നജ്മൽ ബാബു എന്നറിയപ്പെടാനും വിളിക്കപ്പെടാനും ആഗ്രഹിച്ചിരുന്ന സഖാവ്

പേരുമാറ്റവും മത സ്വീകരണ പ്രഖ്യാപനവും ജോയിയുടെ കലാപമായിരുന്നു.അതിന്റെ തുടര്‍ച്ചയാണ് മരണാനന്തരം തന്നെ ചേരമാന്‍ പള്ളിയില്‍ അടക്കം ചെയ്യണമെന്ന അന്ത്യാഭിലാഷവും. അതിനെ ആ അര്‍ത്ഥത്തില്‍ മനസ്സിലാക്കാനും മാനിക്കാനും കുടുംബാംഗങ്ങള്‍ക്കൊ അവരുടെ പാര്‍ശ്വവര്‍ത്തികളായി ചേര്‍ന്ന ‘മതേതര ജനാധിപത്യ’മെന്ന വമ്പന്‍ പ്രസ്താവനകള്‍ നടത്തി ജോയിയെ ബിംബവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നവര്‍ക്കൊ കഴിയാതെ പോയത് ദൗര്‍ഭാഗ്യകരം തന്നെയെന്നും പോരാട്ടം ചെയർമാൻ എം എൻ രാവുണ്ണി പറയുന്നു. കൊടുങ്ങല്ലൂരിൽ 2018 ഒക്ടോബർ 20ന് ‘നജ്മൽ ബാബു സൗഹൃദ കൂട്ടായ്മ’ നടത്തിയ “നജ്മൽ ബാബുവിന്റെ മരണാനന്തര രാഷ്ട്രീയം” എന്ന പരിപാടിയിൽ അവതരിപ്പിക്കുന്നതിനായി പോരാട്ടം ചെയർമാൻ എം എൻ രാവുണ്ണി സംഘാടകർക്ക് അയച്ച കത്തിന്റെ പൂർണ്ണരൂപം;

സമീപകാലങ്ങളിലായി നജ്മൽ ബാബു എന്നറിയപ്പെടാനും വിളിക്കപ്പെടാനും ആഗ്രഹിച്ചിരുന്ന സഖാവ് ടി എന്‍ ജോയ് ഇന്ന് നമ്മളോടൊപ്പം ഇല്ല. മരണവാര്‍ത്ത അറിഞ്ഞ് ഒരു നിമിഷം സ്‌തംഭിച്ചുപോയി. ജോയിയെ അവസാനമായി കണ്ടു സംസാരിച്ചത് തൃശ്ശൂര്‍ സാഹിത്യഅക്കാദമിയില്‍ രക്തസാക്ഷികളെ അനുസ്മരിക്കുന്ന യോഗത്തിലാണ്. പിന്നെ ഇപ്പോഴിതാ ഫ്രീസറിനകത്തും. ജീവിച്ചരുന്ന കാലമത്രയും വിവാദപുരുഷനായിരുന്ന ജോയി എന്ന നജ്മൽ ബാബു തന്റെ മരണാനന്തരവും വിവാദം അവശേഷിപ്പിച്ചാണ് കടന്നു പോയിട്ടുള്ളത്.

ജാതിയിലോ മതത്തിലോ വിശ്വാസിച്ചിട്ടില്ലാത്ത ജോയി ഇസ്‌ലാം മതം സ്വീകരിച്ചു എന്നറിഞ്ഞപ്പോള്‍ ഇതെന്ത് വിരോധാഭാസം എന്നു ചിന്തിക്കാനാണ് ആദ്യം തോന്നിയത്. തന്റെ മതം മാറ്റത്തിനു മതപരമായ എന്തെങ്കിലും ചടങ്ങുകളെയോ ആചാരങ്ങളെയോ ആധാരമാക്കിയിരുന്നില്ല. മതപരമായ പ്രാര്‍ത്ഥനകള്‍ അദ്ദേഹം നടത്തിയിരുന്നതായും അറിവില്ല. പിന്നെ എന്തിനാണ് ജോയി തന്നെ ഇസ്ലാമായി പ്രഖ്യാപിച്ചത് ?

സംഘ്പരിവാര്‍ ഫാസിസ്റ്റുകളുടെ മാരകമായ ആക്രമണത്തെ വെല്ലുവിളിച്ചു കൊണ്ടാണ് ജോയി താന്‍ ഇസ്‌ലാം മതം സ്വീകരിക്കുന്നു എന്ന് പ്രഖ്യാപിച്ചത്. തുടർന്ന് വസ്ത്രധാരണത്തിലും പേരിലും മാറ്റം വരുത്തി. അത്ര തന്നെ, കൊല്ലുന്നുവെങ്കിൽ കൊല്ലട്ടെ. ഒരു ഇസ്‌ലാമായി മരിക്കാന്‍ തന്നെയായിരുന്നു ജോയിയുടെ തീരുമാനം. ഒരു ഇസ്‌ലാമും ഒറ്റക്കാവരുത് എന്ന് അദ്ദേഹം ആഗ്രഹിച്ചു. മരണാനന്തരം തന്നെ കൊടുങ്ങലൂരിലെ ചേരമന്‍ പള്ളിയില്‍ ഖബറടക്കണമെന്നും നജ്മൽ ബാബു ആഗ്രഹിച്ചു. പള്ളി മേലാധികാരിക്ക് ആഗ്രഹം സാക്ഷാത്കരിക്കാന്‍ സൗകര്യമൊരുക്കണമെന്ന് അപേക്ഷിച്ച് കത്തെഴുതുകയും ചെയ്തു.

ദശകങ്ങള്‍ക്ക് മുമ്പ് സ്വന്തം കുടുംബാംഗങ്ങള്‍ക്കിടയില്‍ നിന്നും ഇറങ്ങി വന്ന ജോയി സ്വന്തം മുന്‍കൈയ്യില്‍ സംഘടിപ്പിച്ച ശൃംഗപുരത്തെ ഹെല്‍ത്ത് കെയര്‍ ഇൻസ്റ്റിറ്റ്യൂട്ടിൽ തനിക്കുവേണ്ടി കണ്ടെത്തിയ ഒരു മുറിയിലാണ് അവസാന നാള്‍വരെ കഴിഞ്ഞത്. രോഗികളും സുഹൃത്തുക്കളും സഖാക്കളുമായിരുന്നു അദ്ദേഹത്തിന്റെ കുടുംബാഗങ്ങള്‍. എന്നും സുസ്മേരവദനനായി മാത്രം കാണാന്‍ കഴിയുമായിരുന്ന ജോയി സൂര്യന് കീഴിലെ എല്ലാ സങ്കീര്‍ണ്ണ പ്രശ്‌നങ്ങളിലും വ്യാപൃതനായിരുന്നപ്പോള്‍ പോലും തന്റെ പേരിനെ അന്വർത്ഥ മാക്കുന്ന വിധം എന്നും ‘ജോയ്’ ആയി തന്നെയിരുന്നു. തികഞ്ഞ ശുഭാപ്തിവിശ്വാസിയുമായിരുന്നു അദ്ദേഹം. പോരാട്ടം സംഘടന ഒരുക്കിയിരുന്ന എല്ലാ പരിപാടികളിലും നജ്മൽ ബാബു എന്ന ജോയിയുടെ നിറസാന്നിധ്യം ഉറപ്പാക്കപെട്ടിരുന്നു.

സഖാവ് ടി.എന്‍ ജോയ് എന്ന അപരിചിതനെ ഞാന്‍ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും കണ്ണൂര്‍ സെൻട്രല്‍ ജയിലിനകത്തെ ‘എ’ ബ്ലോക്കിൽ വെച്ചാണ്. കോങ്ങാട്ടു കേസില്‍ അവസാനമായി ശിക്ഷിക്കപ്പെട്ട ഞാനടക്കമുള്ളവര്‍ ഇതേ ‘എ’ ബ്ലോക്കിൽ അടക്കപ്പെട്ടിരുന്നു. ഒരു രാത്രിയില്‍ ഒട്ടേറെ സഖാക്കളെ അവിടേക്കുകൊണ്ടുവന്നു. 1976 അടിയന്തരാവസ്ഥകാലം, സഖാവ് രാജന്റെ കൊലപാതകം ഉണ്ടാക്കിയ ഉത്കണ്ഠാകുലമായ അന്തരീക്ഷം. ജയറാം പടിക്കലിന്റെ നേതൃത്വത്തില്‍ തുടങ്ങിയ കക്കയം ക്യാമ്പ് പിരിച്ചുവിട്ടതിനെ തുടർന്ന് അവിടെ മാസങ്ങളായി രഹസ്യമായി അടക്കപ്പെട്ട സഖാക്കളില്‍ ജോയി ഉണ്ടായിരുന്നു.

പൊതുവെ ശാന്തന്‍. എല്ലാവരോടും സ്‌നേഹത്തോടും പുഞ്ചിരിയോടും മാത്രം പെരുമാറിയിരുന്ന ജോയിയില്‍ എന്തെങ്കിലും അന്തർസംഘർഷം ഉള്ളതായി ആര്‍ക്കും പറയാന്‍ കഴിയുമായിരുന്നില്ല. പക്ഷേ താന്‍ പ്രവര്‍ത്തിച്ച സംഘടന വിടാന്‍ ജോയി അന്നുതന്നെ തീരുമാനിച്ചു കഴിഞ്ഞിരുന്നു എന്നതാണ് വാസ്തവം. എന്നാലും ഞങ്ങളുടെ ബ്ലോക്കിൽ നടക്കുമായിരുന്ന എല്ലാ രാഷ്ട്രീയ ആശയശാസ്ത്ര ചര്‍ച്ചകളിലും ജോയി സജീവമായിരുന്നു. സഖാവ് മാവോയുടെ മരണവും തുടര്‍ന്നുണ്ടായ ചൈനയിലെ മുതലാളിത്ത അട്ടിമറിയും ചിന്തയെ കീറിമുറിക്കു വജ്രസൂചികളായിരുന്നു അന്ന്.

ജോയി കായണ്ണ സഖാക്കളില്‍ അവസാനത്തെ ആള്‍ എന്ന നിലയ്ക്കാണ് ജയില്‍ മോചിതനാകുന്നത്. എല്ലാവരും കോടതിയില്‍ നിന്നു തന്നെ നിരുപാധികം വിട്ടയക്കപ്പെട്ടെങ്കിലും സഖാവിനെ മാത്രം വൈകുന്നേരം തിരിച്ച് ജയിലേക്ക് കൊണ്ടുവന്നു. എന്തോ കടലാസുകള്‍ ശരിയാക്കുന്നതില്‍ വന്ന തകരാറ് ആയിരുന്നു കാരണം. തിരികെവന്ന ജോയിയോട് ഞങ്ങള്‍ എന്താണ് കാര്യമെന്ന് ആരാഞ്ഞപ്പോൾ പ്രതികരിച്ചത് ഇങ്ങിനെ, “ചുരുങ്ങിയ ദിവസത്തേതായിരുന്നു ഇവിടെ നിങ്ങളോടൊപ്പമുള്ള ജീവിതം, എന്നാലും നിങ്ങളെ വിട്ടുപോകുന്നതില്‍ ചെറിയൊരു വിമ്മിഷ്ടം, അതേ എംഎൻ…സത്യം അതാണ്..”

ജോയി പിറ്റേന്ന് തന്നെ മോചിതനായി. പിന്നീട് കേട്ടത് സൂര്യകാന്തി എന്ന പ്രസിദ്ധീകരണ കേന്ദ്രം തുടങ്ങി എന്നായിരുന്നു. പ്രസിദ്ധീകരിച്ച ഒന്നു രണ്ട് പുസ്തകങ്ങള്‍ അയച്ചു തരികയും ചെയ്തു. എന്നും പുറംവിശേഷങ്ങള്‍ക്ക് ഞങ്ങള്‍ക്ക് കത്തയക്കുമായിരുന്നു. കൊടുങ്ങലൂര്‍ പോലീസ് സ്റ്റേഷൻ ജനങ്ങള്‍ എറിഞ്ഞു തകര്‍ത്തതിനെ കുറിച്ചുള്ളതായിരുന്നു അതില്‍ ഒരു കത്ത്.

1987 – 89 ലാണെന്ന് തോന്നുന്നു കൊടുങ്ങലൂരില്‍ ഒരു പൊതുയോഗത്തില്‍ സംബന്ധിക്കാന്‍ പോയതായിരുന്നു ഞാന്‍. പ്രസംഗം കഴിഞ്ഞ് തണലത്ത് മാറിനില്‍ക്കുന്ന എന്നെ മണിയന്‍ സഖാവ് വന്നറിയിച്ചു, ടി എന്‍ ജോയി വന്നു നില്‍പ്പുണ്ട്, സഖാവിനെ കാണാനാണ്. ആള്‍ക്കൂട്ടത്തില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്ന ജോയിയെ കണ്ടു. ഇരുവരും കെട്ടിപ്പിടിച്ചു. “എംഎന് ഒരു മാറ്റവുമില്ല. അന്നു കണ്ടപോലെ തന്നെ, ഞാനിപ്പോള്‍ ഡി.വൈ.എഫ്.ഐയുമായി സഹകരിക്കുകയാണ്.” ആ പറച്ചലില്‍ ഒരു ജാള്യതയും ഉണ്ടായിരുന്നില്ല.

പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം തൃശൂര്‍ കോര്‍പറേഷന്‍ ഓഫീസിന് മുന്നിൽ രാജന്‍ പ്രശ്‌നം പുനര്‍ജീവിപ്പിക്കുന്നതിന്റെ ഭാഗമായി നടന്ന പൊതുയോഗത്തിൽ പല പ്രമുഖരും പങ്കെടുത്തു. വേണുവിന്റെ പേരുമുണ്ടായിരുന്നു അതിൽ.

“കരുണാകരന്റെ തോളിലും ഒരേ സമയം ഈച്ചര വാര്യരുടെ തോളിലും കൈയ്യിട്ടുകൊണ്ടാണെങ്കില്‍ ഈ നീക്കം അര്‍ത്ഥ ശൂന്യമായിരിക്കും…” എന്നു ഞാന്‍ പ്രസംഗത്തിനിടയില്‍ പറഞ്ഞതിന്റെ പേരിൽ പലരും മുഖം കറുപ്പിക്കാനിടയായി. പ്രസംഗവേദി വിട്ടു താഴോട്ടിറങ്ങി വന്ന എന്നെ ഒരാൾ വന്നു കൈപിടിച്ചമര്‍ത്തികൊണ്ട് പറഞ്ഞു, “അസ്സലായി…”

ഏതാനും നിമിഷത്തെ വിസ്മയം, എനിക്ക് ആളെ മനസ്സിലായില്ല. ‘എന്താ എം എന്‍, ഇത് ഞാന്‍ ടി എന്‍.ജോയി… സഖാവ് വരുന്നുണ്ടെന്നു അറിഞ്ഞതുകൊണ്ട് മാത്രം കാണാന്‍ വന്നതാണ്..”

മുടി പ്രത്യേക രീതിയില്‍ വളര്‍ത്തി അലസമായി വിട്ടിരിക്കുന്നു. കഴുത്തില്‍ എന്തോ ചിലത് കെട്ടിയിരുന്നതായും ഓര്‍ക്കുന്നു. അതാണ് തിരിച്ചറിയാന്‍ കഴിയാതിരുന്നത്. അതിലെ ഖേദം അറിയിച്ചപ്പോള്‍ “അതൊന്നും സാരമില്ല…” എന്നായിരുന്നു ജോയിയുടെ പ്രതികരണം. ചികിത്സയിലാണെന്നും പറഞ്ഞിരുന്നു. എഴുത്തുകളിലും സംഭാഷണങ്ങളിലും എന്തൊ ചെറിയ തുടര്‍ച്ചയില്ലായ്മ ഉള്ളതായി തോന്നിയിട്ടുണ്ട്.

ജനങ്ങളുടെ പക്ഷത്തായിരുന്നു അദ്ദേഹം എന്നും. പരിപാടികള്‍ക്ക് എവിടെയും ഓടി എത്തുമായിരുന്നു. സവര്‍ണ്ണ ഫാസിസ്റ്റുകളുടെ സാന്നിധ്യം സമൂഹത്തില്‍ സജീവമായതോടെ അതിനെതിരെയുള്ള പ്രതിഷേധങ്ങളിൽ ജോയിയും സജീവമായിരുന്നു. പേരുമാറ്റവും മത സ്വീകരണ പ്രഖ്യാപനവും ഈ അര്‍ത്ഥത്തില്‍ ജോയിയുടെ ഒരു കലാപമായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് മരണാനന്തരം തന്നെ ചേരമാന്‍ പള്ളിയില്‍ അടക്കം ചെയ്യണമെന്ന അന്ത്യാഭിലാഷവും. അതിനെ ആ അര്‍ത്ഥത്തില്‍ മനസ്സിലാക്കാനും മാനിക്കാനും കുടുംബാംഗങ്ങള്‍ക്കൊ അവരുടെ പാര്‍ശ്വവര്‍ത്തികളായി ചേര്‍ന്ന ‘മതേതര ജനാധിപത്യ’മെന്ന വമ്പന്‍ പ്രസ്താവനകള്‍ നടത്തി ജോയിയെ ബിംബവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നവര്‍ക്കൊ കഴിയാതെ പോയത് ദൗര്‍ഭാഗ്യകരം തന്നെ.

മരണത്തിലും വിവാദം സൃഷ്ടിച്ച നിര്‍മലനായ ഒരു വ്യക്തിയില്‍ കളങ്കം ചാര്‍ത്തുകയായിരുന്നു തങ്ങളെന്ന് അവര്‍ ഉള്ളുകൊണ്ടെങ്കിലും ചിന്തിക്കാതിരിക്കില്ല. ഒരു വ്യക്തിക്ക് പ്രത്യേക സാഹചര്യത്തില്‍ എങ്ങിനെ മരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഇന്ന് നിയമം അംഗീകരിക്കുന്നു. അപ്പോള്‍ മരണാനന്തരം സ്വന്തം ജഡം എന്ത് ചെയ്യണമെന്ന് നിശ്ചയിക്കാനുള്ള അവകാശവുമില്ലെ ? ഇല്ലെങ്കില്‍ അതിനൊരു നിയമം ഉണ്ടായേ മതിയാകൂ.

മഹാന്മാരെ അവരുടെ മരണാനന്തരം ബിംബവത്ക്കരിക്കും. എന്നാൽ അവരുടെ ആശയങ്ങളെയും ലക്ഷ്യങ്ങളെയും വേണ്ടുവോളം വികൃതമാക്കുകയും അപകീര്‍ത്തിപ്പെടുകയും ചെയ്യുന്നു. നജ്മൽ ബാബു എന്ന ജോയിയുടെ കാര്യത്തിലും അതാണ് സംഭവിച്ചത്. ഹിന്ദു മതത്തിന്റെയോ ജാതിയുടെയോ ചെറിയ ലാഞ്ചന പോലും ഉണ്ടായിരിക്കരുതെന്ന് കരുതിയാണ് നാമറിയുന്ന നജ്മൽ ബാബുവിന് അച്ഛൻ ജോയി എന്ന പേരിട്ടത് എന്നു കേട്ടിട്ടുണ്ട്. സവര്‍ണാധിപത്യത്തിനെതിരെ സ്വന്തം നായയ്ക്ക് ‘തമ്പ്രാന്‍’ എന്ന് പേരിട്ട ആളായിരുന്നു ജോയിയുടെ അച്ഛൻ നീലകണ്‌ഠ ദാസ്. ആ ജോയിക്ക് ഹിന്ദു -ഈഴവ ആചാരപ്രകാരം മരണാനന്തര ക്രിയകള്‍ നടത്താന്‍ സ്റ്റേറ്റിന്റെ സഹായത്തോടെ മത്സരിച്ച മതേതര ജനാധിപത്യത്തിന് സ്തുതി !

പ്രശസ്ത ചിത്രകാരനും തത്വചിന്തകനുമായ ലിയനാര്‍ഡോ ഡാവിഞ്ചിയുടെ വാക്കുകളാണ് ഇവിടെ ഓര്‍മ്മ വരുന്നത്, “ഇത്രമേല്‍ സങ്കീര്‍ണ്ണവും മഹത്തും വിസ്മയാവഹവുമായ അവയവ സമുച്ഛയമുള്ള ശാരീരികഘടന എന്തിനാണ് ? ഇവര്‍ക്ക് ഭക്ഷണം അകത്തു കടത്തുവാനും പുറത്തു വിടുവാനുമുള്ള ഒരു സഞ്ചി മാത്രം പോരെ…” എന്നാണ് ചിലരുടെ പെരുമാറ്റം കാണുമ്പോള്‍ തോന്നിപോകുന്നത്.

ജോയിയെ വികലചിത്തനെന്നും ‘ഭ്രാന്ത’ നെന്നും വിളിക്കാനാഗ്രഹിക്കുന്നവരുണ്ടാകാം. എന്നാൽ ജനപക്ഷത്ത് എന്നും ഉറച്ചു നിന്നിരുന്ന നജ്മല്‍ ബാബുവിന്റെ മാറ്റത്തിനുള്ള വാഞ്ഛ അചഞ്ചലമായിരുന്നു. ഭ്രാന്തില്ലാത്ത അതിബുദ്ധിമാരെന്നു കരുതുന്നവരിലെ ജാഡയോ, ആത്മസംരക്ഷണാവബോധമൊ, സ്വാഭിവൃത്തി മനോഘടനയോ നജ്മൽ ബാബുവില്‍ ഒരിക്കലും നിഴല്‍പോലും വീഴ്ത്തിയിരുന്നില്ല. ജോയിയെക്കുറിച്ചുള്ള സ്മരണ അനശ്വരമായിരിക്കട്ടെ.
_ എം എൻ രാവുണ്ണി, പോരാട്ടം ചെയർമാൻ

Follow us on | Facebook | Instagram Telegram | Twitter

Leave a Reply