ജയില്‍ മോചിതനായ മാവോയിസ്റ്റിനോട് പകപോക്കുന്ന ഭരണകൂടം

കേസിൽ പ്രതിയായിരുന്നെങ്കിൽ ഡാനിഷിനെ മുന്നേ തന്നെ അറസ്റ്റ് ചെയ്യാമായിരുന്നു എന്നിരിക്കെ ജാമ്യം ലഭിച്ചു പുറത്തു വരുന്ന സമയം വരെ കാത്തിരുന്നു അറസ്റ്റ് ചെയ്യുന്നത് ജനാധിപത്യം പോയിട്ടു മാനുഷികമായ സംസ്ക്കാരം പോലുമല്ല. ഒളിച്ചിരുന്നു ആക്രമിച്ചു മാനസികമായി തകർക്കുന്ന ഇരപ്പിടിയൻ സംസ്ക്കാരത്തെയാണ് അതു പ്രതിനിധാനം ചെയ്യുന്നത്…
_ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം

മാവോയിസ്റ്റ് തടവുകാരൻ ഡാനിഷിന്‍റെ ജയില്‍ മോചനത്തെ നിയമവിരുദ്ധമായ നടപടികൾ ഉപയോഗിച്ച് അട്ടിമറിച്ച കേരളം സർക്കാർ നീക്കം അത്യന്തം അപലപനീയമാണ്. കോടതി നൽകിയ ജാമ്യത്തെ മറികടക്കാൻ ജയിൽ മോചിതനായി പുറത്തിറങ്ങുമ്പോൾ പഴയ കേസിൽ ഡാനിഷിനെ പ്രതി ചേർത്തു വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. ആന്ധ്രയിലും മഹാരാഷ്ട്രയിലും ഉത്തർപ്രദേശിലും ഒക്കെ മാത്രം നമ്മൾ കേട്ടിട്ടുള്ള ജനാധിപത്യ വിരുദ്ധവും നിയമ-ഭരണഘടനാ ധാർമ്മികതക്കു നിരക്കാത്തതുമായ നടപടിയെ വാരി പുണരാൻ കേരളാ പൊലീസിന് യാതൊരു ലജ്ജയുമുണ്ടായില്ല എന്നതാണ് ദൗർഭാഗ്യകരമായ വസ്തുത. ഇത്തരം വൈരനിര്യാതന ബുദ്ധിയോടെയുള്ള എക്സിക്യൂട്ടീവ് അധികാര പ്രകടനം പിണറായി സർക്കാരിന് കീഴിൽ പോലീസ് സംവിധാനം എത്തിച്ചേർന്ന അധഃപതനത്തെയാണ് തുറന്നു കാണിക്കുന്നത്.

5.10.2018ൽ അട്ടപ്പാടിയിൽ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട സഖാവ് ഡാനിഷ് കഴിഞ്ഞ 2 വർഷവും നാലു മാസവുമായി തൃശൂർ അതിസുരക്ഷാ ജയിലിലും മറ്റുമായി തടവിലാണ്. കോഴിക്കോട് രണ്ടും, പാലക്കാട് എട്ടും, മഞ്ചേരി രണ്ടും, ഊട്ടിയിൽ ഒന്നും UAPA കേസുകളാണ് അദ്ദേഹത്തിന് മേൽ ചുമത്തിയത്. നിലവിൽ എല്ലാ കേസിലും അദ്ദേഹത്തിന് കോടതികൾ ജാമ്യം അനുവദിച്ചു. തുടർന്ന് എല്ലാ കേസുകളിലും ജാമ്യക്കാരെ നിറുത്തി ജാമ്യ ബോണ്ട് ഒപ്പിട്ടു കോടതികൾ ഒന്നൊന്നായി അദ്ദേഹത്തെ അതതു കേസുകളിൽ റിലീസ് ചെയ്തു വരികയായിരുന്നു. അവസാനമായി പാലക്കാട് കോടതിയിൽ കൂടി ജാമ്യബോണ്ട് ഒപ്പിട്ടതോടെ ഇന്നലെ പാലക്കാട് കോടതിയും അദ്ദേഹത്തെ റിലീസ് ചെയ്യാൻ ഉത്തരവിട്ടു. തുടർന്ന് പാലക്കാട് കേസിലെ കോടതിയുടെ റിലീസ് ഓർഡർ തൃശൂർ അതീവ സുരക്ഷാ ജയിലിൽ എത്തിച്ച്‌ അദ്ദേഹം ജയിലിൽ നിന്നും മോചിതനായി പുരത്തിറങ്ങുന്നതിനിടക്കു ഒരു വലിയ സംഘം ATS സംഘം ജയിലിൽ എത്തുകയും മറ്റൊരു കേസ്സിൽ അദ്ദേഹത്തെ പ്രതി ചേർത്തു അറസ്റ്റ് രേഖപ്പെടുത്തുകയും കോഴിക്കോട് കോടതിയിൽ ഹാജരാക്കാനായി കൊണ്ടു പോവുകയും ചെയ്തു.

കേസ്സിൽ പ്രതിയായിരുന്നെങ്കിൽ ഡാനിഷിനെ മുന്നേ തന്നെ അറസ്റ്റ് ചെയ്യാമായിരുന്നു എന്നിരിക്കെ ജാമ്യം ലഭിച്ചു പുറത്തു വരുന്ന സമയം വരെ കാത്തിരുന്നു അറസ്റ്റ് ചെയ്യുന്നത് ജനാധിപത്യം പോയിട്ടു മാനുഷികമായ സംസ്ക്കാരം പോലുമല്ല. ഒളിച്ചിരുന്നു ആക്രമിച്ചു മാനസികമായി തകർക്കുന്ന ഇരപ്പിടിയൻ സംസ്ക്കാരത്തെയാണ് അതു പ്രതിനിധാനം ചെയ്യുന്നത്. രാഷ്ട്രീയ പ്രതിയോഗികളെ ഇത്തരം നിയമ നടപടികളിൽ കുരുക്കി തടവിലാക്കി രസിക്കുന്ന ജനവിരുദ്ധരായ ഭരണാധികാരികൾ വാസ്തവത്തിൽ നിയമ വ്യവസ്ഥയെയും അതിന്‍റെ അടിത്തറയായ ഭരണഘടനാ ധാർമ്മികതയെയും മൂല്യങ്ങളെയും ആണ് വെല്ലുവിളിക്കുന്നത്. ഒരു ജനാധിപത്യ സമൂഹത്തിനു ഇത്തരം അതിരു കടന്ന അധികാര പ്രയോഗങ്ങൾ അനുവദിക്കാനാകില്ല.

ഉത്തർപ്രദേശിൽ യോഗി സർക്കാർ വൈരനിര്യാതന ബുദ്ധിയോടെ വേട്ടയാടിയ ഡോക്ടർ കഫീൽഖാനെ ദേശീയ സുരക്ഷാ നിയമം ഉപയോഗിച്ച് തടവിലടച്ച നടപടി അലഹബാദ് ഹൈക്കോടതി അടുത്തിടെയാണ് റദ്ദാക്കിയത്. ജനാധിപത്യ- മനുഷ്യാവകാശ സംരക്ഷണത്തിന് സഹായകമായ ആ വിധി ആഘോഷിക്കപ്പെടുമ്പോൾ ആണ് പിണറായി സർക്കാരിന്‍റെ നമ്പർ വണ്‍ കേരളത്തിലെ പോലീസ് യോഗി സർക്കാരിന്‍റെ പാത പിന്തുടരുന്നത്. ജനാധിപത്യ വിരുദ്ധവും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതും അനീതിയുമായ ഈ നടപടിയെ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ശക്തമായി അപലപിക്കുന്നു. മുഴുവൻ ജനാധിപത്യ മനുഷ്യാവകാശ പ്രവർത്തകരും ജനാധിപത്യ വിരുദ്ധമായ കേരള സർക്കാർ നടപടിക്കെതിരെ പ്രതിഷേധമുയർത്തണമെന്നു ആഹ്വാനം ചെയ്യുന്നു.
പ്രസിഡന്‍റ്
_ അഡ്വ. തുഷാർ നിർമ്മൽ സാരഥി 9633027792
സെക്രട്ടറി
സി പി റഷീദ് 8547263302
ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം

ഡാനിഷിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സി പി റഷീദ് സംസാരിക്കുന്നു

Click Here

ടെലഗ്രാംhttps://t.me/asianspeaks
ട്വിറ്റര്‍https://twitter.com/asianspeaksmail