പട്ടികജാതിക്കാരോട് അവഗണന പാർട്ടിയിലും ഭരണത്തിലും തുടരുന്നു
ഈ സഖാവ് എന്ന ബന്ധം, പഴയ ജന്മി – കുടിയാൻ സമ്പ്രദായത്തെയും പിതൃ അധികാരത്തെയും അങ്ങനെ തന്നെ തുടർന്നുകൊണ്ട് പോരുന്നതാണ് അല്ലേ ? അതുകൊണ്ടാണല്ലോ വിവാദങ്ങൾ അടങ്ങുമ്പോൾ ഓമനക്കുട്ടനും മന്ത്രിക്കും മാധ്യമങ്ങൾക്കും ഒന്നാവാൻ പറ്റുന്നത്…
കെ കെ ബാബുരാജ്
അഴിമതി, അക്രമം, അഗമ്യഗമനം മുതലായ ദുഷ്പ്രവർത്തികൾ കൊണ്ട് ”ഭാരത ദേശത്തിന്റെ വിശുദ്ധി ”കളങ്കപ്പെടുത്തിയ ചില ഈഴവ -മുസ്‌ലിം വരേണ്യരെയും അവരുടെ സഹായിയായ ഒരു ക്രിസ്ത്യൻ സ്ത്രീയേയും കൊല്ലുന്നതാണ് ‘ചിന്താമണി കൊലക്കേസ് ‘എന്ന സിനിമയുടെ കഥ. ഇതിലെ നായകനായ ലാൽകൃഷ്ണ വിരാടിയർ എന്ന ഉന്നത കുലജാതൻ സ്വയം വിശ്വസിക്കുന്നത്, ”സത്യം, സംഭവങ്ങൾ ” ഇവയൊന്നും അറിയേണ്ടതില്ലാത്ത ഒരു കോടതി – ജഡ്ജി ആണ് താൻ എന്നാണ്. പ്രതികൾ മിണ്ടാൻ ശ്രമിച്ചാൽ അവരെ അക്രമണപരമായി നിശബ്‌ദികരിക്കുകയാണ് അയാളുടെ നീതി നടത്തിപ്പിന്റെ ആദ്യപടി .
ചേർത്തലയിലെ ഓമനക്കുട്ടൻ നടത്തിയ അഴിമതിയെ പറ്റി അന്വേഷിക്കാൻ നേരിട്ടുവന്ന മന്ത്രി ജി സുധാകരന്റെ ഇടപെടലുകൾ ലാൽ കൃഷ്ണ വിരാടിയരുടെ കോടതിയെയാണ് ഓർമിപ്പിച്ചത്. ക്യാംപിലുള്ള സ്ത്രീകൾ അടക്കമുള്ളവർ നടന്ന സംഭവത്തെയും അതിലെ സത്യസ്ഥിതിയെ കുറിച്ചും പറയാൻ ശ്രമിക്കുമ്പോൾ അദ്ദേഹം ”നിങ്ങൾ മിണ്ടണ്ട, മിണ്ടാതിരി ” എന്നൊക്കെ ശകാരിച്ചുകൊണ്ടു അവരുടെ വാക്കുകളെ ചിതറിച്ചുകളയുന്നു. അദ്ദേഹം അൽപസമയം അവർ പറയുന്നത് കേൾക്കാൻ സന്നദ്ധത കാണിച്ചിരുന്നെങ്കിൽ വിഷയം മറ്റൊന്നാകുമായിരുന്നു. മന്ത്രിക്ക് തന്റെ പാർട്ടിയുടെ വിശുദ്ധി കളങ്കപ്പെടുത്തിയ ആളെ ശിക്ഷിച്ചാൽ മതിയല്ലോ. സത്യം, സംഭവം എന്നിവയെ കുറിച്ചു അറിയേണ്ടതില്ലല്ലോ.
ഏറ്റവും രസകരമായി തോന്നിയത്, ഓമനക്കുട്ടൻ പിരിവല്ല നടത്തിയത് എന്നുപറയാൻ ശ്രമിച്ച ഒരുസഖാവിനെ തട്ടിക്കയറി നിശബ്‌ദികരിച്ചതിന് ശേഷം ” ഈ മീശയും വെച്ച് ഇങ്ങനെയൊന്നും ചെയ്യല്ലേ ” എന്നു ഉപദേശിക്കുന്നതാണ്. അപ്പോൾ ഈ സഖാവ് എന്ന ബന്ധം, പഴയ ജന്മി – കുടിയാൻ സമ്പ്രദായത്തെയും പിതൃ അധികാരത്തെയും അങ്ങനെ തന്നെ തുടർന്നുകൊണ്ട് പോരുന്നതാണ് അല്ലേ ? അതുകൊണ്ടാണല്ലോ വിവാദങ്ങൾ അടങ്ങുമ്പോൾ ഓമനക്കുട്ടനും മന്ത്രിക്കും മാധ്യമങ്ങൾക്കും ഒന്നാവാൻ പറ്റുന്നത്. ഇതിനിടയിൽ ഓമനക്കുട്ടൻ പറഞ്ഞ ഒരുകാര്യം എല്ലാവരും മറക്കാനാണ് സാധ്യത, ”പട്ടികജാതിക്കാരോട് അവഗണനയാണ് എല്ലായിടത്തും” എന്നതാണ് ആ കാര്യം. ഈ അവഗണന പാർട്ടിയിലും ഭരണത്തിലും തുടർന്നുകൊണ്ടിരിക്കുന്നു.