വാരിയൻകുന്നത്തിന്റെ രണോത്സുക പോരാട്ടത്തെ ഓര്‍മ്മിപ്പിച്ചു നാസര്‍ മാലികിന്റെ “കൈലിയുടുത്ത്”
ഹിന്ദുത്വ ഫാഷിസത്തിന്റെ പ്രധാന ഇരകളില്‍ ഒന്നായ മുസ്ലിം അടിച്ചമര്‍ത്തപ്പെടുമ്പോള്‍ മുസ്ലിമിനോട് ഐക്യപ്പെട്ടു ഇസ്ലാം മതം സ്വീകരിച്ച, ഖബറില്‍ മുസ്ലിം സഹോദരന്റെ അടുത്ത് അന്ത്യവിശ്രമം സ്വപ്നം കണ്ട, കമ്മ്യൂണിസ്റ്റും ഫാഷിസ്റ്റ് വിരുദ്ധ പോരാളിയുമായ നജ്മല്‍ എന്‍ ബാബുവിന് Tribute സമർപ്പിച്ചു കൊണ്ട് മ്യൂസിക് വീഡിയോ, കൈലിയുടുത്ത്.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തെയും സവര്‍ണ്ണ ഹിന്ദുത്വ ജന്മിമാരെയും വിറപ്പിച്ച മലബാര്‍ വിപ്ലവ നായകന് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ രണോത്സുക പ്രതിരോധത്തിലൂടെ കടന്ന്, മോദി ഭരണകൂടത്തെ കിടിലം കൊള്ളിച്ച ഷഹീൻബാഗ് സമരത്തിന്റെ മാസ്റ്റർ ബ്രെയിൻ ഷാർജീൽ ഇമാമിലേക്കെത്തുന്ന പ്രക്ഷോഭ ചരിത്രം ആവർത്തിക്കാൻ ആഹ്വാനം ചെയ്യുന്ന നാസർ മാലികിന്റെ ഗാനമാണ് കൈലിയുടുത്ത്.
മ്യൂസിക് വീഡിയോയെ കുറിച്ചു ഫെമിനിസ്റ്റും ആക്ടിവിസ്റ്റുമായ ശ്രീജ നെയ്യാറ്റിന്‍കര പറയുന്നു;
‘കൈലിയുടുത്ത്’ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ സർഗാത്മകമായ മറ്റൊരു ചുവടുവയ്പ്. നസറുദ്ദീൻ മണ്ണാർക്കാടിന്റെ വരികളും പ്രിയ സുഹൃത്ത് നാസർ മാലികിന്റെ സംഗീതവും. വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയേയും ആലി മുസ്ല്യാരെയും മമ്പുറം തങ്ങളേയും ഉമർഖാളിയേയും തുടങ്ങി സഫൂറ സർഗാറിനെ വരെ നിങ്ങൾക്കീ മ്യൂസിക് വീഡിയോയിൽ കാണാം.
വളരെ സന്തോഷമുണ്ട് ഈ ഫാസിസ്റ്റ് വിരുദ്ധ മൂവ്മെന്റിന്റെ സ്വിച്ച് ഓൺ നിർവ്വഹിക്കാൻ എന്നെ തെരെഞ്ഞെടുത്തതിൽ. അതിനേക്കാളേറെ സന്തോഷമുള്ളത് വസ്ത്രം കണ്ട് തിരിച്ചറിയുന്ന ഭരണാധികാരിയുള്ള ഈ രാജ്യത്ത് എന്റെ ഈ ഫോട്ടോ തന്നെ പോസ്റ്ററിനായി തെരെഞ്ഞെടുത്തതിൽ. സംഘ് പരിവാർ ആരെയാണോ രാജ്യത്ത് നിന്ന് പുറത്താക്കാൻ ശ്രമിക്കുന്നത് നിരുപാധികം അവർക്കൊപ്പം തന്നെയാണ്.