മലബാര്‍ വിപ്ലവം; കുപ്രചരണത്തിനെതിരെ “ദി ഹിന്ദു’വിന് വാരിയംകുന്നത്ത് അയച്ച കത്ത്

1921ലെ മുസ്‌ലിം -കീഴാള മുന്നേറ്റമായ മലബാര്‍ വിപ്ലവം മത ലഹളയാണെന്ന ബ്രിട്ടീഷ് പ്രചരണത്തിൽ ഗാന്ധിയും അംബേദ്കറും ഉൾപ്പെടെയുള്ള ദേശീയ നേതാക്കള്‍ തെറ്റിദ്ധരിച്ച സാഹചര്യത്തിൽ, സമരത്തിന് നേതൃത്വം വഹിച്ച ബഹു ഭാഷ പണ്ഡിതൻ ആയിരുന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഇംഗ്ലീഷില്‍ ‘ദി ഹിന്ദു’വിന് അയച്ച കത്ത്. 18-10-1921ല്‍ കത്ത് പത്രത്തില്‍ പ്രസിദ്ധീകരിച്ചു.
പരിഭാഷ_ നസറുദ്ദീൻ മണ്ണാർക്കാട്

പന്തളം ഹിൽ
7-10-1921

പ്രിയപ്പെട്ട എഡിറ്റർ,

താഴെ കൊടുത്തിരിക്കുന്ന വസ്തുതകൾ താങ്കളുടെ പത്രത്തിൽ പ്രസിദ്ധീകരിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.

മലബാറിൽ നിന്നുള്ള പത്ര റിപ്പോർട്ടുകളനുസരിച്ച് മലബാറിലെ ഹിന്ദു മുസ്‌ലിം ഐക്യം പാടെ ഇല്ലാതായിരിക്കുന്നു. റിപ്പോർട്ടിൽ ഹിന്ദുക്കളെ നിർബന്ധിതമായി മതം മാറ്റുന്നുവെന്ന് പറയുന്നത് വാസ്തവ വിരുദ്ധമാണ്. അങ്ങനെ ചെയ്യുന്നത് സർക്കാരിന്‍റെ ആളുകളും റിബലുകളുടെ കൂട്ടത്തിൽ കയറിക്കൂടിയ മഫ്തിയിലുള്ള പൊലീസുകാരുമാണ്. (റിബലുകളായി അഭിനയിക്കുകയാണവർ).

ഇത് കൂടാതെ ഹിന്ദുക്കളിലെ ചിലർ പട്ടാളത്തെ സഹായിക്കുകയും പട്ടാളത്തിൽ നിന്ന് രക്ഷപ്പെടാൻ ഒളിച്ചു കഴിയുന്ന നിരപരാധികളായ മാപ്പിളമാരെ പട്ടാളത്തിന് കൈമാറുകയും ചെയ്ത കാരണത്താൽ കുറച്ചു ഹിന്ദുക്കൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്. അതിനു പുറമെ ഇപ്പോഴത്തെ സായുധ വിപ്ലവത്തിന് കാരണക്കാരായ നമ്പൂതിരിയും ഇത്തരത്തിൽ ബുദ്ധിമുട്ടിയിട്ടുണ്ട്. ഇപ്പോൾ ഈ താലൂക്കുകളിൽ നിന്ന് പട്ടാള മേധാവികൾ ഹിന്ദുക്കളെ ഒഴിപ്പിക്കുകയും നിരപരാധികളായ മുസ്‌ലിം സ്ത്രീകളെയും കുട്ടികളെയും പുറത്തിറങ്ങാൻ അനുവദിക്കാതിരിക്കുകയും ചെയ്യുകയാണ്.

പട്ടാളക്കാർ ഹിന്ദുക്കളെ നിർബന്ധിച്ചു പട്ടാളത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനാൽ ധാരാളം ഹിന്ദുക്കൾ എന്റെ സംരക്ഷണം തേടി എന്റെ അധീനതയിലുള്ള പ്രദേശത്ത് കഴിയുന്നുണ്ട്. അപ്രകാരം തന്നെ ധാരാളം മുസ്‌ലിങ്ങളും എന്‍റെ സംരക്ഷണത്തിലുണ്ട്.

കഴിഞ്ഞ ഒന്നര മാസമായിട്ട് ഉപരോധവും നിരപരാധികളെ ശിക്ഷിക്കലുമല്ലാതെ യാതൊരു യാതൊന്നും നേടാൻ കഴിഞ്ഞിട്ടില്ല.

ഇക്കാര്യം ലോകത്തുള്ള എല്ലാ ജനങ്ങളും അറിയട്ടെ. ഗാന്ധിയും മൗലാനയും അറിയട്ടെ ! ഈ കത്ത് താങ്കൾ പ്രസിദ്ധീകരിക്കുന്നില്ലെങ്കിൽ ഒരിക്കൽ താങ്കളോട് ഞാൻ വിശദീകരണം തേടുന്നതാണ്.

Click Here