മുസ്‌ലിം ലീഗിൻ്റെ യു.എ.പി.എ വിരുദ്ധ കാപട്യങ്ങൾ
കണ്ണൂരിൽ ഓട്ടോ ഓടിച്ചിരുന്ന ശറഫുദ്ധീൻ്റെ വണ്ടിയിൽ ഏതോ ഒരാൾ കയറി. ശറഫുദ്ധീൻ അയാളെ എവിടെയോ ഇറക്കിവിട്ടു. ആ വ്യക്തി ബാംഗ്ലൂർ കേസിൽ പ്രതിയായത് കൊണ്ട് ശറഫുദ്ധീനെയും പ്രതിയാക്കി. അതായത്, ശറഫുദ്ധീൻ ഓട്ടോയിൽ എവിടെയോ വിട്ട് കൊടുത്ത വ്യക്തി വരെ കുറ്റക്കാരൻ ആണോ എന്നത് ഇന്നും തെളിഞ്ഞിട്ടില്ല. ഈ ശറഫുദ്ധീന് എതിരെ ബാംഗ്ലൂർ കേസിന്റെ ചാർജ് ഷീറ്റിൽ നേരിട്ടുള്ള സാക്ഷികളോ തെളിവോ ഇല്ല…
നാസർ മാലിക്
എൽ.ഡി.എഫ് സർക്കാർ ചുമത്തിയ യു.എ.പി.എ കേസുകളെ പറ്റി കുറെപേർ വാചാലമാവുന്നത് കണ്ടു. ഈ സർക്കാർ വന്ന ശേഷം തന്നെയാണ് യു.എ.പി.എക്ക് എതിരെ നൊസ്സ് എന്ന എന്റെ മ്യൂസിക്കൽ പ്രൊട്ടസ്റ്റ് ഇറങ്ങുന്നത്. അതിൽ എൽ.ഡി.എഫ് സർക്കാരും മുൻ യു.ഡി.എഫ് സർക്കാരും അടക്കമുള്ള സ്റ്റേറ്റ് ആയിരുന്നു പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാൽ ഇവിടെ പല ഫാസിസ്റ്റ് വിരുദ്ധരും വിട്ടുപോവുന്ന പലതുമുണ്ട്, അതുകൂടി ചർച്ചയാവണം.
സെൻകുമാർ എന്ന ഹിന്ദുത്വവാദിയാണ് യു.ഡി.എഫ് ഭരണക്കാലത്ത് തസ്‌ളീം, ഗൗരി അടക്കമുള്ളവർക്ക് എതിരെ യു.എ.പി.എ ചുമത്തുന്നത്. രണ്ട് പേരെ കുറിച്ച് ഇവിടെ പറയുന്നുള്ളു, എണ്ണം മൊത്തമെടുത്താൽ വലിയ കണക്ക് ആവും. ഇതിൽ തസ്‌ളീം ആരെന്നത് അറിയേണ്ട ഒന്നാണ്.
പത്ത് വർഷത്തിൽ അധികമായി ബാംഗ്ലൂരിൽ പരപ്പന അഗ്രഹാര ജയിലിൽ ബാംഗ്ളൂരു ബോംബ് സ്ഫോടന കേസിൽ ചെയ്യാത്ത തെറ്റിന് ജയിലിൽ കഴിയുന്ന ഒരാളുണ്ട്, ശറഫുദ്ധീൻ. കണ്ണൂരിൽ ഓട്ടോ ഓടിച്ചിരുന്ന ശറഫുദ്ധീൻ്റെ വണ്ടിയിൽ ഏതോ ഒരാൾ കയറി. ശറഫുദ്ധീൻ അയാളെ എവിടെയോ ഇറക്കിവിട്ടു. ആ വ്യക്തി ബാംഗ്ലൂർ കേസിൽ പ്രതിയായത് കൊണ്ട് ശറഫുദ്ധീനെയും പ്രതിയാക്കി. അതായത് ശറഫുദ്ധീൻ ഓട്ടോയിൽ എവിടെയോ വിട്ടുകൊടുത്ത വ്യക്തി വരെ കുറ്റക്കാരൻ ആണോ എന്നത് ഇന്നും തെളിഞ്ഞിട്ടില്ല.
ഈ ശറഫുദ്ധീന് എതിരെ ബാംഗ്ലൂർ കേസിന്റെ ചാർജ് ഷീറ്റിൽ നേരിട്ടുള്ള സാക്ഷികളോ തെളിവോ ഇല്ല. ഈ ശറഫുദ്ധീന്റെ സഹോദരനാണ് തസ്‌ളീം. ശറഫുദ്ധീൻ ജയിലിലായ ശേഷം ശറഫുദ്ധീന്റെ കുടുംബത്തെ അടക്കം വർക്ക് ഷോപ്പ് ജോലി എടുത്ത് പോറ്റിയത് തസ്‌ളീമായിരുന്നു. ശറഫുദ്ധീന്റെ കേസ് നടത്തിയിരുന്നതും തസ്ലീമാണ്. ഈ തസ്ലീമിനെയാണ് ഇല്ലാത്ത സാക്ഷിയെ സ്വാധീനിക്കാൻ നോക്കി എന്നും പറഞ്ഞു മുസ്‌ലിം ലീഗും കോൺഗ്രസും അടങ്ങുന്ന യു.ഡി.എഫ് ഭരണക്കാലത്ത് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രി ആയിരിക്കുമ്പോൾ യു.എ.പി.എ ചുമത്തി സെൻകുമാർ അറസ്റ്റ് ചെയ്യുന്നത്.
മുസ്‌ലിം സമുദായത്തിന്റെ മൊത്തം കുത്തക ഏറ്റുപിടിച്ചു നടക്കുന്ന ലീഗ്, അന്ന് നിരവധി മാധ്യമപ്രവർത്തകരും മനുഷ്യവാകാശപ്രവർത്തകരും തസ്‌ളീമിനെ സെൻകുമാർ കുടുക്കിയതാണെന്ന് വ്യക്തമായി പറഞ്ഞിട്ടും ഒരക്ഷരം തസ്ലീമിന് വേണ്ടി നിയമസഭയിൽ മിണ്ടിയില്ല. ലീഗിന്റെ നിർണ്ണായക പിന്തുണയുള്ള സർക്കാർ ആയിരുന്നു അത്, എന്നിട്ടും മിണ്ടിയില്ല. എന്നാൽ ഇതേ ലീഗാണ് തസ്ലീമിനെ കുടുക്കിയ സെൻകുമാറിന് വേണ്ടി കേരള നിയമസഭയിൽ ഉമ്മർ എം.എൽ.എയെ കൊണ്ട് പ്രമേയം അവതരിപ്പിച്ച് സെൻകുമാറിന് വേണ്ടി വാദിച്ചത്. ഇതേ ലീഗാണ് അലൻ – താഹ എന്ന് പറഞ്ഞു കരഞ്ഞത്. ഇത്രക്ക് വലിയ കപടന്മാർ വേറെ ഇല്ല.
കോൺഗ്രസും സി.പി.എമും അതിന് അപ്പുറമുള്ളവരും എന്തോ ചെയ്യട്ടെ, ചെയ്യാതെയിരിക്കട്ടെ. സമുദായത്തിന്റെ ആട്ടിപ്പേറവാകാശം കൊണ്ടു നടക്കുന്ന മുസ്‌ലിം ലീഗ് എങ്ങിനെയാണ് തസ്ലീമിനെ കാണാതെ സെൻകുമാറിനെ കണ്ടത്?