വിമർശിക്കുന്നവരെ നിശ്ശബ്ദരാക്കുമെന്ന് പ്രഖ്യാപിക്കുകയാണ് ഭരണകൂടം

വടക്കുകിഴക്കൻ ദൽഹിയിൽ സംഘപരിവാർ ആസൂത്രിതമായി നടത്തിയ ആക്രമണങ്ങളെ സത്യസന്ധമായി റിപ്പോർട്ട് ചെയ്തതിന് കേരളത്തിലെ രണ്ട് ന്യൂസ് ചാനലുകളെ — ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെയും മീഡിയാവൺ ചാനലിനെയും 48 മണിക്കൂർ നേരത്തേക്ക് ബാൻ ചെയ്തു കൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിരിക്കുന്നു.

” While reporting such critical incident, the channel (Asianet News TV) should have taken utmost care and should have reported in a balanced way ” ഏഷ്യാനെറ്റ് ന്യൂസിനെ വിലക്കിക്കൊണ്ടുള്ള ഉത്തരവിൽ എഴുതി വെച്ചിരിക്കുന്ന “കുറ്റ “മാണ്. ബാലൻസ് ചെയ്ത് റിപ്പോർട്ട് ചെയ്യണമായിരുന്നുവത്രേ!! കരുതലും ഉത്തരവാദിത്തവും ചാനൽ കാണിക്കേണ്ടിയിരുന്നുവത്രേ!!! മതം ചോദിച്ചു കൊണ്ട് ആളുകളെ കലാപകാരികൾ ആക്രമിച്ചുവെന്നും മരണസംഖ്യ ഉയർന്നെന്നും ഏഷ്യാനെറ്റ് റിപ്പോർട്ടർ റിപ്പോർട്ട് ചെയ്തത്രേ. നൂറു കണക്കിന് കടകളും വീടുകളും വാഹനങ്ങളും കലാപകാരികൾ കത്തിച്ചുവെന്നും പൊലീസ് നിശ്ശബ്ദ കാണിയായി നിന്നുവെന്നും റിപ്പോർട്ടർ പറഞ്ഞത്രേ! പരിക്കേറ്റവരുടെ എണ്ണവും പറഞ്ഞത്രേ. ജാഫറാബാദിലും മൗജ്പൂരിലും പള്ളികൾ കത്തിച്ചപ്പോൾ പൊലീസ് നിശ്ശബ്ദരായിരുന്നുവെന്ന് ഏഷ്യാനെറ്റ് കറസ്പോണ്ടൻറ് ആയ പി.ആർ സുനിൽ റിപ്പോർട്ട് ചെയ്തത്രേ!!

മീഡിയാ വണ്ണിന്റെ “കുറ്റം” ഇതാണ്:

” …..Channels reporting on Delhi violence seems to be biased as it is deliberately focusing on the vandalism of CAA supporters. It also questions RSS and alleges Delhi police inaction. Channel ടeems to be critical towards Delhi police and RSS.”

ആർ.എസ്. എസിനെ വിമർശിക്കുന്നവർ, സംഘപരിവാറിനെ വിമർശിക്കുന്നവർ, കലാപം നടക്കുമ്പോൾ നിശ്ശബ്ദ കാണിയായിരുന്ന പൊലീസിനെ വിമർശിക്കുന്നവർ നിരോധിക്കപ്പെടുമെന്ന്, നിശ്ശബ്ദരാക്കപ്പെടുമെന്ന് പ്രഖ്യാപിക്കുകയാണ് ഒരു രാജ്യത്തിന്റെ ഭരണകൂടം. ഉന്നം വെച്ച് കാത്തിരിക്കുകയാണെന്ന് സ്റ്റേറ്റ് പ്രഖ്യാപിക്കുകയാണ്.

രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമെന്നതിലേക്കുള്ള സൂചനകൾ തന്നെയാണ് ഇത്.

ഒഴിച്ചിട്ട പേജുകൾ രാഷ്ട്രീയം റിപ്പോർട്ട് ചെയ്തിരുന്ന അടിയന്തിരാവസ്ഥക്കാലം ഓർമയിൽ നിന്നിറങ്ങി മുന്നിൽ നിൽക്കുകയാണ്. ഇനിയും വരാനിരിക്കുന്നതല്ല, ടെലിവിഷൻസ്ക്രീനുകൾ ബ്ലാങ്കിട്ടു കൊണ്ട് വന്നു കഴിഞ്ഞിരിക്കുകയാണ് അടിയന്തിരാവസ്ഥയുടെ വർത്തമാനകാലം.

മാധ്യമ നിരോധനങ്ങൾ പ്രഖ്യാപിക്കപ്പെടുമ്പോൾ ഓർക്കണം,

ഒറ്റുകാരുടെ ആനന്ദച്ചിരികൾ മുഴങ്ങുന്ന ന്യൂസ് റൂമുകളിൽ നിന്നാണ് അടിയന്തിരാവസ്ഥയുടെ പൂജിച്ച കല്ലുകൾ ഒരുങ്ങിയതെന്ന്. ആദ്യം മുസ്ലീമിനെയും പിന്നെ സവർണഹിന്ദുവല്ലാത്തതിനെയൊക്കെയും ശത്രുവാക്കാൻ പഠിച്ച, പഠിപ്പിച്ച തലച്ചോറുകൾ ന്യൂസ് റൂമുകളിലും തെരുവുകളിലും നീതിന്യായ സംവിധാനങ്ങളിലും ഭരണകൂടത്തിലും കലർന്ന് വിഭജിച്ച് പെരുകിയിരിക്കുന്നുവെന്ന്.

ഒന്നിച്ച് നിൽക്കണമെന്ന്, ഒന്നിച്ച് നിൽക്കാമെന്ന് ആരോടാണ് വിശ്വസിച്ച് പറയേണ്ടത്?
_ മനില സി മോഹൻ
മാര്‍ച്ച് 06 2020