എൽ.ഡി.എഫ് സർക്കാരിനെതിരെയുള്ള ശ്രമങ്ങൾ ഞങ്ങൾ നീരിക്ഷിക്കുന്നുണ്ട്; സ്പെഷ്യൽ ബ്രാഞ്ചിന്റെ ഭീഷണി
നീ വല്ലാണ്ട് നെഗളിക്കണ്ട, നിന്നെ കൊണ്ടു പോകാനൊക്കെ ഞങ്ങൾക്കറിയാം. നീ ആദിവാസികളുടെ ഇടയിൽ തീവ്രചിന്തകൾ പ്രചരിപ്പിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. നിന്നെ പൊക്കാൻ ഞങ്ങൾക്കറിയാം എന്നവർ ആക്രോശിച്ചു…
അജീഷ് കിളിക്കോട്ട്
ഇന്ന് രാവിലെ സ്പെഷ്യൽ ബ്രാഞ്ചിൽ നിന്നാണെന്നും പറഞ്ഞ് മൂന്ന് ആളുകൾ വീട്ടീൽ വന്നിരുന്നു. നിലമ്പൂർ എം.ആർ.എസ് വിഷയത്തിൽ ഫ്രറ്റേണിറ്റിയുടെ ഇടപെടലുകളെപ്പറ്റിയും എത്ര നാളായി ഫ്രറ്റേണിറ്റിയിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ടെന്നും ചോദിച്ചു.
സാധാരണ വേഷത്തിൽ വന്നവരായത് കൊണ്ട് നിങ്ങൾ പോലീസാണെങ്കിൽ ഐഡി കാർഡ് കാണിക്കാൻ ഞാൻ പറഞ്ഞപ്പോൾ “ഞങ്ങൾ എന്തൊക്കെ അന്വേഷിക്കണമെന്ന് നീയാണോ തീരുമാനിക്കുന്നതെന്നും ചോദിച്ചതിന് മാത്രം മറുപടി പറഞ്ഞാൽ മതിയെന്നും” പറഞ്ഞവർ ദേഷ്യപ്പെട്ടു സംസാരിച്ചു.
തുടർന്നവർ പറഞ്ഞ കാര്യങ്ങളുടെ ചുരുക്കമിതാണ്: ‘ തെരഞ്ഞെടുപ്പ് കാലത്ത് എൽ.ഡി.എഫ് സർക്കാരിനെതിരെയുള്ള ശ്രമങ്ങൾ ഞങ്ങൾ നീരിക്ഷിക്കുന്നുണ്ട്. ഫ്രറ്റേണിറ്റി ഇവിടത്തെ ഭരണകൂടത്തിനെതിരെയും നിയമസംവിധാനത്തെയും വെല്ലുവിളിച്ചാൽ ഞങ്ങൾക്ക് അത് അന്വേഷിക്കേണ്ടതുണ്ട്. നിലമ്പൂർ എം ആർ എസ് വിഷയത്തിൽ തെളിവെടുപ്പ് നടക്കുമ്പോൾ നിങ്ങൾ സ്കുളിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്തു എന്ന് റിപ്പോർട്ടുകളുണ്ട്.’
അവസാനമവർ എന്നോട് ചോദിച്ച ചോദ്യം
നിങ്ങൾക്ക് മാവോയിസ്റ്റുകളുമായി ബന്ധമുണ്ടോ എന്നാണ്.
ഇതെന്താണ് ഇത്രയും നേരമായിട്ടും ഈ ചോദ്യം വരാത്തതെന്ന് കരുതിയിരിക്കുകയായിരുന്നു ഞാൻ.
ഫ്രറ്റേണിറ്റിയെക്കുറിച്ചും ഫ്രറ്റേണിറ്റി രണ്ട് വർഷമായി കേരളത്തിലെ ക്യാമ്പസുകളിലും പൊതുസമൂഹത്തിലും നടത്തുന്ന ഇടപെടലുകളെ കുറിച്ചും ഞാൻ വിശദീകരിച്ചു.
പോകാൻ നേരം എന്നെ ഭീഷണിപ്പെടുത്തിക്കൊണ്ടാണവർ പോയത്. നീ വല്ലാണ്ട് നെഗളിക്കണ്ട, നിന്നെ കൊണ്ടു പോകാനൊക്കെ ഞങ്ങൾക്കറിയാം. നീ ആദിവാസികളുടെ ഇടയിൽ തീവ്രചിന്തകൾ പ്രചരിപ്പിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. നിന്നെ പൊക്കാൻ ഞങ്ങൾക്കറിയാം എന്നവർ ആക്രോശിച്ചു.
നിൻെറ പിറകെ ഞങ്ങളുണ്ട് എന്ന ഭീഷണിയും. എന്നാൽ പിന്നെ അങ്ങനെയാകട്ടെ എന്നു ഞാൻ പറഞ്ഞു അവരോട് പോകാൻ ആവശ്യപ്പെട്ടു. അവർ ഇറങ്ങിപ്പോയി.
നിലമ്പൂർ എം.ആർ.എസ് സ്കൂളിൽ സതീഷ് എന്ന കാട്ട്നായ്ക്കർ ആദിവാസി വിഭാഗത്തിൽ പെട്ട വിദ്യാർത്ഥിയുടെ മരണത്തിൽ സംശയമുന്നയിച്ചത് കുട്ടിയുടെ പിതാവും ബന്ധുക്കളുമാണ്. ഫ്രറ്റേണിറ്റിയെ ഈ വിവരം അറിയിക്കുന്നത് സതീഷിന്റെ ബന്ധുവും ആദിവാസി പ്രവർത്തകയുമായ ശ്രീമതി ചിത്ര നിലമ്പൂരാണ്. സംഘടന ഈ വിഷയത്തിൽ ബന്ധപ്പെട്ടപ്പോൾ കുട്ടിയുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സംശയത്തെ സ്ഥിരീകരിക്കുന്ന രീതിയിലാണ് സ്കൂളിലെ സാഹചര്യവും അധ്യാപകരുടെ പെരുമാറ്റവും.
അവിടുത്തെ വിദ്യാർത്ഥിനികൾ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടെന്ന് വിദ്യാർത്ഥിനികൾ തന്നെ പരാതി ഉന്നയിക്കുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് ഫ്രറ്റേണിറ്റി മൂവ്മെൻറ് വിഷയത്തിൽ ഇടപെട്ടതും അവിടെ വിവിധ സമരപ്രവർത്തനങ്ങളുമായി പോകുന്നതും. കഴിഞ്ഞ ദിവസം ഹിയറിങ് സബ് കലക്റ്ററെ കണ്ട് പുറത്തിറങ്ങിയ ഞാനും ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ നേതാക്കളും അടങ്ങുന്ന സംഘത്തെ അവിടുത്തെ സി.പി.എം പ്രവർത്തകർ അടങ്ങുന്ന വലിയൊരു സംഘം തടഞ്ഞു വെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
അതിന് തൊട്ട് പിറകെയാണ് ഇപ്പോൾ എൻെറ വീട്ടിൽ വന്ന് ഔദ്യോഗികമായി ആരെന്ന് ബോധ്യപ്പെടുത്താതെ സ്‌പെഷ്യൽ ബ്രാഞ്ച് എന്നവകാശപ്പെടുന്ന സംഘം അവാസ്തവികമായ ആരോപണങ്ങളും ഭീഷണികളും ഉയർത്തി പോയിരിക്കുന്നത്. മൂവ്മെൻറിൻെറ പ്രവർത്തനങ്ങളും ഇടപെടലുകളും ഇവിടത്തെ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും അതാത് സമയങ്ങളിൽ പുറത്ത് വരുന്നുണ്ട് എന്നിരിക്കെ ഭയപ്പെടുത്താനും ഭീഷണിപ്പെടുത്താനുമുള്ള ഭരണകൂടത്തിൻറെ ഇത്തരം ശ്രമങ്ങൾക്കെതിരെ ജനാധിപത്യ സമൂഹത്തിന്റെ ശക്തമായ പ്രതിഷേധമുയർന്നു വരേണ്ടതാണ്.
അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു എന്നെ ഭീഷണിപ്പെടുത്തിയ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് നാളെ തൃശൂർ എസ്.പിക്ക് പരാതി കൊടുക്കും. ലൈംഗിക ചൂഷണം അടക്കമുള്ള പരാതികളിൽ നീതിയുക്തമായ നടപടികൾ ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി ശക്തമായി മുന്നോട്ട് പോകും.
_ അജീഷ് കിളിക്കോട്ട്, ഫ്രറ്റേണിറ്റി മൂവ്മെന്റ് കേരള, സംസ്ഥാന സെക്രട്ടറി