കാവനൂര്‍ ചരിത്രം; പറയാതെ പോയ കണ്ണീര്‍ക്കഥകള്‍
ഏറനാട്, വെള്ളുവനാട്, പൊന്നാനി, കോഴിക്കോട് എന്നീ താലൂക്കളിലെ 110 അംശങ്ങളിലാണ് മലബാര്‍ ലഹള വ്യാപിച്ചിരുന്നത് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മലബാര്‍ കലാപവുമായി ബന്ധപ്പെട്ട് കാവനൂരിലും സമീപ പ്രദേശങ്ങളിലും നടന്ന സംഭവങ്ങള്‍ ചരിത്രരേഖകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഏറനാട് താലൂക്കില്‍ പെട്ട കാവനൂരില്‍ നടന്ന സംഭവങ്ങളെ കുറിച്ച്…
_ ഡോ. അലി അസ്ഗര്‍ ബാഖവി, കാവനൂര്‍
ഇന്ത്യന്‍ സ്വാതന്ത്യ്ര സമരത്തില്‍ അറിയപ്പെടുന്ന സത്യത്തേക്കാള്‍ എത്രയോ അധികമാണ് അറിയപ്പെടാത്തവ. അത്തരമൊരു സംഭവ പരമ്പരയാണ് കാവനൂരില്‍ നടന്നത്. ചരിത്ര രേഖകളില്‍ അടയാളപ്പെടുത്താതെ പോയ സംഭവങ്ങള്‍ മലപ്പുറം ജില്ലയിലെ കാവനൂരിനും പറയാനുണ്ട്. ഓരോ ഏറനാടന്‍ ഗ്രാമത്തിനും രക്തവും കണ്ണീരും പുരണ്ട നിരവധി കഥകളുണ്ട്. കാവനൂര്‍ എന്ന പേര് “ഉണ്ടാവുക” എന്ന അറബി പദത്തില്‍ നിന്ന് രൂപപ്പെട്ടതാണെന്ന് അനുമാനിക്കുന്നു. ഒട്ടേറേ സംഭവങ്ങള്‍ നടന്ന സ്ഥലം (ഊര്) എന്നര്‍ത്ഥത്തില്‍ പില്‍ക്കാലത്ത് കാവനൂരായതാകാം.
സ്വാതന്ത്യ്രസമര ചരിത്രത്തിലെ വേദനാജനകമായ ഏടാണ് 1921ലെ മലബാര്‍ കലാപം. ഈ കലാപവുമായി ബന്ധപെട്ട് ഏറനാടിന്‍റെ പലഭാഗത്തും ബ്രിട്ടീഷ് പട്ടാളം അതിക്രമങ്ങള്‍ നടത്തി. കാവനൂരിന്‍റെ അയല്‍പ്രദേശമായ പുളിയക്കോടും ചെമ്രക്കോട്ടൂരിലും വെങ്ങരയിലും ബ്രിട്ടീഷ് പട്ടാളം അക്രമം അഴിച്ചു വിട്ടു. ബ്രിട്ടീഷ് വിരോധികളുണ്ടെന്ന കിംവദന്തി മാത്രമായിരുന്നു പട്ടാളം നടത്തിയ നരനായാട്ടിനു കാരണം. കാവനൂരിലെ മുക്കിലും മൂലയിലും പട്ടാളം കേമ്പ് ചെയ്തു.
ജനങ്ങള്‍ക്ക് സ്വൈര്യമായി പുറത്തിറങ്ങാന്‍ പോലും കഴിഞ്ഞില്ല. ഗത്യന്തരമില്ലാതെ ജനങ്ങള്‍ കാവനൂര്‍ മേപ്പുറപ്പാട് പ്രദേശത്തെ കോട്ടത്തടായി കുന്നിന്‍ താഴ്‌വരയില്‍ തടിച്ചു കൂടി. കാവനൂരിന്‍റെ പരിസര പ്രദേശമായ പുളിയക്കോട് മേല്‍മുറിക്ക് തെക്കും വടക്കും സ്ഥിതി ചെയ്യുന്ന ചെനിയാം കുന്ന്, മുണ്ടക്കല എന്നിവിടങ്ങളിലായിരുന്നു പട്ടാളക്കാരുടെ ആവാസ കേന്ദ്രം. പുളിയക്കോട് താഴെ മുക്കിലെ മാണിക്കത്തടത്തിനടുത്തുള്ള ചേറ്റുകണ്ണന്‍ കുണ്ടിലെ നടപ്പാലത്തിലൂടെയാണു പട്ടാളം കാവനൂരിലെത്തിയത്.
പട്ടാളം വന്നപ്പോള്‍ നടപ്പാലം പൊട്ടിവീണു. കുറേ പട്ടാളക്കാര്‍ക്ക് പരിക്ക് പറ്റി. ഇതിനുള്ള പ്രതികാരമായി വഴിയോരത്തെ വീടുകള്‍ക്ക് പട്ടാളം തീ വെച്ചു. ആശാരി വേലുക്കുട്ടി, തലശ്ശേരിയന്‍ ആശാരി, കോരു ആശാരി, ആശാരി ചേക്കുണ്ണി, വേലു ആശാരി തുടങ്ങിയവരുടെ വീടുകളാണ് പട്ടാളക്കാര്‍ കത്തിച്ചത്. കോട്ടത്തായി കുന്നിന്‍ താഴ്‌വരയില്‍ ജനങ്ങള്‍ തടിച്ചു കൂടിയത് പട്ടാളക്കാര്‍ കണ്ടു. അവര്‍ ജനങ്ങള്‍ക്ക് നേരെ നിറയൊഴിച്ചു.
പട്ടാളക്കാരുടെ ക്രൂരകൃത്യങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍ കൊണ്ടോട്ടിയില്‍ നിന്ന് നസറുദ്ദീന്‍ തങ്ങളുടെ സന്ദേശമെത്തി. “എല്ലാവരും കൊണ്ടോട്ടിയിലെത്തുക” എന്നായിരുന്നു സന്ദേശം. രക്ഷയില്ലെന്നു തോന്നിയപ്പോള്‍ സ്ത്രീകളെയും കുട്ടികളേയും കൂട്ടി കാല്‍നടയായി പുളിയക്കോട്, കുഴിമണ്ണ, ഒഴുകൂര്‍ വഴി കൊണ്ടോട്ടിയിലേക്ക് യാത്രയായി. മൂന്നാം ദിവസമാണ് യാത്രാ സംഘം കൊണ്ടോട്ടിയിലെത്തിയത്. ജനാവലി കൊണ്ടോട്ടി തങ്ങളുടെ നേതൃത്വത്തില്‍ കൊട്ടപ്പുറത്ത് കേമ്പ് ചെയ്തിരുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ കാണാന്‍ പുറപ്പെട്ടു.
കൊണ്ടോട്ടി തങ്ങള്‍ സായിപ്പിനെ സന്ദര്‍ശിച്ച് നിരപരാധികളായ ജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ ധരിപ്പിച്ചു. ഉടനെ പരിഹാരമുണ്ടാക്കാമെന്നും ജനങ്ങള്‍ അവരുടെ നാട്ടിലേക്ക് തന്നെ പോകട്ടെയെന്നും ബ്രിട്ടീഷ് അധികാരി പറഞ്ഞു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം ദീര്‍ഘയാത്ര കാരണം വിഷമിച്ചു. ഗര്‍ഭിണികള്‍ വഴിയോരത്ത് പ്രസവിക്കാനിടയായ സംഭവങ്ങള്‍ വരെ ഉണ്ടായി. കാവനൂരിലെ പട്ടാളാതിക്രമം അവസാനിപ്പിക്കണമെന്ന ആവശ്യം അടങ്ങുന്ന കൊണ്ടോട്ടി തങ്ങളുടെ കത്തുമായാണ് ജനക്കൂട്ടം യാത്ര തിരിച്ചത്.
മേപ്പുറപ്പാട്ടെ കൊളപ്പറ്റ ഇസ്മായില്‍ സാഹിബും കുടുംബവും ഏതാനും അനുയായികളും തവരാപറമ്പിലെ അക്കാലത്ത് വനപ്രദേശമായിരുന്ന മാമ്പുഴയിലേക്ക് പോയി. ഇസ്മായില്‍ സാഹിബിന്‍റെ ഭാര്യാ വീട് മുണ്ടക്കാപറമ്പന്‍ വീരാന്‍കുട്ടിയുടെ വീട്ടിലെത്തി. അക്കാലത്ത് മാമ്പുഴ, കാട് നിറഞ്ഞ പ്രദേശമായിരുന്നതിനാല്‍ ഇസ്മായീല്‍ സാഹിബും സംഘവും എത്തിയത് അധികമാരും അറിഞ്ഞില്ല. ഒളിവില്‍ താമസിക്കുന്നതിനിടയില്‍ താഴത്തു വീടന്‍ മരക്കാരും സുഹൃത്തും തവരാപറമ്പിലൂടെ വരുന്നത് കണ്ട് സംശയം തോന്നിയ പട്ടാളക്കാര്‍ പിന്‍തുടര്‍ന്നു.
താഴത്തുവീടന്‍ മരക്കാരും സുഹൃത്തും അഭയം തേടിയത് മുണ്ടക്കാപറമ്പില്‍ വീരാന്‍ കുട്ടിയുടെ വീടിനടുത്ത് ഒരു മരക്കൊമ്പിലായിരുന്നു. അപ്രതീക്ഷിതമായി വീട്ടില്‍ ജനക്കൂട്ടത്തെ കണ്ടപ്പോള്‍ പട്ടാളക്കാര്‍ മുന്നറിയിപ്പോ ചോദ്യമോ ഇല്ലാതെ നിറയൊഴിച്ചു. വീരാന്‍ കുട്ടി ജനല്‍ തുറന്ന് കൊണ്ടോട്ടി തങ്ങളുടെ എഴുത്ത് ഉയര്‍ത്തിക്കാട്ടി. പട്ടാളക്കാരെ വിശ്വസിച്ച് വീരന്‍ കുട്ടി വാതില്‍ തുറന്നപ്പോള്‍ പട്ടാളക്കാര്‍ വെടിവെച്ചു. വെള്ള പട്ടാളം വീടിനകത്ത് കടന്നു മുറിയില്‍ വാതം പിടിച്ച് അവശനായി കിടക്കുകയായിരുന്ന കൊളപ്പറ്റ മമ്മത്ക്കയെ താങ്ങിയെടുത്ത് പുറത്തെ തിണ്ണയിലിരുത്തി വെടിവെച്ച് കൊന്നു. വീടിന്‍റെ വാതിലുകളും ജനലുകളും കൊട്ടിയടച്ച് പിന്നീട് വീടിനു തീവെച്ചു. കത്തിക്കൊണ്ടിരിക്കുന്ന വീടിനുള്ളില്‍ നിന്ന് സ്ത്രീകളുടെയും പിഞ്ചു കുട്ടികളുടേയും ആര്‍ത്തനാദങ്ങള്‍ പട്ടാളക്കാരുടെ മനസ്സലിയിച്ചില്ല. നൂറുകണക്കിനാളുകളാണ് അവിടെ വെന്തു മരിച്ചത്.
താഴത്തുവീടന്‍ മരക്കാരുടെ സാന്ദര്‍ഭിക ഇടപെടല്‍ കുറച്ച് പേരെ രക്ഷപ്പെടുത്തി. ജനല്‍ കുത്തിത്തുറന്ന് അതു വഴിയാണ് പലരേയും രക്ഷപ്പെടുത്തിയത്. മണ്ണില്‍തൊടി മുഹമ്മദ് മൊല്ല, തൊട്ടിയന്‍ ചേക്കുമോയി, ഒന്നരവയസുള്ള പോക്കര്‍, പോക്കറിന്‍റെ സഹോദരി നാലു വയസുള്ള ബിയ്യക്കുട്ടി തുടങ്ങിയവര്‍ രക്ഷപ്പെട്ടവരില്‍ പെടും. അന്ന് വെന്ത് മരിച്ചവരില്‍ മണ്ണില്‍ തൊടിക അഹമ്മദ്കുട്ടി മുസ്‌ല്യാരുടെ മാതാവും ഉള്‍പ്പെടുന്നു. എരിതീയില്‍ വെന്തെരിഞ്ഞ സ്ത്രീകളേയും കുട്ടികളേയും പുരുഷന്‍മാരേയും തൊട്ടടുത്ത കല്ലുവെട്ട് കുഴിയില്‍ കൂട്ടത്തോടെ മറവ് ചെയ്യുകയായിരുന്നു. ആ ഖബറിടം കാവനൂര്‍ മാമ്പുഴയില്‍ ഇപ്പോഴും നിലകൊള്ളുന്നു.
മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ വെണ്ണീറാണ് കല്ലുവെട്ട് കുഴിയിലിട്ട് മൂടിയത്. മുണ്ടക്കാപറമ്പന്‍ വീരാന്‍ കുട്ടിയുടെ മകന്‍ മരക്കാരാണ് മഖ്ബറക്ക് ചുറ്റും കെട്ടിച്ചത്. മീസാന്‍ കല്ല് കാണുന്ന ഖബര്‍ ഗൃഹനാഥന്‍ വീരാന്‍ കുട്ടിയുടേതാണ്. ഈ ദാരുണമായ സംഭവത്തിനു ശേഷം നാട്ടില്‍ ചെറിയ ചെറിയ ഒളിപ്പോര് സംഘങ്ങള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ചെറുത്തുനില്‍പ് ആരംഭിച്ചിരുന്നു. ഒളിപ്പോര് സംഘത്തെ നേരിടാന്‍ കഴിയാതെ പട്ടാളം അതി നീചമായ പല തന്ത്രങ്ങളും പ്രയോഗിച്ചു തുടങ്ങി.
കൊണ്ടോട്ടിയിലെ നസറുദ്ദീന്‍ തങ്ങളും അനുചരന്‍മാരും സമാധാന ദൗത്യവുമായി വരുന്നുണ്ടെന്നും എല്ലാവരും സമാധാനത്തോടെ പുറത്ത് വരണമെന്നുള്ള അഭ്യര്‍ത്ഥന ബ്രിട്ടീഷ് പട്ടാളം നടത്തി. ഒളിവില്‍ പോയിരുന്ന വിപ്ലവ സംഘങ്ങള്‍ പുറത്ത് വന്നു. ഈ അഭ്യര്‍ത്ഥന ചതിയായിരുന്നു. ഈ തക്കം നോക്കി നിരായുധരായ ജനങ്ങള്‍ക്ക് നേരെ പട്ടാളം നിറയൊഴിച്ചു. ഇതിനെതിരെ അടങ്ങാന്‍ പുറവന്‍ മോയിന്‍ കുട്ടി ജനങ്ങളെ സംഘടിപ്പിച്ചു.. മോയിന്‍ കുട്ടിയുടെ നേതൃത്വത്തില്‍ സംഘടിച്ച ജനം പട്ടാളക്കാരുമായി ഏറ്റുമുട്ടി. പലയിടത്തും തുറന്ന സംഘട്ടനം നടന്നു. മോയിന്‍ കുട്ടിയെ വക വരുത്തിയാലല്ലാതെ രക്ഷയില്ലെന്ന് കണ്ട ബ്രിട്ടീഷ് പട്ടാളം അദ്ദേഹത്തെ സൂത്രത്തില്‍ പിടിച്ചു.
“രണ്ട് ഹിന്ദുക്കളെ വെട്ടിക്കൊന്നു” എന്ന കള്ളപ്രചാരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് മോയിന്‍ കുട്ടിയെ അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനല്‍ കുറ്റങ്ങള്‍ അദ്ദേഹത്തിന്‍റെ മേല്‍
ചുമത്തി. കുടുംബാംഗങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചു. സ്വത്തുക്കള്‍ കണ്ട് കെട്ടി. മോയിന്‍ കുട്ടിയെ കോയമ്പത്തൂര്‍ , വെല്ലൂര്‍ ജയിലുകളില്‍ മാറി മാറി താമസിപ്പിച്ചു. ബ്രിട്ടിഷ് പട്ടാളം തന്നെ കൊല്ലുമെന്ന് അദ്ദേഹത്തിനു മനസ്സിലായി. 1923 ജൂലൈ 26 നു ആ ധീരദേശാഭിമാനിയെ തൂക്കികൊല്ലാന്‍ ബ്രിട്ടീഷ് കോടതി ഉത്തരവിട്ടു. സെപ്തംബര്‍ പതിനാലം തീയതി കോയമ്പത്തൂര്‍ ജയിലില്‍ മോയിന്‍ കുട്ടി തൂക്കി കൊല്ലപ്പെട്ടു.
തൂക്കിലേറ്റുന്നതിന്‍റെ തലേദിവസം അദ്ദേഹം ഭാര്യക്കെഴുതി.”എന്‍റെ ഭാര്യ അറിയേണ്ടതിന്, അന്യായമായാണ് എന്നെ തൂക്കികൊല്ലുന്നത്. നീ ദുഖിക്കരുത്. ഈ മരണം നമ്മുടെ രാജ്യത്തിനു വേണ്ടിയാണ്. രാജ്യത്തിനുവേണ്ടി ആയിരം വട്ടം തൂക്കിലേറ്റുന്നത് എനിക്ക് സന്തോഷമേയുള്ളൂ. അല്ലാഹുവിന്‍റെ മുമ്പില്‍ ഞാനൊരു മാപ്പിള പോരാളിയാവാന്‍ പ്രാര്‍ത്ഥിക്കുക.”
മാമ്പുഴ തീവെപ്പ് കഴിഞ്ഞ് ബ്രിട്ടീഷുകാര്‍ തിരിച്ചു പോയത് കാവനൂര്‍ ടിപ്പു സുല്‍ത്താന്‍ റോഡിലൂടെ വാക്കാലൂരിലേക്കാണ്. പട്ടാളം പൂത്തലം അമ്പലത്തിന്‍റെ പരിസരത്തെത്തി. അമ്പലത്തിന്‍റെ പിന്നില്‍ ചാലിയാര്‍ പുഴയില്‍ കുളിച്ച് കൊണ്ടിരുന്ന ഹിന്ദുമത വിശ്വാസികളെ പൊട്ടക്കിണറ്റിലേക്ക് തള്ളി വെടിവെച്ച് കൊന്നു. മുസ്‌ലിങ്ങളാണ് ഇത് നടത്തിയതെന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടി പട്ടാളക്കാര്‍ തലപ്പാവ് ധരിച്ചിരുന്നു. അതുപോലെ, മുന്നിയൂര്‍ പള്ളിയുടെ ഉമ്മറം നമ്മെ ഒരിക്കല്‍ കൂടി അധിനിവേശ ബ്രിട്ടീഷ് വിരുദ്ധ ചരിത്രത്തിന്‍റെ ഇടനായികളിലേക്ക് കൂട്ടികൊണ്ട് പോവും. ബ്രിട്ടീഷ് പട്ടാളത്തിനെതിരെ മത സൗഹാർദ്ദം ആയുധമാക്കി പോരാടിയ പാരമ്പര്യം മുന്നിയൂരിനുണ്ട്. പോരളികള്‍ക്ക് വഴികട്ടിയായി മമ്പുറം സയ്യിദ് അലവി തങ്ങളുണ്ടായിരുന്നു.

ടെലഗ്രാം: https://t.me/asianspeaks
ട്വിറ്റര്‍: https://twitter.com/asianspeaksmail