ബുല്‍ബുള്‍ വെറുമൊരു യക്ഷികഥയല്ല

അടിച്ചമർത്തപ്പെടുന്ന സ്ത്രീകളുടെ, രോഷത്തെ തടഞ്ഞു വെക്കാൻ പുരുഷാധിപത്യ വ്യവസ്ഥിതിക്ക് അധികം കാലം കഴിയില്ല എന്ന് ചിത്രം യക്ഷികഥയിലൂടെ ഓർമ്മപ്പെടുത്തുകയാണ് ചെയ്യുന്നത്…
_ പ്രശാന്ത് പ്രഭ ശാര്‍ങ്ധരന്‍

ആടയാഭരണങ്ങൾ അണിഞ്ഞു ആരെയും കൂസാതെ ‘ഒരുമ്പട്ടവൾ ‘ആയി മുഖമുയർത്തി പുഞ്ചിരിച്ചു കൊണ്ട് സംസാരിക്കുന്ന കമലാ സുരയ്യയെ (മാധവിക്കുട്ടിയെ )തോന്നിപ്പിക്കും വിധമായിരുന്നു Anvita Dutt സംവിധാനം ചെയ്ത് 2020 ജൂൺ 24ന് നെറ്റ് ഫ്ലിക്സ് ഇറക്കിയ ‘ബുൾബുൾ’ (Bulbbul) എന്ന സിനിമയിലെ ബുൾബുൾന്‍റെ (Tripti Dimri)കഥാപാത്രനിർമ്മിതി.

പതിനെട്ടാം നൂറ്റാണ്ടിന്‍റെ അവസാന കാലഘട്ടത്തിൽ ബംഗാൾ പ്രസിഡൻസിയിൽ നടക്കുന്ന ശൈശവ വിവാഹവും  (അഞ്ച് വയസുള്ള പെൺകുട്ടിയെ ഒരു മുതുക്കൻ ഠാക്കൂറിന് വിവാഹം ചെയ്ത് കൊടുക്കുന്നതും) അതിനോട് അനുബന്ധിച്ച് ആ ദേശത്തെ ആളുകൾ ഒരു യക്ഷിയുടെ ആക്രമണവുമായി കൊല്ലപ്പെടുന്നതും മറ്റുമാണ് സിനിമയുടെ ഉള്ളടക്കം. പരമ്പരാഗത ഹൊറർ സിനിമകളെ കൂട്ട് പ്രേക്ഷകരെ ഞെട്ടിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന സിനിമയല്ല ബുൾബുൾ. അടിച്ചമർത്തപ്പെടുന്ന സ്ത്രീകളുടെ, രോഷത്തെ തടഞ്ഞു വെക്കാൻ പുരുഷാധിപത്യ വ്യവസ്ഥിതിക്ക് അധികം കാലം കഴിയില്ല എന്ന് ചിത്രം യക്ഷികഥയിലൂടെ ഓർമ്മപ്പെടുത്തുകയാണ് ചെയ്യുന്നത്.

പുരുഷകേന്ദ്രീകൃതമായ ഇന്ത്യയിൽ സ്ത്രീകൾ അനുഭവിക്കുന്ന ദുരിതങ്ങളും മർദ്ദനങ്ങളും അവയ്‌ക്കെതിരെയുള്ള സ്ത്രീകളുടെ ചെറുത്ത് നിൽപ്പുകളും ഇന്നും പ്രസക്തമായ സാഹചര്യത്തിൽ ഒരു മുത്തശ്ശി കഥ പറഞ്ഞു തരുന്ന കൂട്ട് അന്ധവിശ്വാസം, പുരാണം, ചരിത്രം, ഫാന്‍റസി, നാടോടിക്കഥ, ഫെമിനിസം, കെട്ടുകഥ തുടങ്ങിയവയെ കൂട്ടികലർത്തി അണിയിച്ചിരിക്കുന്ന ഈ ചെറിയ ഹൊറർ മൂവി ഒരു വട്ടം കാണാവുന്നതാണ്. 2018ൽ ഇറങ്ങിയ ഹിന്ദി സിനിമയായ Tumbbad, 2006ലെ Pan’s Labyrinth എന്ന സ്പാനിഷ് ഫാന്‍റസി വാർ മൂവിയൊക്കെ കണ്ട് ഇഷ്ടപ്പെട്ടവർക്ക് Bulbbulഉം ഇഷ്ട്ടപ്പെടുമെന്നു പ്രതീക്ഷിക്കുന്നു.

ദൃശ്യപരമായി ആകർഷിക്കുന്ന മനോഹരമായ മജന്ത കലർന്ന ചുവപ്പ് ടോണിൽ എടുത്തിരിക്കുന്ന സിനിമയുടെ കളർടോൺ നീലയിൽ കുളിച്ചു കിടക്കുന്ന രാത്രികളിൽ നിന്ന് തികച്ചും വ്യത്യസ്തവും രസകരവുമായി തോന്നി ♥️

അനുഷ്ക ഷർമ്മയുടെ നിർമ്മാണത്തിൽ 2015ൽ ഇറങ്ങിയ ‘NH10’ എന്ന സിനിമയും റീസന്‍റ് ആയി ഇറങ്ങിയ ‘Paatal Lok ‘എന്ന വെബ് സീരിസും ഇഷ്ട്ടപ്പെട്ടത് കൊണ്ട് തന്നെ അനുഷ്കയുടെ നിർമ്മാണത്തിൽ ഇറങ്ങിയ ബുൾബുളും കാണാൻ തീരുമാനിച്ചത്. അതേതായാലും ഒട്ടും നിരാശപ്പെടുത്തിയില്ല ☺️

Follow us on | Facebook | Instagram Telegram | Twitter