ആദിവാസി ഭൂമിയുടെ രാഷ്ട്രീയം അഭിസംബോധന ചെയ്യാതെ ഇനിയൊരു രാഷ്ട്രീയപാര്‍ട്ടിക്കും മുന്നോട്ട് പോക്കില്ല

കൃഷിഭൂമിക്കും കിടപ്പാടത്തിനും വേണ്ടി സമരം ചെയ്തതിന്റെ പേരിൽ തൊവരിമലയിൽ നിന്നും സർക്കാർ ആട്ടിയോടിച്ച ആദിവാസികളെ സന്ദർശിച്ച ഡോക്ടർ പി ജി ഹരിയുടെ ഫേസ്‌ബുക്ക് കുറിപ്പ് പ്രസക്ത ഭാഗങ്ങൾ

സമരഭൂമിയില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടവര്‍ ഉച്ചവരെ വാഴത്തോട്ടങ്ങളിലും വയലുകളിലും ചിതറിപോയെങ്കിലും വൈകുന്നോരത്തോടെ ഒത്തുകൂടി സിവില്‍ സ്റ്റേഷന്റ മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങിയിരിക്കുന്നു.രാത്രി 10.30ന് സിവില്‍ സ്റ്റേഷന്റ മുന്നില്‍ നിന്നു പോരുമ്പോഴും ഇവര്‍ അവിടെയിരിക്കുകയാണ്.

രാവിലെ രണ്ടു കഷ്ണം ബ്രഡും ഒന്നോ രണ്ടോ പഴവും മാത്രം കഴിച്ച് സമരഭൂമിയിലെത്തിയവര്‍. അത്താഴം എത്തിയില്ല, വിശന്നു തളര്‍ന്നകുട്ടികള്‍ ഉറക്കമായി. ഇന്നത്തെ ഭക്ഷണം പിഡിപി വൈകാതെ എത്തിക്കും . അപ്പോഴും പ്രശ്നങ്ങള്‍ തീരുന്നില്ല. സഖാവ് കുഞ്ഞികണാരന്‍ അടക്കം 14പേര്‍ കോടതിവരാന്തയിലാണ്. ഇന്നലെ സമരത്തിനെത്തിയ പലരെയും പോലീസ് ബലം പ്രയോഗിച്ച് വണ്ടിയില്‍ കയറ്റികൊണ്ടുപോയി വഴിയിലിറക്കിവിട്ട സംഭവം ഉണ്ടായിരിക്കുന്നു.

മാധ്യമങ്ങള്‍ യാതൊരു വിധത്തിലും സമരഭൂമിയില്‍ പ്രവേശിക്കുകയോ വാര്‍ത്ത പുറത്ത് എത്തിക്കുകയോ ചെയ്യാതിരിക്കാനുള്ള മുന്‍ കരുതലും എടുത്തിരുന്നു. രാവിലെ തന്നെ സമരസമിതിനേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ചുവരുത്തി കസ്റ്റഡിയിലെടുത്തതിന് ശേഷമാണ് സമരഭൂമിയില്‍ നിന്നും തുണികളോ കുട്ടികളുടെ കളിപ്പാട്ടങ്ങളോ എടുക്കാന്‍ പോലും സമ്മതിക്കാതെ ബലം പ്രയോഗിച്ച് ഒഴിപ്പിച്ചത്.

പക്ഷേ അടിച്ചമര്‍ത്തല്‍ പരിഹാരമല്ലയെന്നും പരാജയപ്പെടില്ലെന്നും ഉറക്കെ പ്രഖ്യാപിച്ച് തുടരുന്ന സമരത്തിന് കേരളത്തിലെ സാംസ്കാരിക രാഷ്ട്രീയരംഗത്തെ നട്ടെല്ലും നാവും പണയം വച്ചിട്ടില്ലാത്ത സംഘടനകളും വ്യക്തികളും സമരത്തിനു ഒപ്പമെന്ന് സാന്നിദ്ധ്യംകൊണ്ട് ഉറപ്പിക്കുന്നു. അപ്പോഴും സമരം മുന്നോട്ട് കൊണ്ടുപോകണണെങ്കില്‍ സ്ത്രീകളും കുട്ടികള്‍ അടക്കമുള്ള സമരസഖാക്കളുടെ ഭക്ഷണം, കുടിവെള്ളം, പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യം ഒക്കെയും കണ്ടെത്തേണ്ടിയിരിക്കുന്നു.

ആദിവാസി ഭൂമിയുടെ രാഷ്ട്രീയത്തെ അഭിസംബോധന ചെയ്യാതെ ഇനി ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും മുന്നോട്ട് പോക്കില്ലെന്ന സത്യം വിളിച്ചുപറയുന്ന സമരത്തിന് അഭിവാദ്യങ്ങള്‍.
ഫോട്ടോ_ ഷഫീഖ് താമരശേരി

Leave a Reply