിൽ ഓരോ സ്കൂളുകളിലും രണ്ട് ബാച്ചുകൾ അനുവദിക്കുകയാണെങ്കിൽ 10,080 സീറ്റുകൾ വർധിക്കുന്നു.

സർക്കാർ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ പുതിയ ബാച്ച് അനുവദിച്ചു കഴിഞ്ഞാൽ നിലവിലുള്ളതിനേക്കാൾ 20,280 സീറ്റുകൾ വർധിക്കും. ബാക്കി 5,560 സീറ്റുകൾ മാത്രം കുറവ്. ജില്ലയിലുള്ള 40 ഹൈസ്കൂൾ ഹയർസെക്കൻഡറിയാക്കി ഉയർത്തി കഴിഞ്ഞാൽ ഒരു സ്കൂളിൽ പ്രധാനപ്പെട്ട മൂന്ന് ബാച്ച് അനുവദിച്ചാൽ 7,200 സീറ്റുകൾ വീണ്ടും ലഭിക്കും. അങ്ങനെയെങ്കിൽ മലപ്പുറത്തുള്ള സീറ്റുകളുടെ ഗണ്യമായ കുറവ് പരിഹരിക്കാൻ സാധിക്കും.

ഇത്രയേറെ ബാച്ചുകൾ അനുവദിച്ചു കഴിഞ്ഞാൽ പഠിപ്പിക്കാൻ അധ്യാപകർ എവിടെ എന്ന് ചോദിക്കുന്നവരോട് കൃത്യമായി പറയാൻ കഴിയുന്നത്, ഇന്ന് നമ്മുടെ നാട്ടിൽ ആയിരകണക്കിന് അധ്യാപകരാണ് പ്രൈവറ്റ് ട്യൂട്ടോറിയൽ മേഖല ആശ്രയിക്കുന്നത്. പുതിയ ബാച്ചുകൾ അനുവദിച്ച് കഴിഞ്ഞാൽ ആ അധ്യാപകർക്ക് കൂടെ തങ്ങളുടെ ജോലിയിൽ അവസരം ലഭിക്കുന്നു. കാലങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന സീറ്റ് എണ്ണത്തിലെ കുറവ് ഇനിയെങ്കിലും പരിഹരിക്കാൻ സാധിച്ചില്ലായെങ്കിൽ വരുംകാലങ്ങളിൽ നികത്താൻ കഴിയാത്ത തരത്തിൽ മലപ്പുറം ജില്ലയിലെ പ്ലസ് വൺ സീറ്റ് മാറുമെന്നത് നിസംശയം പറയാം.

Leave a Reply