വാനിലേക്കുയർന്ന കൈകളെ കയ്യാമം വെച്ചവർ

മാവോയിസ്റ്റ് എന്നാരോപിച്ചു #UAPA ചുമത്തി ഫാഷിസ്റ്റ് ഭരണകൂടം ജയിലിലടച്ച ജേർണലിസം വിദ്യാർത്ഥി ത്വാഹ ഫസൽ ജയിലിൽ വെച്ചെഴുതിയ കവിതകൾ. സുഹൃത്തും
രാഷ്ട്രീയതടവുകാരനുമായിരുന്ന അലൻ ഷുഹൈബ് ഏഷ്യൻ സ്പീക്കസിന് അയച്ചുതന്നതാണ് ഈ കവിതകൾ…

1

എന്റെ പേന തല്ലിയൊടിച്ചവർ
ചൂണ്ടു വിരൽ ഛേദിച്ചവർ
നാവറുത്തവർ
അതെ വാനിലേക്കുയർന്ന കൈകളെ
കയ്യാമം വെച്ചവർ
കറുത്ത തടവറയിൽ തള്ളിയവർ
അവർക്കറിയില്ലല്ലോ
നാവറുത്തവന്റെ ശബ്ദം
പുതിയ ലോകമാണെന്ന്.

2

നിഴലിൽ ചവിട്ടി നിൽക്കുന്നു ഞാൻ
തോക്കുധാരികൾ കാവലിൽ
ഇരുമ്പഴികളിൽ തളച്ചിട്ട നാളുകൾ
ഇരുമ്പഴികൾ തുരുമ്പിക്കുന്നതും കാത്ത്
കോട്ട കോത്തളങ്ങൾ തകരുന്നതും കാത്ത്
മഴയും പ്രളയവും മാറി വസന്തം വരുന്നതും കാത്ത്
തണുത്തുറഞ്ഞ രാത്രിയിലും
ചൂടുള്ള സൂര്യനെ കാത്ത്
കത്തുന്ന വെയിലിൽ തിളങ്ങുന്ന
ഗുൽമോഹർ പൂക്കളെയും കാത്ത്.

3

വൃക്ഷത്തെ ചങ്ങലക്കിടാൻ ഒക്കുമോ?
ചങ്ങലക്കിട്ടാൽ അതിന്റെ വളർച്ച നിൽക്കുമോ?
ഫലത്തിൻ രുചി മാറുമോ?
അതിൻ വിത്തിൻ ഗുണം ഇല്ലാതാകുമോ?
മുളച്ച വിത്തിൻ നിറം മാറുമോ
വളർന്ന് പന്തലിക്കുന്നത് നിൽക്കുമോ?

പന്തീരാങ്കാവ് കേസ് വേട്ട തുടരുന്നു
ഒരുവർഷക്കാലം ജയിലിൽ കഴിഞ്ഞ ത്വാഹക്കും അലനും പ്രതിഷേധങ്ങളെയും നിയമപോരാട്ടങ്ങളെയും തുടർന്ന് ജാമ്യം ലഭിച്ചിരുന്നു. ഇരുവരുടെയും ജാമ്യം റദ്ദാക്കാൻ ഭരണകൂടം തുടക്കം മുതൽ ശ്രമിച്ചുപോന്നു. തുടർന്ന് ത്വാഹയുടെ ജാമ്യം റദ്ദ് ചെയ്തു വീണ്ടും ജയിലിലടച്ചു. നിയമവിദ്യാർത്ഥിയായ അലന്റെയും ജാമ്യം റദ്ദ്‌ ചെയ്യാൻ കോടതിയെ സമീപിച്ചിരിക്കുകയാണ് ഫാഷിസ്റ്റ് സർക്കാർ.

ഇതേ കേസിൽ അധ്യാപകൻ വിജിത് വിജയനെയും ജയിലിലടച്ചിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ടു ഒരു മെയ് ദിനത്തിൽ എൻ.ഐ.എ -പൊലീസ് സംഘങ്ങൾ മാധ്യമ -രാഷ്ട്രീയ-മനുഷ്യാവകാശ പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മൂന്നോളം പേരെ കസ്റ്റഡിയിലെടുക്കുകയും ലാപ്ടോപുകൾ, ഫോണുകൾ തുടങ്ങിയവ എടുത്തുകൊണ്ടുപോവുകയും ചെയ്തു. പതിനാറ് മനുഷ്യാവകാശ പ്രവർത്തകരെ ജയിലിലടച്ച ഭീമാ കൊറേഗാവ് കേസിന് സമാനമായാണ് പന്തീരാങ്കാവ് കേസ് വിശേഷിപ്പിക്കപ്പെടുന്നത്.

Photos_ Thwaha Fasal, Allan Shuaib, Instagram

Follow | Facebook | Instagram Telegram | Twitter