മകളുടെ വിമോചന സ്വപ്നങ്ങളെ വാരിപുണർന്നൊരുമ്മ

ഈ ഉമ്മയുടെ മരണത്തിലും ഭരണകൂടത്തിന് പങ്കുണ്ട്…


സി എ അജിതൻ

ഇന്നലെ രാവിലെ ആറരമണിക്ക് തൃശ്ശൂർ സൺ ആശുപത്രിയിൽ ഉമ്മയുടെ ഓപ്പറേഷനുവേണ്ടിയുള്ള സമ്മതപത്രത്തിൽ സാക്ഷിയായി ഒപ്പ് വയ്ക്കുമ്പോൾ ഒരു തരത്തിലുള്ള പതർച്ചയുമുണ്ടായിരുന്നില്ല. കാരണം, അത്രമേൽ സന്തോഷവതിയായിരുന്നു ഉമ്മ.

“എപ്പഴ ഓപ്പറേഷനുകൊണ്ടുപോവുക”

എന്ന ചോദ്യം അപാരമായ ധൈര്യത്തോടെ തന്നെയായിരുന്നു. ആവശ്യമായ രക്തം നൽകാനെത്തിയ രണ്ടു സുഹൃത്തുക്കളേയും കൊണ്ട്  ഐ.എം.എ രക്തബാങ്കിൽ കാത്തിരിക്കുമ്പോഴാണ് സഖാവ് ഷൈനയുടെ വിളിവരുന്നത്,

“അജിതാ രക്തം വേണ്ട, ഉമ്മാന്റെ ഓപ്പറേഷൻ കഴിഞ്ഞു… തിയറ്ററിൽ നിന്ന് പുറത്ത് കൊണ്ട് വന്നു. ഞങ്ങൾ കണ്ടു സംസാരിച്ചു… ഒരു കുഴപ്പവുമില്ല, ഉമ്മ സന്തോഷവതിയാണ്…”

വലിയ ആശ്വാസം തോന്നി. നീണ്ടകാലത്തെ ചികിത്സയുടെ വിജയമെന്നാണ് കരുതിയത്. രക്തം കാനെത്തിയ സുഹൃത്തുക്കളെ തിരിച്ചയച്ച് ആശുപത്രിയിലെത്തി. ഷൈനയുമായി വീണ്ടും പുറത്തിറങ്ങി. ഉമ്മാന് ആവശ്യമായ മരുന്നുകളും മറ്റും വാങ്ങി ആശുപത്രിയിലെത്തി. എന്താവശ്യമുണ്ടെങ്കിലും വിളിക്കു സഖാവെ എന്ന് പറഞ്ഞ് തിരികെ വീട്ടിൽ എത്തുമ്പോൾ ഉച്ചതിരിഞ്ഞ് മൂന്നു മണി. അൽപം ഭക്ഷണം കഴിച്ച് ഒന്നു മയങ്ങി. നാലരയോടെ സഖാവിന്റെ വിളി വീണ്ടും,

“അജിതാ… ഉമ്മാന്റെ സ്ഥിതി മോശമായി വെന്റിലേറ്ററിലേയ്ക്ക് മാറ്റി…”

കുറച്ചു കഴിഞ്ഞപ്പോൾ സഖാവ് ഗഫൂറിന്റെ വിളി, “നീയ്യെവ്യട്യാ…” ഞാൻ വീട്ടിലാണെന്നറിയിച്ചു. വിശേഷമുണ്ടെങ്കിൽ അറിയിക്കാനും പറഞ്ഞു. അഞ്ചെ നാൽപതോടെ ഗഫൂറിന്റെ വിളി വീണ്ടും,

” എല്ലാം കഴിഞ്ഞു അജിതാ…”

1990കളോടെ എല്ലാം കീഴ്മേൽ മറിഞ്ഞ ഉമ്മയുടെ ജീവിതം. ഷൈന നക്സലൈറ്റ് ആയതും രൂപേഷുമൊത്ത് ഒരുമിച്ചുള്ള ജീവിതവും ആ ഉമ്മയുടെ അതുവരേയുള്ള ജീവിതത്തെ കീഴ്മേൽമറിച്ചു. അതിലൊരുതരത്തിലുള്ള ഗൗരവപ്പെട്ട വിദ്വേഷങ്ങളൊന്നുമില്ലാതെ അവരുടെ ഇഷ്ടങ്ങളെ വാരി പുണർന്നൊരുമ്മ. ജനങ്ങളുടെ വിമോചന സ്വപ്നങ്ങളുമായി സാമൂഹ്യപ്രവർത്തനത്തിൽ ഇറങ്ങി തിരിച്ചത് അവരുടെ പിഞ്ചുമക്കളെ (ആമിയും, സവേരയും) ആ ഉമ്മയെ ഏൽപ്പിച്ചു കൊണ്ടായിരുന്നു. ഒരു പരിഭവവുമില്ലാതെ മാറോട് ചേർത്ത് ആ ഉമ്മ വാത്സല്യത്തോടെ അവരുടെ സംരക്ഷണം ഏറ്റെടുത്തു.

ഷൈന അടക്കമുള്ള സഖാക്കളെ കോയമ്പത്തൂർ കരുമത്താംപെട്ടിയിൽ നിന്നും അറസ്റ്റ് ചെയ്ത് വിചാരണപോലുമില്ലാതെ ജയിലിലടച്ച  കാലം. ആ ആവലാതികളിൽ ഉമ്മയുടെ ആരോഗ്യസ്ഥിതി പലപ്പോഴും മോശമായി. ജാമ്യ പ്രതീക്ഷകളുമായി കോടതി വരാന്തയിൽ ജയിലുകളിൽ കയറിയിറങ്ങിയ ഉമ്മ. വീട്ടിൽ പോലീസ് അതിക്രമങ്ങൾ. അവസാനം മൂന്നര വർഷത്തെ തടവുജീവിതത്തിന് അന്ത്യമായി ഷൈനയ്ക്ക് ജാമ്യം ലഭിച്ചു.

ഒട്ടേറെ നിബന്ധനകൾവച്ചുകൊണ്ട്, ദിവസവും രണ്ട് തവണ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ ഒപ്പ് വയ്ക്കണമെന്ന നിബന്ധനകൾ. ഫലത്തിൽ ജാമ്യത്തോടെയുള്ള വലിയൊരു തടവറ. ജാമ്യം ലഭിച്ചിട്ടും മകളെ തിരിച്ചുകിട്ടാതെ പോയൊരുമ്മ ഹൃദയരോഗത്തിനടിപ്പെട്ടു. ഹൃദയ ശാസ്ത്രക്രിയയെ തുടർന്ന് ഉമ്മയുടെ പരിപാലനത്തിന് ഉമ്മയോടൊപ്പം ചെലവഴിക്കാൻ ജാമ്യ നിബന്ധനകളിൽ ഇളവുവരുത്താൻ നൽകിയ അപേക്ഷകളിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാൻ കോടതികൾ തയ്യാറായില്ല.

അതുകൊണ്ട് തന്നെ സ്വന്തം വീട്ടിൽ നിന്നും ഉമ്മയ്ക്ക് സ്ഥിരപരിചയമില്ലാത്ത മറ്റൊരു വീട്ടിലേയ്ക്ക് മാറി താമസിക്കേണ്ടി വന്നു. വീടിനകത്തെ പരിചയ കുറവാണ് ഉമ്മയുടെ വീഴ്ച്ചയുടെ കാരണമായി മാറിയത്. തുടയ്ക്ക് മുകളിലുള്ള എല്ലാണ് പൊട്ടിയത്. മാസങ്ങളോളം ഒരേ കിടപ്പ്. ഒരുപക്ഷേ ജാമ്യ നിബന്ധനകൾ ഇളവു വരുത്തിയെങ്കിൽ ഷൈനയ്ക്ക് ഉമ്മയോടൊപ്പം നിൽക്കാമായിരുന്നു. ഒരുതരത്തിലും മാനുഷിക പരിഗണയില്ലാത്ത ഭരണകൂടം ഈ മരണത്തിൽ പ്രതിയാണ്.

വലപ്പാടുള്ള ഉമ്മയുടെ വീട്ടിൽ കേരളത്തിനകത്തുനിന്നും പുറത്ത് നിന്നും എത്തുന്ന എല്ലാവരും ഉമ്മയുടെ മക്കളും പേരക്കുട്ടികളുമായിരുന്നു, അതോടൊപ്പം സഖാക്കളും. സ്വന്തം ജീവിതം കൊണ്ട് പൊരുതി ജീവിച്ചൊരുമ്മ, ആദരാഞ്ജലികൾ…

Leave a Reply