ജാതിസംവരണത്തെ അട്ടിമറിക്കുന്ന സവർണ്ണയുക്തികൾ

“സാവിത്രിബായ് ഫുലെ പുനെ യൂണിവേഴ്സിറ്റിയും, ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയും ചേർന്ന് 2019 പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത്, ഇന്ത്യയിൽ 22 ശതമാനം മാത്രം ജനസംഖ്യയുള്ള ഉന്നതജാതി ഹിന്ദുക്കളാണ് ഇന്ത്യയിലെ ആകെ സമ്പത്തിൻ്റെ 41 ശതമാനം കൈവശം വച്ചിരിക്കുന്നത് എന്നാണ്. ആദിവാസികളും ദളിതരും ജനസംഖ്യയുടെ 27 ശതമാനത്തിലധികം വരുമെങ്കിലും അവരുടെ കൈവശം ഉള്ളത് ആകെ 11.3 ശതമാനം സമ്പത്ത് മാത്രമാണ്…”

വിഷ്ണു പോളി
സെക്രട്ടറി
DSA_ ഡെമോക്രാറ്റിക് സ്റ്റുഡൻ്റ്സ് അസോസിയേഷൻ

മറാത്ത സംവരണം റദ്ദു ചെയ്തുകൊണ്ടുള്ള സുപ്രീം കോടതി വിധി ഒരുപാട് ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നു. 1992ലെ ഇന്ദിര സ്വാഹ്‌നി കേസിലെ സുപ്രീം കോടതി വിധിയെ വീണ്ടും ഊട്ടിയുറപ്പിക്കുന്നതാണ് ഇത്. സംവരണം നടപ്പിലാക്കുമ്പോൾ ചില അടിസ്ഥാനതത്വങ്ങൾ പാലിക്കണമെന്ന് ഈ വിധി നിഷ്കർഷിക്കുന്നു. സംവരണം 50 ശതമാനത്തിന് മുകളിൽ ആകരുത്, അതിൻ്റെ പരിഗണനാ വിഷയം സാമ്പത്തിക അവസ്ഥയല്ല, സാമൂഹിക സാംസ്കാരിക പിന്നാക്കാവസ്ഥയാണ്, സംവരണത്തിൽ ജനസംഖ്യാനുപാതിക പ്രാതിനിധ്യം ഇല്ല എന്നിവയാണ് അതിൽ പ്രധാനപ്പെട്ടവ. ഈ വിധിയിൽ വൈരുദ്ധ്യങ്ങളും പോരായ്മകളുമുണ്ട്. മോദി സർക്കാർ 103-ാം ഭരണഘടനാ ഭേദഗതിയിലൂടെ നടപ്പിലാക്കിയ സാമ്പത്തിക സംവരണമെന്ന് പേരിട്ടിരിക്കുന്ന സവർണ സംവരണത്തെ പറ്റി മൗനം പാലിക്കുന്നു എന്നതാണ് അതിൽ പ്രധാനം. ഈ ഭരണഘടനാ ഭേദഗതിയോടുകൂടി ആകെ സംവരണത്തിൻ്റെ ശതമാനം 60 ആകും. അസാധാരണ സാഹചര്യങ്ങളിൽ ഒഴികെ സംവരണം 50 ശതമാനത്തിനു മുകളിൽ കവിയരുത് എന്ന് ഭരണഘടനാ തത്വങ്ങളിൽ ഊന്നി സുപ്രീംകോടതി വിധിക്കുമ്പോൾ, എന്താണ് ‘അസാധാരണ സാഹചര്യം’ എന്നത് കൃത്യമായി നിർവചിക്കാത്ത സാഹചര്യത്തിൽ, സവർണ്ണ വിഭാഗങ്ങളിലെ ദരിദ്രർക്ക് എന്ന പേരിൽ 10 ശതമാനം ‘സവർണ്ണ സംവരണം’ ഏർപ്പെടുത്തിയ കേന്ദ്ര-കേരള സർക്കാരുകളുടെ നടപടിക്ക് മൂന്ന് സാധ്യതകളാണ് ഭാവിയിൽ ഉള്ളത്. ആദ്യത്തേത്, 103-ാം ഭരണഘടനാ ഭേദഗതികളെ പ്രഥമദൃഷ്ട്യാ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണ് എന്ന് കണ്ടെത്തുകയും അതിൻ്റെ അടിസ്ഥാനത്തിൽ അവയെ റദ്ദ് ചെയ്യാൻ പാർലമെൻ്റിനോട് ആവശ്യപ്പെടുകയുമാണ് സുപ്രീംകോടതി ചെയ്യേണ്ടത്. രണ്ടാമത്തേത്, സവർണരിലെ ദരിദ്രർക്ക് എന്നപേരിൽ നടപ്പിലാക്കിയ 10 ശതമാനം സംവരണം നിലവിലെ 50 ശതമാനത്തിന് ഉള്ളിൽ ഉൾക്കൊള്ളിക്കുക എന്നതാണ്.

സംവരണം ജനസംഖ്യാനുപാതികമായി നൽകേണ്ടതില്ല എന്ന സുപ്രീം കോടതി നിരീക്ഷണവുമായി ഇതിനെ കൂട്ടി വായിക്കുകയാണെങ്കിൽ അത്തരമൊരു സാധ്യത തള്ളിക്കളയാനാവില്ല. സ്വാഭാവികമായും ഓബിസി, എസ്. സി- എസ്. ടി വിഭാഗങ്ങൾക്ക് നിലവിൽ കിട്ടിക്കൊണ്ടിരിക്കുന്നതിൽ നിന്നും ഒരു പങ്കാണ് സവർണർക്കു വേണ്ടി മാറ്റി വയ്ക്കപ്പെടുക. മറ്റൊരു സാധ്യത, അസാധാരണമായ ഒരു സാഹചര്യം നിലനിൽക്കുന്നു, അതിനാൽ സാമ്പത്തിക സംവരണം അനിവാര്യമാണ് എന്ന് പാർലമെൻ്റ് സുപ്രീം കോടതിയെ ബോധ്യപ്പെടുത്താൻ കഴിയുക എന്നുള്ളതാണ്. സാമ്പത്തിക സംവരണം വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പാർലമെൻ്റ് ആണ് എന്ന സുപ്രീം കോടതി നിരീക്ഷണം ഇതുമായി ചേർത്തു വായിക്കേണ്ടിയിരിക്കുന്നു. ചുരുക്കത്തിൽ ആദ്യത്തെ ഒഴികെ ബാക്കി രണ്ട് സാധ്യതകളും, യഥാർത്ഥത്തിൽ സംവരണം എന്ന തത്വത്തിന് തന്നെ എതിരാണെങ്കിലും നിലവിലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ അവയുടെ സംഭവ്യതയെ തള്ളിക്കളയാൻ സാധിക്കില്ല. സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥയാണ് സംവരണത്തിന് മാനദണ്ഡമായി പരിഗണിക്കേണ്ടത് എന്ന് സുപ്രീംകോടതി പറയുമ്പോഴും സാമ്പത്തിക സംവരണ വിഷയത്തിൽ മൗനം പാലിക്കുന്നത് കൊണ്ടാണ് ഈ വിധി വൈരുദ്ധ്യങ്ങൾ നിറഞ്ഞതാവുന്നത്. ജനസംഖ്യാനുപാതികമായ സംവരണത്തെ സുപ്രീംകോടതി തള്ളി കളയുമ്പോൾ, അത് നിലവിൽ എസ്.സി, എസ്.ടി, ഒബിസി വിഭാഗങ്ങൾക്ക് കിട്ടിക്കൊണ്ടിരിക്കുന്ന സംവരണത്തിലെ തോതിനെ വെട്ടിക്കുറയ്ക്കാൻ ആണോ എന്നും ആശങ്കപ്പെടേണ്ടതുണ്ട്. സാമൂഹ്യവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ(SEBC) കണ്ടെത്തി പട്ടികപ്പെടുത്തുന്നതിനുള്ള അധികാരം പൂർണമായും കേന്ദ്രത്തിൽ നിക്ഷിപ്തം ആക്കുന്ന നൂറ്റി രണ്ടാം ഭരണഘടനാ ഭേദഗതിയെ ഈ വിധി വീണ്ടും ഉറപ്പിച്ചിരിക്കുന്നു. മുൻപ് ഈ അധികാരം സംസ്ഥാന സർക്കാരുകൾക്ക് ആയിരുന്നു. ഇന്ത്യ പോലെ വൈവിധ്യങ്ങൾ നിറഞ്ഞ ഒരു സമൂഹത്തിൽ സംസ്ഥാന സർക്കാരുകൾക്ക് മാത്രമേ അതാത് സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളെ കണ്ടെത്താൻ സാധിക്കൂ. അതാണ് ഈ വിധിയുടെ പോരായ്മ.

എങ്കിൽ തന്നെയും ഈ വിധിയിലെ അനുകൂലഘടകങ്ങളെ ഉപയോഗപ്പെടുത്തി, കേന്ദ്ര-കേരള സർക്കാരുകൾ സാമ്പത്തിക സംവരണം എന്നപേരിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സവർണ സംവരണ പദ്ധതിയെ സാധിക്കും വിധമെല്ലാം നാം എതിർക്കേണ്ടതും തുറന്നു കാണിക്കേണ്ടതുമുണ്ട്.

സാമ്പത്തിക സംവരണം സവർണ്ണ സംവരണം ആണെന്ന് പറയുന്നത് എന്തുകൊണ്ട്? നടത്തിപ്പുകാർ അവകാശപ്പെടുന്നതുപോലെ സവർണരിലെ ദരിദ്രർക്ക് ഇത് എത്രത്തോളം ഗുണം ചെയ്യുന്നുണ്ട്? സിപിഎമ്മും സംഘപരിവാറും ഒരുപോലെ സാമ്പത്തിക സംവരണം എന്ന് നയത്തെ പിന്തുണയ്ക്കുന്നത് എന്തുകൊണ്ട്?

ആദിവാസി-ദളിത് മറ്റു പിന്നോക്ക ജാതി വിഭാഗങ്ങളിലെ ജനതയ്ക്ക് ഇന്ത്യയിൽ ചരിത്രപരമായി അധികാരവും വിദ്യാഭ്യാസവും വിഭവപങ്കാളിത്തവും നിഷേധിക്കപ്പെട്ടിരിക്കുന്നു. ജാതി വ്യവസ്ഥയിൽ അധിഷ്ടിതമായ അസമത്വവും അനീതിയുമാണ് ഈ മാറ്റിനിർത്തലിൻ്റെ അടിസ്ഥാന കാരണം. ചരിത്രപരമായി ജനതയുടെ വലിയൊരു വിഭാഗം നേരിട്ട ഈ അനീതിക്ക് ഒരു പ്രതിവിധി എന്ന നിലയ്ക്കും, നിലവിൽ ആ ജനത അനുഭവിക്കുന്ന പിന്നോക്കാവസ്ഥയിൽ നിന്നും അവരെ കരകയറ്റുന്നതിനു വേണ്ടിയും ‘സംരക്ഷണാത്മക വിവേചനം’ എന്ന തത്വത്തിൽ അധിഷ്ഠിതമായി ഇന്ത്യൻ ഭരണഘടന ഈ സാമൂഹ്യ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസത്തിലും സർക്കാർ ഉദ്യോഗങ്ങളിലും സംവരണം ഉറപ്പുനൽകുന്നു. എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് പാർലമെൻ്റിലും സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായ സംവരണവും ഒബിസി വിഭാഗങ്ങൾക്ക് 27 ശതമാനം സംവരണവുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ രാജ്യവ്യാപകമായി ഒബിസി സംവരണം നടപ്പിലാക്കാൻ തുടങ്ങിയത് മണ്ഡൽ കമ്മീഷൻ റിപ്പോർട്ടോടു കൂടിയാണ്.

മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതിനെതിരെ രാജ്യവ്യാപകമായി മധ്യവർഗ്ഗ സവർണ്ണ യുവാക്കളും വിദ്യാർത്ഥികളും ഒരുപാട് കലാപങ്ങൾ നടത്തി. പലരും ആത്മഹത്യ ചെയ്ത് വരെ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് എതിരെയുള്ള പ്രതിഷേധം രേഖപ്പെടുത്തി. ഉന്നത വിദ്യാഭ്യാസത്തിലും സർക്കാർ ഉദ്യോഗങ്ങളിലും സംവരണം ഏർപ്പെടുത്തിയാൽ അത് ആ മേഖലയുടെ ഗുണനിലവാരത്തെ ബാധിക്കുമെന്ന മെറിറ്റ് സിദ്ധാന്തമാണ് അവർ ഒബിസി സംവരണത്തിനെതിരെ ഉന്നയിച്ചിരുന്നത്. ഈ മെറിറ്റ് വാദം യഥാർത്ഥത്തിൽ പുത്തൻ ജാതീയത അല്ലാതെ മറ്റൊന്നും ആയിരുന്നില്ല. മെറിറ്റ് എന്നത് ഉന്നത ജാതിയിൽ പെട്ടവർക്ക് മാത്രം അവകാശപ്പെട്ട എന്തോ ഒന്നാണെന്ന ജാതീയമായ മുൻവിധിയാണ് ഇതിനുപിന്നിൽ. ഇത്രയും കാലം തങ്ങൾ കയ്യടക്കി വെച്ചിരുന്ന ഉന്നത സർക്കാർ ഉദ്യോഗങ്ങളും ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കും ഇത്രയും കാലം അതു നിഷിദ്ധമായിരുന്ന വിഭാഗങ്ങളിലെ ജനങ്ങൾ, കഴിവുകെട്ടവരെന്നും തങ്ങളെ സേവിക്കേണ്ടവരെന്നും, കൃഷി പണിയോ മറ്റ് ശാരീരിക അധ്വാനങ്ങളും മാത്രം ചെയ്ത് ഉപജീവനം നടത്തേണ്ടിവരും എന്നും ബ്രാഹ്മണ്യം തീർപ്പുകൽപ്പിച്ചിരുന്ന ജനവിഭാഗങ്ങൾക്ക് സംവരണത്തിലൂടെ ലഭിച്ച പുതിയ അവസരത്തെ തല്ലിക്കെടുത്താൻ ഉള്ള ജാതിവെറി ആയിരുന്നു അതിന് പിന്നിൽ. മെറിറ്റ് വാദികൾ താങ്കളുടെ പ്രതിഷേധം അറിയിക്കാൻ സമരം ചെയ്തത്, തെരുവിൽ കച്ചവടം ചെയ്തും, കൃഷിപ്പണി ചെയ്തു ഒക്കെയാണ്. സംവരണം ഏർപ്പെടുത്തിയ തങ്ങൾക്ക് അവസരം നഷ്ടപ്പെടും എന്നും ഇത്തരം ജോലികളിലേക്ക് തിരയേണ്ടി വരുമെന്നും ഉള്ള സൂചനയായിരുന്നു അത്. അതായത് അത്തരം ജോലികൾ തങ്ങളെ പോലുള്ള ഉയർന്ന ജാതിക്കാർ ചെയ്യേണ്ടതല്ല മറിച്ച് അതും ബ്രാഹ്മണ്യം താഴ്ന്നതെന്ന് കൽപിച്ചിരിക്കുന്ന ജാതികൾ ചെയ്യേണ്ട ജോലികൾ ആണ് എന്നാണ് അവർ പ്രതീകാത്മകമായി പറഞ്ഞുവച്ചത്.

അതോടൊപ്പം തൊണ്ണൂറുകളിൽ ഇന്ത്യയിൽ നടപ്പിലാക്കിയ ആഗോളവൽക്കരണ, ഉദാരവൽക്കരണ, സ്വകാര്യവൽക്കരണ നയങ്ങൾ വിദ്യാഭ്യാസ തൊഴിൽ മേഖലകളിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. രാജ്യത്തിലെ യുവാക്കൾ തൊഴിലില്ലായ്മ എന്ന പ്രശ്നം മുമ്പെന്നത്തേക്കാളും വളരെയധികം രൂക്ഷമായി അനുഭവിക്കാൻ തുടങ്ങി. പൊതുമേഖലകളിൽ തൊഴിലിനുള്ള അവസരങ്ങൾ കുറഞ്ഞ് സ്വകാര്യമേഖല ശക്തിപ്പെടാൻ തുടങ്ങുകയും ചെയ്തു. എന്നാൽ സ്വകാര്യ മേഖലയിൽ ഉണ്ടായ വളർച്ചക്ക് ആനുപാതികമായി അവിടെ തൊഴിലവസരങ്ങൾ വർദ്ധിച്ചില്ല. ‘തൊഴിൽരഹിത വളർച്ച’ എന്നാണ് ഇതിനെ സാമ്പത്തിക ശാസ്ത്രജ്ഞന്മാർ വിശേഷിപ്പിച്ചത്. ആഗോള-സ്വകാര്യ-ഉദാരവൽക്കരണ നയങ്ങൾ സൃഷ്ടിച്ച ഈ തൊഴിൽ പ്രതിസന്ധിയെയും, അതിനെതിരെ യുവാക്കളുടെയും വിദ്യാർത്ഥികളുടെയും ഭാഗത്തുനിന്നും ഉണ്ടായി വന്ന പ്രതിഷേധങ്ങളെയും, ഭരണകൂടവും അതിൻ്റെ നയം നടത്തിപ്പുകാരായ മുഴുവൻ ഭരണവർഗ പാർട്ടികളും നേരിട്ടത് പുതിയൊരു വ്യാജ പ്രചരണം അഴിച്ചുവിട്ടുകൊണ്ടായിരുന്നു. സംഘപരിവാർ ശക്തികൾ ചെയ്തത് തൊഴിലില്ലായ്മയ്ക്ക് കാരണം ജാതിസംവരണം ആണെന്ന് പ്രചരണം അഴിച്ചു വിടുകയായിരുന്നു. ഇത് സവർണ്ണ മധ്യവർഗ്ഗ യുവാക്കളും വിദ്യാർഥികളും ഏറ്റെടുത്തു. അവരിൽ സംവരണ വിരുദ്ധത ആളിക്കത്തിക്കാൻ ഇത് സഹായിച്ചു. ആഗോളവൽക്കരണത്തിനും സ്വകാര്യവൽക്കരണത്തിന് എതിരാണ് എന്ന് അവകാശവാദമുന്നയിച്ചിരുന്ന പാർലമെൻ്ററി ഇടതു പാർട്ടികൾ പോലും സംവരണ വിഷയത്തിലും തൊഴിലില്ലായ്മ വിഷയത്തിലും സവർണ്ണരെ പ്രീണിപ്പിക്കുന്ന നിലപാടാണ് എടുത്തത്. ഇന്ന് കാണുന്ന രൂപത്തിലുള്ള സാമ്പത്തിക സംവരണം എന്ന ആശയം ആദ്യം മുന്നോട്ടുവച്ചത് ഇ.എം.എസ് നമ്പൂതിരിപ്പാടും സിപിഎമ്മും ആണ്. മുതലാളിത്തതോടും സാമ്രാജ്യത്വത്തോടും സന്ധി ചെയ്തു, അതിൻ്റെ നയം നടത്തിപ്പുകാരായി മാറിയിരുന്ന സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം തൊഴിലില്ലായ്മ എന്ന പ്രശ്നം മുതലാളിത്ത പ്രതിസന്ധിയിൽ നിന്നും ഉണ്ടാകുന്നതാണ് എന്ന സത്യം പുറമേക്ക് വിളിച്ചു പറയാനുള്ള ധൈര്യം ഇല്ലായിരുന്നു. അതുകൊണ്ടു തന്നെ, തൊഴിലില്ലായ്മ എന്ന പ്രശ്നത്തെ അവർ അഭിസംബോധന ചെയ്തത് സംവരണം എന്ന ആശയം മുന്നോട്ടുവച്ച് കൊണ്ടായിരുന്നു. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുകയും, സവർണ്ണരുടെ നേതൃത്വത്തിലുള്ള സംവരണ വിരുദ്ധ പ്രക്ഷോഭങ്ങൾ രാജ്യമെമ്പാടും ഉയർന്നുവരികയും ചെയ്ത സാഹചര്യത്തിലാണ് സിപിഎം സവർണരിലെ ദരിദ്രരായ 10 ശതമാനം ആളുകൾക്ക് സംവരണം നൽകണമെന്ന്
എന്ന ആവശ്യം ഔദ്യോഗികമായി ഉന്നയിക്കുന്നത്. ഒരേസമയം ഇത് സിപിഎമ്മിൻ്റെ സവർണ്ണ പക്ഷപാതിത്വവും, സാമ്രാജ്യത്ത നവലിബറൽ ആശയങ്ങളോടുള്ള ചായ്‌വിനെയും തുറന്നു കാണിക്കുന്നു.

പിന്നീട് ഇന്ത്യയൊട്ടുക്കും വ്യത്യസ്ത സംസ്ഥാനങ്ങളിലെ പ്രബല ജാതികൾ തങ്ങൾക്കും സംവരണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു. മറാത്ത സംവരണം പോലുള്ളവ ഇതിന്റെ പരിണതഫലമാണ്.

കേരളത്തിൽ പിണറായി വിജയൻ സർക്കാർ സാമ്പത്തിക സംവരണം എന്ന പേരിൽ നടപ്പിലാക്കിയ സവർണ്ണ സംവരണത്തെ വിശകലനം ചെയ്തുകൊണ്ട് ഈ എഴുത്ത് അവസാനിപ്പിക്കാം.

102 -103 ഭരണഘടനാ ഭേദഗതിയിലൂടെ മോദി സർക്കാർ രാജ്യവ്യാപകമായി സവർണ്ണ സംവരണം നടപ്പിലാക്കുന്നതിന് മുൻപുതന്നെ കേരളത്തിൽ ഇത് നടപ്പിലാക്കുകയും കേന്ദ്രത്തെ അത്തരമൊരു ഭരണഘടനാഭേദഗതി കൊണ്ടുവരാൻ സിപിഎം വെല്ലുവിളിക്കുകയും ചെയ്തിരുന്നു. സിപിഎം നേതൃത്വത്തിലുള്ള സർക്കാർ കേരളത്തിൽ നടപ്പിലാക്കിയ സാമ്പത്തിക സംവരണം യഥാർത്ഥത്തിൽ സാമ്പത്തിക സംവരണം ആണോ? ഈ ലേഖനത്തിൽ ഉടനീളം അതിനെ സവർണ്ണ സംവരണം എന്ന് വിശേഷിപ്പിച്ചത് എന്തുകൊണ്ട്? ഒരുപാടുതവണ ഇതിനുള്ള ഉത്തരം പല കോണുകളിൽനിന്ന് ചർച്ച ചെയ്യപ്പെട്ടതാണെങ്കിലും അത് പരാമർശിക്കാതെ വയ്യ. സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും, മതരഹിതർക്കും ആണ് തങ്ങൾ 10 ശതമാനം സംവരണം ഏർപ്പെടുത്തുന്നതെന്ന് അതിൻ്റെ നടത്തിപ്പുകാർ തന്നെ പറയുന്നു. അതായത് എല്ലാ ദരിദ്രർക്കും അല്ല, മറിച്ച് സവർണരിലെ ദരിദ്രർക്ക് മാത്രം. പിന്നെ എന്തിനാണ് ഇതിനെ സാമ്പത്തിക സംവരണം എന്ന് പേരിട്ടിരിക്കുന്നത്? കേരള ജനസംഖ്യയിൽ 0.001 ശതമാനം പോലും ഇല്ലാത്ത മതരഹിതരെയും ഇതിൽ ഉൾപ്പെടുത്തിയത് കൊണ്ടോ? അതിനാൽ ഇത് സാമ്പത്തിക സംവരണം അല്ല ജാതിസംവരണമാണ് എന്നതാണ് വസ്തുത.

മറ്റൊന്ന്, നടത്തിപ്പുകാർ അവകാശപ്പെടുന്നതുപോലെ സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് തന്നെയാണോ ഈ സംവരണത്തിൻ്റെ ഗുണഫലം അനുഭവിക്കാൻ സാധിക്കുക എന്ന ചോദ്യമാണ്. കേരള സർക്കാർ നിയോഗിച്ച ശശിധരൻ നായർ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കേരളത്തിൽ സവർണ്ണർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയത്. കേരളത്തിലെ സവർണരിൽ, അതായത് ഈ സംവരണത്തിൻ്റെ മുഖ്യ ഉപഭോക്താക്കളായ നായർ, നമ്പൂതിരി, സവർണ്ണ ക്രിസ്ത്യൻ വിഭാഗങ്ങളുടെ സാമ്പത്തിക പിന്നോക്കാവസ്ഥ തെളിയിക്കുന്ന യാതൊരു ശാസ്ത്രീയ പഠനവും ഈ കമ്മീഷൻ നടത്തിയിട്ടില്ല. അത്തരം ഒരു പഠനം നടത്താതെ, ചില സർക്കാർ വകുപ്പുകളും ഏജൻസികളും നൽകിയ വിവരങ്ങൾ വിശകലനം ചെയ്ത് ഈ വിഭാഗത്തിൽ ദരിദ്രർ ഉണ്ടാകുമെന്ന് സങ്കൽപ്പിച്ചുകൊണ്ട് കറക്കിക്കുത്തി ഒരു റിപ്പോർട്ട് നൽകുകയാണ് ശശിധരൻ നായർ ചെയ്തത്. ആ റിപ്പോർട്ട് പ്രകാരം നാലു ലക്ഷം വരെ വാർഷിക വരുമാനവും, കോർപ്പറേഷൻ പരിധിയിൽ 50 സെൻ്റിൽ കവിയാത്ത ഭൂമിയുള്ള മുന്നാക്ക വിഭാഗക്കാരെല്ലാം 10 ശതമാനം സംവരണത്തിന് അർഹരാണ്. ആദിവാസി, ദളിത് ജനവിഭാഗങ്ങൾ 3 സെൻ്റ് കോളനിയിലും, സർക്കാർ ഫ്ലാറ്റിലും കഴിയുന്ന നാട്ടിലാണിത്! സംവരണത്തിന് അർഹരെ കണ്ടെത്താൻ നാലു ലക്ഷം രൂപ വാർഷിക വരുമാനവും, കോർപറേഷൻ പരിധിയിൽ 50 സെൻറ് ഭൂപരിധിയും നിശ്ചയിച്ചത് മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ സഹായിക്കാൻ അല്ല, മറിച്ച് മുന്നോക്കക്കാരിലെ തന്നെ മധ്യവർഗത്തിനെയോ അതിനു മുകളിൽ നിൽക്കുന്നവരെയോ സഹായിക്കാനാണ് എന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാകും.

കണക്കുകൾ പരിശോധിച്ചു നോക്കാം. ശശിധരൻ നായർ കമ്മീഷൻ 2017 എൻട്രൻസ് കമ്മീഷണർക്ക് കീം ( KEAM) പരീക്ഷയ്ക്ക് അപേക്ഷിച്ച 28196 മുന്നോക്ക വിഭാഗം കുട്ടികളുടെ കുടുംബ വരുമാനം പരിഗണിച്ചിരുന്നു. ഈ കണക്കുകളുടെ കൂടി അടിസ്ഥാനത്തിലാണ് 10 ശതമാനം സംവരണം ഏർപ്പെടുത്തിയത്. ആ കണക്കുകൾ അനുസരിച്ച് അപേക്ഷിച്ചവരിൽ 14677 പേരും ഒരു ലക്ഷത്തിന് താഴെ വാർഷിക വരുമാനം ഉള്ളവരാണ്. 24,348 പേർ നാല് ലക്ഷത്തിന് താഴെ വരുമാനമുള്ളവർ. അതായത് പ്രൊഫഷണൽ കോഴ്സിന് അപേക്ഷിച്ച് 85 ശതമാനം പേരും നാല് ലക്ഷം വരുമാനപരിധിക്ക് താഴെയുള്ളവരാണ്. നാലു ലക്ഷം എന്നത് ഒരു ചെറിയ വരുമാന പരിധി അല്ലാതിരിക്കുകയും, മുന്നോക്ക വിഭാഗങ്ങളിലെ 85 ശതമാനത്തിലധികം പേർ ഈ വരുമാന പരിധിക്കകത്ത് ഉൾപ്പെടുകയും ചെയ്യുമ്പോൾ , മുന്നോക്ക വിഭാഗങ്ങളിലെ ദരിദർക്ക് വേണ്ടിയാണ് ഈ സംവരണം എന്ന കേരള സർക്കാരിൻ്റെ വാദം പച്ചക്കള്ളവും, വഞ്ചനയുമാണ്.

ഫലത്തിൽ ശശിധരൻനായർ കമ്മീഷൻ റിപ്പോർട്ട് തന്നെ ഒരു തട്ടിപ്പാണ്. കേരളത്തിൽ സർക്കാർ ഉദ്യോഗത്തിലും നായർ, നമ്പൂതിരി, സവർണ്ണ ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് അവരുടെ ജനസംഖ്യയുടെ അനുപാതത്തിൽ ഇരട്ടിയിലധികം പ്രാതിനിധ്യം ഇപ്പോൾ തന്നെയുണ്ട്. അതായത്, 50 ശതമാനം വരുന്ന ജനറൽ സീറ്റ് ഇപ്പോൾ കയ്യടക്കി വെച്ചിരിക്കുന്നത് ഈ വിഭാഗങ്ങളാണ്. ഈ 50 ശതമാനം ജനറൽ സീറ്റിൽ ദളിത്, ആദിവാസി, മറ്റു പിന്നോക്ക ജാതി വിഭാഗങ്ങളിലെ ജനങ്ങൾക്ക് യാതൊരുവിധ പ്രാതിനിധ്യവും ഇല്ല. എന്തിന് നിലവിൽ അവർക്കായി മാറ്റിവെച്ചിരിക്കുന്ന സംവരണ സീറ്റുകൾ പോലും ഒഴിഞ്ഞു കിടക്കുന്ന അവസ്ഥയാണ് കേരളത്തിൽ ഉള്ളത്. 50 ശതമാനത്തിൽ 10 ശതമാനം സവർണർക്ക് മാത്രമായി ഉറപ്പിക്കുക എന്നാൽ, മറ്റു പിന്നോക്ക വിഭാഗങ്ങളിൽ ഉള്ളവർക്ക് അവസരം നിഷേധിക്കുക എന്നാണ് അതിനർത്ഥം.

ഇന്ത്യയുടെ സാമൂഹ്യ രാഷ്ട്രീയ സാമ്പത്തിക സാഹചര്യത്തിൽ ദാരിദ്ര്യം എന്നു പറയുന്നത് കേവലം വരുമാനവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നു മാത്രമല്ല. അത് ജാതി, ഭൂമിക്കു മേലുള്ള അധികാരം എന്നിവയുമായും ബന്ധപ്പെട്ട് കിടക്കുന്ന ഒന്നുകൂടിയാണ്. സാവിത്രിബായ് ഫുലെ പുനെ യൂണിവേഴ്സിറ്റിയും, ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയും ചേർന്ന് 2019 പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത്, ഇന്ത്യയിൽ 22 ശതമാനം മാത്രം ജനസംഖ്യയുള്ള ഉന്നതജാതി ഹിന്ദുക്കളാണ് ഇന്ത്യയിലെ ആകെ സമ്പത്തിൻ്റെ 41 ശതമാനം കൈവശം വച്ചിരിക്കുന്നത് എന്നാണ്. ആദിവാസികളും ദളിതരും ജനസംഖ്യയുടെ 27 ശതമാനത്തിലധികം വരുമെങ്കിലും അവരുടെ കൈവശം ഉള്ളത് ആകെ 11.3 ശതമാനം സമ്പത്ത് മാത്രമാണ്. 12 ശതമാനം ജനസംഖ്യയുള്ള മുസ്‌ലിം വിഭാഗത്തിന് 8 ശതമാനം സമ്പത്തും 35 ശതമാനം ജനസംഖ്യയുള്ള ഒബിസി വിഭാഗത്തിന് 31 ശതമാനം സമ്പത്തുമാണ് കൈവശമുള്ളത്. ഇന്ത്യയിൽ സാമ്പത്തിക അസമത്വത്തിൻ്റെ മാനദണ്ഡം പോലും സാമൂഹിക പിന്നോക്കാവസ്ഥയാണെന്ന് ഈ പഠനം സൂചിപ്പിക്കുന്നു. ഇതിനർത്ഥം സവർണരിൽ ദരിദ്രർ ഇല്ലെന്നല്ല. എല്ലാ ജാതി വിഭാഗങ്ങളിലും ദരിദ്രർ ഉണ്ട്. അത് കേവലം സംവരണം കൊണ്ട് പരിഹരിക്കാവുന്ന ഒരു പ്രശ്നമല്ല. ദാരിദ്ര്യത്തിന് കാരണം മാറിമാറിവരുന്ന സർക്കാരുകൾ നടപ്പിലാക്കുന്ന സാമ്പത്തിക രാഷ്ട്രീയ നയങ്ങളാണ്. മോദി സർക്കർ ഇന്ന് തുടർന്നുകൊണ്ടിരിക്കുന്ന നിയോ ലിബറൽ സാമ്പത്തിക നയം ഒരു കൂട്ടം അതിസമ്പന്നർ ഒഴിച്ചു ബാക്കി മുഴുവൻ ജനവിഭാഗങ്ങൾക്കും വലിയ ദാരിദ്ര്യവൽക്കരണമാണ് സമ്മാനിക്കുന്നത്. മുതലാളിത്ത -സാമ്രാജ്യത്വ വികസന മാതൃകകൾ ആണ് ഇതിൻ്റെ ആധാരം. സവർണർ ദരിദ്രവൽക്കരിക്കപ്പെടുന്നതിലും ഗുണത്തിലും അളവിലും എത്രയോ മടങ്ങ് കൂടുതൽ ദളിത്-ആദിവാസി, മറ്റു പിന്നോക്ക ജാതി വിഭാഗങ്ങളിലെ ജനവിഭാഗങ്ങൾ ദരിദ്രവൽകരിക്കപ്പെടുന്നു. എന്നാൽ ഭരണവർഗ്ഗ പാർട്ടികളൊന്നും തന്നെ ഈ പ്രശ്നത്തെ, ഈ ജനവിഭാഗങ്ങളുടെ താല്പര്യത്തെ പ്രതിനിധീകരിക്കുന്നില്ല. പാർലമെൻ്ററി ഇടത് പാർട്ടികൾ പോലും ഇതിൽ നിന്ന് വിഭിന്നമല്ല.

ഭരണഘടനാ തത്വങ്ങളെയും, യഥാർത്ഥ വസ്തുതകളെയും കാറ്റിൽ പറത്തിക്കൊണ്ട് കേന്ദ്രത്തിൽ സംഘ്പരിവാർ നേതൃത്വത്തിലുള്ള മോദി സർക്കാരും കേരളത്തിൽ സിപിഎം നേതൃത്വത്തിലുള്ള പിണറായി സർക്കാരും സാമ്പത്തിക സംവരണം എന്ന സവർണ്ണ ജാതിസംവരണം നടപ്പിലാക്കുന്നു. ബ്രാഹ്മണ്യത്തെയും സവർണരുടെയും ഔദ്യോഗിക പ്രതിനിധിയായി സ്വയം പ്രഖ്യാപിച്ചിരിക്കുന്ന സംഘ്പരിവാർ അത്തരമൊരു നയം നടപ്പിലാക്കുന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല. എല്ലാ കാലത്തും അവർ ജാതി സംവരണം എന്ന ആശയത്തിന് എതിരായിരുന്നു. മാത്രവുമല്ല, ബ്രാഹ്മണ്യവും ജാതിവ്യവസ്ഥയും അതൻ്റെ ഭാഗമായി നിലനിൽക്കുന്ന എല്ലാ സാമൂഹിക ഉച്ചനീചത്വങ്ങളും അസമത്വങ്ങളും അതേപടി നിലനിൽക്കണം എന്നാണ് അവരുടെ ആഗ്രഹം. അസമത്വത്തിലും ചൂഷണത്തിലും അധിഷ്ഠിതമായ ഒരു സമൂഹത്തിൽ നിന്നും ഗുണഫലം അനുഭവിക്കുന്ന ഒരു ചെറിയ വിഭാഗം സവർണ സമ്പന്നരെയാണ് ആർ.എസ്.എസ് പ്രതിനിധാനം ചെയ്യുന്നത്. അതാണ് അവരുടെ രാഷ്ട്രീയത്തിൻ്റെ വർഗ്ഗാടിത്തറ. സിപിഎം എന്ന രാഷ്ട്രീയ പാർട്ടിയെ സംബന്ധിച്ചിടത്തോളം സവർണ്ണ പക്ഷപാതിത്വത്തോടൊപ്പം, അവർ എത്തിച്ചേർന്ന തിരുത്തൽവാദവും അഥവാ മുതലാളിത്ത സേവയും സവർണ്ണ സംവരണം എന്ന നയത്തിലേക്ക് എത്തിച്ചേരാൻ കാരണമാണ്. തുടക്കം മുതൽക്കുതന്നെ ജാതിവ്യവസ്ഥയെ വിലയിരുത്തുന്നതിൽ അവർക്ക് പിഴവ് പറ്റിയിട്ടുണ്ട്. ഇന്ത്യയിൽ ജാതിവ്യവസ്ഥ എങ്ങനെയാണ് പ്രവർത്തിക്കുന്നത്, ജാതിയെ എങ്ങിനെ ഉന്മൂലനം ചെയ്യാം തുടങ്ങിയ വിഷയങ്ങളിൽ കൃത്യമായ വിശകലനമോ പ്രവർത്തന പദ്ധതിയോ അവർക്കില്ല. സവർണ്ണ ബുദ്ധിജീവികളിൽ പൊതുവിൽ കണ്ടുവരുന്ന ജാതിയെ പറ്റിയുള്ള അറിവില്ലായ്മ സിപിഎം ബുദ്ധിജീവികളിലും ഉണ്ടായിരുന്നു. ഇതിന് ഉത്തമ ഉദാഹരണമാണ് ഇഎംഎസ് നമ്പൂതിരിപ്പാട്. ചില ക്ഷേമപദ്ധതികൾ നടപ്പിലാക്കുന്നു എന്ന് അവർ അവകാശപ്പെടുമ്പോഴും പൊതുവിൽ സിപിഎം അധികാരത്തിൽ വരുമ്പോഴെല്ലാം നടപ്പിലാക്കുന്നത് മുതലാളിത്ത സാമ്രാജ്യത്വ സാമ്പത്തിക നയങ്ങൾ തന്നെയാണ്. സിപിഎമ്മിന് അകത്തുതന്നെ ഉള്ള മധ്യവർഗ ഉപരിവർഗ ബുദ്ധിജീവികൾക്ക് ഈ നയങ്ങൾ സ്വീകാര്യമാണ്. ആ വിഭാഗങ്ങൾ അതിൻ്റെ ഗുണഭോക്താക്കളും ആണ്. സിപിഎമ്മിന് അകത്തെ സാധാരണ അണികളെ പറഞ്ഞു പറ്റിക്കാൻ ഈ ബുദ്ധിജീവി വിഭാഗം കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. അതൊരു പരിധിവരെ വിജയിക്കുന്നുമുണ്ട്. മുതലാളിത്ത വ്യവസ്ഥയെ തകർത്തുകൊണ്ട്, ഒരു സോഷ്യലിസ്റ്റ് സമൂഹം കെട്ടിപ്പടുക്കണം എന്ന ആഗ്രഹമൊന്നും സിപിഎം നേതൃത്വത്തിന് ഇല്ല. നിലവിലെ വ്യവസ്ഥയിൽ ചില പരിഷ്കരണങ്ങൾ വരുത്തി, അതിൻ്റെ ഗുണഭോക്താക്കളെ തങ്ങളോടൊപ്പം നിർത്തി കാലാകാലങ്ങളിൽ അധികാരത്തിൽ തുടരണം എന്നാണ് അവരുടെ മോഹം. അത്തരത്തിൽ മധ്യവർഗ്ഗ സവർണ്ണ വിഭാഗങ്ങളെ കൂടെ നിർത്താൻ വേണ്ടിയുള്ള ഒരു ഉഡായിപ്പ് പരിപാടിയാണ് സവർണ്ണ സംവരണം. ഒരേസമയം ഇത് ആദിവാസി-ദളിത്, ഒബിസി വിഭാഗങ്ങളോടുഉള്ള കൊഞ്ഞനം കാട്ടലും, സവർണരിലെയും മറ്റെല്ലാ വിഭാഗങ്ങളിലെയും ദരിദ്രരരോടുള്ള വഞ്ചനയുമാണ്.

ഭരണഘടനാപരമായ അവകാശങ്ങൾ ഉൾപ്പെടെ എല്ലാ അവകാശങ്ങളും ജനങ്ങൾക്ക് ലഭ്യമായത് സമരങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയുമാണ്. സംവരണത്തെ അട്ടിമറിക്കാൻ, സവർണ്ണ ആധിപത്യം സകലമേഖലകളിലും ഊട്ടിയുറപ്പിക്കാൻ ഭരണവർഗ പാർട്ടികളും ഇന്ത്യൻ ഭരണകൂടം ആകെ തന്നെയും നടത്തുന്ന ഈ ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കേണ്ടതും , അവകാശങ്ങളെ പുനസ്ഥാപിക്കേണ്ടതും മേൽപറഞ്ഞ മാർഗത്തിലൂടെയാണ്.

Photo_ Courtesy

Follow | Facebook | Instagram Telegram | Twitter