കമൽ റാമിനെ ഉന്നംവെക്കുന്നവരുടെ അജണ്ടയിൽ എനിക്ക് സംശയമുണ്ട്

#FbToday

86 വർഷങ്ങൾക്കു മുമ്പ് 1932 ലാണ് മാതൃഭൂമി വാരിക പ്രസിദ്ധീകരണം ആരംഭിക്കുന്നത്. കഴിഞ്ഞ പത്തമ്പത് വർഷക്കാലത്തെയെങ്കിലും മാതൃഭൂമി വായനാനുഭവം നിങ്ങളിൽ പലർക്കുമുണ്ടാവും. അതിന്റെ പാതിയും എനിക്ക് കാണില്ല, ഞാൻ കുഞ്ഞാണ്.

മാതൃഭൂമിയെക്കുറിച്ചെഴുതുമ്പോൾ കേശവമേനോനിൽ നിന്ന് തന്നെ തുടങ്ങണം. 1976, കെ.പി.കേശവമേനോന്‍ മാതൃഭൂമിയുടെ പത്രാധിപരായിരിക്കുന്ന കാലം. അന്ന് കോഴിക്കോട് അളകാപുരിയില്‍ നടന്ന ആര്‍.എസ്.എസിന്റെ സാംസ്കാരിക സംഘടനയായ ‘തപസ്യ’യുടെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചത് കേശവമേനോൻ ആയിരുന്നു. മാതൃഭൂമി എഡിറ്ററായ വി.എം.കൊറാത്താവട്ടെ ഈ തപസ്യയുടെ മുന്‍നിര സംഘാടകനായിരുന്നു.

ഇനി മറ്റൊരു ചരിത്രം പറയാം. ദക്ഷയുടെ ചരിത്രമാണത്. ആര്‍.എസ്.എസ് ഇറക്കിയ ഒരു പഴയ സപ്ലിമെന്റാണ് ദക്ഷ. ആര്‍.എസ്.എസിന്റെ കേരളചരിത്രവുമായി ബന്ധപ്പെട്ടിറക്കിയ പ്രസിദ്ധീകരണമാണത്. ഇതിലെ ‘ആര്‍.എസ്.എസ് & ഹിന്ദു നാഷണലിസം’ എന്ന പഠനത്തില്‍ സംഘടനയുടെ വളർച്ചയ്ക്ക് മാതൃഭൂമി വഹിച്ച പങ്ക് എണ്ണമിട്ട് നിരത്തുന്നുണ്ട്. വിമോചനസമരം, തളിക്ഷേത്ര പ്രക്ഷോഭം, മലപ്പുറം ജില്ലാ വിരുദ്ധസമരം, പാലുകാച്ചിമല സമരം, നിലക്കല്‍ പ്രക്ഷോഭം, പോപ് ജോണ്‍ പോള്‍ രണ്ടാമന്‍ കേരളം സന്ദര്‍ശിക്കുന്നതിനെതിരെ നടന്ന സമരങ്ങൾ എന്നിവയില്‍ മാതൃഭൂമി വഹിച്ച പങ്ക് ‘ദക്ഷ’യിൽ ആര്‍.എസ്.എസ് നന്ദിയോടെ സ്മരിക്കുന്നുണ്ട്.

മാതൃഭൂമിയുടെ അസി.എഡിറ്ററായിരുന്ന വി.എം. കൊറാത്തിനെക്കുറിച്ച് പറഞ്ഞാണ് തുടങ്ങിയത്, അതിലേക്ക് തന്നെയാണ് വരുന്നത് – വഴിതെറ്റി എത്തിയതല്ല ‘ദക്ഷ’യിൽ. മാതൃഭൂമിയിലന്ന് മലബാറിലെ ക്ഷേത്രങ്ങളെക്കുറിച്ച് ഒരു പരമ്പര പ്രസിദ്ധീകരിച്ചിരുന്നു. മലബാര്‍ ക്ഷേത്ര സംരക്ഷണസമിതിയും പിന്നീട് കേരള ക്ഷേത്രസംരക്ഷണ സമിതിയും രൂപവത്കരിക്കപ്പെടുന്നത് ആ പരമ്പരയുടെ തുടര്‍ച്ചയായാണെന്ന് അഭിമാനത്തോടെ വി.എം.കൊറാത്ത് ‘ദക്ഷ’യില്‍ വിവരിക്കുന്നുണ്ട്. ഈ കൊറാത്തും കേളപ്പനും സംഘ്പരിവാറും ഒരേ ചരടിൽ കോർത്തു കെട്ടിയ മുത്തുകളാണെന്ന് പറഞ്ഞത് ഇ.എം.എസ് ആണ്. ഇ.എം.എസിന്റെ രണ്ടാം മന്ത്രിസഭയുടെ കാലത്താണ് ദുര്‍ഗാഷ്ടമി ദിവസം അങ്ങാടിപ്പുറത്ത് വിവാദമായ ശിവലിംഗം പ്രത്യക്ഷപ്പെടുന്നത്, അതിനെ ഹിന്ദു -മുസ്ലിം പ്രക്ഷോഭമായി മാതൃഭൂമി വളര്‍ത്തിയെടുക്കാൻ ശ്രമിക്കുന്നുവെന്ന് ഇ.എം.എസ് അങ്ങാടിപ്പുറത്ത് പ്രസംഗിച്ചിട്ടുണ്ട്. ‘ഈ കുരങ്ങു കളിപ്പിക്കല്‍ നിര്‍ത്തണം’ എന്ന മുഖപ്രസംഗം കൊണ്ട് മാതൃഭൂമിയന്ന് ഇ.എം.എസിന് മറുപടി കൊടുത്തു.

ഇനി 1979 ലേക്ക് വരാം, ആദിവാസികള്‍ക്കിടയിലന്ന് കേരള വനവാസി വികാസ കേന്ദ്രം എന്ന പേരിൽ ആര്‍.എസ്.എസ് സംഘടന കെട്ടിപ്പടുത്തപ്പോൾ, ആര്‍.എസ്.എസ് നേതാവ് ഭാസ്കര്‍ റാവുജിയുടെ അട്ടപ്പാടി സന്ദര്‍ശനവുമായി ബന്ധപ്പെട്ട്, ആദിവാസി സംരക്ഷണത്തിന് ആര്‍.എസ്.എസ് വഹിക്കുന്ന ത്യാഗങ്ങളെ മാതൃഭൂമി വാഴ്ത്തിയെഴുതിയിട്ടുണ്ട്.

ജില്ലാ രൂപവത്കരണ സമയത്ത് മലപ്പുറം മാപ്പിളസ്ഥാനാവുമോ എന്ന് നിഷ്കളങ്കമായി പേടിച്ചിരുന്നു നമ്മുടെ മാതൃഭൂമി. ആര്‍.എസ്.എസിന്റെ നിലക്കല്‍ പ്രക്ഷോഭനാളുകളില്‍ തങ്ങളുടെ ക്രിസ്ത്യന്‍വിരോധം മാതൃഭൂമി തുറന്നുകാട്ടിയിട്ടുണ്ട്. ജാതിചൂഷണം സഹിക്കാതെ ദലിതർ മതം മാറുന്നത് തടയാനും അവരെ ഹിന്ദുത്വത്തിലേക്ക് ഉള്‍ച്ചേര്‍ക്കാനും നടത്തിയ ബോധപൂര്‍വമായ ഇടപെടലായിരുന്നു മാതൃഭൂമി നേതൃത്വം അവകാശപ്പെടുന്ന വൈക്കം സത്യഗ്രഹം എന്ന് ഗാന്ധിജിയുടെ ‘യങ് ഇന്ത്യ’ പത്രത്തിന്റെ എഡിറ്ററും വൈക്കം പ്രക്ഷോഭത്തില്‍ നേരിട്ട് പങ്കെടുത്തയാളുമായ ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ് എഴുതിയിട്ടുണ്ട്.

1946 ഒക്ടോബര്‍ 27 ലെ മാതൃഭൂമിയില്‍ കേശവമേനോന്‍ എഴുതിയ എഴുത്ത് മാത്രം ഇവിടെ കുറിച്ച് കൊണ്ട്, കെ.പി.കേശവമേനോന്‍ എന്ന മാതൃഭൂമിയുടെ സ്ഥാപക പത്രാധിപരെക്കുറിച്ച് പറഞ്ഞു തുടങ്ങിയത് ഞാൻ നിർത്തുകയാണ്. അതിതാണ്, “കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഒരു വന്‍ജനക്കൂട്ടം എന്നെ കാത്തുനില്‍പ്പുണ്ടായിരുന്നു. എതിര്‍ക്കാന്‍ വന്നവരായിരുന്നു അധികവും. ‘കേശവമേനോന്‍ ഗോ ബാക്ക്; മാതൃഭൂമി ദിനപത്രം നശിക്കട്ടെ’ എന്ന മുദ്രാവാക്യം ജനക്കൂട്ടമുയര്‍ത്തി. സ്വീകരണക്കാരിട്ട മാല അവര്‍ പിടിച്ചുവലിച്ച് പൊട്ടിച്ചു. എന്റെ ഷര്‍ട്ട് വലിച്ചുകീറി ചെളിവാരിയെറിഞ്ഞു. ടൗണ്‍ഹാളിലെത്തിയപ്പഴും ജനങ്ങള്‍ എനിക്കെതിരെ തിരിഞ്ഞു. പ്രസംഗിക്കാനാകാതെ പിന്തിരിയേണ്ടി വന്നു. കാരണം എന്നെ തല്ലിക്കൊല്ലാന്‍ തയാറായി നിൽപ്പായിരുന്നു ജനങ്ങള്‍”.

പത്രത്തിലൂടെ പ്രചരിപ്പിച്ച ആർ.എസ്.എസ് രാഷ്ട്രീയത്തിന്റെ പേരിൽ ജനരോഷത്തിൽ നടുങ്ങി സമൂഹമധ്യത്തിൽ തലകുമ്പിട്ട് നിന്ന ചരിത്രമുണ്ട് മാതൃഭൂമിയുടെ സ്ഥാപക പത്രാധിപർക്ക്. പഴയ മാതൃഭൂമി വാരിക ഓർമ്മയുണ്ടോ ? പൂക്കളായിരുന്നു പലപ്പോഴും അതിന്റെ കവർപ്പടം. എം.ടി.വാസുദേവൻ നായരും സുഗതകുമാരിയും അക്കിത്തവുമൊക്കെ ഇല്ലാത്ത സമയം മുഴുവൻ തുളസിയും ചെമ്പരത്തിയും കവറിലിരുന്ന് ചിരിച്ചു. അമ്മാതൃഭൂമിയല്ല ഇമ്മാതൃഭൂമി. നായരും നമ്പൂതിരിയും സവർണ്ണപുഷ്പങ്ങളും നിരന്നു നിന്ന മാതൃഭൂമിയുടെ കവറിൽ എന്റെ തലമുറ ഇടം പിടിച്ച് തുടങ്ങി. വ്യക്തിപരമായി അതെനിക്ക് തന്ന ആനന്ദവും അഭിമാനവും വളരെ വലുതാണ്. ആ പഴയ മാതൃഭൂമിയെ ഇക്കാണുന്ന മാതൃഭൂമിയാക്കിയതിന് പിന്നിൽ കമൽ റാം സജീവിന്റെ പങ്ക് നിസ്തർക്കമാണ്. എഡിറ്ററായും സബ് എഡിറ്ററായും സൂപ്പർ എഡിറ്ററായും ആർ.എസ്.എസ്സുകാർ വർഷങ്ങളായി സ്ഥാനമുറപ്പിച്ച മാതൃഭൂമിയിലാണ് ഹരീഷിന്റെ നോവൽ വരുന്നത്. ഈ വിപ്ലവത്തിന് പിന്നിൽ കമൽറാമും ടീമുമല്ലാതെ മറ്റാരാണ് ! മീശ പിൻവലിക്കാൻ കമൽറാം സജീവ് പറയില്ല. പറഞ്ഞില്ല എന്ന് എസ്.ഹരീഷ് വ്യക്തമാക്കിയതുമാണ്. എന്നിട്ടും മീശ പിൻവലിക്കുന്നതിലേക്കെത്തിയ സാഹചര്യത്തെ വിട്ട് കമൽ റാമിനെ ഉന്നം വെക്കുന്നവരുടെ അജണ്ടയിൽ എനിക്ക് സംശയമുണ്ട്.

വിമർശിക്കുന്നതിൽ തെറ്റില്ല, ആരും വിമർശനാതീതരുമല്ല. വിമർശനങ്ങൾക്ക് പിന്നിൽ വ്യക്തിവിദ്വേഷത്തിന്റേതല്ലാത്ത അജണ്ടകളുള്ള വിമർശനങ്ങൾ പ്രൊഡക്ടീവുമാണ്. പക്ഷേ പരാതിപ്പെടുന്നവർ കഴിഞ്ഞ 15 വർഷക്കാലം കൊണ്ട് ആഴ്ചപ്പതിപ്പുകളിൽ കമൽറാമുണ്ടാക്കിയ വിപ്ലവം കാണാതെ പോകരുത്.
_ ലിജീഷ് കുമാർ

Leave a Reply