ഈ സിനിമ കുട്ടികൾക്ക് കാണിച്ചു കൊടുക്കേണ്ടതുണ്ട്

ബ്രാഹ്‌മണിക് പ്രത്യയശാസ്ത്രവും അപരരോടുള്ള അതിന്‍റെ വംശീയവെറിയും നാൾക്കുനാൾ വര്‍ദ്ധിച്ചുവരുന്ന നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ നമ്മുടെ കുട്ടികളിൽ വിഷം കയറ്റുന്നത് തടയാൻ അപരരോട്, മർദ്ദിതരോട് ഒപ്പം നിൽക്കാൻ, സ്നേഹിക്കാൻ കുട്ടികൾക്ക് ഈ സിനിമ കാണിച്ചു കൊടുക്കേണ്ടതുണ്ട്…


പ്രശാന്ത് പ്രഭ ശാർങ്ഗധരൻ

രണ്ടാം ലോക മഹായുദ്ധത്തെ പറ്റിയും നാസി ജർമ്മനിയെ പറ്റിയും നിരവധി ലോകോത്തര സിനിമകൾ വന്നിട്ടുണ്ടെങ്കിലും 2019ൽ ഇറങ്ങിയ ജോജോ റാബിറ്റ് (Jojo Rabbit) വേറിട്ട ഒരനുഭവം കാണിക്ക് നൽകുന്നുണ്ട്. മുസ്‌ലിങ്ങളെ വംശീയമായി വേട്ടയാടുന്ന, അപരവത്കരിക്കുന്ന നിലവിലെ ഇന്ത്യൻ രാഷ്ട്രീയ, സാമൂഹിക സാഹചര്യത്തിൽ നിന്ന് ഈ സിനിമയെ വീക്ഷിക്കുന്നവർക്ക് തമാശയ്ക്ക് അപ്പുറം ചില യാഥാർഥ്യങ്ങൾക്കൂടി കുത്തി നോവിക്കും എന്നതിൽ യാതൊരു സംശയവുമില്ല.

ഹിറ്റ്ലർ ആരാധകനായ പത്തു വയസ്സുകാരന്‍റെ കഥയാണ് ജോജോ റാബിറ്റ്. നാസികൾ ജൂതന്മാരെക്കുറിച്ച് സ്കൂൾ പാഠ പുസ്തകങ്ങളിൽ എഴുതി പിടിപ്പിച്ച നിരവധി നുണകൾ പഠിച്ച് വളർന്നവനാണ് ജോജോ. അതുകൊണ്ട് തന്നെ അവന്‍റെ ചിന്തകളിൽ നിറയുന്ന സങ്കല്‍പിക കഥാപാത്രമായി ഹിറ്റ്ലറും കൂടെയുണ്ട്. ജോജോയുടെ അമ്മയും കൂട്ടുകാരൻ യോർക്കിയും അമ്മ ഒളിപ്പിച്ച് താമസിപ്പിക്കുന്ന പെൺകുട്ടിയുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. ഇവരിലൂടെയാണ് സിനിമ വികസിക്കുന്നതെങ്കിലും നാസി ഭരണവും ജൂതരും യുദ്ധവുമെല്ലാം ഒരു പത്തു വയസ്സുകാരൻ കുട്ടിയുടെ കണ്ണിലൂടെ നമ്മളെ കാട്ടിതരുന്നതിൽ സംവിധായകൻ വിജയിച്ചിരിക്കുന്നു എന്ന് തന്നെ പറയാം.

സർവ്വഗുണ സമ്പന്നരായ ആര്യന്മാർ നയിക്കുന്ന നാസിപ്പട പിശാചുക്കളായ ജൂതരെ (അവൻ വിശ്വസിച്ചിരിക്കുന്നത് ) ഉന്മൂലനം ചെയ്ത് മുന്നേറുന്ന സമയത്താണ് വീട്ടിൽ ഒളിച്ചു താമസിക്കുന്ന ജൂത പെൺകുട്ടിയെ അവൻ കാണുന്നത്. പിന്നീട് അവനിൽ വരുന്ന മാറ്റവും യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നതും സാങ്കല്‍പ്പിക കഥാപാത്രമായ ഹിറ്റ്‌ലറെ fuck off പറഞ്ഞ് ജനലിനു വെളിയിലേക്ക് ചവുട്ടി പായിക്കുന്നതുമൊക്കെ രസകരമായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്.

കുട്ടികൾ ചിത്രശലഭങ്ങൾക്ക് ഒപ്പം കളിച്ച് നടക്കേണ്ട പ്രായത്തിൽ വംശീയ വെറിയും വിദ്വേഷവുമായി നടക്കുന്ന തന്‍റെ മകനോട്‌ സ്നേഹത്തിന്റെ ഭാഷ പറഞ്ഞുകൊടുക്കുന്ന ആ അമ്മയെ നമ്മുടെ കുട്ടികൾക്കും ഈ കൊറോണ അവധികാലത്ത് കാണിച്ചു കൊടുക്കേണ്ടതുണ്ട്.

ബ്രാഹ്‌മണിക് പ്രത്യയശാസ്ത്രവും അപരരോടുള്ള അതിന്‍റെ വംശീയവെറിയും നാൾക്കുനാൾ വര്‍ദ്ധിച്ചുവരുന്ന നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ നമ്മുടെ കുട്ടികളിൽ വിഷം കയറ്റുന്നത് തടയാൻ അപരരോട്, മർദ്ദിതരോട് ഒപ്പം നിൽക്കാൻ, സ്നേഹിക്കാൻ നമ്മുടെ കുട്ടികളോടൊപ്പം ഇരുന്ന് കാണുക.

കുട്ടികൾ ചോദ്യങ്ങൾ ചോദിച്ചു തന്നെ വളരട്ടെ, വെറുപ്പിന്‍റെ വിദ്വേഷത്തിന്‍റെ രാഷ്ട്രീയത്തെ fuck off പറഞ്ഞു വെളിയിലേക്ക് ചവിട്ടി തെറിപ്പിക്കാൻ നമ്മുടെ കുട്ടികളും പ്രാപ്തരാകട്ടെ, സ്നേഹത്തിന്‍റെ നല്ലൊരു നാളേയ്ക്ക് വേണ്ടി.

Follow us on | Facebook | Instagram Telegram | Twitter | Threads