ജൂതര്‍ക്കെതിരെ നാസികള്‍ പഠിപ്പിച്ച വെറുപ്പിന്‍റെ ചരിത്രം

#SocialMedia

പൗരത്വം എടുത്തുകളയപ്പെട്ട ശേഷം ജർമൻ അധിനിവേശ പോളണ്ടിലെ ജൂതരെ വേർതിരിച്ച് പാർപ്പിക്കാൻ നാസികൾ ഉണ്ടാക്കിയ വേർതിരിവ് ഇടങ്ങളിലെ (Ghetto) ഏറ്റവും വലിപ്പമേറിയവയിൽ ഒന്നായിരുന്നു വാഴ്സോ ഘെറ്റോ. ഏതാണ്ട് 3.4 ചതുരശ്രകിലോമീറ്റർ സ്ഥലത്ത് (രണ്ടുകിലോമീറ്റർ നീളവും ഒന്നേമുക്കാൽ കിലോമീറ്റർ വീതിയും ഉള്ള ഒരു പ്രദേശം സങ്കൽപ്പിക്കുക) നാലു ലക്ഷം ജൂതരെ പാർപ്പിച്ചു. ഒരു മുറിയിൽ ശരാശരി പത്തുപേർ വീതം. വളരെ കുറഞ്ഞ അളവിൽ റേഷൻ ഭക്ഷണത്തിലാണ് അവർ അവിടെ നിലനിന്നു പോന്നത്.

നാസികൾ ജൂതരെ മനുഷ്യരിലും കുറഞ്ഞ ഒരു സ്പീഷിസ് ആയിട്ടാണ് വിശേഷിപ്പിച്ചിരുന്നത്. തങ്ങൾക്ക് അവകാശപ്പെട്ട ലോകത്ത് അധിവസിക്കുന്ന “എലികൾ” എന്ന് ജൂതരെ നാസികൾ വിളിച്ചു. ഇവരെ ഇല്ലാതാക്കിയാൽ അന്ന് അവർ അനുഭവിക്കുന്ന സമ്പത്തും സ്ഥലങ്ങളും തങ്ങളുടേതാകുമെന്ന് ജർമൻകാരെ നാസികൾ വിശ്വസിപ്പിച്ചു. ഒരിക്കൽ മനുഷ്യരിലും താഴെയുള്ള ഒരു വർഗ്ഗം എന്നു വിശേഷിപ്പിച്ച് ബാക്കിയുള്ളവരെ വിശ്വസിപ്പിക്കാൻ കഴിഞ്ഞാൽ അവരോട് ചെയ്യുന്ന ക്രൂരതയ്ക്ക് മനുഷ്യരോട് ചെയ്യുന്ന ക്രൂരതയിലും കുറഞ്ഞ അളവിലുള്ള കുറ്റബോധമേ തോന്നുകയുള്ളൂ. എന്നിട്ടും പലരും ജൂതരെ ഒളിവിൽ കഴിയാൻ സഹായിച്ചു, പിടിക്കപ്പെട്ടാൽ വധശിക്ഷ ലഭിക്കാൻ പോലും യോഗ്യതയുള്ള കുറ്റമായിരുന്നു അത്.

ഘെറ്റോയിൽ നിന്നും നേരേ മരണപ്പാളയത്തിലേക്കാണ് ജൂതരെ അയച്ചിരുന്നത്. ഇത്തരം ക്യാമ്പുകൾ ഒന്നോ രണ്ടോ ആയിരുന്നില്ല, പ്രധാനപ്പെട്ടവ തന്നെ ഇരുപതെണ്ണം ഉണ്ടായിരുന്നു. മിക്കവയ്ക്കും ഉപക്യാമ്പുകൾ വേറെയും. അവയൊക്കെ വളരെ വലിപ്പമേറിയവയും വളരെ കൃത്യമായ പ്ലാനോടുകൂടി തയ്യാറാക്കിയവയും ആയിരുന്നു. ഈ ക്യാമ്പുകൾ ഉണ്ടാക്കിയത് അത്ര രഹസ്യമായിട്ടൊന്നുമല്ല. ഇന്ന് അവശേഷിച്ചിട്ടുള്ള ഓഷ്‌വിറ്റ്സ് ക്യാമ്പിനുപോലും 472 എക്കർ വിസ്താരമുണ്ട്. ഇവിടെ മരണകേന്ദ്രങ്ങൾ ഉണ്ടാക്കാൻ ടെണ്ടർ വിളിച്ച് കരാർ കൊടുക്കുകയായിരുന്നു.

വിഷവാതകം കയറ്റിക്കൊല്ലാനുള്ള അടഞ്ഞമുറികൾ, ശവശരീരങ്ങൾ കത്തിച്ചുകളയാനുള്ള അടുപ്പുകൾ, കത്തുന്ന പുകപോകാനുള്ള നിരവധിയായ പുകക്കുഴലുകൾ. അതായത് ആയിരക്കണക്കിന് ആൾക്കാർക്ക് എന്താണ് അവിടെ ഉണ്ടാക്കാൻ പോകുന്നതെന്ന് അറിയുമ്പോൾ പോലും ഈ കൂട്ടക്കുരുതികൾ നടക്കുന്നത് ലോകത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് എത്തിയത് എത്രയോ വർഷങ്ങൾക്കുശേഷമാണ്. ആർക്കും മനുഷ്യത്വമില്ലാത്തതായിരുന്നില്ല കാരണം, കാലങ്ങൾ കൊണ്ട് ജൂതർക്കെതിരെ നാസികൾ സൃഷ്ടിച്ചെടുത്ത വെറുപ്പും അവരെ സംരക്ഷിച്ചാൽ കിട്ടുന്ന ശിക്ഷകളും അവർ ഒഴിവായി കിട്ടിയാൽ അവരുടെ സമ്പത്ത് തങ്ങള്‍ക്ക് ലഭിക്കുമെന്നതുമായിരുന്നു പ്രധാന കാരണങ്ങൾ.
_ വിനയ് രാജ് വി ആര്‍

Leave a Reply