ആക്രമിക്കപ്പെടുന്നത് മുസ്‌ലിമാണെങ്കിൽ കൊല്ലപ്പെടാനുള്ള സാധ്യത കൂടുതൽ

ആൾക്കൂട്ട അതിക്രമങ്ങൾക്ക് വിധേയരായവരിൽ 97 ശതമാനവുമുണ്ടായത് നരേന്ദ്ര മോദി അധികാരത്തിലെത്തിയതിന് ശേഷമാണ്…


ബിബിത് കെ

“ആഭ്യന്തര യുദ്ധത്തിനുശേഷം അമേരിക്കയിൽ ആഫ്രിക്കക്കാർക്കെതിരെ നടക്കുന്ന കൊലപാതകങ്ങൾ കാണാൻ കുടുംബങ്ങൾ കൂട്ടത്തോടെ വിനോദയാത്രപോലെ പോകുമായിരുന്നു.” എന്ന് മോബ് ലിഞ്ചിംഗിനെതിരെ പോരാടുന്ന സാമൂഹ്യപ്രവർത്തകൻ ഹർഷ് മന്ദർ ഇക്കഴിഞ്ഞ കേരള ലിറ്ററേച്ചർ ഫെസ്ററിവലിൽ വ്യക്തമാക്കുകയുണ്ടായി. ഇന്ന് ഇന്ത്യയിൽ നടക്കുന്ന ആൾക്കൂട്ടക്കൊലകളും ആക്രമണങ്ങളും വീഡിയോകളിലൂടെ പ്രചരിപ്പിക്കപ്പെടുന്നത് അതുപോലെയാണെന്നുകൂടി അദ്ദേഹം വ്യക്തമാക്കുന്നു.

ലോകത്തിലെ ഏറ്റവും അടഞ്ഞരീതിയിലുള്ള സാമൂഹിക വ്യവസ്ഥയായിരുന്നു ഇന്ത്യയിലേതെന്നും അതിൽ കേരളത്തിലായിരുന്നു ഏറ്റവും അടഞ്ഞ വ്യവസ്ഥിതി ഉണ്ടായിരുന്നതെന്നും സാമൂഹിക ശാസ്ത്രജ്ഞർ നിരീക്ഷിച്ചിട്ടുണ്ട്. അടിമത്തം ലോകത്ത് നിരോധിക്കാൻ കാരണമായതിൽ കേരളത്തിലെ അധസ്ഥിതരുടെ അവസ്ഥയെപ്പറ്റിയുള്ള ബ്രിട്ടീഷ് റിപ്പോർട്ടുകളുമുണ്ടെന്ന കാര്യം പുറത്തുവരികയുണ്ടായി.

ഹർഷ് മന്ദർ തുടരുന്നത് ഇങ്ങനെയാണ്, “എവിടേയും നിങ്ങൾ ആക്രമിക്കപ്പെട്ടേക്കാം. പശുവുമായി ബന്ധപ്പെട്ട് ആക്രമിക്കപ്പെട്ട കേസുകളിൽ 50 ശതമാനം മാത്രമേ മുസ്‌ലിങ്ങൾ ഉള്ളൂ. അതിൽ 87 ശതമാനംപേരും കൊല ചെയ്യപ്പെട്ടിട്ടുണ്ട്. അതായത് ആക്രമിക്കപ്പെടുന്നത് മുസ്‌ലിമാണെങ്കിൽ കൊല ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നർഥം. ബാക്കിയുള്ളതിൽ 8 ശതമാനം ദലിതുകളാണ്.

“അതിഭീകരമായ ക്രൂരതയോടെയുള്ള ആക്രമണങ്ങളാണ് മണിപ്പൂരിൽ നടക്കുന്നതെന്നും മന്ദർ പറയുന്നു. നിങ്ങൾക്ക് ആളെ അറിയുകപോലും ഉണ്ടാകില്ല. അയാൾ പശുക്കള്ളനാണെന്നുള്ള അപവാദം നാട്ടിൽ പരക്കുന്നു. ആൾക്കാർ കൂട്ടംകൂടി അയാളെ ആക്രമിക്കുന്നു. കണ്ണുകൾ ചൂഴ്ന്നെടുക്കുന്നു. ജനനേന്ദ്രിയങ്ങൾ അടിച്ചുതകർക്കുന്നു.”

“ഒരു ഐഡന്റിറ്റി മാത്രം നിലനിൽക്കണോ എന്നാണ് ഇന്നത്തെ ഏറ്റവും വലിയ ചോദ്യം. ആൾക്കൂട്ട അതിക്രമങ്ങൾക്ക് വിധേയരായവരിൽ 97 ശതമാനവുമുണ്ടായത് നരേന്ദ്ര മോദി അധികാരത്തിലെത്തിയതിന് ശേഷമാണ്. ഇത് കേവലം യാദൃശ്ചികമല്ല. ഇത് ഒരു ലോ ആൻഡ് ഓർഡർ സിറ്റുവേഷൻ അല്ല, ഇതൊരു കുറ്റകൃത്യമാണ്. നമ്മുടെ നാടിന്റെ രക്തക്കുഴലിൽ വെറുപ്പിന്റെ ഹെറോയിൻ കുത്തിവെച്ചിരിക്കുന്നു.” എന്നാണ് ഹർഷ് മന്ദർ പറയുന്നത്.

ജനാധിപത്യം തന്നെ നിലനിൽക്കുന്നത് ഭൂരിപക്ഷത്തിന്റ അടിസ്ഥാനത്തിലല്ല, ന്യൂനപക്ഷത്തെ എങ്ങനെ പരിഗണിക്കുന്നു എന്നതിന്റെ കൂടി അടിസ്ഥാനത്തിലാണെന്ന വാദംപോലും മനസ്സിലാകുന്ന ഒരു സാമൂഹ്യ അന്തരീക്ഷമല്ല നിലനിൽക്കുന്നത്.

ആക്രമിക്കപ്പെട്ട മുസ്‌ലിങ്ങൾ ഭയത്തിലാണ്. എന്നാൽ ദലിതുകൾ അങ്ങനെയല്ല പ്രതികരിക്കുന്നത്. അവർ പറയുന്നത് അവരുടെ രാജ്യം തന്നെയാണ് ഇതെന്നാണ്. മുസ്‌ലിങ്ങൾ ഇതുന്നയിക്കാൻ പോലും ഭയപ്പെടുന്നത് നമ്മുടെ കൂട്ടായ പരാജയമാണ്.

2011ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ഗ്രാമങ്ങളിലുള്ള കുടുംബങ്ങളിൽ 10,000 രൂപയെങ്കിലും സമ്പാദിക്കാത്ത വീടുകളാണ് 90 ശതമാനവും.

ബെഗുസരായിയിൽ മുസ്‌ലിം ചെറുപ്പക്കാരനെ പാകിസ്ഥാനി എന്നാരോപിച്ച് വെടിവെച്ച് കൊന്നിരിക്കുന്നു എന്നതാണ് അവസാന വാർത്ത. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം രാജ്യത്ത് വ്യാപകമായി മുസ്‌ലിങ്ങൾക്ക് നേരെ അതിക്രമങ്ങൾ തുടരുകയാണ്. ബെഗുസരയിൽതന്നെ നേരത്തെ കനയ്യകുമാറിനുവേണ്ടി പ്രവർത്തിച്ച ഒരു പ്രവർത്തകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു.

Leave a Reply